ലോകത്തെ ഏറ്റവും മികച്ച ചെസ്സ് രാഷ്ട്രം ഏതെന്ന് നിശ്ചയിക്കാനുള്ള ചെസ്സ് ഒളിമ്പ്യാഡ് 28 മുതല്‍ ഓഗസ്റ്റ് 10 വരെ. ചെന്നൈയിലെ മാമല്ലപുരത്താണ് ലോക ചെസ്സിലെ മഹാ ഉത്സവം അരങ്ങേറുക. ഫുട്ബോളില്‍ ഫിഫാ ലോകകപ്പിനും ക്രിക്കറ്റില്‍ വേള്‍ഡ് കപ്പിനും സമാനമാണ് ചെസ്സില്‍ ലോക ചെസ്സ് ഒളിമ്പ്യാഡ്. 2022 ല്‍ റഷ്യയില്‍ നടക്കാനിരുന്ന ഒളിമ്പ്യാഡ്, റഷ്യ ‑ഉക്രൈയ്ന്‍ യുദ്ധത്തെ തുടര്‍ന്നാണ് ഇന്ത്യയിലേക്ക് മാറ്റിയത്. ചതുരംഗം പിറന്ന മണ്ണ്, ചരിത്രത്തില്‍ ആദ്യമായാണ് ലോക ചെസ് ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുന്നതെന്ന പ്രത്യേകത കൂടി 44 ആമത് ഒളിമ്പ്യാഡിനുണ്ട്. തമ്പി എന്ന കുതിരയാണ് ഒളിമ്പ്യാഡിന്റെ ഭാഗ്യചിഹ്നം.
യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ ചെന്നൈ മാമല്ലപുരത്തെ ഫോര്‍ പോയിന്റ്സ് ബൈ ഷെറാട്ടണ്‍ ഹോട്ടലില്‍ നടക്കുന്ന മഹാ ഉത്സവത്തില്‍ 187 പുരുഷ ടീമുകളും 162 വനിതാ ടീമുകളും പങ്കെടുക്കും. ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സന്‍, ഫാബിയോ കരുവാന, വെസ്ലി സോ, ലെവ് ആറോണിയന്‍ തുടങ്ങി വമ്പന്‍ താരങ്ങള്‍ ചെസ്സ് ഗോദയില്‍ അണിനിരക്കും. ചെസ്സ് ഒളിമ്പ്യാഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ടീമിനെയാണ് ഇന്ത്യ അണിനിരത്തുന്നത്. തിരുവനന്തപുരത്തുകാരന്‍ എസ്.എല്‍ നാരായണനും തൃശൂര്‍കാരന്‍ നിഹാല്‍ സരിനുമാണ് ഇന്ത്യന്‍ ടീമിലെ മലയാളി താരങ്ങള്‍.
5 തവണ ലോക ചാമ്പ്യനായ വിശ്വനാഥന്‍ ആനന്ദ് മുഖ്യ ഉപദേഷ്ടാവായി ടീമിനൊപ്പം ഉണ്ട്. 2020 ല്‍ ഓണ്‍ലൈന്‍ ഒളിമ്പ്യാഡില്‍ കരുത്തരായ റഷ്യക്കൊപ്പം സ്വര്‍ണം പങ്കിട്ടതാണ് ഇന്ത്യയുടെ അവിസ്മരണീയ നേട്ടം. 74 നഗരങ്ങളിലൂടെ സഞ്ചരിച്ച ശേഷം ഈ മാസം 27 ന് ചെസ്സ് ഒളിമ്പ്യാഡിന്റെ ദീപശിഖ മാമല്ലപുരത്തെ മത്സര വേദിയിലെത്തും. ജൂലൈ 21 ന് തൃശൂരും ജൂലായ് 22 ന് തിരുവനന്തപുരവും വഴി ദീപശിഖ കടന്നുപോകും. ലോക ചെസ്സിലെ ഏറ്റവും കരുത്തരായ 1,700 ല്‍ പരം താരങ്ങള്‍ ഒരൊറ്റ വേദിയില്‍ അണിനിരക്കുന്ന അത്യപൂര്‍വ്വ മാമാങ്കത്തിനായി നാളുകള്‍ എണ്ണി കാത്തിരിക്കുകയാണ് നാടെങ്ങുമുള്ള ചെസ് പ്രേമികള്‍.
English summary; Chess Olympiad from 28th to 10th August
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.