17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 16, 2024
November 14, 2024
November 11, 2024
November 7, 2024
November 3, 2024
November 1, 2024
October 24, 2024
October 23, 2024
October 22, 2024
October 19, 2024

ജഡ്ജി നിയമനത്തിലെ കൊളീജിയം വ്യവസ്ഥ

അഡ്വ. കെ പ്രകാശ്ബാബു
ജാലകം
December 27, 2022 4:45 am

ഇന്ത്യയുടെ ഉപരാഷ്ട്രപതി ജഗദീപ് ധൻഖറും കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജുവും തുടർച്ചയായി കൊളീജിയം സംവിധാനത്തിനെതിരായും സുപ്രീം കോടതിയിൽ കേസുകൾക്ക് തീർപ്പുകൽപ്പിക്കുന്നതിലുണ്ടാകുന്ന കാലതാമസത്തെക്കുറിച്ചും വിമർശനങ്ങൾ തൊടുത്തു വിട്ടുകൊണ്ടിരിക്കുകയാണ്. ഇത് ശരിയാണല്ലോ എന്ന് ഒറ്റനോട്ടത്തില്‍ ആർക്കും തോന്നിപ്പോവുമെങ്കിലും ഇതിന്റെ പുറകിൽ സംഘപരിവാർ അജണ്ട ഉണ്ടെന്നതാണ് സത്യം. ജഡ്ജിമാർ തന്നെ ജഡ്ജിമാരെ തിരഞ്ഞെടുക്കുന്ന ലോകത്തെ ഏക രാജ്യമായിരിക്കും ഇപ്പോൾ ഇന്ത്യ. ഇതൊഴിവാക്കുന്നതിന് പലപ്പോഴും സര്‍ക്കാര്‍ നിയമ നിർമ്മാണം നടത്തുന്നതിന് ആലോചിച്ചിട്ടുണ്ടെങ്കിലും 2014ൽ ആണ് 99-ാം ഭരണഘടനാ ഭേദഗതിയിൽക്കൂടി ”ദേശീയ ജുഡീഷ്യൽ നിയമന കമ്മിഷൻ” കൊണ്ടുവന്നത്. ലോക്‍സഭയും രാജ്യസഭയും പാസാക്കിയ ഈ ഭരണഘടനാ ഭേദഗതിക്ക് 16 സംസ്ഥാനങ്ങളുടെ അംഗീകാരം കൂടി കിട്ടിയപ്പോൾ 2014 ഡിസംബറിൽ രാഷ്ട്രപതി അംഗീകാരം നൽകിയതോടെ നിയമമായി. എന്നാൽ ഈ ഭരണഘടനാ ഭേദഗതിയിൽക്കൂടി ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുവാനും തങ്ങളുടെ സ്വാധീനത്തിലേക്ക് ജുഡീഷ്യറിയെ കൊണ്ടുവരുന്നതിനും സർക്കാർ ശ്രമിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് സുപ്രീം കോടതിയിലെ അഡ്വക്കേറ്റ്സ് ഓൺ റെക്കാേർഡ്സ് അസോസിയേഷൻ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. ഹർജി പരിഗണിച്ച മൂന്നംഗ ബെഞ്ച് ഇത് ഭരണഘടനാ ബെഞ്ചിന് റഫർ ചെയ്തു. ജസ്റ്റിസുമാരായ ജെ എസ് ഖെഹാർ, മദൻ ലോകുർ, കുര്യൻ ജോസഫ്, ജസ്തി ചെലമേശ്വർ, എ കെ ഗോയൽ എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ച് 99-ാം ഭരണഘടനാ ഭേദഗതിയുടെയും പുതിയ എൻജെഎസിയുടെയും നിയമസാധുതയും ഭരണഘടനാ സാധുതയും പരിശോധിച്ച് ഭൂരിപക്ഷ വിധിയിൽക്കൂടി നാഷണൽ ജുഡീഷ്യൽ അപ്പോയിന്റ്മെന്റ് കമ്മിഷൻ ആക്ട് 2014 ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ട് റദ്ദുചെയ്തു. ഇതിൽ ജസ്തി ചെലമേശ്വർ വിയോജിക്കുകയും ചെയ്തു.

 


ഇതുകൂടി വായിക്കു; കൊളീജിയം നിലനില്‍ക്കട്ടെ


 

എങ്ങനെയാണ് ജഡ്ജിമാരെ തിരഞ്ഞെടുക്കുന്ന ”കൊളീജിയം സംവിധാനം” ആരംഭിച്ചത് എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 124 പ്രകാരം സുപ്രീംകോടതി ജഡ്ജിമാരെയും ആർട്ടിക്കിൾ 217 പ്രകാരം ഹൈക്കോടതി ജഡ്ജിമാരെയും ഇന്ത്യയുടെ ചീഫ് ജസ്റ്റിസുമായി ചർച്ചയ്ക്കുശേഷം രാഷ്ട്രപതി നിയമിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ചീഫ് ജസ്റ്റിസിന്റെ നിയമനത്തിന് ആദ്യം മുതൽ സീനിയോറിറ്റി ആയിരുന്നു മാനദണ്ഡം. എന്നാൽ ഇന്ത്യയുടെ 14-ാമത് ചീഫ് ജസ്റ്റിസിനെ നിയമിക്കുമ്പോൾ ഈ മാനദണ്ഡം മറികടന്നുകൊണ്ട് ഒരു ജൂനിയർ ജഡ്ജിയെ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ താല്പര്യപ്രകാരം ഇന്ത്യൻ പ്രസിഡന്റ് നിയമിച്ചു. ഇതിൽ പ്രതിഷേധിച്ച് മൂന്നു സീനിയർ ജഡ്ജിമാർ രാജിവച്ചു. 15-ാമത്തെ ചീഫ് ജസ്റ്റിസിനെ നിയമിക്കുമ്പോഴും സീനിയോറിറ്റി പരിഗണിച്ചില്ല. അപ്പോഴും ഒരു സീനിയർ ജഡ്ജി പ്രതിഷേധിച്ച് രാജിവച്ചു. 1977ൽ ഗുജറാത്തിലെ ഒരു ജഡ്ജിയുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോൾ ജഡ്ജിമാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് പൊതുമാനദണ്ഡം ഉണ്ടാവണമെന്ന് ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ അഭിപ്രായപ്പെട്ടു. 1982 ൽ സുപ്രീം കോടതി രൂപീകരിച്ച ഒരു ഏഴംഗ ബെഞ്ചും 1993 ൽ രൂപീകരിച്ച ഒന്‍പതംഗ ബെഞ്ചും ഈ വിഷയം ചർച്ച ചെയ്ത് ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവം നിലനിർത്താൻ കഴിയുന്ന ഒരു സംവിധാനം ഉണ്ടാകണമെന്ന് നിരീക്ഷിച്ചു.

1998 ൽ ഇന്ത്യൻ പ്രസിഡന്റ് കെ ആർ നാരായണൻ ആർട്ടിക്കിൾ 143 അനുസരിച്ച് ഈ വിഷയം കൂടുതൽ വ്യക്തതയ്ക്കു വേണ്ടി സുപ്രീംകോടതിക്ക് റഫർ ചെയ്തു. ത്രീ ജഡ്ജസ് കേസ് എന്നറിയപ്പെടുന്ന ഈ കേസുകളുടെ ആകെത്തുകയാണ് ഇന്നത്തെ കൊളീജിയം സംവിധാനം. ചീഫ് ജസ്റ്റിസ് ഒഴിച്ചുള്ള മറ്റു ജഡ്ജിമാരുടെ നിയമനത്തിന് ചീഫ് ജസ്റ്റിസുമായി കൂടിയാലേ­ാചന വേണമെന്നത് മേൽ പറഞ്ഞ മൂന്നു ബെഞ്ചുകളും പരിശോധിച്ചു. ചീഫ് ജസ്റ്റിസിന്റെ വ്യക്തിപരമായ പ്രീതിയോ അപ്രീതിയോ അല്ല മറിച്ച് കോടതിയുടെ കൂട്ടായ തീരുമാനത്തിന്റെ ഫലമാകണം എന്ന നിലയിലും ജുഡീഷ്യറി പൂർണമായും സര്‍ക്കാരിന്റെ (എക്സിക്യുട്ടീവിന്റെ) ഔദാര്യത്തില്‍ ആകരുതെന്ന ഈ ബെഞ്ചുകളുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് കൊളീജിയം വ്യവസ്ഥ ഉണ്ടായത്. 16-ാമത് ചീഫ് ജസ്റ്റിസ് മുതൽ ഇന്നത്തെ 50-ാമത് ചീഫ് ജസ്റ്റിസ് വരെയും സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ നിയമിക്കപ്പെടുകയും ചെയ്തു. ചീഫ് ജസ്റ്റിസ് ഉൾപ്പെടെ ഏറ്റവും മുതിർന്ന അഞ്ച് ജഡ്ജിമാർ അടങ്ങുന്നതാണ് സുപ്രീം കോടതി കൊളീജിയം.


ഇതുകൂടി വായിക്കു; കൊളീജിയം വിശദാംശങ്ങള്‍ പരസ്യപ്പെടുത്താനാകില്ല: സുപ്രീം കോടതി


 

ജഡ്ജിമാരെ നിയമിക്കുന്നത് രാഷ്ട്രപതിയാണെങ്കിലും അവരെ തിരഞ്ഞെടുക്കുന്നത് ജഡ്ജിമാർ തന്നെയാണ്. യുക്തിസഹമല്ലാത്ത ഈ തീരുമാനം ഒരു ജനാധിപത്യ വ്യവസ്ഥയിൽ അപ്രിയവും അസ്വീകാര്യവുമാണ്. എന്നാൽ കൊളീജിയം അയയ്ക്കുന്ന പേരുകളിൽ എത്രയെണ്ണമാണ് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവയ്ക്കുന്നത്. ഝാർഖണ്ഡ് സംസ്ഥാനത്ത് പ്രസിഡന്റുഭരണം ഏർപ്പെടുത്തിയ മോഡി സർക്കാരിന്റെ തീരുമാനം ഝാർഖണ്ഡ് ഹൈക്കോടതി റദ്ദുചെയ്തു എന്ന ഒറ്റക്കാരണത്താൽ വളരെ സീനിയറും പ്രഗത്ഭനുമായ ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീം കോടതിയിലേക്ക് എടുക്കുന്നതിനുള്ള തീരുമാനം കേന്ദ്രസർക്കാർ എത്ര വർഷമാണ് തടഞ്ഞു വച്ചത്. കർണാടകയിലെ ജസ്റ്റിസ് ജയന്ത് പട്ടേൽ, ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് മുരളീധർ, മേഘാലയയിലേക്ക് മാറ്റിയ മദ്രാസ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ളവരുടെയെല്ലാം സ്ഥലംമാറ്റം കേവലം കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ താല്പര്യമായിരുന്നു എന്ന് ആർക്കാണറിഞ്ഞുകൂടാത്തത്.

99-ാം ഭരണഘടന ഭേദഗതിയിൽക്കൂടി കൊണ്ടുവന്ന എൻജെഎസി നിയമം ഒരു പരിധി വരെ സ്വീകാര്യമായിരുന്നു. എന്നാൽ അടിയന്തരാവസ്ഥ കാലഘട്ടത്തെപ്പോലും ലജ്ജിപ്പിക്കുന്നതും അതിനെക്കാൾ വികൃതവും ക്രൂരവുമായ രീതിയിൽ ഭരണഘടനയെ അവഹേളിക്കുന്ന, മനുഷ്യാവകാശങ്ങളെയും മൗലികാവകാശങ്ങളെയും അംഗീകരിക്കാത്ത, ഇന്ത്യയുടെ ഫെഡറൽ, മതേതര തത്വങ്ങളെ തുടർച്ചയായി കാറ്റിൽപ്പറത്തുന്ന ഒരു ഫാസിസ്റ്റുഭരണകൂടം രാജ്യത്തെ ജുഡീഷ്യറിയെക്കൂടി സ്വന്തം ചൊൽപ്പടിയിൽ നിർത്തുന്നതിനുവേണ്ടി ബോധപൂർവം പ്രചാരണങ്ങൾ നടത്തുമ്പോൾ അതിന്റെ അപകടം നാം തിരിച്ചറിയണം. ഭാഗികമായിട്ടെങ്കിലും ഇന്ത്യൻ ജുഡീഷ്യറിക്കുള്ള സ്വതന്ത്രതാഭാവം ഇല്ലാതാക്കാനാണ് സംഘ്പരിവാർ നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത്തരം ഫാസിസ്റ്റ് നീക്കങ്ങളെ ചെറുത്തു തോൽപ്പിക്കാനും നമ്മുടെ ഭരണഘടനയെ സംരക്ഷിക്കുവാനും രാജ്യസ്നേഹികളായ എല്ലാവരും ഒരുമിക്കേണ്ടുന്ന സമയമാണിത്.

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.