16 April 2024, Tuesday

Related news

March 21, 2024
March 20, 2024
March 10, 2024
March 5, 2024
February 29, 2024
February 26, 2024
February 24, 2024
February 24, 2024
January 17, 2024
January 8, 2024

സുധാകരന്റെ ശത്രു നാക്ക് തന്നെ

കെപിസിസി പ്രസിഡന്റിനെതിരെ മുന്‍ ഉപാധ്യക്ഷന്‍ ക്രിമനല്‍, മാനനഷ്ടക്കേസുകള്‍ക്ക്
web desk
തിരുവനന്തപുരം
November 21, 2022 10:42 am

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ സിവിലായും ക്രിമിനലായും മാനനഷ്ടത്തിനും കേസ് കൊടുക്കുമെന്ന് മുന്‍ ഉപാധ്യക്ഷനായ അഡ്വ. സി കെ ശ്രീധരന്‍. ടി പി ചന്ദ്രശേഖരന്‍ കേസില്‍ സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ ഒഴിവാക്കപ്പെട്ടത് ശ്രീധരന്റെ ഇടപെടലിനെത്തുടര്‍ന്നാണെന്ന സുധാകരന്റെ ആരോപണമാണ് കേസ് നല്‍കുന്നതിന് കാരണമായിരിക്കുന്നത്. കഴിഞ്ഞ ദിവസം കാസർകോട് ചിറ്റാരിക്കാലിൽ നടത്തിയ പ്രസംഗത്തിലായിരുന്നു സുധാകരന്റെ പ്രസ്താവന. സി കെ ശ്രീധരന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുന്നതായും ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും കഴി‍ഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഇതിനുപിറകെയാണ് സുധാകരന്‍ ശ്രീധരനെ ലക്ഷ്യംവച്ച് പ്രസംഗിച്ചതും.

ഏറെക്കാലം കോൺഗ്രസിൽ പ്രവർത്തിച്ച അദ്ദേഹം പാർട്ടി വിട്ടപ്പോൾ ഒപ്പം പോകാൻ ആളില്ല. അധികാര സ്ഥാനങ്ങളിൽ ഇരുന്നിട്ടും അദ്ദേഹത്തോടൊപ്പം ഒരു പത്ത് പേർ പോകാത്തത് എന്തുകൊണ്ടാണ്? ഇക്കാര്യം സിപിഐ(എം)ഉം സി കെ ശ്രീധരനും ആലോചിക്കണമെന്നും സുധാകരന്‍ പറഞ്ഞിരുന്നു. മോഹനൻ മാസ്റ്റർ കേസിൽ നിന്ന് ഒഴിവാക്കപ്പെട്ടത് വെറുതെയല്ല. അതിന് അതിന്റേതായ കാരണങ്ങളുണ്ട്.വലിയ മഴ പെയ്യുമ്പോൾ ചെറിയ തുള്ളി പോകുന്നത് പോലെയാണ് സി കെ ശ്രീധരന്റെ പാർട്ടി മാറ്റം. ടി പി ചന്ദ്രശേഖരൻ വധക്കേസിന്റെ കാലം മുതൽ സി കെ ശ്രീധരനും സിപിഐ(എം) ഉമം തമ്മിൽ ബന്ധമുണ്ട്. ഇതിന്റെ ഭാഗമായാണ് പി മോഹനൻ കേസിൽ പ്രതിയാകാതിരുന്നത്. ആ കാരണങ്ങളിൽ ഒന്നിന്റെ പരിണിത ഫലമാണ് ഈ ചുവടുമാറ്റമെന്നും സുധാകരന്‍ ആരോപിച്ചു.

കെ സുധാകരൻ പറയുന്നത് വിവരക്കേടാണ്. സുധാകരന്റെ പ്രസ്താവന അപകീർത്തികരവും സത്യവിരുദ്ധവും അബദ്ധവുമാണെന്നും പ്രസ്താവനയിൽ കോടതിയലക്ഷ്യം ഉണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും സി കെ ശ്രീധരൻ കാസര്‍കോട് മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവച്ച സി കെ ശ്രീധരൻ ഔദ്യോഗികമായി സിപിഐ(എം)ൽ ചേർന്നിരുന്നു. കാഞ്ഞങ്ങാട്ട് നടന്ന പൊതുസമ്മേളനത്തിൽ സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ചുവന്ന ഷാളും രക്തഹാരവും അണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചു. വർഗീയതയ്ക്കെതിരെ പൊരുതാൻ കോൺഗ്രസിന് കഴിയുന്നില്ലെന്ന തിരിച്ചറിവാണ് സി കെ ശ്രീധരനെ സിപിഐ(എം)ല്‍ എത്തിച്ചതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിനോടുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചാണ് സി കെ ശ്രീധരൻ പാർട്ടി വിടുന്നതെന്നും സിപിഐ(എം) സെക്രട്ടറി പറഞ്ഞു. കോൺഗ്രസിന് അപചയമാണെന്നും കെപിസിസി പ്രസിഡന്റിന് ആർഎസ്എസ് അനുകൂല നിലപാടെന്നും സി കെ ശ്രീധരൻ യോഗത്തില്‍ കുറ്റപ്പെടുത്തി.

ക്രിമിനൽ അഭിഭാഷകനായിരുന്ന സി കെ ശ്രീധരൻ ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു. കോൺഗ്രസിന് വേണ്ടി നിരവധി കേസുകളിൽ ശ്രീധരൻ വാദിച്ചിട്ടുണ്ട്. പ്രജാ സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന സി കെ ശ്രീധരൻ 1977ന് ശേഷമാണ് കോൺഗ്രസില്‍ ചേർന്നത്. 1991ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിൽ ഇ കെ നായനാർക്കെതിരെ മത്സരിച്ചിരുന്നു.

 

Eng­lish Sammury:KPCC Ex. Vice Pres­i­dent CK Sreed­ha­ran Against KPCC Pres­i­dent K Sudhakaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.