
നിരവധി സ്‌ത്രീകളുടെ ലൈംഗികാരോപണത്തിൽ കുടുങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ചൊല്ലി കോൺഗ്രസിൽ കലാപം. രാഹുൽ തദ്ദേശ തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിനെതിരെ അതൃപ്‌തി പരസ്യമാക്കി നേതാക്കൾ എത്തിയപ്പോൾ അതിനെ വെല്ലുവിളിച്ച് രാഹുൽ കൂടുതൽ സജീവമായി. രാഹുലിനെതിരെ കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തലയാണ് ആദ്യം രംഗത്തെത്തിയത്. പിന്നാലെ രാഹുലിന്റെ സാന്നിധ്യം യുഡിഎഫിന് തിരിച്ചടിയാകുമെന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഹൈക്കമാന്റിനെ ധരിപ്പിച്ചിരുന്നു.
എന്നാൽ ഇതിനെയെല്ലാം തള്ളിക്കൊണ്ട് രാഹുലിന് പിന്തുണയുമായി മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി പരസ്യമായി രംഗത്തെത്തി. ശേഖരിപുരം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി ലിജിക്ക് വേണ്ടിയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പ്രചാരണത്തിന് ഇറങ്ങിയത്. ഡിസംബർ 11 വരെ പ്രചരണം തുടരുമെന്നും രാഹുൽ പറഞ്ഞു. ഒരു പ്രവർത്തകൻ എന്ന നിലക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കുക എന്നത് എന്റെ ഉത്തരവാദിത്വമാണ്. ഒരു സാധാരണപ്രവർത്തകനായി വോട്ട് ചോദിക്കാനാണ് എത്തിയത്. പല വാർഡുകളിലും പ്രചാരണത്തിന് എത്തുന്നത് തുടരുമെന്നും രാഹുൽ പറഞ്ഞു. എന്നാൽ ഏറ്റവും ശക്തമായ നടപടിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി എടുത്തതെന്ന് വേണുഗോപാൽ പറഞ്ഞു. രാഹുലിനെതിരെ ആരോപണം വന്നപ്പോൾ തന്നെ പാര്‍ട്ടി നടപടി സ്വീകരിച്ചു. പ്രചരണം നടത്തുന്നത് സംബന്ധിച്ച് നോക്കേണ്ടത് പാർട്ടി പ്രാദേശിക നേതാക്കന്മാരാണെന്നും വേണുഗോപാൽ പറഞ്ഞു.
രാഹുലിനെതിരെ നടപടിയെടുത്തതാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. ഒരേ കാര്യത്തിന് രണ്ട് തവണ നടപടിയെടുക്കാൻ പറ്റുമോയെന്നും നടപടി ഇപ്പോഴും നിലനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകണമെന്നും അദ്ദേഹം നിരപരാധിയെന്നും പറഞ്ഞു. രാഹുലിനെ അവിശ്വസിച്ചത് തെറ്റായിപ്പോയി എന്നും രാഹുലുമായി താൻ വേദി പങ്കിടുമെന്നും കെ സുധാകരൻ വ്യക്തമാക്കി. രാഹുൽ പാർട്ടിക്ക് പുറത്താണെന്നും പിന്നെ പ്രചാരണത്തിന് ഇറങ്ങുന്നത് ശെരിയല്ലെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഒരു ഘട്ടത്തിലും ആരും രാഹുലിനെ തിരിച്ചെടുക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.