28 March 2024, Thursday

കൊളീജിയം നിലനില്‍ക്കട്ടെ

Janayugom Webdesk
November 15, 2022 5:00 am

കഴിഞ്ഞമാസം പകുതിയോടെ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു സംഘ്പരിവാര്‍ സംഘടനകളിലൊന്നിന്റെ പരിപാടിയില്‍ ഇന്ത്യയിലെ നിയമസംവിധാനത്തില്‍ നിലനില്ക്കുന്ന നിയമനരീതിയെ ചോദ്യം ചെയ്ത് നടത്തിയ പരാമര്‍ശത്തെ ഇതേ കോളത്തില്‍ വിഷയമാക്കിയിരുന്നതാണ്. ജനാധിപത്യത്തിന്റെ മൂന്ന് അംഗീകൃത സ്തംഭങ്ങളിലൊന്ന് എന്ന് പരിഗണിക്കപ്പെടുന്ന നീതിന്യായ വ്യവസ്ഥയിലെ നിയമനങ്ങള്‍ സ്വന്തം ഇഷ്ടാനിഷ്ടങ്ങളുടെ പരിധിയിലേക്ക് കൊണ്ടുവരുന്നതിനുള്ള ആലോചനകള്‍ അന്തഃപുരങ്ങളില്‍ ആരംഭിച്ചിരിക്കുന്നുവെന്ന് അന്ന് കുറിച്ചിരുന്നതാണ്. കേന്ദ്രത്തിലെ ഒരു മന്ത്രി ഇത്രയും ഗുരുതരമായൊരു പ്രസ്താവന നടത്തുകയും അത് നിയമമേഖലയില്‍ മാത്രമല്ല പൊതു അന്തരീക്ഷത്തിലും വിവാദമാകുകയും ചെയ്യുമ്പോള്‍ നിലപാട് പറയേണ്ട പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ പാലിക്കുന്ന മൗനം കുറ്റകരവുമാണ്. മാത്രവുമല്ല ആശങ്കകള്‍ ശരിയാണെന്നു വ്യക്തമാക്കുന്ന സമീപനങ്ങളാണ് പിന്നീട് ഉണ്ടായിക്കൊണ്ടിരിക്കുന്നതും. നിയമവ്യവസ്ഥയെ മാത്രമല്ല ഉന്നത വിദ്യാഭ്യാസ മേഖല, കലാ സാംസ്കാരിക രംഗം എന്നിത്യാദി സംവിധാനങ്ങളെ മുഴുവന്‍ പിടികൂടുമ്പോഴും നീതിപീഠത്തെ പൂര്‍ണാര്‍ത്ഥത്തില്‍ കയ്യടക്കുവാനാകാത്തത് കൊളീജിയമെന്ന നിയമവ്യവസ്ഥയിലെ നിയമന സംവിധാനത്തിന്റെ വ്യത്യസ്തത കൊണ്ടാണെന്നത് എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. ആ സംവിധാനത്തിനാണെങ്കില്‍ കൂടുതല്‍ കാലപ്പഴക്കവുമില്ല. ഭരണകൂട താല്പര്യങ്ങള്‍ക്കനുസൃതമായും പക്ഷപാതപരവും നിക്ഷിപ്തവുമായ ചിന്താഗതികളുടെ ഫലമായും ന്യായാധിപരെ സ്ഥലം മാറ്റുകയും സ്ഥാനക്കയറ്റം നിഷേധിക്കുകയും ചെയ്യുന്നുവെന്ന പരാതിയുണ്ടായപ്പോഴാണ് ഇക്കാര്യത്തില്‍ സ്വതന്ത്രമായ സംവിധാനമുണ്ടാകണമെന്ന നിര്‍ദ്ദേശമുണ്ടായത്. അങ്ങനെയാണ് കെ ആര്‍ നാരായണന്‍ രാഷ്ട്രപതിയായിരിക്കേ കൊളീജിയം സംവിധാനം രൂപപ്പെടുന്നത്.

 


ഇതുകൂടി വായിക്കു: നോട്ട് നിരോധനം ആറുവർഷം പിന്നിടുമ്പോൾ


ബിജെപി അധികാരത്തിലെത്തിയതു മുതല്‍ നീതിന്യായ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്താനും പിടിച്ചടക്കാനുമുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നതാണ്. അത് കൂടുതല്‍ തീവ്രമാക്കിയിരിക്കുന്നുവെന്നാണ് ഇപ്പോഴത്തെ നിലപാടുകളില്‍ നിന്ന് മനസിലാക്കേണ്ടത്. കൊളീജിയം നിര്‍ദ്ദേശിച്ച ജഡ്ജിമാരുടെ നിയമന ശുപാര്‍ശ നടപ്പിലാക്കാതെ വൈകിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കഴിഞ്ഞയാഴ്ചയാണ് സുപ്രീം കോടതിക്കു പറയേണ്ടിവന്നതെന്നതും ശ്രദ്ധേയമാണ്. തങ്ങള്‍ക്ക് താല്പര്യമില്ലാത്തവരുടെ നിയമന വേളകളില്‍ അനാവശ്യമായ വ്യവഹാരങ്ങള്‍ സൃഷ്ടിച്ചും ദുഷ്‌പ്രചരണങ്ങള്‍ നടത്തിയും അത് തുടര്‍ന്നുവരികയായിരുന്നു. അതിന്റെ ഒടുവിലാണ് ഏകദേശം ഒരുമാസം മുമ്പ് നിയമമന്ത്രിയുടെ പരാമര്‍ശമുണ്ടായത്. ജനങ്ങൾ കൊളീജിയം സംവിധാനത്തിൽ തൃപ്തരല്ലെന്നും ജഡ്ജിമാരെ നിയമിക്കുക എന്നത് സർക്കാരിന്റെ കടമയാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞുവച്ചത്. പരാമര്‍ശം വിവാദമായെങ്കിലും അദ്ദേഹം അവസാനിപ്പിച്ചില്ല, ഈ മാസം ആദ്യം അത് ആവര്‍ത്തിക്കുകയാണ് ചെയ്തത്. യഥാര്‍ത്ഥത്തില്‍ ജഡ്ജിമാരുടെ നിയമനമൊന്നും രാജ്യത്തെ ജനങ്ങളെ വല്ലാതെ ആശങ്കപ്പെടുത്തുന്ന വിഷയമാകാറില്ലായിരുന്നു. അങ്ങനെ സംഭവിച്ചു തുടങ്ങിയത് ബിജെപിയുടെ അധികാരാരോഹണത്തോടെ ആയിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. രാഷ്ട്രീയ ഇടപെടലിന്റെയും നിക്ഷിപ്ത താല്പര്യങ്ങളുടെയും സാഹചര്യങ്ങള്‍ ഉണ്ടായതു മൂലമാണ് 2018ല്‍ പരമോന്നത കോടതിയിലെ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ അസാധാരണമായൊരു വാര്‍ത്താ സമ്മേളനം വിളിക്കുന്നതിനിടയായത്. അന്നത്തെ ചീഫ് ജസ്റ്റിസിനെതിരെയായിരുന്നു നാലുപേരും വിരല്‍ചൂണ്ടിയത്. അസാധാരണമെന്ന് എല്ലാവരും വിശേഷിപ്പിച്ച ആ സാഹചര്യം സൃഷ്ടിച്ചതിന് പിന്നില്‍ യഥാര്‍ത്ഥത്തില്‍ കേന്ദ്ര ഭരണകൂട നയങ്ങളായിരുന്നുവെന്നതും തുറന്നുകാട്ടപ്പെട്ടതാണ്. അന്നത്തെ വാര്‍ത്താ സമ്മേളനത്തിന് നേതൃത്വം നല്കിയ രഞ്ജന്‍ ഗോഗോയ് പിന്നീട് ചീഫ് ജസ്റ്റിസാവുകയും സംശയാസ്പദമായ നിലപാടുമാറ്റങ്ങള്‍ നടത്തുകയും ചെയ്തുവെന്ന വൈരുധ്യവും സംഭവിച്ചു.


ഇതുകൂടി വായിക്കു:മനുഷ്യാവകാശം: ഇന്ത്യയുടെ നിലപാടും ലോകത്തിന്റെ കാഴ്ചപ്പാടുകളും


 

ജസ്റ്റിസ് യു യു ലളിത് വിരമിച്ച് ഡി വൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസാകുന്നതിനെതിരെ ഉന്നയിക്കപ്പെട്ട വ്യവഹാരങ്ങളും നടന്ന പ്രചരണങ്ങളും കൊളീജിയം സംവിധാനത്തെ ബിജെപി എത്രത്തോളം തകര്‍ക്കുവാന്‍ ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവാണ്. ഒന്നിലധികം പരാതികളാണ് അദ്ദേഹത്തിന്റെ നിയമനത്തിനെതിരെ നല്കപ്പെട്ടത്. കിരണ്‍ റിജിജു പറയുന്നതും സംഘ്പരിവാറുമായി ബന്ധപ്പെട്ടവര്‍ വ്യവഹാരങ്ങള്‍ സൃഷ്ടിക്കുന്നതും കൊളീജിയം സംവിധാനം മോശമാണെന്ന് വരുത്തുന്നതിനുള്ള നീക്കത്തിന്റെ ഭാഗം തന്നെയാണ്. വിരമിച്ച ചീഫ് ജസ്റ്റിസ് യു യു ലളിത് പറഞ്ഞതുപോലെ, നിലവിലുള്ള സാഹചര്യത്തില്‍ സുപ്രീം കോടതി കൊളീജിയം തികച്ചും ഉചിതവും സന്തുലിതവുമായ സംവിധാനം തന്നെയാണ്. വിരമിച്ച ജഡ്ജിമാരും നിയമ വിദഗ്ധരുമെല്ലാം കൊളീജിയം നിലനില്ക്കണമെന്ന അഭിപ്രായം തന്നെയാണ് മുന്നോട്ടുവച്ചത്. കൂടുതല്‍ പരിഷ്കരിക്കണമെന്ന നിര്‍ദ്ദേശമുന്നയിച്ചവരുമുണ്ട്. എന്നാല്‍ കൊളീജിയം അനാവശ്യമാണെന്ന നിലപാട് അപകടകരമാണ്. അതുകൊണ്ട് ഇപ്പോള്‍ നമ്മുടെ മുന്നില്‍ അല്പമെങ്കിലും സുതാര്യമായി നിലവിലുള്ള സംവിധാനമെന്ന നിലയില്‍ കൊളീജിയം തന്നെ തുടരട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.