23 January 2026, Friday

Related news

January 23, 2026
January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026

മധ്യപ്രദേശില്‍ മുട്ടിടിച്ച് ബിജെപി; ഇന്ത്യ സഖ്യത്തിലും അസ്വാരസ്യം

Janayugom Webdesk
ഭോപ്പാല്‍
October 20, 2023 6:06 pm

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് വിശേഷിപ്പിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ വോട്ടെടുപ്പിനായി പ്രധാന രാഷ്ട്രീയ പാർട്ടികളെല്ലാം പ്രചാരണത്തിന്റെ തിരക്കിലായി. മധ്യപ്രദേശ്, രാജസ്ഥാൻ, മിസോറാം, തെലങ്കാന, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെല്ലാം ബിജെപി സഖ്യവും പ്രതിപക്ഷ സഖ്യമായ ഇന്ത്യയും തമ്മിലാണ് പ്രധാന മത്സരം. എന്നാല്‍ സീറ്റ് ധാരണയെച്ചൊല്ലി തുടക്കത്തിലേ ഉയര്‍ന്ന തര്‍ക്കങ്ങള്‍ ഇരുഭാഗത്തെയും ശക്തി ചോര്‍ത്തുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. 

വോട്ടെടുപ്പ് പ്രഖ്യാപിച്ച അഞ്ച് സംസ്ഥാനങ്ങളിൽ ഏറ്റവും വലുതും വാശിയേറിയ പോരാട്ടം നടക്കുന്നതുമായ സംസ്ഥാനമാണ് മധ്യപ്രദേശ്. 230 അംഗങ്ങളുള്ള ഇവിടെ നടക്കുന്നത് കോൺഗ്രസിന്റെയും ബിജെപിയുടെയും അഭിമാന പോരാട്ടമാണ്. നിലവില്‍ ഭരിക്കുന്നത് ബിജെപിയാണെങ്കിലും അതൊരു തെരഞ്ഞെടുപ്പ് വിജയമായിരുന്നില്ല. 2018ൽ കോൺഗ്രസ് അധികാരത്തിലെത്തിയെങ്കിലും ജ്യോതിരാദിത്യ സിന്ധ്യയുടെ അപ്രതീക്ഷിത നീക്കത്തിൽ സർക്കാർ താഴെവീഴുകയായിരുന്നു. ഇത്തവണ അധികാരം തിരികെപ്പിടിക്കാന്‍ കോ­ണ്‍ഗ്രസും നിലനിര്‍ത്താന്‍ ബിജെപിയും തീവ്രശ്രമത്തിലാണ്.

ബിജെപി ഏറ്റവും കൂടുതൽ ഭയക്കുന്നത് ഭരണവിരുദ്ധ വികാരത്തെയാണ്. ശിവ്‍രാജ് സിങ് ചൗഹാനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാത്തത് ഈ ഭയത്തെത്തുടർന്നാണ്. കഴിഞ്ഞ 17 വർഷമായി മുഖ്യമന്ത്രിയായി തുടരുന്ന ചൗഹാൻ വീണ്ടും ആ പദവിയിൽ എത്തുമെന്ന് പ്രഖ്യാപനം നടത്തിയാൽ തിരിച്ചടിയാകുമെന്ന ആശങ്ക സംസ്ഥാന‑കേന്ദ്ര നേതാക്കൾക്കുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭൂരിപക്ഷം നേടിയത് ഇക്കാരണങ്ങൾക്കൊണ്ടാണെന്ന വിലയിരുത്തലും നേതൃത്വത്തിനുണ്ട്.
കോൺഗ്രസിനെ താഴെയിറക്കി സർക്കാർ രൂപീകരിക്കാൻ സഹായിച്ച ജ്യോതിരാദിത്യ സിന്ധ്യയെ പിണക്കാനും ബിജെപി നേതൃത്വം തയ്യാറല്ല. സിന്ധ്യയുടെ പക്ഷക്കാരായ 20ഓ­ളം എംഎൽഎമാർക്കാണ് സീറ്റ് നൽകിയിരിക്കുന്നത്. മുന്‍ കോൺഗ്രസ് എംഎൽഎമാരായ ഇവർ സീറ്റ് ലഭിച്ചില്ലെങ്കിൽ തിരികെപ്പോകുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്. യശോദരരാജ സിന്ധ്യ ശിവപുരിയിൽ മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെ ജ്യോതിരാദിത്യ സിന്ധ്യ അവിടെ മത്സരിക്കാനുള്ള സാധ്യതയുമുണ്ട്. മൂന്ന് കേന്ദ്രമന്ത്രിമാരും നാല് എംപിമാരുമാണ് ഇത്തവണ മധ്യപ്രദേശിൽ ജനവിധി തേടുന്നത്. അടുത്തകാലത്തെ സ്ഥിരം പ്രവണതയെന്നനിലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും കേന്ദ്ര സർക്കാർ ഭരണത്തെയും എടുത്തുകാട്ടിയായിരിക്കും ബിജെപി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുക. 

അതിനിടെ കോൺഗ്രസ് അപ്രതീക്ഷിതമായി സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ടതോടെ ഇന്ത്യസഖ്യത്തിലും വിള്ളലിന്റെ കരിനിഴല്‍ വീണു. സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്ന നാല് സീറ്റുകളിലടക്കം കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് എസ്‌പിയെ ചൊടിപ്പിച്ചു. ഇതോടെ അഖിലേഷ് യാദവ് ഒമ്പതുസീറ്റിൽക്കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 2018ൽ എസ്‌പിയുടെ പിന്തുണയോടെയായിരുന്നു കമൽനാഥ് കോൺഗ്രസ് സർക്കാരിന് രൂപംനൽകിയത്.
ഇന്ത്യ സഖ്യത്തിന്റെ ആദ്യ പരീക്ഷണശാലയാക്കുമെന്ന് കരുതിയ മധ്യപ്രദേശിൽ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും സീറ്റ് ധാരണയ്ക്കുള്ള ചർച്ചനടന്നുവരികയായിരുന്നു. അതിനിടെ 44 സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചതോടെ സഖ്യനീക്കത്തിൽ വിള്ളൽവീഴുകയായിരുന്നു. എസ്‌പി മത്സരിക്കുന്ന ചിത്രാംഗി, മെഹഗാവ്, ഭാണ്ഡർ, രാജ്നഗർ എന്നീ മണ്ഡലങ്ങളിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. 

Eng­lish Sum­ma­ry: Clash­es in inter­nal BJP

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.