September 22, 2023 Friday

Related news

September 21, 2023
September 21, 2023
September 20, 2023
September 14, 2023
September 12, 2023
September 10, 2023
September 7, 2023
September 2, 2023
August 28, 2023
August 27, 2023

കപ്പുയര്‍ത്തിയ കേമന്മാര്‍

പന്ന്യൻ രവീന്ദ്രൻ
കളിയെഴുത്ത്
June 5, 2023 11:27 pm

ചാമ്പ്യൻസ് ലീഗിന്റെ ആവേശവും ലഹരിയും യൂറോപ്യൻ മേഖലയിലെ കളിക്കാർക്ക് ഏറെ വിലപ്പെട്ടതാണ്. ലോക ഫുട്ബോളിലെ വർത്തമാന കാലത്തെ ഏറ്റവും മികച്ച താരമായ ലയണൽ മെസിയുടെ മുമ്പിൽ ഫുട്ബോളിലെ നിലവിലുള്ള ഏറ്റവും വലിയ ട്രാൻസ്ഫർ തുകയെക്കാൾ വലിയ സംഖ്യ വാഗ്ദാനം ചെയ്തിട്ടും അത് സ്വീകരിക്കാതിരുന്നത് വളരെയധികം ആലോചിച്ച് തന്നെയാണ്. സൗദി ക്ലബ്ബ് പണം വാരിക്കൊടുക്കും. പ്രശസ്തി വിലയ്ക്ക് കിട്ടില്ല.
ചാമ്പ്യൻസ് ലീഗിന് സമാനമായി മറ്റൊന്നില്ല. അവിടെ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്നവർ ശക്തരായി നിൽക്കും. തരം താഴ്ത്തപ്പെടുന്നവർ യൂറോപ്പ ലീഗിലും പ്രീമിയർ ലീഗിലും കളിച്ചു പോയിന്റ് വാങ്ങി അടുത്ത മത്സരപരമ്പരയ്ക്ക് ശേഷം ജയിച്ചു വന്നാൽ പ്രൊമോട്ട് ചെയ്യപ്പെടും. ഈ നടപടി ക്രമം തന്നെയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലും തുടരുന്നത്. അവിടെ നിന്ന് ലെസ്റ്റർ സിറ്റി, സതാംപ്ടൺ എന്നീടീമുകൾ രണ്ടാം ഡിവിഷനിലേക്ക് തരം താഴ്ത്തപ്പെട്ടു. 2016 അത്ഭുത ചാമ്പ്യൻസായ ലെസ്റ്റർ സിറ്റി അവസാന മത്സരത്തിൽ വെസ്റ്റ് ഹാമിനോട് 2–1ന് ജയിച്ചുവെങ്കിലും 19-ാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കിരീടം ഉറപ്പാക്കിയ മാഞ്ചസ്റ്റർ സിറ്റി ബ്രെന്റ്ഫോഡിനോട് ഒരു ഗോളിന് തോറ്റത് ക്ഷീണമായി.

യൂറോപ്പിലെ രണ്ടാം നിര ചാമ്പ്യൻഷിപ്പിൽ സെവിയ്യ വിജയം ആഘോഷിച്ചു. എഎസ് റോമയായിരുന്നു എതിരാളികൾ. മുഴുവൻ സമയവും സമനിലയിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 4–1ന്റെ വിജയം. റോമയെ പരാജയം കരിനിഴൽപോലെ പിന്തുടർന്നു എന്നതാണ് സത്യം. കളിയുടെ 35-ാം മിനിറ്റിൽ റോമയ്ക്ക് ആദ്യ ഗോൾ ലീഡ് കിട്ടി. പൗലോ ഡി ബാലയാണ് സന്ദർഭം മുതലാക്കി ഗോൾ നേടിയത്. എന്നാൽ നിരന്തരസമ്മർദത്തിന് മുന്നിൽ പതറിയ റോമയ്ക്ക് സ്വയം ഗോൾ വാങ്ങി സമനിലയിലാവേണ്ടിവന്നു. 55-ാം മിനിറ്റിൽ സെവിയ്യയുടെ നായകൻ ജിസ്യൂസ് നവാസിന്റെ ക്രോസ് പ്രതിരോധിക്കുന്നതിൽ വന്ന പിഴവ് ഗോൾ പോസ്റ്റിലെത്തി. പ്രതിരോധതാരം മാൻപനിക്കാണ് അബദ്ധം പറ്റിയത്. പെനാൽട്ടി ഷൂട്ടൗട്ടിൽ പരാജയം പൂർണമായി. ലോകകപ്പിൽ പ്രാഗത്ഭ്യം തെളിയിച്ച താരങ്ങളാണ് വിജയകിരീടം സെവിയ്യക്ക് നേടിക്കൊടുത്തത്. ലാലിഗയിൽ ഇത്തവണ ഏഴാം സ്ഥാനത്തുള്ള സെവിയ്യ പരിശീലകരുടെ തുടർചലനത്തിൽ കുഴങ്ങി നിൽക്കുകയാണ്. മൂന്നാമത്തെ കോച്ചാണ് ഒരു സീസണിൽ മാറിയത്. പക്ഷെ കളിക്കാർ ഒരു കിരീടം സ്വന്തമാക്കിയത് അഭിമാനമായി.

മാഞ്ചസ്റ്റർ സിറ്റി എഫ്എ കപ്പ് കൂടി സ്വന്തമാക്കിക്കൊണ്ട് യൂറോപ്യൻ ഫുട്ബോളിൽ തലയുയർത്തി നിൽക്കുകയാണ്. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ മത്സരത്തിൽ യുണൈറ്റഡിനെ മറികടന്ന് ഏഴാമത്തെ കിരീടം നേടിയെടുത്തു. ടൂര്‍ണമെന്റിൽ മൊത്തം 142 തവണയാണ് മത്സരങ്ങൾ നടന്നത്. അതിൽ ഒന്നാം സ്ഥാനത്ത് ആഴ്സണലാണ്. അവരാണ് ഏറ്റവും കൂടുതൽ തവണ വിജയകിരീടം ചൂടിയത്. 14 തവണ. രണ്ടാം സ്ഥാനം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനാണ്, 12 തവണ. മൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി മാഞ്ചസ്റ്റർ ടീമുകൾ. അവരുടെ പെർഫോമൻസ് പൊതുവെ മെച്ചമായിരുന്നു. ഈ സീസണിൽ സിറ്റിയാണ് മുന്നിൽ. എന്നാൽ സിറ്റിയുടെ നേട്ടങ്ങളിൽ കാഴ്ചക്കാരുടെ റോളിലാണ് യുണൈറ്റഡ്. ഇത്തവണ പ്രീമിയർ ലീഗ് കിരീടം സിറ്റിക്കാണ്. ഇതോടെ അവർ ചാമ്പ്യൻഷിപ്പ് രണ്ടും സ്വന്തമാക്കി. എന്നാൽ യുണൈറ്റഡ് ഒരുപാട് പിന്നിലായില്ല. കലാശക്കളിയിൽ ചെറുത്തു നിൽക്കാനും ഒരു ഗോൾ തിരിച്ചടിച്ച് സംഭ്രമം സൃഷ്ടിക്കാനും അവർക്ക് കഴിഞ്ഞു. ഇംഗ്ലീഷ് പ്രീമിയർ ഫുട്ബോളിൽ യുണൈറ്റഡിന് മാത്രം സാധിച്ച ഡബിൾ നേട്ടമാണ് സിറ്റിക്ക് ലഭിച്ചത്. 99ൽ യുണൈറ്റഡ് ത്രിബിൾ നേട്ടം സ്വന്തമാക്കിയിരുന്നു. പ്രീമിയർ ലീഗും എഫ്എ കപ്പും ചാമ്പ്യൻസ് ലീഗും യുണൈറ്റഡ് അന്ന് സ്വന്തമാക്കിയിരുന്നു. അന്നത്തെ യുണൈറ്റഡിന്റെ നേട്ടം മറികടക്കാൻ ഇന്ന് സിറ്റിക്കാവണമെങ്കിൽ അവർക്ക് ഒരു കടമ്പകുടി കടക്കണം. അന്ന് അവർക്ക് ലോകമറിയുന്ന പരിശീലകനായ അലക്സ് പെർഗൂസന്റെ പരിശീലനമുണ്ടായിരുന്നു.

ഇത്തവണ അന്നത്തെ യുണൈറ്റഡിന്റെ നേട്ടത്തിന് തുല്യമാകാൻ സിറ്റിക്ക് ഒരു കളിയകലം മാത്രം. 11ന് ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ എസി മിലാനെ വീഴ്ത്തിയാൽ, 24 വർഷം മുമ്പ് സ്ഥാപിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ത്രിബിൾ നേട്ടം സിറ്റിയുടെ സ്വന്തമാകും. ഇപ്പോൾ പെപ് ഗാർഡിയോളയാണ് സിറ്റിയുടെ ചരിത്ര വിജയത്തിന്റെ ശില്പിയായി മാറുക. സിറ്റിക്ക് കരളുറപ്പുള്ള കളിക്കാരുടെ കൂട്ടായ്മയും നോർവേ താരമായ എര്‍ലിങ് ഹാളണ്ടുമാണ് കരുത്ത്. പ്രീമിയർ ലീഗിൽ ഗോൾ വേട്ടയിൽ സകലരുടെയും റെക്കോഡുകൾ തകർത്തത് എര്‍ലിങ് ഹാളണ്ടാണ്. ചരിത്രം തിരുത്തികുറിച്ചുകൊണ്ട് തങ്ങൾക്ക് പുതിയ ചരിത്രഭാഗമാകാൻ സിറ്റിക്ക് ഒരാഴ്ചയിലേറെ സമയം കാത്തിരിക്കണം. എസി മിലാനും നല്ല ഫോമിലാണ് മിലാൻ ടീമുകൾ നേർക്കുനേർ മത്സരിച്ചപ്പോൾ ജയിച്ച എസി മിലാൻ അത്ഭുതങ്ങൾ കാണിച്ചില്ലെങ്കിൽ സിറ്റിയുടെ ആഗ്രഹം സഫലീകൃതമാകും. ലോക റാങ്കിങ്ങിൽ ഒന്നും മൂന്നും സ്ഥാനത്തുള്ള അർജന്റീനയും ബ്രസീലും സെമിപോലും കാണാതെ പുറത്തായതിന്റെ ഞെട്ടലിലാണ് ആരാധകലോകം. അർജന്റീനയുടെ തോൽവി അവരെ ഞെട്ടിച്ചിരുന്നു. കാരണം ഇത്തവണ ലോകചാമ്പ്യന്മാരാവുകയും കോപ്പ അമേരിക്കയും ലോകഫുട്ബോൾ ജേതാക്കളാകാവുന്ന ഫൈനലിസിമയും സ്വന്തമാക്കിയ അർജന്റീനയുടെ തോൽവി സ്വന്തം നാട്ടുകാരുടെ മുന്നിലായിരുന്നു. കളിയുടെ വാശിയും വീറും ആവോളം കടന്നുവന്ന മത്സരത്തിൽ അർജന്റീനയെ മറികടക്കാൻ നൈജീരിയൻ പടയ്ക്ക് കഴിഞ്ഞത് ആഫ്രിക്കൻ കരുത്തുകൊണ്ടാണ്.

ബ്രസീൽ തികച്ചും അപ്രതീക്ഷിതമായിട്ടാണ് പരാജയം ഏറ്റുവാങ്ങിയത് ലോക റാങ്കിങ്ങിൽ 78-ാംസ്ഥാനത്തുള്ള ഇസ്രയേൽ എല്ലാതലങ്ങളിലും തികഞ്ഞ ആധിപത്യമാണ് പ്രകടിപ്പിച്ചത്. 15 വർഷം മുമ്പ് ലോക റാങ്കിൽ പതിനഞ്ചിലെത്തിയ ഇസ്രയേൽ 2011 ആകുമ്പോൾ 104ൽ താണുപോയതാണ്. ഗ്രൂപ്പ് ചാമ്പ്യൻസായി കടന്നുവന്ന ഇസ്രയേൽ ഇനിയും ഒരുപാട് മുന്നോട്ടുപോകുമെന്ന് കരുതാം. ലോകകപ്പിൽ കടന്നെത്തുന്ന രാജ്യങ്ങളിലുള്ള യുവതലമുറയുടെ കളിയിൽ കാര്യമായ പുരോഗതി കാണാത്തത് തുടർന്നുള്ള രാജ്യത്തിന്റെ പ്രകടനത്തെ ബാധിക്കാം. ഇസ്രയേലിന്റെ സൈന്യം ഒരുപാട് മുന്നോട്ടു പോകാവുന്നവരാണ്. നൈജീരിയൻ ടീം വേൾഡ് മാപ്പിൽ ശക്തി പലവട്ടം തെളിയിച്ചവരാണ്. ചുരുക്കത്തിൽ ലോകഫുട്ബോളിലെ ഇതുവരെയുള്ള ചരിത്രത്തിൽ. കടന്നു വരാൻ കഴിയാത്ത രാജ്യങ്ങൾ അട്ടിമറിക്കാരാവുന്നത് പാരമ്പര്യ ഫുട്ബോൾ അവകാശികളുടെ ഉറക്കം കെടുത്തും. അർജന്റീന ഇത്തവണ ഗ്രൂപ്പ് മത്സരങ്ങളിൽ നിന്നും പുറത്തായവരായിരുന്നു. ഇന്തോനേഷ്യ ആതിഥേയത്വം വഹിക്കേണ്ട മത്സരങ്ങളിൽ അവസാനഘട്ടത്തിൽ അവർ പിൻവാങ്ങിയത് ഇസ്രയേലിനെ പങ്കെടുപ്പിക്കാൻ പറ്റില്ലെന്ന ആവശ്യം അനുവദിക്കാത്തതിനാലാണ്. അതുകൊണ്ട് കളിയുടെ വേദി അർജന്റീന ആവുകയും ഇസ്രയേലിന് കളിച്ചു മുന്നേറാൻ സന്ദർഭം ഉണ്ടായതും.

നീതിക്കു വേണ്ടി തെരുവിലിറങ്ങിയ ഗുസ്തി താരങ്ങള്‍

 

ഗുസ്തി താരങ്ങൾ നടത്തുന്ന സമരം കൂടുതൽ വ്യാപകമാവുകയാണ്. ഏറ്റവും ഒടുവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ലോകകിരീട വിജയത്തിലെത്തിച്ച 1983ലെ ലോകതാരങ്ങൾ ഒന്നടങ്കം ഈ സമരത്തിന് പൂർണപിന്തുണയുമായി മുന്നോട്ടു വന്നു. ഇന്ത്യൻ കായികമേഖലയ്ക്ക് ഉജ്വല സംഭാവന നൽകി ലോകശ്രദ്ധ നേടിയ കളിക്കാരാണ് നീതിക്കുവേണ്ടിയും താരങ്ങളെ പീഡിപ്പിച്ചു അഭിമാനക്ഷതമേല്പിച്ചവനെ പുറത്താക്കി ജയിലിലടയ്ക്കുവാൻ ആവശ്യപ്പെട്ട് ഡൽഹിയിൽ സമരത്തിലാണ്. ഏഴ് വനിതാതാരങ്ങളാണ് പീഡന ആരോപണം ഉന്നയിച്ചത്. പ്രായപൂർത്തിയാവാത്ത ഒരു കുട്ടിയും കൂട്ടത്തിലുണ്ട്. രാജ്യം ഭരിക്കുന്ന ഗവണ്‍മെന്റിനെ പിന്തുണയ്ക്കുന്ന എംപിയായതുകൊണ്ട് അറസ്റ്റ് ചെയ്യില്ലെന്ന സമീപനമാണ് പൊലീസിന്റെത്. പോസ്കോ കേസിലെ പ്രതിയെ ജാമ്യമില്ലാതെ തുറുങ്കിലടക്കണമെന്നാണ് നിയമം. ഇത് ഡൽഹി ഭരണകൂടം നടപ്പാക്കാൻ കൂട്ടാക്കിയില്ല. അതിനെതിരെയാണ് സമരം. പ്രധാനമന്ത്രിയുടെ മൂക്കിനു താഴെയാണ് സമരമെങ്കിലും അരും തിരിഞ്ഞു നോക്കിയില്ല. പാർലമെന്റ് ഉദ്ഘാടന ദിവസം രാജ്യസ്നേഹികളായ കായിക താരങ്ങളെ തെരുവിൽ വലിച്ചിഴച്ചത് ദൃശ്യമാധ്യമങ്ങളിൽ ലോകം കണ്ടു. ഒടുവിൽ താരങ്ങൾക്ക് വേദനയോടെയാണെങ്കിലും രാജ്യത്തിന് വേണ്ടി നേടിയെടുത്ത മെഡലുകൾ ഗംഗാ നദിയിലേക്ക് എറിയുവാൻ തോന്നുംവിധം മനസൊരുക്കേണ്ടിവന്നു. എന്നിട്ടും ഭരണാധികാരികൾ മിണ്ടിയില്ല. നിയമം ഭരണക്കാർക്ക് ബാധകമല്ലെന്നതാണ് ഇന്ത്യൻ ഭരണകൂടത്തിന്റെ നയമെന്ന് വ്യക്തം. ഇത്തരമൊരവസ്ഥയിൽ കർഷക സമൂഹം കാണിച്ച ഇടപെടൽ സ്പോർട്സ് സംഘടനകളുടെ ഭാഗത്ത് നിന്നും കാണുന്നില്ല എന്ന യാഥാർത്ഥ്യം നിലനിൽക്കുന്നു. അന്താരാഷ്ട്ര റസ്‌ലിങ് അസോസിയേഷൻ പ്രശ്നത്തിൽ ഇടപെട്ടിട്ടും ഇവിടത്തെ ചില സംഘടനകളുടെ കണ്ണടയ്ക്കൽ നയം അപലപനീയമാണ്.

Eng­lish Sum­ma­ry: champions-league-2023
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.