3 March 2024, Sunday

Related news

October 1, 2023
September 25, 2023
September 14, 2023
September 3, 2023
September 2, 2023
September 2, 2023
September 2, 2023
September 1, 2023
August 30, 2023
August 30, 2023

ഓണക്കാലം.. ഓര്‍മ്മക്കാലം…

Janayugom Webdesk
September 8, 2022 10:22 pm

തുമ്പപ്പൂവട്ടിയിലാക്കാന്‍

ഓണക്കാലമെല്ലാം നല്ല ഓര്‍മ്മകളാണ്. എനിക്ക് ആഘോഷങ്ങളെല്ലാ ഇഷ്ടമാണ്, പ്രത്യേകിച്ച് ഓണക്കാലം. കാരണം പത്ത് ദിവസമാണ് ആഘോഷം നില്‍ക്കുന്നത്. പൂ പറിക്കുക എന്നത് വല്ലാത്തൊരു ഹരമാണ്. തുമ്പപ്പൂ പറിക്കാനൊക്കെ ഞാനും ഇളയച്ഛന്റെ മക്കളും എന്റെ രണ്ട് അനിയത്തിമാരും കൂടെ പോവുന്നത് മറക്കാന്‍ പറ്റുന്നില്ല.
തുമ്പപ്പൂവട്ടിയിലാക്കാന്‍
മുമ്പേ പോയ് വന്നവരാരോ
പൂവേ പൊലി പൂവേ പൊലി പൂവേ…
പുലര്‍ച്ചെ 5.30ക്ക് ഞങ്ങള്‍ റോഡ് സൈഡിലെത്തിയിട്ടുണ്ടാവും. ആ ഒരു ഹരം ഇപ്പോഴും മാറിയിട്ടില്ല. ഇപ്പോഴും റോഡ് സൈഡില്‍ ഓണക്കാലത്ത്പൂക്കള്‍ കണ്ടാല്‍ ഞാന്‍ പറിക്കാറുണ്ട്. പൂ പറിക്കും. പൂവിടാന്‍ നോക്കാറുണ്ട്. അതൊക്കെ വളരെ സന്തോഷം തരുന്ന കാര്യങ്ങളാണ്. ആഘോഷങ്ങളും ഉത്സവങ്ങളും ഒന്നും എനിക്ക് മറക്കാന്‍ പറ്റുന്നില്ല. ഞാന്‍ ഒഴിവാക്കാറുമില്ല. അത് തന്നെയാണ് ഓണത്തെക്കുറിച്ച് പറയാനുള്ളത്. പരമാവധി ആ ഘോഷിക്കുക. ജീവിതത്തിന്റെ തിരക്കും നമ്മുടെ പ്രയാസങ്ങളും ടെന്‍ഷനും എല്ലാം മാറ്റിവയ്ക്കാന്‍ എന്ത് രസാണ്, പൂക്കളോടൊത്തുള്ള ഈ ദിവസങ്ങള്‍. ആ കാലഘട്ടത്തിലേക്ക് തിരിച്ചു പോകാന്‍ ഇഷ്ടമാണ്. 

വിനയ

വിശപ്പിന്റെ മണമുള്ള ഓണം
ഓണത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം ഓര്‍മ വരുക പൂവും പൂക്കാലവും പൂക്കളവും അല്ല. കുറെ നല്ല മനുഷ്യരെയാണ്. അതില്‍ ആദ്യം ഓര്‍ക്കുന്നത് രാധേച്ചിയേയും മണിയേട്ടനെയും ആയിരിക്കും. ഞങ്ങള്‍ക്കൊന്നും വീട്ടില്‍ ഓണം ആഘോഷിക്കാന്‍ അനുവാദം ഉണ്ടായിരുന്നില്ല. എന്തിനേറെ ഒരു പൂവ് പറിച്ചു വീടിന്റെ മുറ്റത്ത് ഇട്ടാല്‍ പോലും അത് വലിയ കോലാഹലം ആയിരുന്നു.
പറഞ്ഞു വന്നത് ഓണത്തെ കുറിച്ചാണല്ലോ. എല്ലാവരും നേരം വെളുക്കുമ്പോള്‍ പൂവ് പറിച്ച് കൊണ്ട് വരുന്നതും അത് അരിഞ്ഞും അല്ലാതെയും ഇടുന്നതും ഒക്കെ കൊതിയോടെ നോക്കി നില്‍ക്കുമ്പോള്‍ വല്ലാത്ത ആ ആഗ്രഹം തീര്‍ത്തതും രാധേച്ചിന്റെ വീട്ടിലെ ചാണകം മെഴുകിയ തറയില്‍ ആണ്. ഓണക്കോടി ഉടുത്തതും വയറു നിറയെ ഉണ്ടതും ഒക്കെയും അവിടെ തന്നെ.
അത്‌കൊണ്ട് തന്നെ ഓണത്തെ ആലോചിക്കുമ്പോള്‍ ആ കുടുംബം കണ്മുന്നില്‍ വരാതെ പോവാറില്ല. രാധേച്ചിയുടെ കോട്ടണ്‍ സാരിക്ക് പോലും ആ രുചിയുള്ള പുളിങ്കറിയുടെയുടെയും അവിയലിന്റെയും സാമ്പാറിന്റെ കായത്തിന്റെയും ഒക്കെ മണം ആയിരുന്നു.
‘ഇനിയുള്ള ദിവസങ്ങളില്‍ ഒക്കെയും ഓണമാണ് എന്ന് പറഞ്ഞു, ആ പത്ത് അത്തം ദിവസങ്ങളിലും അവിടെ ഇരുന്നു ചോറുണ്ണാന്‍ വാശി പിടിക്കുന്ന രാധേച്ചി മഹാബലിയുടെ ആരോ ആയിരിക്കും. അന്നൊക്കെ എന്റെ ചിന്ത അങ്ങനെതന്നെ ആയിരുന്നു.
ദാനശീലന്‍ ആയ മഹാബലിയുടെ കുടുംബക്കാര്‍ക്ക് മാത്രമേ ഞങ്ങളുടെ വിശപ്പിന്റെ മണമുള്ള ഒട്ടിയ വയറിനെ തിരിച്ചറിയാന്‍ ആവുന്നുള്ളു എന്ന ചിന്ത അന്നേ എനിക്ക് തോന്നിയിരുന്നു.
അന്നൊന്നും ഓണം ഞങ്ങളുടേത് ആയിരുന്നില്ല. പൂക്കള്‍ ഒന്നും മാപ്പിളമാരുടെ സ്വന്തവുമായിരുന്നില്ല. എനിക്ക് ഇപ്പോഴും ഓര്‍മ്മ ഉണ്ട് ഞാന്‍ സ്‌കൂളില്‍ ഓണം ദേശീയോത്സവം ആണ് എന്ന് പഠിച്ചപ്പോള്‍, അപ്പോള്‍ എഴുന്നേറ്റ് നിന്ന് ”എനിക്കും ഈ അബ്ബാസിനും ഒക്കെ ഉള്ളതാണോ ഓണം?” എന്ന് ടീച്ചറോട് ചോദിച്ചത്. അത് കഴിഞ്ഞു വീട്ടില്‍ പോയി ഉമ്മയെ പുസ്തകം എടുത്ത് വെച്ച് പഠിപ്പിച്ചത് ‘പൂവൊക്കെ നമുക്കും ഇടാം എന്നും എല്ലാ മനുഷ്യന്മാരും ആഘോഷിക്കണം എന്നും’ ഒക്കെ… അങ്ങനെ ആണ് ആ ആഗ്രഹങ്ങള്‍ രാധേച്ചീടെ വീട്ടിലെ തറയില്‍ എങ്കിലും എത്തിയത്.
ഓണം രാധേച്ചിയുടെതും പെരുന്നാള്‍ ഞങ്ങളുടെതും ആയിരുന്നു. പക്ഷെ അത് ഞങ്ങള്‍ ആഘോഷിക്കാറുള്ളത് ഒന്നിച്ചായിരുന്നു. അങ്ങനെയുള്ള ഞാന്‍ ഇന്ന് ഓണം എന്റേതുകൂടെ ആക്കിയെന്ന് കാലങ്ങള്‍ക്ക് ഇപ്പുറം പറയുമ്പോള്‍, ചാണകം മെഴുകാനുള്ള തറയ്ക്ക് കല്ലിടുമ്പോള്‍… അവരൊക്കെ നല്‍കിയ ജാതിവെടിഞ്ഞ കറകളഞ്ഞ മനുഷ്യസ്‌നേഹമാണ് നിറയുന്നത്. അങ്ങനെ എന്നെയും മഹാബലിയുടെ കുടുംബക്കാരി ആക്കുകയായിരുന്നു.
അങ്ങനെ ചിന്തിക്കാന്‍ അങ്ങനെ പറയാന്‍ ഇന്നലെകളില്‍ ഉണ്ടായത് പോലുള്ള നല്ല ഓര്‍മ്മകള്‍ ഈ പുതിയ കാലത്തിനും കൊടുക്കാന്‍ നമുക്കും സാധിക്കേണ്ടതുണ്ട്. ഒരു മഹാബലി ഉണ്ടായിരുന്നു എന്നും അദ്ദേഹം വളരെ നല്ല മനുഷ്യന്‍ ആയിരുന്നു എന്നും അദ്ദേഹത്തെ വരവേല്‍ക്കാന്‍ മനുഷ്യനും പ്രകൃതിയും തയ്യാറാവുന്നത് നന്മയുടെ അടയാളം ആണ് എന്നും പറഞ്ഞുകൊണ്ടേയിരിക്കേണ്ട ഗതികേടും നമുക്കുണ്ട്.
നല്ല ഓര്‍മ്മകള്‍ ഉണ്ടാവട്ടെ… നമ്മളൊക്കെ മഹാബലിയുടെ കുടുംബക്കാര്‍ ആകട്ടെ. 

onam

എം എ ഷഹനാസ്
പ്രസാധക, മാക്ബത്ത് 

ഓണം ഗാനമേളക്കാലം
-പ്രമീള
ഞാന്‍ ജനിച്ചു വളര്‍ന്നത് കാര്യവട്ടത്ത് ആണ്. ഓണക്കാലം, സ്‌കൂള്‍ അവധിക്കാലം ആയതിനാല്‍ ഞങ്ങള്‍ കുട്ടികള്‍ എല്ലാവരും നല്ല ഉത്സാഹത്തിമിര്‍പ്പില്‍ ആയിരിക്കും. എല്ലാരും കൂടി അയല്‍പക്കത്തു വീടുകളില്‍ നിന്നെല്ലാം പൂവ് സംഘടിപ്പിച്ചു ഒരു പൂക്കളം തയ്യാറാക്കും. പിന്നെ കളിയും മേളവും… മിക്കവാറും അത് ഓണത്തല്ലില്‍ അവസാനിക്കും. അതാണ് പതിവ്. അന്നൊക്കെ എല്ലാ വീട്ടിലും കയറി ഇറങ്ങി പായസം ഒക്കെ കുടിച്ചു അവസാനം വീടെത്തുമ്പോള്‍ ഒരു നേരമാകും.
ഒരിയ്ക്കല്‍ കാട്ടാക്കടയില്‍ വല്യച്ഛന്റെ വീട്ടില്‍ ഓണം കൂടി. അന്നാണ് കമുകില്‍ കയറ്റം, ഉറിയടി, സൈക്കിള്‍ സ്ലോ റെയ്‌സ്, നാടന്‍ പന്തുകളി ഇവയൊക്കെ ആദ്യമായി കണ്ടത്. ഓണം വന്നാല്‍ ഊഞ്ഞാലാട്ടം ആണ് മറ്റൊരു പ്രധാന ഇനം.. ഊഞ്ഞാലില്‍ ആടാന്‍ മത്സരം ആയിരുന്നു. അന്ന് പൊതുവെ ഓണക്കാലം എന്നാല്‍ തെളിമയുടെയും ആഹ്ലാദത്തിന്റെയും ഒരുമയുടെയും നാളുകള്‍ ആയിരുന്നു.
ഇന്ന്, ഒരു ഗായികയായ എന്നെ സംബന്ധിച്ച് ഓണം ഗാനമേളകളുടെയും കൂടി കാലമാണ്. അങ്ങനെ ഒരു ക്ലബിന്റെ വാര്‍ഷികവും ഓണാഘോഷവും നടന്ന ഒരു വേദിയിലെ രസകരമായ ഓര്‍മ കൂടി പങ്കുവയ്ക്കുന്നു. അന്നത്തെ ഗാനമേളയ്ക്ക് ഒരു പ്രത്യേകത ഉണ്ടായിരുന്നു. മഹാബലിയായി വേഷമിട്ട ഒരു വിദ്വാന്‍ ഇടയ്ക്കിടെ വന്നു ഓരോ നമ്പര്‍ ഒക്കെ ഇട്ട് ജനങ്ങളെ രസിപ്പിച്ചു ഷൈന്‍ ചെയ്യുന്നുണ്ടായിരുന്നു. ഗായകര്‍ക്ക് പലര്‍ക്കും ഇത് അത്ര പിടിക്കുന്നുണ്ടായിരുന്നില്ല. ഗാനമേളയുടെ ഒരു ‘ഫ്‌ളോ’ അങ്ങ് പോകും എന്നായിരുന്നു അവരുടെ ഒരു ഇത്. തീറ്റ ആണോ മഹാബലിയുടെ പ്രധാന പരിപാടി എന്ന് തോന്നിപ്പിക്കും വിധം കുടവയര്‍ ഉള്ള ആളായിരുന്നു അദ്ദേഹം. മഹാബലിക്ക് കുറെ ഫാന്‍സിനെ ഒക്കെ കിട്ടി. ഒടുവില്‍ ഗാനമേള കഴിഞ്ഞപ്പോ ക്ലബ് ഭാരവാഹികളും ഗാനമേള ടീമും മഹാബലിയും ഒക്കെ ചേര്‍ന്ന് ഫോട്ടോ എടുക്കാനായി സ്റ്റേജിലേക്ക് ഒരുമിച്ചു. ഫോട്ടോഗ്രാഫര്‍ റെഡി പറഞ്ഞതും മഹാബലിയുടെ മുണ്ട് ഇറങ്ങി പാതാളത്തിലേയ്ക്ക് ഒറ്റ പോക്ക്!
സംഭവം വേറൊന്നുമല്ല, ഫോട്ടോ എടുത്തപ്പോള്‍ തന്റെ കുടവയര്‍ അല്പം ഒന്ന് അകത്തേക്ക് ഒതുക്കാന്‍ മഹാബലി ശ്രമിച്ചതാണ്. ശേഷം ചിന്ത്യം…

നൊമ്പരപ്പെടുത്തുന്ന ഓണം
ഓണത്തെ കുറിച്ചോര്‍ക്കുമ്പോള്‍ പെട്ടെന്ന് ഓര്‍മ്മയിലോടെത്തിയെത്തുന്നത് അത്തപ്പൂക്കളമോ ഓണസദ്യയോ അല്ല. നേരിയ നൊമ്പരമുണര്‍ത്തുന്ന ഒരോര്‍മ്മയാണ്. എന്റെ അപ്പൂപ്പന്‍ എം എന്‍ രാമകൃഷ്ണപിള്ള ഗണിത ശാസ്ത്രജ്ഞനും ഇന്ത്യന്‍ ഗണിത ശാസ്ത്ര സൊസൈറ്റിയുടെ ആജീവനാന്ത മെമ്പറുമായിരുന്നു. ബഹുമുഖ പ്രതിഭയായിരുന്ന അപ്പൂപ്പനായിരുന്നു കുട്ടിക്കാലം മുതല്‍ എന്നില്‍ ശാസ്ത്ര അഭിരുചി വളര്‍ത്തിയത്. അപ്പൂപ്പന്‍ എന്റെ സുഹൃത്തും ഉപദേശകനും മാര്‍ഗ്ഗദര്‍ശിയുമായിരുന്നു. ഇന്നത്തേതുപോലെ ഇന്റര്‍നെറ്റൊന്നുമില്ലാത്ത കുട്ടിക്കാലം. പക്ഷേ എന്ത് സംശയത്തിനും ഉത്തരവുമായി അപ്പൂപ്പനുണ്ടായിരുന്നു. ബുധനാഴ്ചകളില്‍ ആകാശത്തു കണ്ടിരുന്ന സൗണ്ടിംഗ് റോക്കറ്റ് അപ്പൂപ്പനൊപ്പം അത്ഭുതത്തോടെ നോക്കി നില്‍ക്കാറുണ്ടായിരുന്നു. പിന്നീട് നൂറു കണക്കിന് മിസൈലുകളുടെ നിര്‍മ്മാണത്തിനു പിന്നിലെ സാരഥിയായി മാറാന്‍ കാരണമായത് ഒരു പക്ഷേ കുട്ടിക്കാലത്ത് അപ്പൂപ്പന്‍ പകര്‍ന്നു തന്ന ശാസ്ത്രബോധം ആയിരിക്കണം.
എന്റെ അപ്പൂപ്പന്‍ ഞങ്ങളെ വിട്ടു പോയത് ഒരുത്രാടത്തിനായിരുന്നു. ഞങ്ങള്‍ക്ക് ഇസ്രോയില്‍ തിരുവോണത്തിന് മാത്രമേ അവധിയുള്ളൂ. ഒരുത്രാടത്തിന് ഞാന്‍ ഓഫീസിലേക്ക് തിരിക്കുമ്പോള്‍ മോള്‍ അത്തമിടുകയായിരുന്നു, അപ്പൂപ്പന്‍ ഉറക്കത്തിലും. അത്തമിടല്‍ അന്നുമിന്നും തറവാട്ടില്‍ നിര്‍ബ്ബന്ധമാണ്. കുട്ടിക്കാലത്ത് അപ്പൂപ്പനൊപ്പം അത്തമിടുന്നത് വെറുതേ ഓര്‍ത്തു. ഓഫീസിലെത്തിയ എന്നെ തേടിയെത്തിയത് എന്റെ മെന്ററായിരുന്ന അപ്പൂപ്പന്റ മരണവാര്‍ത്തയാണ്. ആ വര്‍ഷം ഞങ്ങള്‍ക്ക് ഓണമില്ലായിരുന്നു. പിന്നങ്ങോട്ട് ഓരോ ഓണവും അപ്പൂപ്പന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണെനിക്ക്.
ഡോ. വി ആര്‍ ലളിതാംബിക
ബഹിരാകാശ ശാസ്ത്രജ്ഞ

നാണംകുണുങ്ങി കുട്ടികള്‍

കണ്ണൂര്‍ ജില്ലയിലെ ചാത്തമംഗലം എന്ന കൊച്ചു ഗ്രാമത്തിലെ ഒരു കര്‍ഷക കുടുംബത്തിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. അതിനാല്‍ തന്നെ ബാല്യകാലത്തെ ഓണത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് മാധുര്യമേറെയാണ്. രണ്ട് ആങ്ങളമാര്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം തൊടിയില്‍ പൂക്കള്‍ പറിക്കാന്‍ പോകുന്നതും, സ്‌കൂളിലും മറ്റിടങ്ങളിലും നടത്തുന്ന ഓണാഘോഷങ്ങളില്‍ പങ്കാളിയാകുന്നതുമൊക്കെ ഇന്നും ആവേശം ജനിപ്പിക്കുന്ന ബാല്യകാല ഓണക്കാല ഓര്‍മ്മകളാണ്.
എന്റെ ഗ്രാമത്തില്‍ ഓട്ടമത്സരം, പുലികളി, അടയ്ക്ക പെറുക്കല്‍, മിഠായി പെറുക്കല്‍, ഓണത്തല്ല് എന്നിങ്ങനെയുള്ള ധാരാളം മത്സരങ്ങള്‍ നടത്തുമായിരുന്നു. അതെല്ലാം ഞങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നിരുന്ന ആഹ്ലാദം വാക്കുകള്‍ക്കതീതമാണ്.
പക്ഷേ, തോറ്റുപോകുമോ എന്ന ഭയം അക്കാലത്ത് മനസിലുണ്ടായിരുന്നതിനാല്‍ മത്സരങ്ങളില്‍ പങ്കെടുക്കാറുമുണ്ടായിരുന്നില്ല. തിരുവോണ നാളില്‍ ഈ മത്സരങ്ങള്‍ നടക്കുന്നതിനിടെ ഉച്ചക്ക് ഒരുമണി സമയമായാല്‍ ഞാനും ഏട്ടന്മമാരും നേരെ വീട്ടിലേക്കോടും. അമ്മയും അച്ഛനും തയ്യാറാക്കിയ ആ രുചികരമായ ഓണസദ്യ ഉണ്ണാനായി.
വീട്ടുപറമ്പിലെ വാഴയില്‍ നിന്നും വെട്ടിയെടുത്ത തൂശനിലയില്‍ തുമ്പപ്പൂ നിറത്തിലുള്ള ചോറും സാമ്പാറടക്കമുള്ള പല കൂട്ടം കറികളും വിളമ്പുന്ന ആ കാഴ്ച ഓര്‍ക്കുമ്പോള്‍ തന്നെ ഇപ്പോഴും വായില്‍ കൊതിയൂറും. ഈ ലോകത്ത് എനിക്കേറ്റവും ഇഷ്ടപ്പെട്ട രുചിയാണ് അച്ഛനും അമ്മയും തയ്യാറാക്കിയിരുന്ന ആ വിഭവങ്ങള്‍ക്കുണ്ടായിരുന്നത്. അന്നൊന്നും പക്ഷേ, ഞങ്ങള്‍ ഓണത്തിന് കോടി ഉടുപ്പ് വാങ്ങാറുണ്ടായിരുന്നില്ല. അന്നത്തെ സാഹചര്യം അതായിരുന്നു.
ഒമ്പതില്‍ പഠിക്കുമ്പോഴാണ് കൂട്ടുകാരിയുടെ കൂടെ ഗ്രൗണ്ടില്‍ പോയി സ്‌പോര്‍ട്‌സിന് പങ്കെടുക്കുന്നത്. അതിന് ശേഷം 1996 മുതല്‍ 2012 വരെ ഓണം ഭംഗിയായി ആഘോഷിച്ചിരുന്നില്ല. ഏതെങ്കിലും അന്തര്‍ ദേശീയ മത്സരത്തില്‍ പങ്കെടുക്കാനോ, അല്ലെങ്കില്‍ ക്യാമ്പിലോ ഒക്കെ ആയിരിക്കും ആ കാലയളവിലുള്ള എന്റെ ഓണം.
അതിനിടയില്‍ ഞാന്‍ ഒരു ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് കഴിഞ്ഞ് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ എത്തി പുറത്തേക്കു വന്നപ്പോഴേക്കും ഒരു സര്‍ എന്നോട് പറഞ്ഞു.
”കുട്ടീ ഇന്ന് ഓണമല്ലേ… കുട്ടിക്ക് എന്റെ വീട്ടില്‍നിന്നുമാണ് സദ്യ”… അത് നമ്മുടെ ഇന്ത്യന്‍ ബോക്‌സിങ് ഫെഡറേഷന്‍ മെമ്പര്‍ മലയാളി കൂടിയായ പത്മനാഭന്‍ സാറിന്റെ വാക്കുകളായിരുന്നു.
ഒരു മലയാളിയോടുള്ള അദ്ദേഹത്തിന്റെ വാത്സല്യം കണ്ട് ഞാന്‍ വളരെ അത്ഭുതപ്പെട്ടുപോയി. കാരണം, ആ ടീമില്‍ മലയാളിയായി ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
കുറേകാലത്തിനിടയില്‍ അന്നാണ് വീണ്ടും ഓണം ഭംഗിയായി എനിക്ക് ആഘോഷിക്കാനായത്. പത്മനാഭന്‍ സാറിനും കുടുംബത്തിനൊപ്പമുള്ള ആ ഓണാഘോഷം ഒരിക്കലും മറക്കാനാവാത്തതാണ്.
പിന്നീട് ഇപ്പോള്‍ ഭര്‍ത്താവും മക്കളുമൊത്ത് ജന്മനാടായ കണ്ണൂരില്‍ പോയാണ് കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാറുള്ളത്. ധ്യാന്‍ചന്ദ് അവാര്‍ഡ് ലഭിച്ചപ്പോഴും, ലോകവനിതാ ബോക്‌സിങ് ചാമ്പ്യനായപ്പോഴുമെല്ലാം ഞാന്‍ പഠിച്ച സ്‌കൂളില്‍ പരിപാടിക്കെത്തിയപ്പോള്‍ സുഹൃത്തുക്കള്‍ എന്നോട് ഒരു ചോദ്യമുന്നയിച്ചിരുന്നു.
‘എന്നാലും ചെറുപ്പത്തില്‍ ഒരു ഓണാഘോഷ പരിപാടിക്ക് പോലും പങ്കെടുക്കാതിരുന്ന നാണം കുണുങ്ങിയായ ആ കുട്ടി എങ്ങനെ കേരളത്തിന്റെ ചരിത്രത്തിലെ ഒരേ ഒരു ലോകചമ്പ്യനായി?’
അതിന് എനിക്കുണ്ടായിരുന്ന മറുപടി ഇത്രമാത്രമാണ് -
”ഉറച്ച ലക്ഷ്യബോധം, അതിന് വേണ്ടിയുള്ള കഠിനധ്വാനം. അതായിരുന്നു എന്നെ ഇത്രത്തോളം എത്തിച്ചത്.”
ഇപ്പോഴും നാട്ടിലെ ഓണാഘോഷങ്ങളില്‍ അതിഥിയായി പോകുമ്പോള്‍ അവിടെ കൂടി നില്‍ക്കുന്ന സദസിലെ നാണം കുണുങ്ങികളായ കുട്ടികളിലേക്ക് എന്റെ നോട്ടമെത്താറുണ്ട്. എന്റെ മനസ് അപ്പോള്‍ എന്നോട് പറയും; ഒരു പക്ഷേ, അവരില്‍ ഒരു ലോക ചാമ്പ്യനുണ്ടാകാം. ആ നാണംകുണുങ്ങി കുട്ടിയുടെ സ്ഥാനത്തായിരുന്നല്ലോ ബാല്യകാലത്ത് ഞാനും ഓണാഘോഷങ്ങള്‍ കണ്ടിരുന്നത്.

‑കെ സി ലേഖ
ലോക വനിതാ ബോക്‌സിങ് ചാമ്പ്യ

ദൈവത്തിന്റെ കോടതിയില്‍
2016. ലെ ഓണക്കാലം…തിരുവനന്തപുരത്തെ ഒരു പള്ളി സെമിത്തേരിയില്‍ ‘നിലാവും നക്ഷത്രങ്ങളും’ എന്ന സീരിയലിന്റെ ഷൂട്ടിങ്ങ് തിരക്കിട്ട് നടക്കുകയാണ്. ഉച്ചവരെയേ സെമിത്തേരിയില്‍ ഷൂട്ടുള്ളൂ. അത് കഴിഞ്ഞ് ഷിഫ്റ്റാണ്. യൂണിറ്റ് അംഗങ്ങളെല്ലാം വളരെ ആവേശത്തിലാണ്. അന്ന് ഓണം അവധിക്ക് വേണ്ടി ഷെഡ്യൂള്‍ പായ്ക്കപ്പ് ആവുകയാണ്. സെറ്റില്‍ ഓണസദ്യയൊക്കെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. നായിക അവളുടെ കൂട്ടുകാരിയ്‌ക്കൊപ്പം അച്ഛന്റെ കല്ലറയില്‍ ഓര്‍മ്മ പൂക്കള്‍ വയ്ക്കാനെത്തുന്നതാണ് സീന്‍. തിരക്കിട്ട് ചിത്രീകരണം പുരോഗമിക്കുകയാണ്. അജ്ഞാതരായ ഒരു പറ്റം ആത്മാക്കള്‍ ഉറങ്ങുന്ന മണ്ണില്‍ സംവിധായകനൊപ്പം മോണിറ്ററില്‍ മുഴുകിയിരിക്കുകയാണ് ഞാന്‍. ഇടയ്ക്ക് എപ്പഴോ കല്ലറകളില്‍ പതിച്ചിരിക്കുന്ന ഫോട്ടോകളിലേക്ക് നോട്ടം വീഴുന്നുണ്ട്. പല പ്രായത്തിലുള്ളവരുടെ കല്ലറകള്‍. ഫോട്ടോയിലെ എല്ലാ മുഖങ്ങളിലും മരണത്തിന്റെ ഒരു തണുപ്പ് അനുഭവപ്പെടുന്നത് പോലെ തോന്നി. കൂട്ടത്തില്‍ ഒരു പെണ്‍കുട്ടിയുടെ മുഖം പ്രത്യേകം ശ്രദ്ധിച്ചു. അവളുടെ മാത്രം കണ്ണുകളില്‍ ഒരു പ്രത്യേക തെളിച്ചം പോലെ തോന്നി. കഷ്ടിച്ച് ഇരുപതോ ഇരുപത്തിരണ്ടോ വയസ് മാത്രം പ്രായമുള്ള ആ കുട്ടി എങ്ങനെയാവും മരിച്ചിട്ടുണ്ടാകുക എന്നറിയാന്‍ വെറുതേ ഒരു കൗതുകം. വേണ്ട ഇത് അതൊന്നും ചിന്തിക്കാനുള്ള സമയമല്ല. എത്രയും പെട്ടന്ന് ഇവിടുത്തെ ഷൂട്ടിങ്ങ് തീര്‍ത്ത് പുറത്ത് ചാടുക… എല്ലാവര്‍ക്കുമൊപ്പം ഞാനും ബഹളത്തില്‍ മുഴുകി.
ഇടയ്ക്ക് എപ്പഴോ കൈയ്യിലൊരു കടലാസ് പൊതിയുമായി ഒരു മദ്ധ്യവയസ്‌ക്കന്‍ അവിടേക്ക് കടന്നു വന്നു. സെമിത്തേരി പറമ്പിന് ഒത്ത നടുവില്‍ നിന്ന് ഷൂട്ടിങ്ങ് നടത്തുന്ന സംഘത്തെ കണ്ട് അയാള്‍ അസ്വസ്തനായി. കൗതുകത്തോടെ അയാളെത്തന്നെ ശ്രദ്ധിച്ചു. കുറച്ച് നേരം അന്യഗ്രഹജീവികളെപോലെ ഞങ്ങളെ നോക്കി നിന്നു. പിന്നെ അയാള്‍ നേരത്തേ പറഞ്ഞ പെണ്‍കുട്ടിയുടെ കല്ലറയിലേക്ക് പോയി.
കുറച്ച് നേരം അവളെ നോക്കി നിന്ന് പിന്നെ മുട്ടുകുത്തി നിന്ന് കൈയ്യിലെ കടലാസ്സ് പൊതിയഴിച്ചു. ഇലച്ചിന്തില്‍ മുല്ലമൊട്ടുകള്‍ കോര്‍ത്ത ഒരു ഹാരം. അയാള്‍ ആ കടലാസ് കൊണ്ട് പെണ്‍കുട്ടിയുടെ മുഖം അമര്‍ത്തി തുടച്ചു പൊടിയും അഴുക്കും കളഞ്ഞു. ശേഷം ആ മാല അവള്‍ക്ക് ചാര്‍ത്തി. അപ്പുറത്ത് ഷൂട്ടിങ്ങിന്റെ ഒച്ചപ്പാടുകള്‍… എനിക്ക് എന്തോ വല്ലായ്ക തോന്നി. ഞാന്‍ സംവിധായകനെ ആ കാഴ്ച്ച കാണിച്ചു കൊടുത്തു. സന്ദര്‍ഭത്തിന്റെ ഗൗരവം മനസിലായ മട്ടില്‍ അയാള്‍ സൈലന്‍സ് എന്ന് നീട്ടി വിളിച്ചു. സെറ്റ് കുറച്ച് നേരത്തേക്ക് നിശബ്ദമായി. മകള്‍ക്ക് മുന്നില്‍ മുട്ടുകുത്തിയിരുന്നു അയാള്‍ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. അതൊരു പ്രാര്‍ത്ഥനയായി എനിക്ക് തോന്നിയില്ല. പറയാന്‍ ബാക്കിവച്ചത് അയാള്‍ ധൃതിയില്‍ മകളോട് പറയുന്നത് പോലെ തോന്നി. പിന്നെ അയാള്‍ പോക്കറ്റില്‍ നിന്ന് മെഴുക് തിരി എടുത്ത് കത്തിച്ചു. കുറച്ചു നേരം കണ്ണടച്ച് പ്രാര്‍ത്ഥിച്ചിട്ട് എഴുന്നേറ്റു.
ചടങ്ങ് തീര്‍ന്നന്ന് കണ്ട് ഷൂട്ടിങ്ങ് വീണ്ടും തുടങ്ങി. അയാള്‍ ചുറ്റുമെന്ന് പരതി നോക്കുന്നുണ്ടായിരുന്നു. സീനില്‍ അഭിനയിച്ചുകൊണ്ടിരുന്ന രണ്ടു പെണ്‍കുട്ടികളെ അയാള്‍ കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു. അതൊരിക്കലും സിനിമാനടികളെ കണ്ട കൗതുകമായിരുന്നില്ല. തന്റെ മകളുടെ പ്രായമുള്ള രണ്ട് പെണ്‍കുട്ടികള്‍. അതാവും അയാളെ അവരെയങ്ങനെ നോക്കി നില്കാന്‍ പ്രേരിപ്പിച്ചത്.
അയാളെ തന്നെ നോക്കി നില്ക്കുന്നത് ശ്രദ്ധിച്ചിട്ടാവണം പിന്നെ അയാള്‍ എന്റെയടുത്തേക്ക് വന്നു. ”എന്തിന്റെ ഷൂട്ടിങ്ങാണ് സാര്‍?” അയാള്‍ പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു. ”സീരിയലാണ്.” മറ്റൊന്നും ചോദിക്കാതെ അയാള്‍ വീണ്ടും മകളുടെ പ്രായമുള്ള ആ പെണ്‍കുട്ടികളെ ശ്രദ്ധിക്കുന്നത് കണ്ടു. കുറച്ച് നേരം കഴിഞ്ഞ് ഒന്നും ചോദിക്കാതെ തന്നെ അയാള്‍ പറഞ്ഞു, ”എന്റെ മോളാണ് സാറേ…” മനസിലായ മട്ടില്‍ ഞാനൊന്നു തലയാട്ടി. എങ്ങനെയായിരുന്നു…? എത്ര വിലക്കിയിട്ടും അറിയാതെ ആ ചോദ്യം എന്നില്‍ നിന്നു വന്നു പോയി. ”കൊന്നതാ സാറേ… കുത്തി കൊന്നതാ…” ഞാന്‍ തരിച്ചുനിന്നു. ”ഡല്‍ഹിയിലായിരുന്നു അവള്‍ക്ക് ജോലി. ഒപ്പം ജോലി ചെയ്യുന്ന ഒരുത്തന്‍ പ്രേമാഭ്യര്‍ത്ഥന നിരസിച്ചതിന് റോഡിലിട്ട് അവളെ കുത്തി കൊന്നുകളഞ്ഞു.” അത് പറയുമ്പോള്‍ അയാളില്‍ മരിച്ചവരുടെ ഫോട്ടോയില്‍ തോന്നിയ അതേ തണുപ്പ് എനിക്ക് വീണ്ടും അനുഭവപ്പെട്ടു. നിര്‍വ്വികാരമായ ഭാവത്തോടെ അയാള്‍ തുടര്‍ന്നു. ”അന്നത് പത്രത്തിലൊക്കെ വലിയ വാര്‍ത്തയായിരുന്നു.” ശരിയാണ് അങ്ങനെയൊന്നു വായിച്ചതായി ഞാനും ഓര്‍ത്തു. ”അയാളെ ശിക്ഷിച്ചോ?” ഒന്നിനുമല്ലാതെ ഞാന്‍ ചോദിച്ചു.
”ഇല്ല സാറേ അവരൊക്കെ വലിയ പിടിപാടുള്ളവരാണ്. കോടതി അവനെ വെറുതേ വിട്ടു. അവനിപ്പഴും അതേ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്.”
തെല്ലിട മൗനം പരന്നു. പിന്നെ ഒരു നിശ്വാസത്തോടെ തുടര്‍ന്നു.’
‘ഭൂമിയിലെ കോടതിയൊന്നും കോടതിയല്ല സാറേ. കോടതിയൊക്കെ അങ്ങ് മോളിലല്ലേ. അവിടെ എന്റെ മോള്‍ക്ക് നീതി കിട്ടും. ഉറപ്പാ…”
ഞാന്‍ അതിനും ശബ്ദമില്ലാതെ മൂളി… യാത്ര പോലും പറയാതെ കല്ലറകള്‍ക്കിടയിലൂടെ അയാള്‍ നടന്നു മറഞ്ഞു. ശബ്ദവും കാഴ്ചയും നഷ്ടപ്പെട്ട എന്നെ ആരോ പിന്നില്‍ നിന്ന് തൊട്ടു വിളിച്ചു. ”സാര്‍…” തിരിഞ്ഞു നോക്കിയപ്പോള്‍ പ്രൊഡക്ഷന്‍ ചീഫാണ്. ”സാര്‍ ഓണസദ്യ റഡിയാണ്. കഴിക്കുന്നില്ലേ ?”
”കഴിക്കും, കഴിച്ചിട്ടേ പോകൂ…”
ഇതൊക്കെയാണ് ജീവിതം എന്ന് മനസില്‍ പറഞ്ഞ് സെറ്റിലെ ആള്‍ക്കാര്‍ക്കൊപ്പം ഓണസദ്യ ആസ്വദിച്ചുണ്ണുന്നതായി അഭിനയിച്ചു. ചോറിനും കറികള്‍ക്കും രുചി തോന്നിയില്ല.. പായസത്തിന് ആദ്യമായി കയ്പ് തോന്നി. എങ്കിലും ആ അച്ഛനെയും മോളെയും മനപ്പൂര്‍വ്വം മറക്കാനായി ഞാനും സെറ്റിലെ ആരവങ്ങളില്‍ മുങ്ങി.
ഇക്കുറി ഓണത്തിനും ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. രണ്ട് നാള്‍ കൂടി കഴിഞ്ഞാല്‍ ഷെഡ്യൂള്‍ പായ്ക്കപ്പാണ്. കിട്ടിയ നാലഞ്ച് ദിവസത്തെ അവധിക്ക് വീട്ടിലേക്ക് പോകുമ്പോള്‍ ഹൈവേയുടെ സൈഡിലുള്ള ആ പള്ളി സെമിത്തേരിക്ക് മുന്നിലൂടെ വേണം കാറോടിക്കാന്‍. കൈയിലെ കടലാസ് പൊതിയുമായി പോക്കറ്റില്‍ മെഴുകുതിരിയുമായി മകളെ കാണാന്‍ ആ അച്ഛന്‍ വരുന്നുണ്ടാവുമോ ഇപ്പോഴും.… ഇനി ഒരിക്കലും കൊലക്കത്തിക്ക് ഇരയായ പെണ്‍മക്കളുടെ മുന്നില്‍ മുട്ടുകുത്തി നിന്ന് പ്രാര്‍ത്ഥിക്കാന്‍, ദൈവത്തിന്റെ കോടതിയില്‍ നീതിക്ക് വേണ്ടി മുട്ടിപ്പായി പ്രാര്‍ത്ഥിക്കാന്‍ ഹതഭാഗ്യന്‍മാരായ അച്ഛന്‍മാര്‍ ഉണ്ടാവാതിരിക്കട്ടെ… ഓണം പ്രത്യാശയുടേതും കൂടിയാണല്ലോ…


ഗണേഷ് ഓലിക്കര
സീരിയല്‍ തിരക്കഥാകൃത്ത്,
സംസ്ഥാന അവാര്‍ഡ് ജേതാവ്

നിലാവ് കുടിച്ച രാത്രി
കൊടും പാതിരയുടെ ഓര്‍ക്കാപ്പുറ നേരങ്ങളില്‍ ഊരാളി (പൂജാരി) കൂവി വിളിക്കുന്ന കാവ്. അതിനടുത്തുള്ള തുറപ്പില്‍ വലിയ പൊതു കിണറിന് ചുറ്റും കളിവട്ടത്തിനുള്ള സ്ഥലം. അവിടുത്തെ ഓരോ പുല്ലിനെ പോലും ഞങ്ങള്‍ക്ക് ഓര്‍മ്മയുണ്ട്.
ഒരു ഓണം. രാത്രി വെട്ടത്തിന്റെ(കിണറ്റില്‍ തീരത്ത് വൈദ്യുതി വന്നിട്ടില്ല) ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ രണ്ട് മുതിര്‍ന്ന ചേച്ചിമാര്‍ അവര്‍ക്കു മാത്രം അറിയാവുന്ന നാടന്‍പാട്ട് പാടുന്നു. അടുത്ത വീട്ടുകാര്‍ ഒന്നിച്ചിട്ട കൂറ്റന്‍ ഊഞ്ഞാലില്‍ കൗമാരക്കുസൃതിപ്പയ്യന്മാര്‍ ആകാശത്തേക്ക് പൊങ്ങിത്താഴുന്നു. വട്ടങ്ങളും കൂട്ടങ്ങളും ആയി കൂട്ടുകാരന്മാരും കൂട്ടുകാരികളും. സ്‌നേഹമോ സൗഹൃദമോ പ്രണയമോ എന്നൊന്നും തിരിച്ചറിയാനാകാത്ത നിലാവട്ടത്തില്‍ ഞങ്ങളുടെ മനസ്സുകള്‍.
രാത്രിയേറെ ചെന്നപ്പോള്‍ കുട്ടിക്കൂട്ടുകാര്‍ നിലാവ് മുഴുവന്‍ കുടിച്ച്, മദിച്ച് വീടുകളില്‍ കയറി.
അപ്പോഴും ‑കോഴി കൂവും വരെ ആയിരിക്കും — ചേച്ചിമാര്‍ പാടിക്കൊണ്ടിരിക്കുകയായിരുന്നു. ‘പിറപ്പിലേ’ പാട്ട് കിട്ടിയവര്‍ ആയിരുന്നു അവര്‍!
ഇങ്ങനെയൊരു ഓണ ഫ്രെയിം പിന്നെ ജീവിതത്തിലോ സിനിമയിലോ പോലും കിട്ടിയിട്ടില്ല. അതിന്റെ ചന്തം അവസാനിക്കുന്നില്ല.

ബി മുരളി
കഥാകൃത്ത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.