28 March 2024, Thursday

അപ്പന്റെ സുവിശേഷത്തിന് അൻപതാണ്ട്

ജയൻ മഠത്തിൽ
February 26, 2023 6:30 am

അൻപതു വർഷത്തിന് മുൻപ് (1973) ഒരു ഫെബ്രുവരിയിലാണ് ക്ഷുഭിതയൗവനത്തിന്റെ കൈപ്പുസ്തകവുമായി ഒരു ചെറുപ്പക്കാരൻ മലയാള സാഹിത്യ ചരിത്രത്തിലേക്ക് ഗൗരവത്തോടെ കടന്നുവന്നത്. പിൽക്കാലത്ത് മലയാള നിരൂപണ സാഹിത്യത്തിന്റെ ഗതിയെ നിയന്ത്രിച്ച കെ പി അപ്പനായിരുന്നു ആ ചെറുപ്പക്കാരൻ. ‘ക്ഷോഭിക്കുന്നവരുടെ സുവിശേഷ’മായിരുന്നു പുസ്തകം. ഈ പുസ്തകം മലയാള സാഹിത്യത്തിൽ ഉണ്ടാക്കിയ കലാപം ചെറുതായിരുന്നില്ല. നമ്മുടെ സൗന്ദര്യബോധത്തെയാകെ ഉടച്ചുവാർക്കുകയായിരുന്നു കെ പി അപ്പൻ. കാല്പനിക — റിയലിസ്റ്റിക് സൗന്ദര്യബോധത്തിൽ കിടന്ന് മലയാള സാഹിത്യം ചുറ്റിക്കറങ്ങി ജീർണിച്ചു തുടങ്ങിയ കാലത്താണ് ഗ്രാമപ്രദേശങ്ങളിൽ നിന്ന് മഹാനഗരങ്ങളിലേക്ക് ചേക്കേറിയ, നഗരത്തിന്റെ സങ്കീർണതകളിൽ ജീവിച്ചിരുന്ന കുറേ ചെറുപ്പക്കാരായ എഴുത്തുകാർ ഒരു അധിനിവേശപ്പടയെ പോലെ കടന്നുവന്നത്. അവർ അവതരിപ്പിച്ച ആഖ്യാനകലയിലും സൗന്ദര്യശാസ്ത്രത്തിലും മലയാളി വായനക്കാർ അമ്പരന്നുപോയി. എം മുകുന്ദനും ഒ വി വിജയനും ആനന്ദും കാക്കനാടനും എം പി നാരായണപിള്ളയും അവതരിപ്പിച്ച കലാസൃഷ്ടിയിലെ ദാർശനിക പ്രശ്നങ്ങൾ മലയാള വായനക്കാരുടെ മനസിനേറ്റ ആഘാത ചികിത്സയായിരുന്നു. നിലവിലുള്ള സൗന്ദര്യ ധാരണകളെ തകർത്തു തർപ്പണമാക്കുകയായിരുന്നു അവർ. ഇവരുടെ കലാസൃഷ്ടികളെ പരിശോധിക്കാനും വിലയിരുത്താനും നിലവിലുള്ള ടൂളുകൾ അപര്യാപ്തമായി വന്നു. ഇത്തരം ഒരു സാഹചര്യത്തിലാണ് മലയാള സാഹിത്യ രംഗത്ത് ഒരു പൈതൃക നിരാസത്തിന്റെ ആവശ്യമുണ്ടെന്ന് തിരിച്ചറിഞ്ഞ കെ പി അപ്പൻ ‘ക്ഷോഭിക്കുന്നവരുടെ സുവിശേഷ’വുമായി എത്തിയത്. അതാകട്ടെ, ആധുനിക സാഹിത്യത്തിന്റെ ബൈബിളാകുകയും ചെയ്തു. പിന്നീട് മലയാള സാഹിത്യവിമർശനത്തിൽ കെ പി അപ്പൻ എന്ന സാഹിത്യവിമർശകന്റെ അശ്വമേധമാണ് നാം കണ്ടത്. ആധുനികതയുടെ സുവിശേഷങ്ങളെ ഏറ്റവും മനോഹരമായ ഭാഷയിൽ അപ്പൻ അവതരിപ്പിച്ചു. ഏറ്റവും തിളക്കമുള്ള അക്ഷരങ്ങൾ കൊണ്ട് നിരൂപണ സാഹിത്യത്തെ സർഗാത്മകമാക്കി. മാർക്സിസ്റ്റ് — അക്കാദമിക്ക് നിരൂപണങ്ങളുടെ നിർജീവാവസ്ഥയിൽ നിന്ന് മോചിപ്പിച്ച് സാഹിത്യനിരൂപണത്തെ കൂടുതൽ ചലനാത്മമാക്കി.

സാഹിത്യം സമൂഹത്തിന് നേരേ ഉയർത്തിപ്പിടിച്ച കണ്ണാടിയാണ് എന്ന യാഥാസ്ഥിതിക നിലപാടിനെ അപ്പൻ ചോദ്യം ചെയ്തു. സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങളെയല്ല, മനുഷ്യന്റെ അസ്തിത്വത്തെ ബാധിക്കുന്ന പ്രശ്നങ്ങളെയാണ് എഴുത്തുകാരൻ അഭിസംബോധന ചെയ്യേണ്ടത് എന്ന് അപ്പൻ പറഞ്ഞു. സമൂഹം നേരിടുന്ന പ്രശ്നങ്ങൾ യഥാർത്ഥത്തിൽ വ്യക്തി നേരിടുന്ന പ്രശ്നങ്ങൾ തന്നെയാണെന്ന് അപ്പൻ വായനക്കാരോട് പറഞ്ഞു. സമൂഹം അസത്യമാണ്, വ്യക്തിയാണ് സത്യം. ഒരർത്ഥത്തിൽ എഴുത്ത് എന്നത് അവനവനിലേക്ക് നടത്തുന്ന അന്വേഷണമാണ്. അക്കാദമിക് നിരൂപകരും മാർക്സിസ്റ്റ് നിരൂപകരും അപ്പനെ വളഞ്ഞിട്ട് ആക്രമിച്ചു. ആശയവാദിയെന്നും വ്യക്തിവാദിയെന്നും മുദ്രകുത്തി. ഡോൺ ക്വിക്സോട്ടിന്റെ അനുജനെന്നും അരാജകവാദിയെന്നും ആക്ഷേപിച്ചു. ശത്രുവില്ലാത്തവന്റെ ജീവിതം മരണ തുല്യമാണെന്ന് പറഞ്ഞ് അപ്പൻ വിമർശനങ്ങളെ പുഞ്ചിരിച്ചുകൊണ്ട് നേരിട്ടു. അപ്പനെ സംബന്ധിച്ച് സാഹിത്യ വിമർശനം ആസ്വദിക്കാനും വിലയിരുത്താനും മാത്രമായിരുന്നില്ല സത്യാന്വേഷണത്തിനുളള ഉപാധി കൂടിയായിരുന്നു. സത്യത്തെ അന്വേഷിച്ച ഹെർമ്മൻ ഹെസിന്റെ സിദ്ധാർത്ഥനെ പോലെ അപ്പൻ കൃതികളിലൂടെ സാഹസികയാത്ര നടത്തി. ക്ഷോഭിക്കുന്നവരുടെ സുവിശേഷത്തിന്റെ ആമുഖത്തിൽ അപ്പൻ എഴുതി:
“വ്യക്തികളല്ല, ആശയങ്ങളും നിലപാടുകളുമാണ് എന്നെ ക്ഷോഭിപ്പിക്കാറുള്ളത്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ ചിന്തയുടെയും അഭിരുചിയുടെയും സ്വാതന്ത്ര്യം പ്രകടിപ്പിക്കാനുള്ള ഉപായം കൂടിയാണ് സാഹിത്യവിമർശനം.”
കലാകാരനെ യന്ത്രമാക്കി മാറ്റുന്ന എല്ലാ സാഹിത്യ പ്രസ്ഥാനങ്ങളിൽ നിന്നുമുള്ള മോചനമാണ്, രചനാപരമായ സ്വാതന്ത്ര്യമാണ് കല എന്ന് കെ പി അപ്പൻ പ്രഖ്യാപിച്ചു. ഈ സ്വാതന്ത്ര്യ പ്രഖ്യാനത്തിൽ നിന്നാണ് കാഫ്കയെയും കമ്യുവിനെയും യൊനെസ്കോയെയും ഷെനെയെയും കുറിച് അപ്പൻ ആവേശത്തോടെ എഴുതിയത്. വിശ്വസാഹിത്യത്തിലെ ‘കുരുത്തംകെട്ട’ കലാകാരന്മാരുടെ ജീവിതവും ദർശനവും അവതരിപ്പിച്ചുകൊണ്ട് മാറുന്ന മലയാള ഭാവനയുടെ സൗന്ദര്യപരമായ അടിത്തറയിടാനാണ് അപ്പൻ തന്റെ ആദ്യ പുസ്തകമായ ‘ക്ഷോഭിക്കുന്നവരുടെ സുവിശേഷ’ത്തിലൂടെ ശ്രമിക്കുന്നത്. ഇത്തരത്തിൽ പാശ്ചാത്യ ദർശനങ്ങൾ അവതരിപ്പിക്കുമ്പോഴും മലയാളത്തിലെ ആധുനിക എഴുത്തുകാരുടെ കൃതികളിൽ ആധുനികതയുടെ ലാവണ്യാനുഭൂതികൾ വളരെ കൃത്യതയോടെ അപ്പൻ നമ്മോട് പറഞ്ഞു തരുന്നുണ്ട്. മറ്റൊരർത്ഥത്തിൽ ആധുനികതയുടെ സൗന്ദര്യശാസ്ത്രത്തെ നമ്മുടെ വായനാ പരിസരങ്ങളുമായി ചേർത്തു വച്ചുകൊണ്ട് പുതിയൊരു സൗന്ദര്യാവബോധമുണ്ടാക്കാനാണ് അപ്പൻ ശ്രമിച്ചത്. വായനക്കാരന്റെ സൗന്ദര്യബോധത്തെ പരിഷ്കരിക്കുക എന്ന ചരിത്രപരമായ ദൗത്യമാണ് അപ്പൻ ഏറ്റെടുത്തത്. കലാകാരൻ സമൂഹത്തിന് വേണ്ടിയാണ് എഴുതുന്നത് എന്ന യഥാസ്ഥിതിക ബോധത്തെ അപ്പൻ തകർത്തു. അപ്പൻ പറയുന്നു:
”നഷ്ടപ്പെട്ട സാമൂഹ്യവീക്ഷണം ആധുനികതയുടെ ഒരു പോരായ്മയാണെന്ന് എനിക്ക് തോന്നിയിട്ടില്ല. അയഥാർത്ഥത്തെക്കുറിച്ചുള്ള ബോധം എഴുത്തുകാരനെ നീരാളിയെപോലെ പിടികൂടുമ്പോൾ സാമൂഹികവീക്ഷണം അസാധ്യമായി തീരുന്നു. അസ്തിത്വത്തെ സംബന്ധിക്കുന്ന അടിസ്ഥാനപരമായ പ്രശ്നങ്ങൾ സൃഷ്ടിശക്തിയെ ഉന്മാദം കൊള്ളിക്കുമ്പോൾ ജാതിയും മതവും സാമ്പത്തിക പ്രശ്നങ്ങളും അയാൾക്ക് വിഷയമല്ലാതായിത്തീരുന്നു.”

ഓരോ കലാസൃഷ്ടിയിലും എഴുത്തുകാരൻ അവനവനെ തന്നെയാണ്, അവന്റെ സ്വത്വമാണ് അന്വേഷിക്കുന്നത്. എല്ലാറ്റിനോടും തെറ്റിപ്പിരിയുന്ന മനസുള്ള കാഫ്കയും, കൃതികളിലൂടെ അന്വേഷിച്ചത് അയാളെ തന്നെയായിരുന്നു എന്ന് അപ്പൻ കണ്ടെത്തുന്നു. ജീവിതം എന്ന രഹസ്യം വല്ലാതെ പീഡിപ്പിച്ച എഴുത്തുകാരനായിരുന്നു കാഫ്ക. അയാളുടെ ആന്തരിക മനസ് ഏകാന്തതയ്ക്കു വേണ്ടി നിരന്തരം ആഗ്രഹിച്ചു. വീഞ്ഞും പെണ്ണും അയാൾക്ക് ലഹരിയായിരുന്നു. സങ്കീർണമായ ജീവിതമാണ് കാഫ്കയെ എഴുത്തുകാരനാക്കിയത്. ജീവിതത്തിന്റെ അർത്ഥം സൃഷ്ടിയിലൂടെ എങ്ങനെയാണ് കാഫ്ക അന്വേഷിച്ചതെന്ന് അപ്പൻ തന്റെ പുസ്തകത്തിൽ അവതരിപ്പിക്കുന്നു. ജീവിതം അർത്ഥശൂന്യമാണെന്ന ചിന്ത കമ്യുവിന്റെ കലാദർശനത്തിന്റെ പ്രധാന കേന്ദ്രമായി മാറുന്നതെങ്ങനെയെന്ന് വളരെ സൂക്ഷ്മമായി അപ്പൻ വിശകലനം ചെയ്യുന്നു. ‘ഈശ്വരൻ മരിച്ചുപോയി’ എന്നു വിളിച്ചു പറഞ്ഞ നീത്ഷെയുടെയും പാശ്യാത്യ ചിന്തകന്‍ ഷോപ്പനോവറുടെയും സ്വാധീനത്തിൽപ്പെട്ടുപോകുന്ന കമ്യു മനുഷ്യ ജീവിതത്തെക്കുറിയുള്ള തന്റെ ദർശനങ്ങൾ എങ്ങനെ രൂപപ്പെടുത്തുന്നു എന്ന് അപ്പൻ അന്വേഷിക്കുന്നു. സ്വന്തം ഭാവനയുടെ നിയമങ്ങളല്ലാതെ മറ്റൊന്നും അംഗീകരിക്കുകയില്ലെന്ന് പ്രഖ്യാപിച്ച യോനെസ്കോയെയും ആരുമില്ലെന്ന ബോധം ജീവിത മിത്താണെന്ന് വിശ്വസിച്ച ഷെനേയെയും അപ്പൻ തന്റെ കൃതിയിൽ വിശകലനം ചെയ്യുന്നു. ‘സൃഷ്ടിയിൽ സ്വന്തം സമ്പ്രദായം വേണം അല്ലെങ്കിൽ അടിമയായി പോകും’ എന്നു വിശ്വസിച്ച ഷെനേയുടെ സൗന്ദര്യസങ്കല്പം വിട്ടുവീഴ്ചയില്ലാത്ത ഒന്നാണെന്ന് എഴുതുമ്പോൾ, എഴുത്തിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള തന്റെതന്നെ നിലപാടിന് അസ്തിവാരമിടുകയാണ് അപ്പൻ ചെയ്തത്. ഈ സ്വാതന്ത്ര്യപ്രഖ്യാപനം തന്നെയാണ് ആധുനിക സാഹിത്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും.
ഞാൻ ആരാണെന്ന ചോദ്യമാണ് ആധുനിക എഴുത്തുകാർ ഉയർത്തിയത്. അതിൽ സ്വയംഅന്വേഷണത്തിന്റെ ഒരു ദാർശനിക തലം ഉണ്ടായിരുന്നു. ഈ ചോദ്യം എഴുത്തുകാരനെ നിരന്തരം അലട്ടിക്കൊണ്ടേയിരുന്നു. ഇതിന്റെ ഉത്തരംതേടൽ സാമൂഹ്യശാസ്ത്ര പശ്ചാത്തലത്തിൽ അസാധ്യമായി വന്നു. ഇത് അപ്പന് നന്നായി അറിയാമായിരുന്നു. അതുകൊണ്ടാണ് കാലം ആവശ്യപ്പെട്ട പുതിയൊരു നിരൂപണ രീതിയെ അപ്പൻ അവതരിപ്പിച്ചത്. അത് എഴുത്തുകാരന്റെയും കഥാപാത്രങ്ങളുടെയും സ്വത്വത്തിലൂന്നിയുള്ള നിരൂപണമായിരുന്നു. അതോടെ മലയാള നിരൂപണത്തിന് ഒരു ദാർശനികമാനം കൈവന്നു. വ്യക്തിയുടെ അസ്തിത്വത്തിലും സ്വാതന്ത്ര്യത്തിലും കേന്ദ്രീകരിക്കുന്ന ചിന്താപദ്ധതിയായ അസ്തിത്വവാദത്തെ അപ്പൻ ആവേശത്തോടെ സ്വീകരിച്ചു. അസ്തിത്വവാദം മനുഷ്യനെ സ്വതന്ത്രനാക്കുന്നു. എല്ലാത്തരം കെട്ടുപാടുകളെയും അത് പൊട്ടിച്ചെറിയുന്നു. മറ്റൊരർത്ഥത്തിൽ എഴുത്തുകാരന്റെ സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു അപ്പൻ അവതരിപ്പിച്ച നവീന നിരൂപണം. ജീവിതം ഒരു തടവുമുറിയാണെന്നും ഇതിൽ നിന്ന് രക്ഷപ്പെടുക എന്നത് പ്രയാസമാണെന്നും മനുഷ്യൻ തിരിച്ചറിയുന്നു. ഇതോടെ അവൻ ശിക്ഷിക്കപ്പെടുന്നവന്റെ അവസ്ഥയിലെത്തുകയും വേദനിക്കുകയും ചെയ്യുന്നു. ഈ വേദനയിൽ നിന്നാണ് സ്വയം കണ്ടെത്താനുള്ള അന്വേഷണത്തിൽ അവനെ എത്തിക്കുന്നത്. ഇത്തരം അന്വേഷണമാണ് ആധുനിക എഴുത്തുകാരൻ തന്റെ കൃതികളിലൂടെ അവതരിപ്പിക്കുന്നത്. അപ്പൻ എഴുതുന്നു:
” സമൂഹത്തിന്റെ മധ്യത്തിൽ ജീവിക്കുമ്പോഴും മനുഷ്യനെ അവന്റെ സ്വകാര്യചിന്തകൾ പീഡിപ്പിച്ചു കൊണ്ടിരിക്കും. ഒറ്റപ്പെട്ട മനുഷ്യൻ സ്വകാര്യ ചിന്തയുടെ തടവിൽ മോചനമില്ലാതെ കഴിയുന്നവനാണ്. സമൂഹത്തിന്റെ വിശ്വാസത്തിനും വ്യക്തിയുടെ സ്വകാര്യദർശനത്തിനുമിടയിൽ കാണുന്ന ഈ ഭയാനകമായ വിടവിന് ഒരു പാലം അസാധ്യമാണെന്ന യാഥാർത്ഥ്യം മനസിലാക്കാൻ കലാകാരൻ സ്വയം ഭ്രഷ്ടനാക്കുന്നു.”

ഇടപ്പള്ളി രാഘവൻ പിള്ളയുടെ ആത്മഹത്യയെ ആധുനികതയുടെ ദാർശനിക ചുറ്റുപാടിൽ നിന്ന് വിലയിരുത്തുന്ന ‘മരണത്തിന്റെ സൗന്ദര്യം’ എന്ന ലേഖനം വലിയ സംവാദങ്ങൾക്കും വിവാദങ്ങൾക്കും കാരണമായിരുന്നു. മലയാള സാഹിത്യത്തിലെ ആദ്യത്തെ കാല്പനികവാദിയായ അന്യൻ ( Roman­tic Out Sider) എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് അപ്പൻ മലയാളിയെ ഞെട്ടിച്ച ഇടപ്പള്ളിയുടെ ആത്മഹത്യ അന്വേഷിക്കുന്നത്. സ്വതന്ത്രനായി ജനിക്കുന്നുവെങ്കിലും മനുഷ്യൻ എന്നും ദുഃഖത്തിന്റെ ചങ്ങലകളിലാണെന്ന് ഇടപ്പള്ളി വിശ്വസിച്ചിരുന്നതായി അപ്പൻ പറയുന്നു. ആത്മഹത്യക്ക് മുൻപ് കവി എഴുതിയ മരണാഭിമുഖ്യമുള്ള കവിതകളെ വിശകലനം ചെയ്തു കൊണ്ട്, പ്രണയഭംഗം ഇല്ലായിരുന്നുവെങ്കിൽ കൂടി ഇടപ്പളളി ആത്മഹത്യ ചെയ്യുമായിരുന്നു എന്ന നിഗമനത്തിൽ അപ്പൻ എത്തുന്നുണ്ട്. ജീവിതമെന്ന ഭൂമിയുടെ തിന്മ ഇടപ്പള്ളിയെ നിരന്തരം പീഡിപ്പിച്ചപ്പോൾ മരണത്തിന്റെ സൗന്ദര്യത്തിലേക്ക് അദ്ദേഹം വീഴുകയായിരുന്നു. മരണവും സൗന്ദര്യവും പരസ്പരം ബന്ധപ്പെട്ടു കിടക്കുകയാണ്. അതിനാൽ മരണത്തിൽ ലയിക്കാനുള്ള ഇടപ്പള്ളിയുടെ ആഗ്രഹത്തിൽ സൗന്ദര്യത്തെ പ്രാപിക്കാനു ആഗ്രഹം തന്നെയാണ് ഒളിഞ്ഞു കിടക്കുന്നതെന്ന് അപ്പൻ കണ്ടെത്തുന്നു. അപ്പൻ എഴുതുന്നു:
“കാല്പനിക വേദന അനുഭവിച്ച ഒരു കവിക്കും മരണത്തെയും സൗന്ദര്യത്തെയും രണ്ടായി കാണാൻ കഴിഞ്ഞിട്ടില്ല. മരണവും സൗന്ദര്യവും സ്നേഹവതികളായ രണ്ട് സഹോദരികളാണെന്ന് ബോദ് ലേറും യൂഗോയും പാടിയത് ഉദാഹരണ സഹിതം മരിയോ പ്രാസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ക്രൂരമായ ആനന്ദവും വിഷാദാത്മകമായ മാധുര്യവും സമ്മാനിക്കുന്ന രണ്ടു സഹോദരികളായി ശവമഞ്ചത്തെയും വിവാഹമഞ്ചത്തെയും സകല്പിച്ചു കൊണ്ട് ബോദ് ലേർ എഴുതിയ ‘രണ്ടു നല്ല സഹോദരികൾ’ എന്ന കവിത ഇടപ്പള്ളിയുടെ ദർശനം കൂടുതൽ അഗാധതയിൽ മനസിലാക്കാൻ നമ്മെ സഹായിക്കും… മരണവും പ്രേമവും ഇടപ്പള്ളിക്ക് നല്ല രണ്ട് സഹോദരിമാരായിരുന്നു. മരണത്തോട് ബന്ധപ്പെടുമ്പോൾ പ്രേമത്തിന് കൂടുതൽ സൗന്ദര്യം കിട്ടുന്നുവെന്നുപോലും ഇടപ്പള്ളി വിശ്വസിച്ചിരുന്നു… ” ഇങ്ങനെ ആരും തോണിയിറക്കാൻ ധൈര്യപ്പെടാത്ത മഹാസമുദ്രത്തിലേക്കാണ് അപ്പൻ ഒറ്റയ്ക്ക് തുഴഞ്ഞു പോയത്.
ആധുനിക സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയമായ അസ്തിത്വത്തെ സംബന്ധിക്കുന്ന ദാർശനിക പ്രശ്നമാണ് അപ്പൻ എഴുപതുകളിൽ അന്വേഷിച്ചത്. അവസ്ഥാന്തര കാലഘട്ടത്തിലെ എഴുത്തുകാരൻ എംടി യിൽ തുടങ്ങി മുകുന്ദനിലൂടെയും വിജയനിലൂടെയും ആനന്ദിലൂടെയും കാക്കനാടനിലൂടെയും ആ അന്വേഷണം വികസിപ്പിക്കുന്നു. ആൾക്കൂട്ടത്തിൽ തനിയെ ആയി പോകുന്നവനാണ് ആധുനിക കാലത്തെ മനുഷ്യൻ. സുഹൃത്തുക്കളോ ബന്ധുക്കളോ സഹോദരങ്ങളോ തനിക്ക് ഇല്ല എന്ന് റൂസോയെപോലെ അവർ വിലപിക്കുന്നു. അവൻ എല്ലാ നിയമങ്ങളേയും ചോദ്യം ചെയ്യുന്നു. നിയമം ആത്മവികാസത്തിന്റെ ശത്രുവാണെന്ന് അവൻ കരുതുന്നു. പ്രക്ഷോഭകാരികളായ ഇത്തരം എഴുത്തുകാർ സൃഷ്ടിയുടെ രംഗത്ത് അച്ചടക്കരാഹിത്യമാണ് കാട്ടുക. അധുനിക കാലത്തെ ഇത്തരം കലാസൃഷ്ടികൾ വായനക്കാർക്ക് മുന്നിൽ വലിയൊരു ദുർഗംപോലെ നിന്നപ്പോഴാണ് ആധുനികതയുടെ ലാവണ്യശാസ്ത്രം അവതരിപ്പിച്ചു കൊണ്ട് കെ പി അപ്പൻ ക്ഷോഭിക്കുന്നവരുടെ സുവിശേഷവുമായി വന്നത്. ഈ പുസ്തകം മലയാളിയുടെ സൗന്ദര്യ ബോധത്തെ കാലത്തിനുസരിച്ച് നവീകരിക്കുകയായിരുന്നു. തന്റെ കാലഘട്ടത്തിലെ സൗന്ദര്യ ബോധത്തെ തകർത്തുകൊണ്ട് പുതിയൊരു ലാവണ്യബോധം അവതരിപ്പിക്കുന്നവനാണ് യഥാർത്ഥ ജീനിയസ് എന്ന് ടി എസ് ഏലിയറ്റ് നിരീക്ഷിക്കുന്നുണ്ട്. റിയലിസത്തിന്റെ പരിമിതി മനസിലാക്കിയ പുതിയ എഴുത്തുകാർ സൃഷ്ടിച്ച കലാപത്തെ വായനക്കാരുടെ ആസ്വാദന മനസിലേക്ക് അലിയിച്ചു ചേർക്കാനാണ് അപ്പൻ ശ്രമിച്ചത്. അതിൽ കാലത്തിന്റെ ഒരു കരുതിവയ്പുണ്ടായിരുന്നു. രൂക്ഷമായ വിമർശനങ്ങളാണ് അപ്പന് ഇക്കാലത്ത് നേരിടേണ്ടി വന്നത്. അവയ്ക്ക് മറുപടിയായി അപ്പൻ ഇങ്ങനെ എഴുതി:

“പുതിയ വിമർശകൻ ചരിത്രത്തിലെ ആദ്യത്തെ റെബലായ സോക്രട്ടീസിനെ പോലെ തെറ്റിദ്ധരിക്കപ്പെട്ടവനായിരിക്കും. വർത്തമാന തലമുറയെ വഴി പിഴപ്പിക്കുന്നുവെന്ന കുറ്റാരോപണം യാഥാസ്ഥിതികർ അയാളുടെമേൽ എറിഞ്ഞു പിടിപ്പിക്കുമ്പോഴും അയാൾ സകലതിനേയും ചോദ്യം ചെയ്യുന്നു. പാരമ്പര്യസിദ്ധമല്ലാത്ത മനസ് ആപല്ക്കരമായി ചിന്തിക്കുവാൻ അയാളുടെ ജീവനിൽ നിരന്തരമായി പ്രേരണ ചെലുത്തുന്നതുകൊണ്ട് പ്രതികൂല വിമർശനത്തിന്റെ വിഷക്കോപ്പകൾ അയാളുടെ ചിന്തയെ ഒരിക്കലും പരിഭ്രമിപ്പിക്കാറില്ല… ”
സോക്രട്ടീസിന് വിഷം കൊടുത്തവരെ നാം ഓര്‍ക്കാറില്ല. അവര്‍ എന്നേ മരിച്ചു കഴിഞ്ഞു. വിഷം കഴിക്കേണ്ടി വന്ന സോക്രട്ടീസ് ഇന്നും മരണമില്ലാതെ ജീവിക്കുന്നുവല്ലോ…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.