നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ച് ക്രമക്കേടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ സിഇഒ ചിത്ര രാമകൃഷ്ണയ്ക്ക് ജയിലില്‍ വിഐപി പരിഗണന നല്‍കാനാവില്ലെന്ന് കോടതി. ചിത്രയുടെ ജാമ്യാപേക്ഷ പരിഗണിക്കവെ സിബിഐ പ്രത്യേക കോടതി ജഡ്ജി സഞ്ജീവ് അഗര്‍വാളാണ് ഇക്കാര്യം പറഞ്ഞത്. സിബിഐയുടെ ആവശ്യം പരിഗണിച്ച് ചിത്രയെ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഹിമാലയന്‍ യോഗി എന്ന അജ്ഞാതനായ ഒരാള്‍ക്ക് സ്റ്റോക് എക്സ്ചേഞ്ചിലെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ ഈ മാസം ഏഴിനാണ് ഡല്‍ഹിയില്‍ നിന്ന് ചിത്രയെ അറസ്റ്റ് ചെയ്തത്. ചിത്രയുടെ മുന്‍ ഉപദേശകനായിരുന്ന ആനന്ദ് സുബ്രഹ്മണ്യം തന്നെയാണ് ഹിമാലയന്‍ യോഗി എന്ന് സിബിഐ കണ്ടെത്തിയിരുന്നു.
കസ്റ്റഡി കാലാവധി നീട്ടിനല്‍കാന്‍ സിബിഐ ആവശ്യപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്ര ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ചിത്രയുടെ വിദേശ സന്ദര്‍ശനം, മറ്റ് ഇടപാടുകള്‍ എന്നിവയെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. ചിത്രയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്ന ആവശ്യവും കോടതി അംഗീകരിച്ചു.
അതേസമയം വീട്ടിലെ ഭക്ഷണവും അധികസൗകര്യങ്ങളും വേണമെന്ന ചിത്രയുടെ ആവശ്യം കോടതി തള്ളി. എല്ലാ തടവുകാരും തുല്യരാണ്. ഒരാള്‍ എന്തായിരുന്നു എന്നതിന്റെ പേരില്‍ വിഐപി പരിഗണന നല്‍കാന്‍ കഴിയില്ലെന്നും ജഡ്ജ് സഞ്ജീവ് അഗര്‍വാള്‍ പറഞ്ഞു. ഹനുമാന്‍ ചലിസയുടെയും ഭഗവത് ഗീതയുടെയും പകര്‍പ്പ് കൈവശം വയ്ക്കാന്‍ കോടതി ചിത്രയ്ക്ക് അനുമതി നല്‍കി.
നാലു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് സിബിഐ ചിത്രയെ അറസ്റ്റു ചെയ്തത്. 2013 ഏപ്രിൽ മുതൽ 2016 വരെയാണ് ചിത്ര രാമകൃഷ്ണ എന്‍എസ്ഇ എംഡിയും സിഇഒയുമായി പ്രവര്‍ത്തിച്ചത്. ഇക്കാലയളവില്‍ അവര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
English Summary:Chitra Ramakrishna cannot be given VIP treatment in jail: Court
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.