22 December 2024, Sunday
KSFE Galaxy Chits Banner 2

സി കെ വിശ്വനാഥൻ സമുജ്ജ്വല കമ്മ്യൂണിസ്റ്റ് വിപ്ലവകാരി (ജന്മശതാബ്ദി 1922 — 2022)

സാംജി ടി വി പുരം
December 18, 2022 7:24 am

വൈക്കം പ്രദേശം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു സംഭാവന ചെയ്ത സമുജ്ജ്വല വിപ്ലവകാരികളിൽ എടുത്തു പറയേണ്ടുന്ന മൂന്ന് വ്യക്തിത്വങ്ങളുണ്ട്. പി കൃഷ്ണപിളള, സി കെ വിശ്വനാഥൻ, പി എസ് ശ്രീനിവാസൻ എന്നിവർ. മൂന്ന് പേർ തങ്ങളുടെ പ്രദേശത്തും ജില്ലയിലും മാത്രമല്ല കേരളമാകെയും വിശിഷ്യാ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ദേശീയ സമിതികളിലും സ്തുത്യർഹമായ നിലയിൽ പ്രവർത്തിച്ചവരാണ്. (വൈക്കത്തെ ത്യാഗധനരായ, എണ്ണമറ്റ മറ്റ് വിപ്ലവകാരികളെ വിസ്മരിക്കുന്നില്ല. ) 1970‑ളുടെ അവസാനം, അതായത് ഈ ലേഖകന്റെ ബാല്യത്തിൽ ആദ്യം കേട്ട രണ്ട് കമ്മ്യൂണിസ്റ്റുകാരുടെ പേരുകൾ സി കെ വിശ്വനാഥന്റെയും പി എസ് ശ്രീനിവാസന്റേതുമായിരുന്നു. എന്റെ മുത്തച്ഛൻ വൈക്കം താലൂക്ക് കയർ വ്യവസായ തൊഴിലാളി യൂണിയന്റെ സ്ഥാപകാംഗമായിരുന്നു. 1943 ൽ വൈക്കത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചപ്പോൾ ആ യൂണിയനിൽ പെട്ടവരാണ് മുഖ്യ പങ്കാളിത്തം വഹിച്ചത്. അതിൽപ്പെട്ട പത്ത് കയർ ഫാക്ടറി തൊഴിലാളികളും, കയർ ഫാക്ടറി തൊഴിലാളികളല്ലാത്ത സി കെയും, പി എസും ചേർന്ന് പന്ത്രണ്ട് അംഗങ്ങളുള്ള ഒരു ഗ്രൂപ്പാണ് വൈക്കം ടൗണിൽ രൂപംകൊണ്ട ആദ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി സെൽ.
1942 അവസാനം വൈക്കത്ത് കയർഫാക്ടറി വർക്കേഴ്സ് യൂണിയൻ സ്ഥാപിതമായി. സംഘടനയുടെ രൂപീകരണയോഗം നടന്നത് 1942 തുലാം 19 ന് പട്ടശ്ശേരി മൈതാനത്തായിരുന്നു. യൂണിയൻ പ്രസിഡന്റായി വക്കീൽ പി ഗോപാലനും സെക്രട്ടറിയായി കൊടൂരത്തിൽ കൃഷ്ണൻ കുട്ടിയും എ വി വാസു വൈദ്യൻ ഖജാൻജിയുമായുളള ഭരണ സമിതിയെ തിരഞ്ഞെടുത്തു പ്രവർത്തനം ആരംഭിച്ചു. ആ സമ്മേളനത്തിൽ ആർ സുഗതൻ സാറും മറ്റും സംന്ധിച്ചിരുന്നു. തിരുവിതാംകൂർ ട്രേഡ് യൂണിയൻ ആക്ടനുസരിച്ച് വൈക്കം കയർ ഫാക്ടറി വർക്കേഴ്സ് യൂണിയനും രജിസ്ട്രേഷൻ കിട്ടി. 

കൊടൂരത്തിൽ കൃഷ്ണൻകുട്ടി സർക്കാർ ഉദ്യോഗം ലഭിച്ചുപോയതിനെ തുടർന്ന് സി കെ വിശ്വനാഥനെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. സി കെ വിശ്വനാഥന്റെ ജീവിതത്തെ തന്നെ വഴിത്തിരിവിലാക്കിയ ഏറ്റവും പ്രധാന രാഷ്ട്രീയ സംഭവമായിരുന്നു ജനറൽ സെക്രട്ടറി പദം. അദ്ദേഹം ചുമതല ഏറ്റതിനുശേഷം യൂണിയൻ പ്രവർത്തനം ക്രമാനുഗതമായി പുരോഗതിയാർജ്ജിച്ചു. കയർ ഫാക്ടറി തൊഴിലാളികളുടെയാകെ അനിഷേധ്യ നേതാവായി ഉയർന്നു. തൊഴിലാളി സംഘടനയെ പുച്ഛിച്ചിരുന്ന മുതലാളിമാരും നാട്ടുപ്രമാണിമാരും മനസില്ലാ മനസോടെ യൂണിയനെ അംഗീകരിക്കാനും തുടങ്ങി. അന്നത്തെ വൈക്കം താലൂക്കിലുണ്ടായിരുന്ന രണ്ടായിരത്തിലധികം തൊഴിലാളികളിൽ ചുരുക്കം ചിലരൊഴിച്ചുള്ളവരെല്ലാം യൂണിയൻ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ ജാഗ്രത പുലർത്തുന്നവരുമായിരുന്നു. സംഘടനാ പ്രവർത്തനങ്ങൾ വഴി ഉയർത്തിപ്പിടിക്കാവുന്ന സാമ്പത്തിക നേട്ടങ്ങൾക്കും, സാമൂഹ്യവും രാഷ്ട്രീയവും സാംസ്കാരികവുമായ ഉന്നമനവും സൃഷ്ടിക്കുന്നതിനും യൂണിയന് കഴിഞ്ഞു. സംഘടനാ പ്രവർത്തനങ്ങളിലും തൊഴിലാളികൾക്ക് നേതൃത്വം നൽകുന്നതിലും ഒരു കൊച്ചു ഗ്രൂപ്പായിരുന്നെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടി നിർവഹിച്ച പ്രവർത്തനം മഹത്തരമായിരുന്നു എന്നത് ഓർമ്മിക്കണം. യഥാസമയങ്ങളിൽ ഓടിയെത്തി യൂണിയൻ പ്രവർത്തനങ്ങൾക്ക് വേണ്ട നിർദേശങ്ങളും സമയാസമയങ്ങളിൽ ഉപദേശങ്ങളും നൽകിയിട്ടുള്ള സുഗതൻസാറിനെയും സി ജി സദാശിവനേയും അനുസ്മരിക്കാതെ നിവൃത്തിയില്ല.
വൈക്കത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക സമ്മേളനം നടന്നത് ടൗണിലുളള വൈക്കം കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ ഓഫീസിലായിരുന്നു. ആദ്യ പാർട്ടി ബ്രാഞ്ചിലെ ഒന്നാമത്തെ പേരുകാരൻ സി കെ വിശ്വനാഥൻ. പി കെ ഗോവിന്ദൻ (തുരുത്തുമ്മ), എൻ ഗംഗാധരൻ (കുലശേഖരമംഗലം), വി കെ നാരായണൻകുട്ടി (ടൗൺ), പി എസ് വാവ (പള്ളിപ്രത്തുശേരി), എം എസ് കൃഷ്ണൻ (കണ്ണുകെട്ടുശേരി), പി സി രാഘവൻ പുനക്കാട്ട് (കണ്ണുകെട്ടുശേരി), എൻ മാധവൻ (സഖാവ് മൂപ്പൻ-ആലപ്പുഴ), എം എ പത്മേക്ഷണൻ (കണ്ണുകെട്ടുശേരി), എൻ മാധവൻ ഏറനാട് (കണ്ണുകെട്ടുശേരി), എൻ കെ കൃഷ്ണൻ ഉല്ലല, പി എസ് ശ്രീനിവാസൻ എന്നിവരുമുണ്ടായിരുന്നു. ഈ ബ്രാഞ്ചിന്റെ ആദ്യ സെക്രട്ടറിയായി തിരഞ്ഞെടുത്തത് സമുജ്ജ്വലനായ സി കെ വിശ്വനാഥനെയായിരുന്നു. കാരണം സി കെയ്ക്ക് തൊഴിലാളികൾക്കിടയിൽ അത്രമാത്രം അംഗീകാരം ഉണ്ടായിരുന്നു. 

കുട്ടിയുടേയും കല്യാണിയുടേയും നാലുമക്കളിൽ മൂത്ത പുത്രനായിട്ടാണ് സികെ ജനിച്ചത്. വിദ്യാഭ്യാസ കാലത്ത് സ്കൂളിൽ നടക്കുന്ന അക്ഷരശ്ലോക മത്സരങ്ങളിലും, പ്രസംഗമത്സരങ്ങളിലും പങ്കെടുക്കുക പതിവായിരുന്നു. പാർട്ടി ബ്രാഞ്ച് സെകട്ടറിയാകുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ വിദ്യാഭ്യാസ കാലയളവിനും ശേഷം വൈക്കം ടൗണിൽ, അക്കാലത്തെ പൊതുപ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. തിരുവിതാംകൂറിൽ സ്റ്റേറ്റ് കോൺഗ്രസിന്റെ പ്രവർത്തനം ആരംഭിച്ചുകൊണ്ടിരുന്ന കാലത്ത് കോൺഗ്രസിൽ ചേർന്ന് പ്രവർത്തിച്ചിരുന്നു. ഒരു ഘട്ടത്തിൽ എസ്എൻഡിപി യോഗ പ്രവർത്തനങ്ങളിലും പങ്കെടുത്തിരുന്നു. ശ്രീനാരായണ ഗുരുവിന്റെ തത്വസംഹിതകൾ പ്രചരിപ്പിക്കുന്നതിനും സാമൂഹ്യ പരിഷ്കരണത്തിനും വേണ്ടി കുറേ യുവാക്കളെ സംഘടിപ്പിച്ച് എം വി പത്മനാഭൻ പ്രസിഡന്റായുളള എസ്എൻഡിപി യൂത്ത് ലീഗിലും പ്രവർത്തിച്ചു. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ പ്രവർത്തനം വൈക്കത്തു നടന്നുകൊണ്ടിരുന്ന ഘട്ടത്തിൽ വൈക്കത്തെ സ്റ്റേറ്റ് കോൺഗ്രസ് നേതാക്കളായിരുന്ന അഡ്വ. ടി എം ചേന്നൻ, കെ സി മാത്യു, അഡ്വ. പി ഗോപാലൻ തുടങ്ങിയവരുടെ കൂടെ പ്രചരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി ആയിരുന്ന കാലത്ത് നാട്ടിൽ ഭക്ഷണക്ഷാമം ബാധിച്ചപ്പോൾ “അരി തരണം അല്ലെങ്കിൽ വെടിവച്ചുകൊല്ലണം” എന്ന മുദ്രാവാക്യവുമായി വൈക്കം താലൂക്ക് കച്ചേരിയിലേക്ക് നടത്തിയ പട്ടിണി ജാഥയുടെ നേതാവായിരുന്നു സികെ. പട്ടിണി ജാഥയിലുണ്ടായിരുന്നവരിൽ സി കെ വിശ്വനാഥനുൾപ്പെടെയുളളവരെ പിന്നീട് അറസ്റ്റ് ചെയ്ത് ശിക്ഷിച്ചു.

ഈ ഘട്ടത്തിൽ തിരുവിതാംകൂറിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയേയും, ട്രേഡ് യൂണിയനുകളേയും നിരോധിച്ചു. സി കെ വിശ്വനാഥൻ പുന്നപ്ര‑വയലാർ സമരകാലത്ത് ജയിലിലായിരുന്നു. തിരുവിതാംകൂറിൽ പ്രായപൂർത്തിവോട്ടവകാശത്തോടെയുളള ഉത്തരവാദഭരണം പ്രഖ്യാപിക്കപ്പെട്ടതോടെ സി കെ ജയിൽ മോചിതനായി. 1948ൽ‍ കൽക്കട്ടാ അംഗീകരിച്ചതോടെ പാർട്ടിയെ നിയമവിരുദ്ധമാക്കി. അങ്ങനെ ഒളിവിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഘട്ടത്തിൽ നാനാടത്തു വച്ച് പൊലീസ് പിടിയിലായി. പിന്നീട് കോട്ടയം ജില്ലാ കോടതിയിൽ നിന്നും വെറുതെ വിടുകയും വീണ്ടും ഒളിവിൽ പോകുകയും ചെയ്തു. പറവൂർ ടി കെ നാരായണപിള്ള തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന കാലത്ത് സി കെയ്ക്കും സഖാക്കൾക്കും കൊടിയ പീഡനങ്ങളാണ് അനുഭവിക്കേണ്ടി വന്നത്. 1952‑ലെ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിയമ വിരുദ്ധമായിരുന്നു. ആ തെരഞ്ഞെടുപ്പിൽ ഐക്യമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി പ്രഗത്ഭനായ വി കെ വേലപ്പനായിരുന്നു. 3200ലധികം വോട്ടിനാണ് അപ്രാവശ്യം സി കെ ജയിച്ചത്. അങ്ങനെ സി കെ വിശ്വനാഥൻ എന്ന കമ്മ്യൂണിസ്റ്റ് തിരു-കൊച്ചി അസംബ്ലിയിൽ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1954‑ൽ വൈക്കം താലൂക്ക്, ചെത്ത് തൊഴിലാളി യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മരിക്കുന്നതു വരെ യൂണിയൻ പ്രസിഡന്റായി നിലകൊണ്ടു. കേരളാ സ്റ്റേറ്റ് ചെത്തു തൊഴിലാളി യൂണിയൻ ഭാരവാഹിയായിരുന്നു. കേരളാ സ്റ്റേറ്റ് ചെത്തുതൊഴിലാളി യൂണിയൻ വൈസ് പ്രസിഡന്റ്, എഐടിയുസി തിരു-കൊച്ചി സംസ്ഥാന കൗൺസിൽ അസിസ്റ്റന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചു. 

കമ്മ്യൂണിസ്റ്റ് പാർട്ടി ബ്രാഞ്ചു സെക്രട്ടറിയായി പ്രവർത്തനം തുടങ്ങിയ അദ്ദേഹത്തെ പാർട്ടി പിന്നീട് ഉന്നത ഔദ്യോഗിക സ്ഥാനങ്ങളിൽ പ്രവർത്തിക്കുവാൻ നിയോഗിച്ചു. സി കെ മരിക്കുന്നതുവരേയും തൊഴിലാളികൾക്കൊപ്പമായിരുന്നു. തൊഴിലാളികളുടെ അവകാശങ്ങൾക്കു വേണ്ടി അക്ഷീണം പ്രയത്നിച്ചു. അദ്ദേഹം ജയിലിൽ കിടന്നെഴുതിയ ലേഖനങ്ങളും കവിതകളും ശ്രദ്ധേയങ്ങളാണ്.
പി എസ് ശ്രീനിവാസനും സി കെ വിശ്വനാഥനും ഒരു ഞെട്ടിൽ വിരിഞ്ഞ രണ്ടു പൂക്കളായിരുന്നു. അവർ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മികച്ച സംഭാവനകൾ നൽകി. വൈക്കത്തെ പാർട്ടിയുടെ നെടും തൂണുകളായിരുന്നു അവർ. എളിമയും വിനയവും സി കെയുടെ കൈമുതലായിരുന്നു. സി അച്യുതമേനോന്റെ നേതൃത്വത്തിലുള്ള ഐക്യമുന്നണി മന്ത്രിസഭയുണ്ടാക്കുന്നതിൽ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ എന്ന നിലയിൽ സ്തുത്യർഹമായ സേവനമാണ് സി കെ നടത്തിയിട്ടുള്ളത്. 1978 ‑ൽ സിപിഐയുടെ ഭട്ടിൻഡ കോൺഗ്രസിന് ശേഷം ഇടതുപക്ഷ മുന്നണിയുടെ കീഴിൽ ജനങ്ങളെ അണിനിരത്തി പ്രസ്ഥാനം കെട്ടിപ്പടുക്കുവാൻ അദ്ദേഹം അക്ഷീണം പ്രയത്നിച്ചു. എല്ലാത്തരം വർഗീയ വാദങ്ങൾക്കെതിരായും അദ്ദേഹം നിലകൊണ്ടു. അദ്ദേഹത്തിന്റെ ഓരോ പ്രസംഗങ്ങളിലും സാർവദേശീയത്വം മുഴങ്ങിക്കേട്ടു. തികഞ്ഞ ഭൗതികവാദിയായ അദ്ദേഹം എല്ലാത്തരം അന്ധവിശ്വാസങ്ങൾക്കെതിരായും പടപൊരുതി. ഇഎംഎസ്, എകെജി, സി അച്യുതമേനോൻ, എം എൻ ഗോവിന്ദൻ നായർ, ടി വി തോമസ് തുടങ്ങിയ പ്രഗത്ഭമതികളായ നേതാക്കളോടൊത്ത് പ്രവർത്തിച്ചു. 

കാല്പനികമായി ചില കാര്യങ്ങൾ സി കെയെക്കുറിച്ച് പറയാനുണ്ട്. ഇത്രയും സുന്ദരനായ ഒരു പുരുഷൻ പുരുഷവർഗത്തിൽ കാണില്ല. സുന്ദരമായ ശരീരകാന്തിയായിരുന്നു അദ്ദേഹത്തിന്. തൂവെള്ള മുണ്ടും കറുത്ത ഫ്രെയിമിന്റെ കണ്ണടയും ആ വെളുത്ത മുഖത്ത് ഇരിക്കുമ്പോൾ എന്തൊരു പ്രഭയായിരുന്നു. പണ്ടത്തെ ഒരു മലയാള സിനിമാ ഗാനം ഓർത്തു പോവുകയാണ്. “ഈവക ആണുങ്ങൾ ഭൂമിയിലുണ്ടായിരുന്നോ? ഉണ്ടായിരിക്കാം എന്ന മറുപടിക്കു പകരം അങ്ങനെയുള്ളവർ ഈ ഭൂമുഖത്തുണ്ടായിരുന്നു എന്ന് നമുക്ക് നിസംശയം പറയുവാൻ സാധിക്കുന്നത് സി കെ വിശ്വനാഥനെന്ന അതുല്യ വിപ്ലവകാരിയെ നാം കണ്ടിട്ടുള്ളതുകൊണ്ടാണെന്നത് നിശ്ചയം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.