30 September 2024, Monday
KSFE Galaxy Chits Banner 2

ഇന്ന് അന്താരാഷ്ട്ര ക്ഷീരദിനം; ക്ഷീര മേഖലയുടെ സമഗ്ര വികസനം

ജെ ചിഞ്ചുറാണി
മൃഗസംരക്ഷണം, ക്ഷീര വികസന വകുപ്പ് മന്ത്രി
June 1, 2022 7:00 am

ശൈശവ കാലം മുതൽ വാർധക്യാവസ്ഥ വരെ ഉപയോഗിക്കാവുന്ന പ്രകൃതിദത്തമായ ഏറ്റവും പോഷക ഗുണങ്ങളടങ്ങിയ ഉത്തമ സമീകൃതാഹാരമാണ് പാൽ. ഉത്തമ ഭക്ഷണമെന്ന നിലയിൽ പാലിന്റെ പ്രാധാന്യം കണക്കിലെടുത്ത് ജൂൺ ഒന്നിന് അന്താരാഷ്ട്ര ക്ഷീരദിനം അഥവാ പാൽദിനമായി ആഷോഷിക്കുകയാണ് ലോകമെങ്ങും. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഭക്ഷ്യ കാർഷിക സംഘടനയുടെ ആഹ്വാനപ്രകാരം 2001 മുതലാണ് എല്ലാ വർഷവും ജൂൺ ഒന്നാം തീയതി ലോക ക്ഷീരദിനമായി കൊണ്ടാടാൻ ആരംഭിച്ചത്. പാലിനെ ആഗോള ഭക്ഷണമായി കണ്ട് അതിന്റെ പ്രാധാന്യം മനസിലാക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. പാലിന്റെയും പാലുല്പന്നങ്ങളുടെയും ഉപഭോഗം ലോകമെമ്പാടും പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലവും ജീവനോപാധിയെന്ന നിലയിൽ പശു വളർത്തൽ എത്രമാത്രം സ്വാധീനിക്കുന്നുവെന്ന തിരിച്ചറിവുമാണ് ഐക്യരാഷ്ട സംഘടനയെ ലോക ക്ഷീരദിനം ആചരിക്കാൻ പ്രേരിപ്പിച്ച ഘടകങ്ങൾ. ക്ഷീരോല്പാദന മേഖലയിലെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ഈ ദിനം ഉപയോഗപ്പെടുത്തുന്നു. ഓരോ വർഷവും ക്ഷീരവികസനവുമായി ബന്ധപ്പെട്ട പ്രത്യേക സന്ദേശങ്ങൾ ജനഹൃദയങ്ങളിൽ എത്തിക്കുവാൻ അന്താരാഷ്ട്രതലത്തിൽ പ്രത്യേക പ്രമേയങ്ങൾ തെരഞ്ഞെടുക്കാറുണ്ട്. “ആഘോഷം പാലിലൂടെ” എന്ന മുദ്രാവാക്യം മുൻനിർത്തി “ക്ഷീരമേഖലയിൽ സുസ്ഥിര വികസനം മുൻനിർത്തിയുള്ള പാരിസ്ഥിതിക – പോഷക- സാമൂഹ്യ- സാമ്പത്തിക- ശാക്തീകരണം” എന്നതാണ് ഈ വർഷത്തെ ക്ഷീരദിനപ്രമേയം. ദേശീയ തലത്തിലുള്ള ആഘോഷങ്ങൾക്കൊപ്പം കേരളവും പങ്കുചേരുകയാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വളരെ പരിമിതമായ രീതിയിലാണ് കഴിഞ്ഞവർഷത്തെ ക്ഷീരദിനം ആചരിച്ചത്. അതുകൊണ്ട് തന്നെ ഇത്തവണ സമുചിതമായ രീതിയിൽ ഈ ദിനം ആചരിക്കുകയാണ്. ദേശീയതലത്തിൽ 1970 മുതൽ നടപ്പിലാക്കിയ നമ്മുടെ ധവള വിപ്ലവവും ആനന്ദ് മാതൃകയും ലോകം മുഴുവൻ അംഗീകരിക്കുകയും പ്രശംസിക്കുകയും വ്യാപിപ്പിക്കുകയും ചെയ്ത ഉത്തമ വികസന മാതൃകയാണ്. ഡോ: വർഗീസ് കുര്യന്റെ നേതൃത്വത്തിൽ സഹകരണ മേഖലയിലൂടെ അസംഘടിതരായ പാവപ്പെട്ട ക്ഷീരകർഷകരെ സംഘടിപ്പിക്കുന്നതിനും പാലിന്റെ സംഭരണം — സംസ്കരണം — മൂല്യവർധന — വിപണനം എന്നിവ ഉറപ്പാക്കുന്നതിനും വിദേശ വിപണിയിൽ പോലും എത്തിക്കുന്നതിനും സാധിച്ചു. 2020–21 വർഷം 209.96 ദശലക്ഷം ലിറ്റർ പാൽ ഉല്പാദിപ്പിച്ചുകൊണ്ട് ഇന്ത്യ ലോക ക്ഷീര ഭൂപടത്തിൽ വർഷങ്ങളായി ഒന്നാം സ്ഥാനത്തു തുടർന്നുവരുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ കാലിസമ്പത്തും കന്നുകാലികളുടെ ജൈവ വൈവിധ്യവും ഇന്ത്യയിലാണ്. ഇന്ത്യയിലെ കാലിസമ്പത്ത് 303.76 ദശലക്ഷം ആണ്. കേരളത്തിൽ ക്ഷീരമേഖല അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. രാജ്യത്ത് തന്നെ പാലിന് ഏറ്റവും കൂടുതൽ വില നൽകുന്ന നമ്മുടെ സംസ്ഥാനത്തെ കാലിസമ്പത്ത് 13.42 ലക്ഷമാണ്.


ഇതുകൂടി വായിക്കാം; സുസ്ഥിര വികസന ലക്ഷ്യങ്ങളും ജൈവവൈവിധ്യ സംരക്ഷണവും


എട്ടുലക്ഷം കർഷക കുടുംബങ്ങൾ പാലുല്പാദനത്തിൽ ഏർപ്പെട്ടിരിക്കുന്നു. സംസ്ഥാനത്തെ പാൽ വിപണിയുടെ നിയന്ത്രണം സഹകരണ മേഖലയ്ക്കാണ്. 3,643 ക്ഷീര സംഘങ്ങളിലൂടെ രണ്ട് ലക്ഷം ക്ഷീരകർഷകർ ഉൾക്കൊളളുന്ന വിപുലമായ ശൃംഖലയാണിത്. മൊത്തം ക്ഷീരോൽപാദനമായ 25.34 ലക്ഷം മെട്രിക് ടണ്ണിൽ 27 ശതമാനം സഹകരണ മേഖല സംഭരിക്കുന്നു. പ്രതിവർഷം 2852.7 കോടി രൂപ ക്ഷീരകർഷകർക്ക് പാൽ വിലയായി നൽകുന്നു. സംഘടിത സഹകരണ മേഖലയിൽ ഇരുപത്തിഅയ്യായിരത്തോളം ജീവനക്കാർ പ്രത്യക്ഷമായും 50,000 പേർ പരോക്ഷമായും ജോലി ചെയ്യുന്നു. അങ്ങനെ സഹകരണ മേഖലയിൽ മാത്രം 9.5 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കപ്പെടുന്നു. സഹകരണ മേഖലയോടൊപ്പം ചാരിറ്റബൾ സ്വകാര്യ മേഖലകളും സജീവമായി പാൽ വിപണന രംഗത്തുണ്ട്. പാലുല്പാദകരിൽ 38 ശതമാനം വനിതാ സംരംഭകരാണെന്ന് എടുത്തുപറയത്തക്കതാണ്. ആബാലവൃദ്ധം ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിൽ പാലിന്റെയും പാലുല്പന്നങ്ങളുടെയും പങ്ക് വളരെ പ്രധാനമാണ്. 189 ഗ്രാം പാൽ പ്രതിശീർഷ ലഭ്യതയായി സംസ്ഥാനത്ത് ഉണ്ട് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് ദേശീയ ശരാശരിയേക്കാൾ കുറവാണ്. പ്രതിശീർഷ ലഭ്യത ഒരാൾക്ക് 250 ഗ്രാം എന്ന നിലയിലേക്കുയർത്തുവാൻ ആവശ്യമായ കർമ്മപദ്ധതികളാണ് സർക്കാർ ക്ഷീരവികസനം, മൃഗസംരക്ഷണം മറ്റ് അനുബന്ധ ഏജൻസികൾ എന്നിവയിൽ കൂടി നടപ്പിലാക്കി വരുന്നത്. നിലവിൽ ദേശീയ ശരാശരിയെക്കളും ഉയർന്ന പാലുല്പാദന ക്ഷമത കേരളത്തിനുണ്ട്. ക്ഷീരോല്പാദനം ലാഭകരമാക്കുന്നതിനും തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങളും സംഭരണവും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനും ധാരാളം പദ്ധതികൾ നടപ്പിലാക്കുന്നു. നാടൻ പശുക്കളെ സംരക്ഷിക്കുന്നതോടൊപ്പം അവന്റെ നിലനിൽപ്പിനു ആവശ്യമായ നല്ലസങ്കരയിനം പശുക്കളെ ലഭ്യമാക്കുന്നതിന് കെഎല്‍ഡിബി ബോർഡ് എല്ലാവിധ സഹായങ്ങളും ക്ഷീരകർഷകന് നൽകികൊണ്ട് കൂടെ തന്നെയുണ്ട് എന്നത് എടുത്തു പറയേണ്ടതാണ്. ആരോഗ്യ പരിരക്ഷയും ഇൻഷുറൻസും കാലിത്തീറ്റ സബ്സിഡിയും നൽകി മികച്ച പശുക്കളെ വളർത്തിയെടുക്കുന്ന പ്രത്യേക കന്നുക്കുട്ടി പരിപാലന പരിപാടി 1976 മുതൽ കേരളത്തിൽ നടപ്പിലാക്കി വരുന്നു. ഇതുൾപ്പെടെയുള്ള വിവിധ ഇടപെടലിലൂടെ ഇപ്പോൾ കേരളത്തിലെ കന്നുകാലികളിൽ 94 ശതമാനവും ഉല്പാദനശേഷി ഉയർന്ന വിദേശീയ സങ്കരയിന മൃഗങ്ങളായി മാറ്റാനായിട്ടുണ്ട്. ഉരുക്കളെ വാങ്ങുന്നതിനുള്ള ധനസഹായ പദ്ധതികൾ, ക്ഷീരവൃദ്ധിയിൽ ആധുനികവത്കരണ യന്ത്രവല്ക്കരണം, തീറ്റപ്പുൽകൃഷി അടിസ്ഥാന വികസനം, ക്ഷീരസഹകരണ സംഘങ്ങളിലെ ശാക്തീകരണ പദ്ധതികൾ, കാലിത്തീറ്റ ധനസഹായ വിതരണം, പാൽ ഗുണനിലവാര നിയന്ത്രണം, ഈ മേഖലയിലെ വിജ്ഞാനവ്യാപന പ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധ പദ്ധതികള്‍ ക്ഷീരവികസന വകുപ്പ് വഴി സർക്കാർ നടപ്പിലാക്കിവരുന്നു. കേരളത്തിലെ പാൽ സംഭരണ വിതരണ വിപണന രംഗത്ത് സ്ഥിരത കൈവരിക്കുക എന്ന ലക്ഷ്യത്തോടുകൂടി സർക്കാർ ധനസഹായത്തോടുകൂടി മലപ്പുറം ജില്ലയിലെ മൂർക്കനാട് പാൽ പൊടിയാക്കി മാറ്റുന്നതിനുള്ള ഫാക്ടറിയുടെ നിർമ്മാണത്തിന് അനുമതി നൽകുകയും പ്രാരംഭ പ്രവർത്തനങ്ങൾക്ക് പദ്ധതി വിഹിതമായ 15 കോടി രൂപ അനുവദിക്കുകയും ചെയ്തു. പാൽപ്പൊടിയിൽ നിന്നുള്ള മൂല്യവർധിത ഉല്പന്നങ്ങളും നിർമ്മിക്കാവുന്നതാണ്. ഇതോടൊപ്പം കേരളത്തിന്റെ പാൽ സംസ്കരണ ശേഷി വർധിപ്പിക്കും. കൂടാതെ വിവിധ പാലുല്പന്നങ്ങളുടെ നിർമ്മാണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.


ഇതുകൂടി വായിക്കാം; “മരിക്കസാധാരണം, ഈ വിശപ്പില്‍ ദഹിക്കലോ…”


ദീർഘകാലാടിസ്ഥാനത്തിൽ സംയോജിത പശു വളർത്തലിലൂടെ ഉല്പാദനം മുതൽ വിപണനം വരെ ഇടപെടൽ നടത്തി ക്ഷീരമേഖലയിൽ പരമാവധി തൊഴിലും വരുമാനവും ഉറപ്പാക്കുകയെന്നതാണ് ഗവൺമെന്റിന്റെ ലക്ഷ്യം. കേരളം അഭിമുഖീകരിച്ച പ്രകൃതി ദുരന്തങ്ങളും, കോവിഡ് മഹാമാരിയും നമ്മുടെ കാർഷിക — തൊഴിൽ സാമ്പത്തിക മേഖലകളിൽ ഏറെ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിൽ അടിസ്ഥാന ഗ്രാമീണ തൊഴിൽ മേഖലയ്ക്ക് താങ്ങും തണലുമായി നിൽക്കുന്നത് ക്ഷീരമേഖല മാത്രമാണ് എന്ന് മാത്രവുമല്ല ക്ഷീരമേഖലയുടെ പ്രവർത്തനം സുഗമമായി നിർവഹിക്കുന്നതിനും പൂർണമായ പാൽ സംഭരണം ഉറപ്പുവരുത്തുന്നതിനും കൃത്യമായ പാൽവില നൽകുന്നതിനും നമുക്ക് സാധിച്ചിട്ടുമുണ്ട്. സുസ്ഥിരവും സമഗ്രവും പരിസ്ഥിതി സൗഹൃദവുമായ ക്ഷീര വികസനമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. പാലുല്പാദകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ നേട്ടം ലഭ്യമാക്കുക, ശുദ്ധമായ പാലുല്പാദനം, പാലുല്പാദന ചെലവ് കുറയ്ക്കല്‍, ക്ഷീരമേഖലയെ ആധുനികവല്ക്കരിക്കുന്നതിനുള്ള പ്രത്യേക പദ്ധതികൾ, പാലുല്പാദനവും കന്നുകാലി സമ്പത്തും വര്‍ധിപ്പിക്കുക എന്നിങ്ങനെയുള്ള പദ്ധതികൾ ക്ഷീരവികസന വകുപ്പ് വഴി സർക്കാർ നടപ്പിലാക്കി വരുന്നു. ക്ഷീരകർഷകരുടെ സാമൂഹിക സാമ്പത്തിക ഉന്നമനത്തെ ഉറപ്പു വരുത്തിയും ക്ഷീരവികസന മേഖലയുടെ സുസ്ഥിരവും സമഗ്രവുമായ വികസനം ലക്ഷ്യമാക്കിക്കൊണ്ടുമാണ് പദ്ധതി പ്രവർത്തനങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്. ഇതോടൊപ്പം പശു കറവയുമായി ബന്ധപ്പെട്ട് പ്രത്യേക തൊഴിൽദാന പദ്ധതി, വാണിജ്യാടിസ്ഥാനത്തിലുള്ള ഡയറി ഫാമുകൾക്കുള്ള സഹായം, ക്ഷീര സംഘങ്ങൾ മുഖേന പാരമ്പര്യേതര തീറ്റ വസ്തുക്കൾ ഉല്പാദിപ്പിക്കുന്ന പദ്ധതി എന്നിവയും നടപ്പിലാക്കി വരികയാണ്. ക്ഷീരകർഷകർക്ക് ഒരു താങ്ങായിത്തീരുവാൻ ക്ഷീരവികസന വകുപ്പിന്റെ കീഴിൽ സംയോജിത ബാധ്യതാ ഗ്രൂപ്പ് (ക്ഷീരശ്രീ) രൂപീകരിക്കുന്നതിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ചെറുകിട നാമമാത്ര കർഷകർക്ക് ഗ്രൂപ്പായോ വ്യക്തിപരമായോ ക്ഷീരമേഖലയുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളും ആവശ്യങ്ങൾക്കനുസൃതമായി നടപ്പിലാക്കുന്നതിനും ഏകീകരിക്കുന്നതിനുമാണ് ഇത്തരത്തിലുള്ള സംയോജിത ബാധ്യതാ ഗ്രൂപ്പുകളിലൂടെ (ജെഎല്‍ജി) സർക്കാർ ലക്ഷ്യമിടുന്നത്. ലഘു കറവ യന്ത്രങ്ങൾ, മൊബൈൽ കറവ യൂണിറ്റുകൾ എന്നിവയുടെ പരിജ്ഞാനം സംയോജിത ബാധ്യതാ ഗ്രൂപ്പ് അംഗങ്ങൾക്ക് നൽകാനുള്ള നടപടികളും നടന്നു വരികയാണ്. 2024ൽ ക്ഷീരോല്പാദനത്തിൽ സമ്പൂർണ പര്യാപ്തത കൈവരിക്കുന്നതിനുള്ള പ്രവർത്തനമാണ് ആസൂത്രണം ചെയ്യുന്നത്. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചും ക്ഷീരോല്പന്ന നിർമ്മാണം പ്രോത്സാഹിപ്പിച്ചും പാലിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയും വിദേശ വിപണിയിലുൾപ്പെടെ ക്ഷീരോല്പന്നങ്ങളുടെ സാന്നിധ്യം ലഭ്യമാക്കിയും, ക്ഷീരകർഷകരുടെ സാമൂഹിക ക്ഷേമവും സാമൂഹിക പദവിയും ഉറപ്പുവരുത്തിയും ക്ഷീര വികസന മേഖലയുടെ സുസ്ഥിര വികസനം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ലോക ക്ഷീരദിനത്തിൽ ക്ഷീരകർഷകരെയും ഉപഭോക്താക്കളെയും അഭ്യൂദയകാംക്ഷികളെയും എന്റെ ആശംസകൾ അറിയിക്കുന്നു. ക്ഷീരമേഖലയുടെ സമഗ്രമായ വികസനത്തിന് നമുക്ക് കൈകോർക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.