27 July 2024, Saturday
KSFE Galaxy Chits Banner 2

കോളറ തിരിച്ചുവരുന്നുവോ

പ്രത്യേക ലേഖകന്‍
February 25, 2024 4:45 am

ആഗോളതലത്തില്‍ പിടിച്ചുകെട്ടിയ കോളറയെന്ന പകര്‍ച്ചവ്യാധി വീണ്ടും തിരിച്ചുവരുന്നുവോ എന്ന് ഐക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ തെക്കുകിഴക്കൻ ആഫ്രിക്കയിൽ മാത്രം രണ്ട് ലക്ഷത്തിലേറെപ്പേര്‍ക്ക് രോഗം ബാധിച്ചുവെന്നും മൂവായിരത്തിലേറെ മരണമുണ്ടായെന്നും യൂണിസെഫ് പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ട പത്രക്കുറിപ്പിലൂടെയാണ് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി, ഈ വിപത്തിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. കിഴക്കൻ, തെക്കൻ ആഫ്രിക്കന്‍രാജ്യങ്ങൾ കോളറയുടെ തിരിച്ചുവരവിന്റെ ആഘാതത്തിലാണെന്നാണ് ലോകാരോഗ്യസംഘടനയുടെയും റിപ്പോര്‍ട്ട്. 2023ൽ, ഈ രാജ്യങ്ങളിലെ രോഗബാധിത മരണങ്ങളില്‍ 75 ശതമാനവും ഇതിലൂടെയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഈ കാലയളവിൽ, ലോകത്താകെ 6,67,000 കോളറ കേസുകളും 4,000 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. തെക്കുകിഴക്കൻ ആഫ്രിക്കയിലെ 13 രാജ്യങ്ങളിലായി 2023 ജനുവരി മുതൽ 24 ജനുവരി 15 വരെയുള്ള കണക്കുകളനുസരിച്ചാണ് മൂവായിരത്തിലധികം മരണമുണ്ടായതെന്ന് യൂണിസെഫ് പറയുന്നു. സാംബിയയിൽ മാത്രം 2023 ഒക്ടോബർ മുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 9,500ലധികം കോളറ കേസുകളാണ്. 600ലധികം മരണങ്ങൾ രേഖപ്പെടുത്തിയ രാജ്യത്ത് ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും കൂടിയ രോഗബാധയാണുണ്ടായത്. ഇവിടെ ഏകദേശം 30 ലക്ഷം പേരാണ് താമസിക്കുന്നത്.

പ്രദേശത്ത് ഒരു താൽക്കാലിക ചികിത്സാ കേന്ദ്രം സ്ഥാപിക്കുകയും വാക്സിനേഷൻ പരിപാടി ആരംഭിക്കുകയും ചെയ്തിരുന്നു. രാജ്യവ്യാപകമായി പൊതുജന ബോധവൽക്കരണ ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്. ലുസാക്ക ജില്ലയിലാണ് ഏറ്റവുമധികം കോളറ രോഗബാധയുണ്ടായത്. രോഗബാധിതരിൽ 52 ശതമാനവും പതിനഞ്ച് വയസിന് താഴെയുള്ള കുട്ടികളാണ്. പ്രതിദിന കേസുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും ഭീഷണി ഇപ്പോഴും നിലവിലുണ്ടെന്ന് മിഡ്‌വൈവ്സ് അസോസിയേഷനിലെ സാറാ നൈറോംഗോ എൻഗോമ പറയുന്നു. സിംബാവേയിലെ 10 പ്രവിശ്യകളിലായി, കഴിഞ്ഞ ഫെബ്രുവരി മുതല്‍ 18,000 പേരാണ് കോളറയ്ക്ക് ചികിത്സ തേടിയത്. 71 പേർ കോളറ മൂലം മരണമടഞ്ഞു. 300 പേരുടെ മരണം കോളറ മൂലമെന്ന് സംശയിക്കപ്പെടുകയും ചെയ്യുന്നു. സിംബാബ്‌വേയിലെ രോഗബാധിതരിൽ ആറിലൊന്ന് അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളാണ്. കുട്ടികളുടെ ആരോഗ്യരംഗത്ത് കോളറ പ്രധാനപ്പെട്ട ഭീഷണിയായി തുടരുകയാണെങ്കിലും സർക്കാരുകൾ ഫലപ്രദമായ നടപടികൾ എടുക്കുന്നുണ്ടെന്ന് യൂണിസെഫ് പ്രാദേശിക ഡയറക്ടർ എത്‌ലേവ കാദില്ലി പറയുന്നു. ആരോഗ്യരംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കോളറയുടെ മൂലകാരണങ്ങൾ കണ്ടെത്തി അവ ഇല്ലാതാക്കണമെന്നും കൂടുതൽ ശുദ്ധജലസൗകര്യം ലഭ്യമാക്കണമെന്നും എത്‌ലേവ മുന്നറിയിപ്പ് നല്‍കി. ലോകാരോഗ്യ സംഘടനയുടെ പരിധിയായ ഒരു ശതമാനത്തിന് വിരുദ്ധമായി, മരണനിരക്ക് 3.5 ശതമാനമായി ഉയർന്നത് ആശങ്കയുണ്ടാക്കുന്നതാണ്. മലാവിയിൽ 1,500ലധികം പേ രും ഹെയ്തിയിൽ 1,000ത്തിലധികം രോഗികളും മരിച്ചു. സുഡാനിൽ, 2023 സെ പ്റ്റംബറിനും ഡിസംബറിനുമിടയിൽ 200 പേരാണ് മരിച്ചത്.


ഇതുകൂടി വായിക്കൂ:കൈകോർക്കാം കുട്ടികൾക്കായി


ശുദ്ധജല ലഭ്യതയും മതിയായ ശുചീകരണവും ഉറപ്പാക്കുന്നതിലൂടെ രോഗം നിയന്ത്രിക്കാനാകുമെങ്കിലും നിലവിലെ വ്യാപന സാഹചര്യം വളരെ ലളിതമല്ലെന്ന് അധികൃതര്‍ പറയുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം, രൂക്ഷമായ കൊടുങ്കാറ്റും വെള്ളപ്പൊക്കവും പോലുള്ള പ്രകൃതിക്ഷോഭങ്ങള്‍ എന്നിവ മൂലമുള്ള ശുദ്ധജലദൗര്‍ലഭ്യം കോളറ വ്യാപിക്കാന്‍ കാരണമാകുന്നു. സാംബിയയിലെ സ്ഥിതി ഇത് വ്യക്തമാക്കുന്നതായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാംബിയന്‍ പൊതുജനാരോഗ്യ വകുപ്പിന് 1.4 ദശലക്ഷം വാക്സിൻ ഡോസുകൾ ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ രോഗം പടരുന്നത് തടയാൻ ഇതുമാത്രം മതിയാകില്ല. ‘ജനങ്ങളുടെ ശുചിത്വവും ശുദ്ധജല ലഭ്യതയും മെച്ചപ്പെടുത്താൻ സഹായിക്കുന്ന പ്രവർത്തനങ്ങളും പദ്ധതികളും വേഗത്തിൽ നടപ്പിലാക്കാൻ മേഖലയിലെ സർക്കാരുകൾക്കും ഏജൻസികൾക്കും അടിയന്തര ധനസഹായം ആവശ്യമാണ്. ഈ രണ്ട് ഘടകങ്ങളും രോഗവ്യാപനത്തിനെതിരായ പോരാട്ടത്തിൽ പ്രധാനമാണ്,’ ഓക്സ്ഫാം സതേൺ ആഫ്രിക്ക പ്രോഗ്രാം ഡയറക്ടര്‍ മച്ചിൻഡ മറോംഗ്വെ പറഞ്ഞു. അതിനിടെ കോളറ വാക്സിൻ സ്റ്റോക്കുകളുടെ ലഭ്യതയെക്കുറിച്ചും ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചു. അടുത്ത വർഷങ്ങളില്‍ വാക്സിൻ ക്ഷാമം ഉണ്ടായേക്കാമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

അധിക സ്റ്റോക്കുകൾക്കായി കാത്തിരിക്കുന്നതോടൊപ്പം സര്‍ക്കാരുകളും അന്തർദേശീയ ഏജന്‍സികളും ജനങ്ങള്‍ക്ക് മാന്യമായ ജീവിത സാഹചര്യങ്ങൾ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.  കോളറബാധയ്ക്കുള്ള ഏറ്റവും പ്രധാനമായ അപകട ഘടകം ശരിയായ ജലത്തിന്റെയും ശുചിത്വ അടിസ്ഥാന സൗകര്യങ്ങളുടെയും അഭാവം തന്നെയാണ്. ജല‑ശുചീകരണ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നയങ്ങള്‍ക്കും കാഴ്ചപ്പാടിനും പുറമേ, മതിയായ വിഭവങ്ങളൊരുക്കാനും സർക്കാരുകള്‍ക്ക് കഴിയണം. സാംബിയ പോലുള്ള രാജ്യങ്ങള്‍ ഉയർന്ന കടബാധ്യതയില്‍ തുടരുകയാണ് എന്ന വസ്തുത പ്രശ്നം സങ്കീർണമാക്കുന്നു. രാജ്യത്തിന്റെ കടം പൊതുസേവനങ്ങളും അടിസ്ഥാനസൗകര്യ ബജറ്റും ഇല്ലാതാക്കുന്നു. 2021ൽ ആരോഗ്യം, വെള്ളം, ശുചിത്വം എന്നിവയിലെ നിക്ഷേപത്തെക്കാൾ കൂടുതൽ കടംവീട്ടുന്നതിനാണ് രാജ്യം ചെലവഴിച്ചത്.


ഇതുകൂടി വായിക്കൂ:മാലിന്യമുക്ത നവകേരളത്തിലേക്ക് ചുവടുവച്ച്


ഇത് ദുർബലമായ പൊതുസേവനങ്ങളിലേക്കും കുറഞ്ഞ ആരോഗ്യ സൗകര്യങ്ങളിലേക്കും നയിക്കുക മാത്രമല്ല, ആരോഗ്യ പ്രവർത്തകരുടെ എണ്ണക്കുറവിനും ഇടയാക്കുന്നു. സാംബിയയിൽ 1,000 പേർക്ക് 1.9 നഴ്സുമാരും 0.3 ഡോക്ടര്‍മാരും മാത്രമാണ് ഉണ്ടായിരുന്നത്. രോഗം പൊട്ടിപ്പുറപ്പെട്ടപ്പോൾ, അധികാരികൾക്ക് വിരമിച്ച ആരോഗ്യ പ്രവർത്തകരെ തിരികെവിളിക്കേണ്ടിവന്നു. സന്നദ്ധപ്രവർത്തകരെയും ആശ്രയിക്കേണ്ടി വന്നു. 2024ൽ കോളറ പ്രതിരോധത്തിനായി 40 ദശലക്ഷം ഡോസ് വാക്സിൻ ലഭ്യമാകുമെന്നാണ് കരുതുന്നത്. വേണ്ടതാകട്ടെ ഏകദേശം 90 ദശലക്ഷം ഡോസുകളും. ഈ വിടവ് അർത്ഥമാക്കുന്നത്, ലോകാരോഗ്യ സംഘടനയുടെ പ്രതിരോധ നിര്‍ദേശം നടപ്പിലാക്കാൻ പോലും ഈ രാജ്യങ്ങൾക്ക് കഴിഞ്ഞേക്കില്ല എന്നാണ്. കഴിഞ്ഞ രണ്ട് വർഷങ്ങളായി ആഗോളതലത്തിൽ വർധിച്ചുവരുന്ന കോളറ കേസുകളുടെ എണ്ണം ഉല്പാദിപ്പിക്കപ്പെടുന്ന പരിമിതമായ വാക്സിനുകൾ ഉപയോഗിച്ച് സന്തുലിതമാക്കുക എന്നതാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.