ഇന്ത്യയിലേക്ക് വന്ന യൂറോപ്യൻമാരിൽ ആദ്യത്തേത് പോർച്ചുഗീസുകാരായിരുന്നല്ലോ. അവർ തങ്ങളുടെ പായ്‌ക്കപ്പൽ ആദ്യം അടുപ്പിച്ചത് കേരളത്തിൽ കോഴിക്കോട്ടാണ്. ഇവിടെ സമൃദ്ധമായി വളർന്നിരുന്ന തെങ്ങുകളാണ് അവർക്ക് പ്രചോദനമായതെന്ന് പറയപ്പെടുന്നുണ്ട്.
തൊണ്ട് മാറ്റി അതിനുള്ളിലെ കായ് കണ്ട അവർ അത്ഭുതപ്പെട്ടു. മൂന്ന് കണ്ണും കുറെ മുടിയും. ചകിരിയാണ് അവർക്ക് മുടിയായി തോന്നിയത്. ഇതിനെ അവർ cocos എന്ന് വിളിച്ചു. ഇതിന്റെ അർത്ഥം പോർച്ചുഗീസ് ഭാഷയിൽ കുരങ്ങൻ എന്നാണ്. ഇത് ലാറ്റിനിലും ഇംഗ്ലീഷിലും കുരങ്ങന്റെ മുഖമുള്ള കായ്ഫലം എന്നർത്ഥത്തിൽ coconut ആയി. തേങ്ങയുടെ ശാസ്ത്രീയ നാമം “കൊക്കോസ് ന്യൂസിഫെറ“എന്നാണ്. ന്യൂസിഫെറ എന്നാൽ സാമ്യമുള്ളത് എന്നാണർത്ഥം. അതായത് കുരങ്ങന്റെ മുഖ സാമീപ്യമുള്ളത്.
ആദ്യകാലത്ത് യൂറോപ്യന്മാരെ ഇവിടെ പിടിച്ചുനിർത്തിയത് കരിക്കായിരുന്നു. അതിലെ ഇളനീരും കൊഴുപ്പും ദാഹം ശമിപ്പിക്കുക മാത്രമല്ല വിശപ്പിനും ഉത്തമമായിരുന്നു. ഇത് വിദേശികളെ വല്ലാതെ ആകർഷിച്ചിരുന്നതായി ഗവേഷകർ പറയുന്നു. സുഗന്ധ വ്യഞ്ജനങ്ങൾക്ക് രണ്ടാം സ്ഥാനമെ ഉണ്ടായിരുന്നുള്ളൂ.
ഈന്തപ്പന കുടുംബത്തിൽ (അരെക്കേസി) പ്പെട്ടതാണ് തെങ്ങ്. തെങ്ങിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗിക്കാം എന്ന് മാത്രമല്ല അതൊരു പരിസ്ഥിതി സംരക്ഷക വൃക്ഷം കൂടിയാണ്. ഒരു തെങ്ങിൻ തടം ആയിരം ലിറ്ററോളം ജലം ഭൂമിക്കുള്ളിലേക്ക് ഇറക്കും എന്നതാണ് പ്രത്യേകത. മാത്രമല്ല മണ്ണിന്റെ ഫലപുഷ്ടി നിലനിർത്തി മണ്ണിനെ സംരക്ഷിക്കുന്നതിൽ മുഖ്യ പങ്കും വഹിക്കുന്നു. പ്രകൃതിയിലെ കാർബൻ വലിച്ചെടുത്തു സൂക്ഷിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു. തെങ്ങിൻ തടി കാർബന്റെ നല്ല ഇരിപ്പിടമാണ്. 2009മുതൽ എല്ലാ വർഷവും സെപ്റ്റംബര്‍ രണ്ട് ലോക നാളികേര ദിനമായി ആചരിക്കുന്നു. തെങ്ങിനെക്കുറിച്ചും മനുഷ്യന്റെ സാമൂഹ്യ വികസന ചരിത്രത്തിൽ അത് വഹിച്ച പങ്കിനെക്കുറിച്ചും ബോധവൽക്കരിക്കുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.