25 April 2024, Thursday

കമ്മ്യൂണിസത്തെ നെഞ്ചിലേറ്റിയ പൂതേരി ജാനകി

എം എ ബഷീർ
August 21, 2022 7:35 am

നാടകത്തെക്കുറിച്ചു പറഞ്ഞു തുടങ്ങുമ്പോൾ ജാനകിയേടത്തി ആവേശഭരിതയാകും. 87 വയസ്സു പിന്നിട്ടതിന്റെ ശാരീരികമായ അവശതകളെല്ലാം അപ്പോൾ അവർ മറക്കും. നാടകാഭിനയ കാലം അവർക്ക് ആവേശോജ്വലമായ ഒരോർമ്മയാണ്. അവിസ്മരണീയമായ ആ ഓർമ്മകൾ നെഞ്ചിലേറ്റിയാണ് അവരിന്നും ജീവിക്കുന്നത്. ഫറോക്കിനു സമീപം
പുറ്റേക്കാട്ട് മകൻ വിജയകുമാറിന്റെ വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന ജാനകിയേടത്തി പിന്നിട്ട കാലത്തേക്ക് തിരിഞ്ഞു നോക്കുകയാണ്.
നിലമ്പൂരിലെ വീട്ടിക്കുത്തിൽ കുണ്ടറക്കാട്ട് അയ്യപ്പുട്ടിയുടെയും കാളിയമ്മയുടെയും അഞ്ചു മക്കളിൽ നാലാമത്തെ ആളായിരുന്നു ജാനകി. 1935 ജനുവരി ഒന്നിനാണ് ജനനം. മൂത്ത സഹോദരരായ കരുണാകരനും അപ്പുട്ടിയും സജീവ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരും കലാസമിതി അംഗങ്ങളും ആയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനങ്ങളിൽ ജ്യേഷ്ഠന്മാർക്കൊപ്പം ജാനകിയും പോയിരുന്നു.
അക്കാലത്ത് നിലമ്പൂരിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു വലിയ സമ്മേളനം നടന്നു. ഇഎംഎസ്, എകെജി തുടങ്ങിയ നേതാക്കളെല്ലാം പങ്കെടുത്ത സമ്മേളനം. അന്ന് സമ്മേളനത്തിന്റെ വേദിയിൽ കയറി പാട്ടു പാടാൻ ജാനകിക്ക് ഒരവസരം കിട്ടി. പാട്ട് എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഒരു മടിയും കൂടാതെ സ്റ്റേജിൽ കയറി പാടിയ ആ പെൺകുട്ടിയെ എല്ലാവരും ശ്രദ്ധിച്ചു. ഇത് ജാനകിയുടെ ജീവിതത്തിലെ ഒരു അരങ്ങേറ്റം കൂടിയായിരുന്നു. പിന്നീട് ആ പ്രദേശത്തെ പാർട്ടി സമ്മേളനങ്ങളിലെല്ലാം ജാനകിയുടെ പാട്ട് പതിവായി.
അക്കാലത്ത് നാടകങ്ങൾ കാണാൻ ജ്യേഷ്ഠന്മാർക്കും കൂട്ടുകാർക്കുമൊപ്പം ജാനകിയും പോയിരുന്നു. സിനിമയും സർക്കസും ഇവയും ആ കുട്ടിയെ ആകർഷിച്ചു. സ്കൂളിലെ കൊച്ചു നാടകങ്ങളിലും ജാനകി വേഷമിട്ടു. കൂട്ടുകാർ ഒത്തുകൂടി വീട്ടുമുറ്റത്ത് നാടകം കളിക്കുന്നതും പതിവായിരുന്നു. അഭിനയ കലയിൽ അദമ്യമായ വാസന ജാനകിക്കുണ്ടായിരുന്നു. 

സ്ത്രീകൾ നാടകത്തിലഭിനയിക്കുന്നത് ആലോചിക്കാൻ കൂടി കഴിയാതിരുന്ന ഒരു കാലത്താണ് അവർ നാടകവേദിയിലേക്കു കടന്നു വരുന്നത്. കെ ടി മുഹമ്മദിന്റെ ‘കറവറ്റ പശു’ ആയിരുന്നു ആദ്യ നാടകം. നിലമ്പൂർ എംആർഎം കലാസമിതിയാണ് നാടകം ഒരുക്കിയത്. ജാനകിയുടെ ഏട്ടന്മാർ സമിതിയിലെ സജീവ അംഗങ്ങളായിരുന്നു. ആ നാടകത്തിൽ അച്ചുതൻ എന്ന കഥാപാത്രത്തിന്റെ ഭാര്യയായാണ് ജാനകി അഭിനയിച്ചത്. അച്ചുതനായി വേഷമിട്ടത് നിലമ്പൂർ ബാലനായിരുന്നു. കുറച്ചു വേദികളിൽ മാത്രമാണ് ഈ നാടകം കളിച്ചത്. മിക്കവരും ജോലിയുള്ളവരായിരുന്നു എന്നതാണ് കാരണം.
അക്കാലത്ത് നാടക പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന ഒരു സംഘടനയായിരുന്നു നിലമ്പൂർ യുവജന കലാസമിതി. സത്രീ കഥാപാത്രങ്ങൾക്ക് സ്ത്രീകളെ തന്നെ അണിനിരത്തി നാടകം അവതരിപ്പിക്കാൻ അവർ തീരുമാനിച്ചു. സ്ത്രീ കഥാപാത്രങ്ങളായി പുരുഷന്മാർ വേഷമിടുന്ന കാലമായിരുന്നു അത്.
ഇ കെ അയമു രചിച്ച ‘ജ്ജ് നല്ല മനിസനാകാൻ നോക്ക് ’ എന്ന നാടകത്തിൽ അഭിനയിക്കാൻ
കലാസമിതി ഭാരവാഹികൾ ജാനകിയെ ക്ഷണിച്ചു. ജ്യേഷ്ഠന്മാരുടെ അനുവാദത്തോടെ അവർ സമ്മതിച്ചു. അത് നാടകയാത്രയുടെ തുടക്കമായിരുന്നു. രണ്ടായിരത്തിലധികം വേദികളിൽ നാടകം കളിച്ചു. ബോംബെയിൽ രണ്ടാഴ്ചക്കാലം നാടകം നടന്നു. സിപിഐ നാലാം പാർട്ടി കോൺഗ്രസ്സ് പാലക്കാട്ടു നടന്നപ്പോൾ അവിടെയും ഈ നാടകം അരങ്ങേറി. നാടകത്തിൽ അബ്ദു റഹ്‌മാൻ മുതലാളിയുടെ മകൾ സാബിറ എന്ന കഥാപാത്രമായാണ് അഭിനയിച്ചത്. യാഥാസ്ഥിതികത്വത്തെ വെല്ലുവിളിച്ച ഈ നാടകത്തിനെതിരെ പല സ്ഥലത്തും പ്രതിഷേധമുണ്ടായി. നാടകം കളിക്കാൻ പലപ്പോഴും വഴിമാറി യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. കല്ലേറും ഭീഷണിയും അധിക്ഷേപവും ആക്രമണവും നിരവധി സ്ഥലങ്ങളിൽ ഉണ്ടായി. ഇതിനെയെല്ലാം നേരിട്ടു കൊണ്ടാണ് നാടകം കളിച്ചത്.
ഈ നാടകത്തിൽ നിലമ്പൂർ ആയിഷയ്ക്കൊപ്പം ‘ആശിച്ച പോലെ നടക്കില്ല’ എന്ന പാട്ടു പാടി അഭിനയിച്ചത് ജാനകിയേടത്തിക്ക് മറക്കാനാവാത്ത ഓർമ്മയാണ്.
തുടർന്ന് ഇ കെ അയമുവിന്റെ ‘ഈ ദുനിയാവിൽ ഞാൻ ഒറ്റയ്ക്കാണ്’, ‘നാളേക്കു വേണ്ടി’ എന്നീ നാടകങ്ങളിലും അവർ വേഷമിട്ടു. ഫറോക്ക് ചുങ്കത്തു കിസാൻ സഭയുടെ വമ്പിച്ചൊരു സമ്മേളനം നടന്നു. അവിടെ ‘നാളേക്കു വേണ്ടി ’ എന്ന നാടകം കളിച്ചു. നാടകത്തിനെതിരെ വലിയ പ്രതിഷേധമുണ്ടായി. നിലമ്പൂർ ആയിഷയ്ക്ക് കല്ലേറു കൊണ്ട് തലക്ക് മുറിവേറ്റത് ഇവിടെ വച്ചാണ്. 

യൗവ്വനാരംഭത്തിൽ വിവാഹാലോചനകൾ വന്നു തുടങ്ങി. പക്ഷേ വിവാഹ ജീവിതം അവർ ആഗ്രഹിച്ചിരുന്നില്ല. കമ്മ്യൂണിസ്റ്റു പാർട്ടി പ്രവർത്തനവും നാടകാഭിനയവുമായി ജീവിക്കുവാനായിരുന്നു താല്പര്യം. പാർട്ടിയും കലാസമിതിയും മുൻകൈയെടുത്ത് ഒരു ആലോചന കൊണ്ടുവന്നു. കമ്യൂണിസ്റ്റു പാർട്ടി നേതാവും സ്വാതന്ത്ര്യ സമര സേനാനിയും ട്രേഡു യൂണിയൻ പ്രവർത്തകനുമായിരുന്ന പൂതേരി കോരുജിയായിരുന്നു വരൻ. കോരുജിയെ പാർട്ടിയുടെ സമ്മേളന വേദികളിൽ അവർ കണ്ടിട്ടുണ്ടായിരുന്നു. പാർട്ടി ഇടപെട്ട് ആ വിവാഹം നടത്തി. 1959 ൽ ആയിരുന്നു വിവാഹം. അങ്ങനെ അവർ പൂതേരി കോരുജിയുടെ കുടുംബിനിയായി ഫറോക്കിലെത്തി. പിന്നെ പൂതേരി ജാനകിയായി.
വിവാഹ ദിവസവും നാടകമുണ്ടായിരുന്നു. പക്ഷേ നേതാക്കളുടെ അഭ്യർത്ഥന മാനിച്ച് കലാസമിതി അവധി അനുവദിച്ചു. നിശ്ചയിച്ച നാടകങ്ങളിലെല്ലാം തുടർന്നും അഭിനയിച്ചു. പിന്നീടാണ് നാടകവേദിയിൽ നിന്നൊഴിഞ്ഞത്. 19 വർഷത്തെ വിവാഹ ജീവിതം. അക്കാലത്തെ ഓരോ രംഗവും ഓർത്തെടുക്കുമ്പോൾ അവരുടെ കണ്ണുകൾ നനഞ്ഞു. 1978 ജൂലൈ 13ന് കോരുജി വിട പറഞ്ഞു. പിന്നീട് കോരുജിയില്ലാത്ത 44 വർഷങ്ങളാണ് കടന്നു പോയത്.
ഒടുവിൽ ജാനകിയേടത്തി ഇങ്ങനെ പറഞ്ഞു നിർത്തി: “പാർട്ടിയെ ഞാൻ ജീവനു തുല്യം സ്നേഹിക്കുന്നു. പാർട്ടിയിൽ പ്രവർത്തിക്കാൻ കഴിയാത്തതു മാത്രമാണ് ഇന്നെന്റെ ദുഃഖം. സ്വാതന്ത്ര്യ സമര സേനാനിയായ ഒരു കമ്മ്യൂണിസ്റ്റു പാർട്ടി നേതാവിന്റെ ഭാര്യയായതിൽ എനിക്കഭിമാനവുമുണ്ട്.” ഇതു പറയുമ്പോൾ അവരുടെ കണ്ണുകളിൽ ആവേശകരമായ ഒരു തിളക്കം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.