പ്രഭാതം പ്രതീക്ഷയുടെ പുതുഭാവങ്ങൾ ഉണർത്തും ഇന്നലെകളുടെ നന്മയുടെ അടിസ്ഥാനത്തിൽ നാളെകളെ സൃഷ്ടിക്കാനുള്ള കർമ്മശേഷി പ്രകടമാക്കാനുള്ള സന്ദർഭമാണത്. പഴമയുടെ പോരായ്മകൾ ആവർത്തിക്കാതിരിക്കാനുള്ള തീരുമാനങ്ങൾ എടുക്കുന്നതിനുള്ള പുതുദിനമാണത് വാഗ്ദാനം ചെയ്യുന്നത്. പുതു സൃഷ്ടിക്കാവശ്യമായ കാഴ്ചപ്പാടുകളെയും അവയെ പ്രവർത്തിപഥത്തിൽ സാക്ഷാത്ക്കരിക്കാനുള്ള പദ്ധതി രൂപീകരണത്തിന്റെയും നടപ്പാക്കലിന്റെയും സമയമാണത്. ഇതിനായി ഓരോ സാഹചര്യത്തെയും സമയത്തെയും കാലത്തെയും വിലയിരുത്തുകയും അവയെ നേരിടേണ്ടത് എപ്രകാരം എന്ന് നിർണയിക്കുകയും വേണം. ഭൂമി ഉരുണ്ടതും കറങ്ങി ഒരേ ബിന്ദുവിലേക്ക് നിരന്തരം തിരികെ എത്തുന്നതുമാണ് എങ്കിലും. പോയ വാരത്തിലെ ദിനങ്ങളുടെ പേരുകൾ തന്നെയാണ് പുതുവാരത്തിലും ദിനങ്ങൾക്ക് ഉള്ളത് എങ്കിലും അവയൊന്നും പോയ വാരത്തിലെയും അതിലെ സാഹചര്യങ്ങളുടെയും തനി ആവർത്തനമാവില്ല. മറിച്ച് അവ പുതു ഭാവങ്ങളെയും പുതു സാഹചര്യങ്ങളെയും ആയിരിക്കും നൽകുക. പുതു സാഹചര്യത്തെ, അതിൽ പ്രതിഫലിക്കുന്ന മാറ്റങ്ങളെ മുൻ കൂട്ടി കണ്ട് അതിനോടുള്ള പ്രതികരണം രൂപപ്പെടുത്തുന്നതിന് ക്രിയാത്മക ലക്ഷ്യത്തോടെ സജ്ജമായാൽ മാത്രമേ മാറ്റങ്ങളിൽ ഒളിഞ്ഞിരിക്കാവുന്ന അപകടങ്ങളെ ഒഴിവാക്കി സമൂഹത്തെയും വ്യക്തി ജീവിതങ്ങളെയും സുരക്ഷിതത്വത്തിലും പരസ്പര ബന്ധത്തിലും സ്വാതന്ത്ര്യാനുഭവത്തിലും മുന്നോട്ട് നയിക്കാൻ കഴിയൂ. നേരം വെളുക്കാൻ, പ്രഭാതമാകാൻ വൈകുന്നവർക്ക് തക്ക സമയത്ത് ചരിത്രത്തെ മനുഷ്യകുലത്തിന് അനുകൂലമായി പരുവപ്പെടുത്താൻ കഴിയില്ല. ഇത്രയും ആമുഖമായി പറഞ്ഞത് ഇപ്പോൾ ഈ ലേഖകൻ ഉൾപ്പെടുന്ന മത വിഭാഗം മണിപ്പൂരിൽ നടക്കുന്ന മനുഷ്യകുരുതിയെയും അതിക്രമങ്ങളെയും അപലപിക്കുവാനും എതിരെ പ്രതിഷേധിക്കുവാനും യോഗങ്ങളും ചർച്ചകളും സംഘടിപ്പിക്കാൻ ആഹ്വാനം നടത്തുന്നത് കാണുന്നതുകൊണ്ടാണ്, അതെ എന്റെ സമൂഹത്തിന് നേരം വെളുക്കാൻ വൈകിയത് കണ്ടിട്ടാണ്. മാറ്റങ്ങളെ നോക്കിക്കാണുന്നതും പ്രതികരിക്കുന്നതും മാറ്റങ്ങളുടെ കാരണഭൂതമായ പശ്ചാത്തലങ്ങളുടെയും സമൂഹങ്ങളുടെയും അടിസ്ഥാന സ്വഭാവത്തെയും നിലപാടുകളെയും മനസിലാക്കിക്കൊണ്ടാണ്. ഈ സാഹചര്യത്തിൽ മൂന്ന് അടിസ്ഥാനങ്ങളാണ് ക്രൈസ്തവ സമൂഹം നടത്തുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ പരിഗണിക്കേണ്ടത്.
ഒന്നാമത് ക്രൈസ്തവത്വത്തിന്റെ അടിസ്ഥാന മാനദണ്ഡങ്ങൾ തന്നെ. യഹൂദാ സമൂഹത്തിന്റെ ജനവിരുദ്ധ നിലപാടുകളെ മാറ്റാൻ ഏറ്റവും ശക്തമായ ഭാഷയിൽ “കുരുടന്മാരെ നയിക്കുന്ന കുരുടന്മാർ” എന്നും “വെള്ള തേച്ച ശവക്കല്ലറകളേ” എന്നും വിളിച്ച് അവരുടെ നേതൃത്വത്തിന്റെ തെറ്റായ നടപടികളെ ഭത്സിക്കുകയും ഈ ശൈലി തുടർന്നാൽ “കല്ലിന്മേൽ കല്ല് ശേഷിക്കാത്ത കാലം നിങ്ങൾക്ക് വരും” എന്ന് വിമർശനാത്മക മുന്നറിയിപ്പ് നൽകുകയും ചെയ്ത യേശുവിന്റെ നിലപാടായിരിക്കണം അദ്ദേഹത്തിന്റെ പേരിനെ പിൻപറ്റി രൂപീകൃതമാവുകയും നിലനിൽക്കുകയും ചെയ്യുന്ന സമൂഹത്തിന്റെത്. ഇതിൽ നിർണായകമായ ഒരു കാര്യം യേശുവിന്റെ കാലത്തേതുപോലുള്ള ഏകപക്ഷീയ അപ്രമാദിത്ത രാഷ്ട്രീയ സാഹചര്യമുള്ള രാജ്യത്തല്ല നാം ജീവിക്കുന്നത് എന്നതാണ്. സ്വതന്ത്രമായി ചിന്തിക്കാനും പ്രതികരിക്കാനും അവകാശമുള്ള ഒരു രാജ്യമാണ് ഭാരതം എന്ന ബോധം നമുക്കുണ്ടാകണം. അപ്പോൾ ഈ രാജ്യത്തിന്റെ അടിസ്ഥാന സ്വഭാവമാണ് രണ്ടാമത് നാം പരിഗണിക്കേണ്ടത്. നാം ജീവിക്കുന്ന ഭാരതം ഒരു സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക്കാണ്. ഇതിന്റെ ഭരണഘടനയുടെ ആമുഖത്തിൽ “നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ, ഇന്ത്യ ഒരു പരമാധികാര സ്ഥിതി സമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി…” എന്ന് തുടങ്ങി പറയുന്ന കാര്യങ്ങൾ ഭാരതത്തിന്റെ അടിസ്ഥാന സ്വഭാവത്തെ വെളിവാക്കുന്നു. ഈ മാനദണ്ഡങ്ങൾ ഈ നാട്ടിലെ ഓരോ വ്യക്തിക്കും സമൂഹത്തിനും ഈ നാട് വാഗ്ദാനം ചെയ്യുന്ന അവകാശങ്ങളും ഉത്തരവാദിത്തങ്ങളും വ്യക്തമായി പ്രകാശിതമാക്കുന്നുണ്ട്. ഇവിടെ ഏതെങ്കിലും മതത്തിനോ തത്വ സംഹിതക്കോ രാഷ്ട്രീയ പ്രസ്ഥാനത്തിനോ സാമൂഹിക നിലപാടുകൾക്കോ അപ്രമാദിത്തമോ മറ്റുള്ളവർക്കുപരി മേൽക്കോയ്മയോ സാധ്യമല്ല.
എന്നാൽ കഴിഞ്ഞ ഒമ്പത് വർഷമായി വളരെ ശക്തവും സൈദ്ധാന്തികവും പ്രായോഗികവുമായ അടിത്തറയുള്ള ഈ രാജ്യത്ത് ഭരണം കയ്യാളുന്ന രാഷ്ട്രീയ കക്ഷി നടപ്പാക്കുന്ന ജനവിരുദ്ധ പദ്ധതികൾ നാം കണ്ടുകൊണ്ടിരിക്കുന്നു. ഇവിടെയാണ് ഭരണ വർഗത്തിന്റെ സൈദ്ധാന്തിക നിലപാടിനെയും താത്വികാടിത്തറയെയും ചരിത്രത്തിൽ പ്രകടമായ പ്രവർത്തന ശൈലിയെയും നമുക്ക് വിലയിരുത്തേണ്ടി വരുന്നത്. ഇതാണ് നമ്മുടെ മൂന്നാമത്തെ വിഷയം. 1925 സെപ്റ്റംബർ 27ന് കേശവ് ബലിറാം ഹെഡ്ഗെവാർ എന്ന ഭിഷഗ്വരൻ നാഗ്പൂരിൽ സ്ഥാപിച്ച രാഷ്ട്രീയ സ്വയം സേവക് സംഘ് എന്ന പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ അനുബന്ധമാണ് നമ്മുടെ നാട് ഇപ്പോൾ ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടി എന്ന ബിജെപി, ആര്‍എസ്എസിന്റെ അടിസ്ഥാന ലക്ഷ്യം, യൂറോപ്യൻ ഏകാധിപത്യ പ്രവണതകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് അതേ ശൈലിയിൽ ഒരു ഹിന്ദു രാജ്യം ഇവിടെ സ്ഥാപിക്കുക എന്നതാണ്. 1923ൽ വിനായക് ദാമോദർ സവർക്കർ രചിച്ച “ഹിന്ദുത്വ” എന്ന ഗ്രന്ഥത്തിലെ താല്പര്യങ്ങളാണ് ഹെഡ്ഗെവാറുടെ പ്രാഥമിക പ്രചോദനം എങ്കിലും സാവകാശം അത് മാധവ് സദാശിവ്റാവു ഗോൾവാക്കറുടെ 1939ൽ പ്രസിദ്ധീകരിച്ച “നാം അഥവാ നമ്മുടെ ദേശീയത നിർവചിക്കപ്പെടുന്നു” എന്ന ഗ്രന്ഥത്തിലെ “രാജ്യത്തിന്റെയും സംസ്കാരത്തിന്റെയും നൈർമ്മല്യ സംരക്ഷണം” എന്ന് അവർ നിർവചിച്ച തീവ്ര ഹിന്ദുത്വ രീതിയിലേക്കുള്ള പരിവർത്തനത്തിന്റെ പാതയിലേക്ക് നീങ്ങി. ഇതനുസരിച്ച് ഭാരതം ഒരു ഹൈന്ദവ രാജ്യമാണ്.
ഹൈന്ദവം എന്നാൽ ആര്യ സംസ്കാരത്തിൽ അധിഷ്ഠിതമായ ഒരു മതം. ആ മതം ആദി മുതലെ ഇവിടെ ഉണ്ടായിരുന്നതും എന്നാൽ മറ്റുള്ളവരുടെ കുടിയേറ്റത്താൽ കളങ്കിതമായതുമാണ്. അതുകൊണ്ട് ഹൈന്ദവത്വത്തിന്റെ സംശുദ്ധി പുനഃസ്ഥാപിക്കുകയും മറ്റെല്ലാ മതങ്ങളെയും സംസ്കാരങ്ങളെയും അത് അപ്രസക്തമാക്കുകയും വേണം. അപ്പോൾ ഹൈന്ദവ മതമല്ലാത്ത സകല മതാനുയായികളും ഒന്നുകിൽ പുറത്ത് പോവുകയോ അല്ലെങ്കിൽ ഹൈന്ദവത്വത്തിന്റെ അടിമകളായി ജീവിക്കുകയോ ചെയ്യണം. ഇതാണ് അവരുടെ ആത്യന്തിക ലക്ഷ്യം. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കാളിത്തവും വഹിക്കാതിരുന്ന ഇവർ മഹാത്മാ ഗാന്ധിയുടെ മുസ്ലിം ആഭിമുഖ്യത്തെ എതിർക്കുകയും അദ്ദേഹത്തെ വധിക്കുകയും ചെയ്തു. ഇപ്പോൾ അദ്ദേഹം ജീവനോടില്ലാത്തതിനാൽ അദ്ദേഹത്തിന്റെ ചിത്രത്തിലേക്ക് നിറയൊഴിച്ച് അദ്ദേഹത്തെ വധിച്ചുകൊണ്ടേ ഇരിക്കുന്നു “ഹിന്ദു മഹാസഭയും അതിന്റെ നേതാക്കളും ഗാന്ധി ദിനത്തിൽ. ജയിൽ വാസത്തിലായിരുന്ന സവർക്കർ തന്റെയും തന്റെ അനുയായികളുടെയും സമ്പൂർണ വിധേയത്തവും പിൻതുണയും പ്രഖ്യാപിച്ച് ക്ഷമാപണക്കത്ത്, അതും ആറ് വട്ടം, എഴുതി നൽകിയാണ് ജയിൽ വിമുക്തനായത്. ഇത് ഗാന്ധിയുടെ നിർദേശപ്രകാരമായിരുന്നു എന്ന് വ്യാജ വ്യാഖ്യാനവുമായി ഇപ്പോഴത്തെ രാജ്യ സുരക്ഷാ മന്ത്രി രംഗത്തെത്തിയതും നാം കണ്ടു. തങ്ങളുടെ നിലപാടനുസരിച്ച് ഈ രാജ്യത്തെ പൗരർ ഭക്ഷണം വസ്ത്രം ജീവിതശൈലി എന്നിവ പരുവപ്പെടുത്തണം എന്നാണ് അവരുടെ നിർബന്ധം. ഗോത്രവർഗം ഗിരിവർഗം ആദിവാസികൾ പട്ടികജാതി-പട്ടികവർഗാംഗങ്ങൾ തുടങ്ങിയവരെല്ലാം ഹിന്ദുക്കളാണ് എന്ന് പറയുമ്പോഴും അവരെ തെരുവിൽ അക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നത് തുടർക്കഥയാകുന്നു, അത് പശുവിന്റെ പേരിലായാലും, പൊതു ജലസ്രോതസിന്റെ പേരിലായാലും, തെരുവിലെ അവകാശങ്ങളുടെ പേരിലായാലും.
ഈ താല്പര്യമാണ് ആർഎസ്എസിന്റെ രാഷ്ട്രീയ മുഖമായ ബിജെപി മുഖാന്തിരം നടപ്പാക്കാൻ ശ്രമിക്കുന്നതായി നാം ചരിത്രത്തിൽ കാണുന്നത്. ഇതിന് മറ്റ് പോഷക സംഘടനകളുടെ സാഹചര്യമനുസരിച്ചുള്ള തുണ ലഭിച്ചുകൊണ്ടിരിക്കും, സാഹചര്യമനുസരിച്ചുള്ള തന്ത്രം രൂപീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഇതിന്റെ ഏറ്റവും മതിയായ ഉദാഹരണമാണ് മണിപ്പൂരിൽ നാം കാണുന്നത്. അവിടെയുള്ള ക്രിസ്ത്യാനികളെ സ്വാധീനിച്ച് വോട്ടുനേടി അധികാരത്തിൽ വന്ന സർക്കാർ ഇപ്പോൾ അവരെതന്നെ കൊന്നൊടുക്കുന്നു. ജർമ്മൻ, ഇറ്റാലിയൻ ഏകാധിപതിമാരുടെ ശൈലിയിൽ വംശശുദ്ധീകരണം അവിടെ നടപ്പാക്കുകയാണ്.
ഇതു തന്നെയാണ് ഗോധ്ര തീവണ്ടി അപകടത്തിന്റെ പേരിൽ ആയിരത്തിൽ അധികം മുസ്ലിങ്ങളെ ഗുജറാത്ത് കലാപത്തിൽ 2002ൽ ഇല്ലാതെയാക്കിയതായി നാം കാണുന്നത്. ഇതേ ശൈലി തന്നെയാണ് ഒഡിഷയിൽ 2009ൽ നടത്തിയ ക്രൈസ്തവ പീഡനത്തിൽ ദൃശ്യമായത്. 1999ലെ ഗ്രഹാം സ്റ്റെയ്ൻസിനെയും കുടുംബത്തെയും വധിച്ചതും ഈ തത്വ സംഹിതയുടെ പ്രായോഗികത ആയിരുന്നു. പൗരത്വ ഭേദഗതി നിയമം, ഗോവധ നിരോധനം, ഹിജാബ് നിരോധനം, മത പരിവർത്തന നിയമം തുടങ്ങിയവയെല്ലാം ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ തന്നെ. ഇത്ര പ്രകടമായ എന്നാൽ ഗൗരവതരമായ ഉദാഹരണങ്ങൾ കണ്ടാലും എന്റെ മത നേതാക്കൾക്ക് നേരം വെളുത്തില്ല, ഭരണഘടന നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ച് ഇത്രയും നാൾ പ്രതികരിക്കാനായില്ല എന്ന് മാത്രമല്ല, “ബിജെപി ഭരണത്തിൽ ക്രൈസ്തവർക്ക് ഒരു അരക്ഷിതാവസ്ഥയുമില്ല” എന്ന് പറയുക കൂടി ചെയ്തിട്ട് ഇപ്പോൾ മണിപ്പൂരിനെ ഓർത്ത് വിലപിക്കുന്നത് ലജ്ജാകരമെന്നാണ് എന്റെ അഭിപ്രായം.
ഇതാണോ ക്രിസ്തുവിന്റെ മാർഗം, ഇതാണോ ഭാരതത്തിന്റെ ഭരണഘടന വാഗ്ദാനം ചെയ്യുന്ന മതനിരപേക്ഷാവകാശം. ഇതല്ല എന്നെനിക്കുറപ്പുണ്ട്. “ആരാണ് ജസ്റ്റിസ് ലോയെ കൊന്നത്” എന്ന ഗ്രന്ഥത്തിന്റെ കർത്താവ് കുറ്റാന്വേഷണ ജേർണലിസ്റ്റായ നിരഞ്ചൻ തക്ലെ പ്രധാനമന്ത്രി മോഡി അമേരിക്കൻ പ്രസിഡന്റിന്റെ ആതിഥ്യം സ്വീകരിച്ച് വൈറ്റ് ഹൗസിലിരിക്കുമ്പോൾ പുറത്ത് പ്രതിഷേധിച്ച ഭാരതീയരെ അഭിസംബോധന ചെയ്തുകൊണ്ട് ചോദിച്ചത് “ഏതെങ്കിലും സിനിമാ നടനോ നടിയോ ജലദോഷമോ പനിയോ പിടിച്ച് അസുഖമാകുമ്പോൾ ട്വീറ്റ് ചെയ്യുന്ന നമ്മുടെ പ്രധാനമന്ത്രി അമ്പത് ദിവസങ്ങൾക്കപ്പുറവും മണിപ്പൂരിൽ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന നൂറ് കണക്കിനാളുകളെക്കുറിച്ച് യാതൊന്നും പറയാതിരിക്കുന്നു എന്നത് എത്ര ലജ്ജാകരം” എന്നാണ്. എങ്കിലും പറയട്ടെ, എന്റെ സമൂഹത്തിന്, ഇപ്പോൾ നേരം വെളുത്ത സ്ഥിതിക്ക് ഇനിയെങ്കിലും വേണ്ടുംവണ്ണം പ്രതികരിക്കാനും തുടർ പ്രതിരോധം ഉയർത്താനും നമുക്കാകുമോ എന്നത് കാലഘട്ടം ഉയർത്തുന്ന ഏറെ പ്രസക്തിയുള്ള ചോദ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.