23 December 2024, Monday
KSFE Galaxy Chits Banner 2

ചുട്ടെടുക്കുന്ന ചരിത്രം മിഥ്യ

Janayugom Webdesk
March 27, 2022 5:00 am

ചുട്ടെടുക്കുന്ന ചരിത്രം മിഥ്യ ഇരുപത്തിരണ്ടാം നൂറ്റാണ്ടിന്റെ മൂന്നാം ദശകാരംഭത്തിൽ രാജ്യത്തിന്റെ ചരിത്രം തന്നിഷ്ട പ്രകാരം വളച്ചൊടിക്കാനുള്ള പരിശ്രമങ്ങൾ അതിവേഗതയിലായി. യാതൊരു യുക്തിയുടെയും പിൻബലമില്ലാതെ ചരിത്രസത്യങ്ങൾ കടംകഥയാക്കിയായിരുന്നു ഇത്തരം നീക്കങ്ങൾ. ഭരണഘടന തിരുത്തിയെഴുതാനുള്ള ആഹ്വാനമാണ് പുതിയ നീക്കം. 1923ൽ വി ഡി സവർക്കർ എഴുതിയത് ഓർമ്മിപ്പിക്കുകയാണ് ബിജെപി ഭരണകൂടം. ‘ഇന്ത്യ ഹിന്ദുക്കൾക്ക് വേണ്ടിയുള്ളതാണ്, അല്ലാതെ മുസ്‌ലിങ്ങൾക്കോ ക്രിസ്ത്യാനികൾക്കോ അല്ല’. സവർക്കർ തുടർന്നു, ‘എല്ലാ ഹിന്ദുക്കളും വംശീയ മഹത്വമേറിയ രക്തം തങ്ങളുടെ സിരകളിൽ ഒഴുകുന്നുവെന്ന് അവകാശപ്പെടുന്നു. വേദകാല പാരമ്പര്യത്തിലും സിന്ധു സംസ്കാരത്തോട് ഉൾച്ചേർന്നതും അവിടെ നിന്ന് ഉത്ഭവിച്ചതുമാണത്. ഞങ്ങൾ ഹിന്ദുക്കൾ ഒന്നാണ്, കാരണം ഞങ്ങൾ ഒരു രാഷ്ട്രവും വംശവും ഒരു പൊതു സംസ്കൃതിയുടെ ഉടമകളുമാണ്’. ബഹുസ്വരതയിൽ ഏകത്വം എന്ന രാജ്യത്തിന്റെ ഏറ്റവും മനോഹരമായ സാംസ്കാരിക പൈതൃകം സവർക്കർ ഒരിക്കലും പരിഗണിച്ചില്ല. ബ്രിട്ടീഷ് സമ്രാജ്യത്വം ചെയ്ത അനീതികൾക്കെതിരായ രോഷത്തെ നിഷേധാത്മകമായി മുസ്‌ലിം സമുദായത്തിനെതിരെ പ്രയോഗിക്കാൻ ശ്രമിച്ച വേളയിലാണ് പ്രത്യേക ഹിന്ദുരാഷ്ട്ര സങ്കല്പം ഉയർന്നുവന്നത്. ബ്രിട്ടീഷ് അധികാരികൾക്ക് അതിന്റെ വിഭജന നയം പിന്തുടരാൻ ബലം നൽകുകയായിരുന്നു പ്രത്യേക ഹിന്ദുരാഷ്ട്ര സങ്കല്പത്തിലൂടെ സംഭവിച്ചത്. സവർക്കറെ സംബന്ധിച്ചിടത്തോളം ഹിന്ദുത്വം എന്ന പദം ഹിന്ദുക്കളെ ഒരു ദേശീയതയായി സംഘടിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായിരുന്നു. ഇന്ത്യയിലെ മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും ഈ രാഷ്ട്ര ദർശനത്തിന്റെ ഭാഗമായിരുന്നില്ല. ‘ഗസ്നിയിലെ മൊഹമ്മദ് സിന്ധു കടന്നതിന് ശേഷം’, ‘ജീവനും മരണവും തമ്മിലുള്ള സംഘർഷം’ ആരംഭിച്ചു തുടങ്ങിയ പ്രയോഗങ്ങളിലൂടെ മുസ്‌ലിം ജനതയ്ക്കെതിരെയുള്ള നിലപാടുകൾ അദ്ദേഹം കഠിനമാക്കി. ഇത്തരം വാക്യങ്ങൾ ഹിന്ദുക്കളെ മുസ്‌ലിങ്ങൾക്കെതിരെ പ്രതിഷ്ഠിക്കുന്ന പ്രവണതയ്ക്ക് വഴിയൊരുക്കാൻ സവർക്കർ ഉപയോഗിച്ചു. സവർക്കർ 1924ൽ ജയിൽ മോചിതനായി. 1925ൽ സവർക്കറുടെ ദർശനങ്ങളിലൂന്നി രാഷ്ട്രീയ സ്വയം സേവക് സംഘ് (ആർഎസ്എസ്) രൂപപ്പെട്ടു. കെ ബി ഹെഡ്ഗേവാർ, ബി എസ് മുഞ്ജെ, എൽ വി പരഞ്ജ്പെ, ബി ബി തോൽക്കർ, ഗണേഷ് സവർക്കർ എന്നിവരടങ്ങിയ അഞ്ച് സ്ഥാപക അംഗങ്ങളിൽ ഓരോരുത്തരും സവർക്കറോട് വിശ്വസ്തരായിരുന്നു. ആർഎസ്എസിന് ഒരു ഭരണഘടനയോ അതിന്റെ ലക്ഷ്യങ്ങളോ തുറന്ന് നിർവചിച്ചിട്ടില്ല. എന്നിട്ടും അത് ഒരു ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള ഒരു സംഘടനയായി പരക്കെ മനസിലാക്കപ്പെട്ടു.


ഇതുകൂടി വായിക്കാം; മുഖംമൂടി അഴിയുന്നു


യുവാക്കളെ ആകർഷിക്കാനും ‘ആഭ്യന്തര ശത്രുക്കൾക്ക്’ എതിരെ അവരെ പരിശീലിപ്പിക്കാനും ഹിന്ദുമത സ്വത്വം ഉപയോഗിച്ചു. ഏറെ പരിശ്രമിച്ചിട്ടും ആദ്യ വർഷങ്ങളിൽ സംഘടനയ്ക്ക് മുന്നേറാനായില്ല. ഹെഡ്ഗേവാറിന് മാർഗദർശിയായിരുന്ന ബി എസ് മുഞ്ജെ മുസോളിനിയെ കാണുകയും അദ്ദേഹത്തിന്റെ പരിശീലന കേന്ദ്രങ്ങൾ സന്ദർശിക്കുകയും ചെയ്തതിന് ശേഷമാണ് ആർഎസ്എസിലേക്ക് പുതിയ ആശയങ്ങളും വ്യതിരിക്ത ഊർജവും കടന്നുവരുന്നത്. 1931ൽ മുസോളിനിയുമായി കൂടിക്കാഴ്ച നടക്കുമ്പോൾ ഇറ്റലിയിൽ ഫാസിസം ആഴത്തിൽ സ്വാധീനമുറപ്പിച്ചിരുന്നു. ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്‌ലിങ്ങളെ, പുറന്തള്ളാനുള്ള അജണ്ട നടപ്പിലാക്കാൻ തുടങ്ങിയത് പുതിയ ആശയങ്ങളുമായി ഇറ്റലിയിൽ നിന്ന് മുഞ്ജെ തിരിച്ചെത്തിയതിനു ശേഷമാണ്. 1933ൽ ഇന്റലിജൻസ് ബ്യൂറോ ആർഎസ്എസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് തയാറാക്കി. സാമുദായിക കലാപങ്ങളെ നേരിടാനെന്ന മറവിൽ ആർഎസ്എസ് പ്രവർത്തകർക്ക് കുന്തം, വാൾ, കഠാര എന്നിവ ഉപയോഗിക്കാനുള്ള പരിശീലനം നൽകിയെന്ന് റിപ്പോർട്ടിൽ പറയുന്നു. 1932ലെ ദസറ വേളയിൽ നാഗ്പുരിൽ നടത്തിയ പ്രസംഗത്തിൽ ഇന്ത്യയുടെ ഭാവി ഭരണത്തിൽ ആധിപത്യം നേടുന്ന ഹിന്ദുക്കൾക്കുള്ളതാണ് ഹിന്ദുസ്ഥാൻ എന്ന് കെ ബി ഹെഡ്ഗേവാർ പറഞ്ഞു. ഇതര സമുദായങ്ങളോട് കല്പിക്കുകയെന്നത് അവരുടെ അവകാശവുമാണ്, ഇന്റലിജൻസ് റിപ്പോർട്ട് ഹെഡ്ഗേവാറിനെ ഉദ്ധരിക്കുന്നു. സവർക്കറേക്കാൾ വ്യക്തവും കൃത്യവുമായ പദങ്ങളിൽ ഹെഡ്ഗേവാർ മുസ്‌ലിം സമുദായത്തിനെതിരെ ഉയർത്തിയ വെല്ലുവിളിയായിരുന്നു അത്. 1937ൽ സവർക്കർ ഹിന്ദു മഹാസഭയുടെ അധ്യക്ഷനായി. പാർട്ടിയുടെ അഹമ്മദാബാദ് സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ, സവർക്കർ ഇരുരാഷ്ട്ര സിദ്ധാന്തത്തിന്റെ വിശദീകരണം നിരത്തി. മുഹമ്മദ് അലി ജിന്ന മൂന്ന് വർഷത്തിന് ശേഷം ഇത് ഏറ്റെടുത്തതോടെ ഹിന്ദുത്വ നേതാവിന്റെ ദ്വിരാഷ്ട്ര സിദ്ധാന്തം വർഗീയ പ്രതിസന്ധിയിലേക്ക് നയിച്ചു.


ഇതുകൂടി വായിക്കാം; നെഹ്രു പുറത്ത്! സവർക്കർ അകത്ത്?


ഒടുവിൽ വിഭജനത്തിന്റെ ഭീകരതയിൽ ഒടുങ്ങി. ‘ഇന്ത്യ ഒരു ഏകീകൃതവും ഏകപക്ഷീയവുമായ രാഷ്ട്രമാണെന്ന് കരുതാനാവില്ല, ഇന്ത്യയിൽ രണ്ട് രാഷ്ട്രങ്ങളുണ്ട്, ഹിന്ദുക്കളും മുസ്‌ലിങ്ങളും’. സവർക്കർ പറഞ്ഞു. എം എസ് ഗോൾവാൾക്കർ ആർഎസ്എസ് തലവനായതിന് ശേഷം, ഹിന്ദുരാഷ്ട്രത്തെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയെ ജർമ്മൻ സെമിറ്റിസവുമായി താരതമ്യപ്പെടുത്തി. ജൂതന്മാരോടുള്ള ഹിറ്റ്ലറുടെ പെരുമാറ്റം ഇന്ത്യൻ മുസ്‌ലിങ്ങൾക്ക് ബാധകമാക്കേണ്ട മാതൃകയായി അദ്ദേഹം അവതരിപ്പിച്ചു. ഹിന്ദുസ്ഥാനിലെ അഹിന്ദുക്കൾ ഒന്നുകിൽ ഹിന്ദു സംസ്കാരവും ഭാഷയും സ്വീകരിക്കണം, ഹിന്ദുമതത്തെ ബഹുമാനിക്കാനും പഠിക്കണം, മഹത്വവല്ക്കരിക്കലല്ലാതെ മറ്റൊന്നും പാടില്ല. ഹിന്ദു വംശത്തിൽ ലയിക്കുന്നതിന് അവരുടെ വേറിട്ട അസ്തിത്വം നഷ്ടപ്പെടണം, അല്ലെങ്കിൽ ഹിന്ദു രാഷ്ട്രത്തിന് കീഴ്‌പെട്ട്, ഒന്നും അവകാശപ്പെടാതെ, പ്രത്യേകാവകാശങ്ങളൊന്നും അർഹിക്കാതെ, മുൻഗണനാ പരിഗണന പോലും ഇല്ലാതെ പൗരന്റെ അവകാശങ്ങൾ ഇല്ലാതെ രാജ്യത്ത് തുടരാം. ഗോൾവാൾക്കർ ജർമ്മൻ നാസിസത്തെ ഇന്ത്യയുടെ പശ്ചാത്തലത്തിൽ എത്തിച്ചു. ജനങ്ങളിൽ പ്രകടമായ വ്യത്യാസം സൃഷ്ടിച്ചു. ഇന്ത്യൻ മുസ്‌ലിങ്ങളെ നേരിടാൻ സമഗ്രമായ ഒരു പദ്ധതിയും തയാറാക്കി. ചരിത്രത്തെ ഇത്തരം പശ്ചാത്തലത്തിലാണ് മോഡിയും അദ്ദേഹത്തിന്റെ യജമാനന്മാരും കാണാൻ ആഗ്രഹിക്കുന്നത്. ചരിത്രം തങ്ങൾക്കൊപ്പമില്ലെന്ന് അവർക്കറിയാം. അതുകൊണ്ട് ഭൂതകാലത്തെ സ്വന്തം താല്പര്യത്തിനനുസരിച്ച് പുനർനിർമ്മിക്കാനാണ് അവരുടെ ശ്രമം. ആർഎസ്എസ് ജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ല, ഗോൾവാൾക്കർ എഴുതി ‘ജനാധിപത്യം എന്ന ആശയം’ ‘ജനങ്ങളാൽ, ‘ജനങ്ങളുടെ’ എന്ന സങ്കല്പം, രാഷ്ട്രീയ ഭരണത്തിൽ എല്ലാവരും തുല്യ പങ്കാളികളാണ് എന്നത് പ്രായോഗികമായി ഒരു മിഥ്യ മാത്രമാണ്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.