8 May 2024, Wednesday

ചില നവോത്ഥാന ചിന്തകൾ

അജിത് കൊളാടി
വാക്ക്
August 28, 2021 4:06 am

ഓഗസ്റ്റ് മാസം യുഗപ്രഭാവന്മാരായ നവോത്ഥാന നായകർ ജനിച്ച മാസമാണ്. നമ്മുടെ നാട്ടിൽ മാനവികതയെക്കുറിച്ചുള്ള സങ്കല്പങ്ങളെല്ലാം അസ്തമിച്ചു കൊണ്ടിരിക്കുന്നു. മനുഷ്യരാശിക്ക് സംതൃപ്തി എന്നത് അനുഭവപ്പെടുന്നില്ല. എത്ര കിട്ടിയാലും മതിയാവുന്നില്ല. ഭൗതിക വസ്തുക്കളുടെ സമാഹരണം കൊണ്ട് ഉണ്ടാകുന്ന ഒരവസ്ഥയായി സംതൃപ്തി എന്നത്. ഈ ചിന്ത, എത്രയോ കാലമായി പഠിച്ചു വന്നതിനു വിപരീതമാണ്. ഭാരതീയ ചിന്ത ഇതല്ല പഠിപ്പിച്ചത്. ഇവിടെ നടക്കുന്നത് ആർജിക്കലാണ്. താൻ എന്തെല്ലാം ആർജിക്കുന്നുവോ, അത് മുഴുവൻ താൻ അർഹിക്കാത്ത ധനം കൊണ്ടായിരിക്കണമെന്ന് നിർബന്ധബുദ്ധിയുള്ളവരാണ് പലരും. മറ്റൊരുത്തന്റേത് അപഹരിക്കരുത്, സ്വന്തമാക്കരുത്; നമ്മുടേതിനു മാത്രമെ നമുക്കവകാശമുള്ളു എന്ന തത്ത്വശാസ്ത്രമെല്ലാം പോയ്‌മറഞ്ഞു. ഇന്നു പഠിപ്പിച്ചു വരുന്നത്, ഇത്തരത്തിലുള്ള ആർജിക്കലാണ് ഭൂഷണം എന്നാണ്. അങ്ങനെ ചെയ്യുന്നത് ഇന്ന് ജീവിതത്തിന്റെ അസ്തമിക്കാത്ത ഒരു കർമ്മമായി തീരുന്നു. ഇത് നമ്മുടെ രാജ്യത്തിന്റെ ദർശനത്തിൽ സംഭവിച്ച മാറ്റമാണ്.

സമൂഹത്തിന്റെ വർത്തമാന മനസ് ഏറ്റവും വിഭക്തവും ശിഥിലവുമായ മനസാണ്. പണ്ടു കേട്ടുമറന്ന ആദർശങ്ങളുടെയും അപദാനങ്ങളുടെയും വിദൂരമായ മാറ്റൊലി, ആ മനസിൽ, പ്രത്യേകിച്ചും അനുസ്മരണ വേളകളിൽ അതിമന്ദമായി ഒഴുകുന്നു. ഏതു വിധത്തിലും എത്ര നാണക്കേടുണ്ടായാലും സമ്പത്ത് അധികരിപ്പിക്കണം. അങ്ങിനെ അധികരിപ്പിച്ച സമ്പത്തിനെക്കൊണ്ട്, ധനം കൊണ്ട്, ആ നാണക്കേട് കഴുകികളായാമെന്ന ധനസമ്പാദ്യ തത്വം നമ്മെ കീഴടക്കി. അതിനാണെങ്കിൽ അവസരങ്ങൾ എത്രയോ സുലഭമാണു താനും. പ്രകൃതിയെ നശിപ്പിച്ചും ഭീമമായ അഴിമതി നടത്തിയും കൊള്ളലാഭമുണ്ടാക്കിയും ആ പ്രവണത തുടരുന്നു. ഈ വിഭക്തി മനസു മാറുമോ? മാറേണ്ടിയിരിക്കുന്നു. ഇവിടെ സമ്പൂർണ നഗ്നതയിൽ, പട്ടാപ്പകൽ പോലും സമസ്ത മേഖലകളിലും അനീതി നടക്കുന്നു. പ്രഖ്യാപനവും പ്രവർത്തിയും തമ്മിലുള്ള അന്തരം വർധിക്കുന്നു. ഓരോരുത്തരും ഏതു കൊള്ളരുതായ്മക്കും നീതിക്കും നയത്തിനും സത്യത്തിനും പുതിയ നിർവചനങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന കാലമാണിത്. ജനങ്ങൾ ഇത് നിരന്തരം കാണുന്നു. അവർ അത് ഉൾക്കൊള്ളാനും തയാർ. അതുകൊണ്ടു തന്നെ സത്യസന്ധമായി കാര്യങ്ങൾ പറയാൻ ആളില്ലെന്നു വന്നിരിക്കുന്നു.

ചരിത്രം ദുർവ്യാഖ്യാനിക്കപ്പെടുന്നു. ചരിത്രത്തെ ദുർവ്യാഖ്യാനിക്കണമെന്ന് നിർബന്ധ ബുദ്ധിയുള്ളവരിലാണ് അധികാരം. മനുഷ്യർ തമ്മിൽ അകലം വർധിക്കുന്നു. സ്നേഹംകൊണ്ട് അടുപ്പം വളർത്തുന്ന പ്രവർത്തനം സാർവത്രികമായി ക്ഷ­യിക്കുന്നു. ഇവിടെ പലരുടെയും പാപകർമ്മങ്ങൾ കൊണ്ട്, രാജ്യത്തിന്റെ പുണ്യം ഒഴുകിപ്പോകുന്നു എന്ന് ഗുരുവര്യന്മാർക്ക് അറിയാമായിരുന്നു. ബ്രാഹ്മണ മേധാവിത്വം ഉച്ചനീചത്വങ്ങളും തൊട്ടുകൂടായ്മയും നടപ്പിലാക്കിയപ്പോൾ, ഭൂജന്മിമാർ മൃഗീയമായി മനുഷ്യനെ ചൂഷണം ചെയ്തപ്പോൾ, അതിക്രൂരമായ രീതിയിൽ ജാതി കോമരങ്ങൾ, മനുഷ്യരെ ഉപദ്രവിച്ചപ്പോൾ, സാമൂഹിക അസമത്വം കൊ­ടികുത്തി വാണപ്പോൾ, വിദ്യാഭ്യാസം സാധാരണക്കാർക്ക് നിഷേധിക്കപ്പെട്ടപ്പോൾ, മാറുമറയ്ക്കാൻ അവകാശം നിഷേധിക്കപ്പെട്ടപ്പോൾ, പൊതുവഴിയിലൂടെയുള്ള സഞ്ചാരം തടഞ്ഞപ്പോൾ, ഗുരുവര്യന്മാർ കുറെ വാക്യങ്ങൾ പറഞ്ഞു. ‘അസതോ മാ സദ്ഗമയ’, ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’, ‘ഏകമേവോ ദ്വിതീയം’, ‘തത്വമസി’, ‘ഒരൊറ്റ മതമുണ്ടുലകിന്നുയിരാം പ്രേമമതൊന്നല്ലൊ’ അങ്ങനെ പലതും. ഇന്ന് അതിന്റെയൊക്കെ ആശയങ്ങൾ ഉള്‍ക്കൊള്ളാത്ത ജനതയായി നാം.

കേരള നവോത്ഥാനം എന്നു പറയുന്നത് അടിസ്ഥാനപരമായി ബ്രാഹ്മണിക്കൽ അധികാര വ്യവസ്ഥയോടുള്ള, അതിന്റെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ മേൽക്കോയ്മയോടുള്ള കലാപമായിരുന്നു. സാമൂഹിക ജീവിതത്തിന്റെ വ്യത്യസ്ത അടരുകളിൽ അള്ളിപ്പിടിച്ചു നിൽക്കുന്ന സങ്കുചിതത്തോടുള്ള കലഹത്തിൽ നിന്നാണ് ആ പരിവർത്തനം ആരംഭിക്കുന്നതും വികസിക്കുന്നതും. അത് പല രീതിയിൽ സംഘടിപ്പിക്കപ്പെട്ടു. ചാന്നാർ ലഹളയും സമത്വ സമാജവുമെല്ലാം. ജാതീയത കൊടികുത്തിവാണിരുന്ന സമയത്താണ് മനുഷ്യരെല്ലാം സമന്മാരാണെന്ന ബോധം സമത്വ സമാജം പകർന്നു നൽകിയത്. ഒരു ഫ്യൂഡൽ സമൂഹത്തിന്റെ അധീശ മൂല്യവ്യവസ്ഥയെ ആണ് ചട്ടമ്പിസ്വാമികൾ ചോദ്യം ചെയ്തത്. സന്യാസിയായതുകൊണ്ട് ജീവമുക്തനാവുകയല്ല, ജീവമുക്തനായതു കൊണ്ട് സന്യാസിയായി തീരുകയായിരുന്നു അദ്ദേഹം.

വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ സങ്കല്പിക്കാൻ പോലും പ്രയാസമായ മട്ടിൽ ഉല്പതിഷ്ണു ആയിരുന്നു. വേദങ്ങളും ഉപനിഷത്തുക്കളും ഹൃദിസ്ഥമാക്കി. വേദം പഠിക്കാൻ ശൂദ്രനും സ്ത്രീക്കും വിലക്കുണ്ടെന്ന നിലപാടിനെ, വേദത്തിന്റെയും വേദാന്തത്തിന്റെയും പ്രമാണങ്ങൾ കൊണ്ടുതന്നെ “വേദാധികാര നിരൂപണ“ത്തിൽ സ്വാമികൾ ഖണ്ഡിച്ചു. വേദം പഠിക്കാൻ ശൂദ്രന് അധികാരമുണ്ട് എന്ന് സ്വാമികൾ പറഞ്ഞപ്പോൾ അറിവു നേടാനുള്ള അവകാശമാണ് അദ്ദേഹം എല്ലാ ജാതിക്കാർക്കും കല്പിച്ചുകൊടുത്തത്. വർണാശ്രമ വ്യവസ്ഥയുടെ നിഷേധം, സ്ത്രീ പുരുഷ സമത്വവാദം, സാർവത്രിക വിദ്യാഭ്യാസത്തിനുള്ള ആഹ്വാനം എന്നിങ്ങനെ അതുവരെ കേരളിയ സമൂഹം ചർച്ച ചെയ്യാത്ത വിഷയങ്ങൾ ചട്ടമ്പിസ്വാമികൾ അവതരിപ്പിച്ചു. മതങ്ങളെയും ദർശനങ്ങളെയും കുറിച്ച്, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ സാധാരണക്കാർക്ക് അവരുടെ ഭാഷയിൽ ലളിതമായി വ്യക്തമാക്കിക്കൊടുത്തു. ജീവിത വിജയത്തിനുവേണ്ട അറിവ് താഴെ തട്ടിലുള്ളവരിലും എത്തണമെങ്കിൽ, അത്തരം അറിവുകൾ പകർന്നു കൊടുക്കേണ്ടത് അവരുടെ ഭാഷയിൽ തന്നെ ആയിരിക്കണം എന്ന സത്യവും സ്വാമി അറിഞ്ഞിരുന്നു.

കേരളത്തിന്റെ “സ്പാർട്ടക്കസ്” എന്ന് ശ്രീ അയ്യന്‍കാളി വിശേഷിപ്പിക്കപ്പെട്ടു. സഞ്ചാര സ്വാതന്ത്ര്യം, വിദ്യാഭ്യാസ അവകാശം, വസ്ത്രധാരണത്തിനുള്ള അവകാശം, സംഘടിക്കാനുള്ള സ്വാതന്ത്ര്യം, ചന്തകളിൽ പ്രവേശിക്കാനുള്ള അവകാശം തുടങ്ങി പൗരസമൂഹം വിലപ്പെട്ടതെന്നും അഭിമാനകരമെന്നും കരുതുന്ന അടിസ്ഥാന മനുഷ്യവാകാശങ്ങൾക്കു വേണ്ടിയാണ് അദ്ദേഹം തന്റെ ജീവിതത്തിലുടനീളം പ്രയത്നിച്ചത്. നവോത്ഥാന ചരിത്രത്തിലെ സഹനതകളില്ലാത്ത ബദൽ പരിപാടികൾ അദ്ദേഹം നടപ്പിലാക്കി. പൊതു വഴിയിലൂടെ സഞ്ചരിച്ചാൽ മേൽ ജാതിക്കാരുടെ ആക്രമണം ഉറപ്പായിരുന്നു. അത് മറികടക്കാൻ മഹാരാജാവിന്റെ ഛായാചിത്രം തലയിൽവച്ച് പുത്തരിക്കണ്ടം വഴി കിഴക്കേകോട്ടയിലേക്ക് നടത്തിയ യാത്ര അവിസ്മരണിയമാണ്. സവർണ പ്രമാണിമാർ അയിത്ത ജാതി കുട്ടികൾക്ക് തുടർച്ചയായി വിദ്യാഭ്യാസ അവകാശം നിഷേധിച്ചപ്പോൾ ഒരു ബദൽ കുടിപ്പള്ളിക്കൂടം 1905 ൽ സ്ഥാപിച്ചു. മാത്രമല്ല, കുട്ടികൾക്ക് വിദ്യാഭ്യാസം അപ്രാപ്യമായപ്പോൾ 1907 ൽ അദ്ദേഹം നടത്തിയ കാർഷിക പണിമുടക്ക് ചരിത്ര സംഭവമാണ്. കേരളത്തിലെ ആദ്യത്തെ കാർഷിക പണിമുടക്കാണ് അത്. ദൂരെ മാറി നിൽക്കണമെന്ന, നെറികേടിനെതിരെ സമുദായ കോടതികൾ സ്ഥാപിച്ച് ബദൽ നീതിന്യായ സംവിധാനം അയിത്ത ജാതിക്കാർക്കിടയിൽ പ്രാവർത്തികമാക്കി.

സാമൂഹ്യ പരിഷ്കർത്താവ് പൗരാവകാശ സമര പോരാളി, വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി നടന്ന കാർഷിക പണിമുടക്കിന്റെ സംഘാടകൻ, ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യ സാമാജികൻ എന്ന നിലയിൽ പ്രവർത്തിച്ച ശ്രീ അയ്യ­ന്‍കാളി നവോത്ഥാന നായകരുടെ ഇടയിലെ വളരെ സവിശേഷ വ്യക്തിത്വമാണ്.

ആധുനിക കേരളത്തിൽ സംസ്കാരത്തെ മനസിൽ പ്രതിഷ്ഠിച്ചുകൊണ്ട് സംസാരിക്കാൻ മുതിരുന്നവർക്ക്, ശ്രീനാരായണ ഗുരുദേവനെ അനുസ്മരിക്കാതെ സംസാരിക്കുക സാധ്യമല്ല. ഇന്ന് നമ്മുടെ ചുറ്റുമുള്ള അന്തരീക്ഷത്തിൽ ആകമാനം എന്തെന്നില്ലാത്ത മാലിന്യങ്ങൾ നിറഞ്ഞു കഴിഞ്ഞു. അന്തരീക്ഷ മലിനീകരണം ഒരു സമുദായത്തിന്റെ പരിണാമത്തിനിടയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് ആപത്താണ്. മലിനീകരണത്തെ തന്റെ ചിന്തകളുടെ പ്രകാശം കൊണ്ട് പാവനമാക്കിയ അസാധാരണനായ ശാസ്ത്രമതിയായിരുന്നു ഗുരുദേവൻ. സർവപ്രാണികളിലും തുല്യ കൃപയായിരുന്നു ഗുരുദേവന്. “ഒരു പീഢയെറുമ്പിനു വരുത്തരുതെന്നുള്ള” അനുകമ്പയുള്ള അനുപമ കൃപാനിധിയായിരുന്നു അദ്ദേഹം. ജാതിമതഭേദങ്ങളെ എതിർക്കുന്നതോടൊപ്പം ആധുനിക വിദ്യാഭ്യാസത്തെയും ആധുനിക സംസ്കാരത്തെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ലോകത്തിന്റെ മാനദണ്ഡം ഹിമാലയം എന്നു മഹാകവി പറഞ്ഞതുപോലെ, മനുഷ്യ സൗഹാർദ്ദത്തിന്റെ മാനദണ്ഡം ശ്രീനാരായണ ഗുരുവിന്റെ സന്ദേശമാണ്. ശ്രീനാരായണൻ അതിരില്ലാത്ത വിശ്വപ്രേമമാണ്. ആർക്കും അവകാശപ്പെട്ടതാണ്. അകന്നു പോകുന്ന ഹൃദയങ്ങളെ അടുപ്പിക്കുന്നതാണ് ഗുരുദേവ വചനങ്ങൾ.

“ജീവിക്കേണ്ടത് അന്യനെ തന്നിൽ നിന്ന് വ്യത്യസ്തനായി കാണാതെ ആയിരിക്കണം” എന്നു ഗുരുദേവൻ പറഞ്ഞു. വേദാന്തം മുഴുവൻ അതിലുണ്ട്. വാക്കായാലും ചിന്തയായാലും കർമ്മമായാലും മറ്റുള്ളവർക്ക് ദ്രോഹമേൽപിക്കരുത് എന്ന് ആ മഹാഗുരു പറഞ്ഞു. ഇന്ന് നമ്മൾ ശ്രീനാരായണ ഗുരുവിനെ പൂജാകർമ്മങ്ങൾ നിറഞ്ഞ ക്ഷേത്രങ്ങളിലും ഘോഷയാത്രയിലും കൊണ്ടുപോയി നിശ്ചേതനാക്കി. അദ്ദേഹം നമ്മുടെ മനസിലാണ് ജീവിക്കേണ്ടത്. ജ്ഞാനത്തിന്റെ മേഖലയിൽ നിന്ന് കിട്ടാവുന്നതെല്ലാം സമാഹരിച്ചിട്ട് ഒരു ജനാധിപത്യ മതനിരപേക്ഷ നൈതിക സമൂഹത്തിന്റെ നിർമ്മാണത്തിനായുള്ള പ്രചാരണമായാണ് അവർ ആ പ്രവൃത്തിയെ കണ്ടത്. നമ്മൾ അതു മറന്നുപോയി.

ജാതിമത ചിന്തകളുടെ വളർച്ച, രാജ്യവും കേരളവും സാമൂഹികമായി പിന്നോട്ടു പോകുന്നതിനു തെളിവാണ്. നവോത്ഥാന ആശയങ്ങളുടെ, പ്രവർത്തന ഫലമായുണ്ടായ പല നേട്ടങ്ങളും നഷ്ടപ്പെട്ടു കഴിഞ്ഞു. നവോത്ഥാന നായകരുടെ ശ്രമഫലമായി തുടച്ചുമാറ്റപ്പെട്ട പല അനാചാരങ്ങളും തിരിച്ചുവന്നിരിക്കുന്നു. സാമൂഹ്യ പ്രസ്ഥാനങ്ങൾ മുന്നോട്ടുവച്ചതും രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഏറ്റെടുത്തതുമായ സ്ഥിതിസമത്വം എന്ന ആശയം ഏറെക്കുറേ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. അതിന്റെ ഫലമായി ഏറ്റവും ദുരവസ്ഥ അനുഭവിക്കുന്നത് സ്ത്രീകളും ദളിത് ആദിവാസി വിഭാഗങ്ങളും. ഇവിടെ വരേണ്യവർഗം, അവരുടെ പ്രഖ്യാപനങ്ങളിൽ സത്യവും ധർമ്മവുമൊക്കെ പറയുമെങ്കിലും അവർ പഠിപ്പിക്കുന്നത് അധികാരം നേടാനും നിലനിർത്താനും എന്തും ആകാമെന്നാണ്. യഥാർത്ഥ പ്രശ്നം ഇന്ന് രാഷ്ട്രീയ, ഔദ്യോഗിക, മത മേഖലകളിലെ സ്ഥാപിത താല്പര്യങ്ങളാണ്.

മറ്റൊരു യഥാർത്ഥ പ്രശ്നം ജാതി വ്യവസ്ഥയിലെ അസമത്വവും അനീതിയുമാണ്. അത് നൽകുന്ന ആനുകൂല്യങ്ങൾ ഉപേക്ഷിക്കാൻ അതിന്റെ ഗുണഭോക്താക്കൾ തയാറല്ല. അധികാര രാഷ്ട്രീയത്തിൽ, ഇപ്പോഴുള്ള മേൽക്കോയ്മ ഉപയോഗിച്ച് ജനാധിപത്യ വ്യവസ്ഥ വിഭാവനം ചെയ്യുന്ന സമത്വ സങ്കല്പം സാക്ഷാല്‍ക്കരിക്കുന്നതിനെ തടയാൻ അവർ നിരന്തരം ശ്രമിക്കുന്നു. സംഘപരിവാർ ന്യൂനപക്ഷ സംഘടനകൾക്കും സമുദായങ്ങൾക്കും മാത്രം എതിരായുള്ള ഒരു പ്രസ്ഥാനമല്ല. അതിനേക്കാൾ വലിയ ലക്ഷ്യമാണ് അവർക്ക്. മനുഷ്യ സ്വാതന്ത്ര്യത്തിനെതിരെ നിൽക്കുന്ന, സാമൂഹ്യനീതിക്ക് എതിരെയുള്ള പ്രസ്ഥാനമാണ് സംഘപരിവാർ. ഇവർ നവോത്ഥാന ആശയങ്ങൾക്ക് എന്നും എതിരാണ്. മനുഷ്യർ സത്യസന്ധനായിരിക്കണമെന്നത് ഒരു അന്ധവിശ്വാസമാണ് എന്നു വിശ്വസിക്കുന്ന ഒരു പ്രത്യയശാസ്ത്രമാണ് ഫാസിസം. അതുകൊണ്ട് അസത്യം നിർമ്മിച്ച് വിറ്റഴിക്കുക എന്നതും സത്യത്തെ അസത്യം കൊണ്ടു മൂടുക എന്നതും ഫാസിസം പരിചരിക്കുന്ന പദ്ധതിയാണ്. ഇവരുടെ പ്രതിലോമ ചിന്തകൾക്ക് എതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ്, നവോത്ഥാന നായകരുടെ ആശയങ്ങളോട് പ്രതിബദ്ധത പുലർത്താൻ നമ്മൾ ചെയ്യേണ്ടത്. ഇവിടെ മാനവ ഹൃദയത്തിൽ, സംഗീതത്തിന്റെ സാഹോദര്യത്തിന്റെ സ്വർഗീയ വീചികളെ വീണ്ടും പ്രസരിപ്പിക്കുക എന്നതാണ്, നാം ചെയ്തു തീർക്കേണ്ട കടമ.

മഹാ ഗുരുക്കന്മാർ ജനിച്ച ഈ നാടിന്റെ പവിത്രതയെ, അവർ കാണിച്ചു തന്ന സാഹോദര്യബോധത്തെ, സമത്വബോധത്തെ, എന്നും ജീവിതത്തിൽ ചേർത്തുപിടിക്കേണ്ടത് അനിവാര്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.