25 October 2024, Friday
KSFE Galaxy Chits Banner 2

കറണ്ട് കട്ടായാല്‍ നഷ്ടപരിഹാരം; നിയമം പുതുവര്‍ഷം മുതല്‍

കെ രംഗനാഥ്
തിരുവനന്തപുരം
October 1, 2023 10:19 pm

പവര്‍കട്ടും ലോഡ്ഷെഡ്ഡിങ്ങും തുടങ്ങിയ വിവിധ കാരണങ്ങളാല്‍ വൈദ്യുതി നിഷേധിക്കപ്പെട്ടാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം നല്കാന്‍ വ്യവസ്ഥ ചെയ്യുന്ന കേന്ദ്ര നിയമം ജനുവരി മുതല്‍ പ്രാബല്യത്തിലാകും. മൂന്നു മാസം മുമ്പ് പ്രസിദ്ധീകരിച്ച കരട് നിയമത്തിന്റെ അവസാന മിനുക്കു പണികള്‍ പൂര്‍ത്തിയായി. വിവിധ വിഭാഗം ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ കേട്ട ശേഷമാണ് വൈദ്യുതി ഉപഭോക്തൃ അവകാശ നിയമഭേദഗതി കൊണ്ടുവരുന്നത്. വൈദ്യുതി അടിസ്ഥാന അവകാശമായി നിര്‍വചിക്കുന്ന ഈ നിയമമനുസരിച്ച് 24 മണിക്കൂറും ഉപഭോക്താവിന് കറണ്ട് തടസമില്ലാതെ ലഭ്യമാക്കണം. ലോഡ്ഷെഡ്ഡിങ്ങോ പവര്‍കട്ടോ നടപ്പിലാക്കുമ്പോള്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡുകളില്‍ നിന്നോ സ്വകാര്യ വൈദ്യുതോല്പാദന വിതരണ കമ്പനികളില്‍ നിന്നോ നഷ്ടപരിഹാരം അവകാശപ്പെടാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. പുതിയ വൈദ്യുതി കണക്ഷന്‍ നല്കുന്നതിനും വൈദ്യുതി കണക്ഷന്‍ മാറ്റി സ്ഥാപിക്കുന്നതിനും കണക്ഷന്‍ മാറ്റി നല്കുന്നതിനും പുതിയ സ്ലാബിലേക്ക് മാറുന്നതിനും ലഭിക്കുന്ന അപേക്ഷകളിന്മേല്‍ എടുക്കാവുന്ന പരമാവധി സമയവും പുതിയ നിയമത്തില്‍ നിര്‍ണയിച്ചിട്ടുണ്ട്. ഈ സേവനങ്ങള്‍ നല്കുന്നതില്‍ നിയമത്തില്‍ നിര്‍ണയിച്ചിട്ടുള്ള സമയത്തില്‍ അധികമെടുത്താലും വിതരണ സ്ഥാപനം നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥമാണ്. 

2020ലെ വൈദ്യുതി (ഉപഭോക്താക്കളുടെ അവകാശങ്ങള്‍) ചട്ടപ്രകാരം വൈദ്യുതി വിതരണ സ്ഥാപനങ്ങള്‍ 24 മണിക്കൂറും വൈദ്യുതി വിതരണം ഉറപ്പുവരുത്തണമെന്ന് നിഷ്കര്‍ഷിച്ചിരുന്നു. എന്നാല്‍, ഈ നിര്‍ദേശം വ്യാപകമായി ലംഘിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് നഷ്ടപരിഹാര വ്യവസ്ഥ പുതിയ നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്നും വിശദീകരണമുണ്ട്. വൈദ്യുതി മേഖലയിലെ സുപ്രധാന പങ്കാളികളാണ് ഉപഭോക്താക്കളെന്നും അവരാണ് ഈ മേഖലയെ നിലനിര്‍ത്തുന്നതെന്നും നിയമത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളില്‍ പറയുന്നുണ്ട്. രാജ്യത്താകെ വൈദ്യുതീകരണം നിലവില്‍ വന്നതിനാല്‍ ഉപഭോക്താക്കളുടെ സംതൃപ്തികൂടി കണക്കിലെടുത്താണ് തടസമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാന്‍ നഷ്ടപരിഹാര വ്യവസ്ഥ കൊണ്ടുവരുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
മതിയായ വൈദ്യുതി വിതരണ ക്രമീകരണങ്ങള്‍ നടപ്പാക്കാത്ത വിതരണ കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കുകയോ സസ്പെന്റ് ചെയ്യുകയോ ചെയ്യാം. മുന്‍കൂട്ടി കാണാന്‍ കഴിയാത്ത സാഹചര്യങ്ങളിലോ സാങ്കേതിക തകരാറുകള്‍ മൂലമോ വിതരണം മുടങ്ങുന്ന വേളകളില്‍ നഷ്ടപരിഹാരം ഈടാക്കുന്നതല്ല. പുതിയ നിയമത്തിലെ ഈ പഴുതുപയോഗിച്ച് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് വിതരണം മുടക്കാന്‍ കമ്പനികള്‍ക്ക് കഴിയുമെന്ന ആശങ്കയുമുണ്ട്. 

നഷ്ടപരിഹാര വ്യവസ്ഥ വൈദ്യുതി പ്രതിസന്ധി നേരിടുന്ന പല സംസ്ഥാനങ്ങളെയും പുതിയ നിയമം പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വൈദ്യുതിയുടെ കാര്യത്തില്‍ കമ്മി സംസ്ഥാനമായ കേരളത്തിന് പുതിയ നിയമമനുസരിച്ചുള്ള നഷ്ടപരിഹാര വ്യവസ്ഥ വന്‍ ഭാരമായിരിക്കും. ദേശീയ പാതകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിനിടെ പരിസരങ്ങളിലെ വൈദ്യുതി നിര്‍ത്തിവയ്ക്കേണ്ടിവരും. ഇതിന് നഷ്ടപരിഹാരം നല്കേണ്ടിവരുമോ എന്ന് നിയമത്തില്‍ വ്യക്തതയില്ല. എന്നാല്‍ പ്രകൃതിക്ഷോഭങ്ങള്‍ മൂലം വൈദ്യുതി വിതരണം തടസപ്പെട്ടാല്‍ നഷ്ടപരിഹാരം നല്കേണ്ടതില്ല എന്ന വ്യവസ്ഥയുണ്ട്. എന്നാല്‍ പൊതുവേ ഉപഭോക്താക്കള്‍ക്ക് അനുകൂലമായ ഈ നിയമം നടപ്പാക്കുന്നതിനെതിരെ കോര്‍പറേറ്റ് ഭീമന്മാരായ അഡാനി പവര്‍, ടാറ്റാ പവര്‍, റിലയന്‍സ് പവര്‍, ജെഎസ്ഡബ്ല്യു എനര്‍ജി തുടങ്ങിയ വിതരണ സ്ഥാപനങ്ങള്‍ അണിയറയില്‍ ചരടുവലിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവരുന്നുണ്ട്. ബില്‍ നടപ്പാക്കിത്തുടങ്ങുമ്പോള്‍ നഷ്ടപരിഹാരം നിഷേധിക്കുന്നതിനെതിരെ കേസുകളുടെ വന്‍ പ്രവാഹം തന്നെയുണ്ടാകുമെന്നും ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു.

Eng­lish Summary:Compensation if the cur­rent is blocked; Act from New Year
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.