20 May 2024, Monday

Related news

May 18, 2024
May 17, 2024
May 16, 2024
May 14, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 11, 2024
May 11, 2024

ബിജെപിയിലേക്കുള്ള ഒഴുക്കുതടയാന്‍ ജംബോ ഭാരവാഹിപ്പട്ടികയുമായി കോൺഗ്രസ്

ബേബി ആലുവ
കൊച്ചി
March 19, 2024 9:03 am

ബിജെപിയിൽ ചേക്കേറുന്ന പാർട്ടിക്കാരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ, പുനഃസംഘടനയിൽ സ്ഥാനം നഷ്ടപ്പെട്ടവരെ ഉറപ്പിച്ചുനിർത്താൻ ഡിസിസി തലത്തിലെ ഭാരവാഹികളുടെ എണ്ണം കൂട്ടാൻ കോൺഗ്രസ്. ബ്ലോക്ക്-മണ്ഡലം പുനഃസംഘടനയിൽ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട വലിയൊരു വിഭാഗം നാളുകളായി കടുത്ത നിരാശയിലാണ്.

അത്തരക്കാർ ബിജെപിയിലെത്തുന്നതിനു മുമ്പേ ഡിസിസികളുടെയും ഡിസിസി നിർവാഹക സമിതികളുടെയും അംഗസംഖ്യ വർധിപ്പിച്ച് കുടിയിരുത്താനാണ് കഴിഞ്ഞ ദിവസം ചേർന്ന കെപിസിസി ഭാരവാഹികളുടെയും രാഷ്ട്രീയ കാര്യസമിതി അംഗങ്ങളുടെയും യോഗത്തിലുണ്ടായ തീരുമാനം.
ഡിസിസി നിർവാഹക സമിതികളിലെ അംഗങ്ങളുടെ എണ്ണം കൂട്ടി, പുനഃസംഘടനയിൽ സ്ഥാനം പോയ ബ്ലോക്ക് പ്രസിഡന്റുമാരെ ഉള്‍പ്പെടുത്താനായിരുന്നു ആദ്യ ആലോചന. എന്നാൽ, അതേവിധത്തിൽ പുറത്തായ മണ്ഡലം പ്രസിഡന്റുമാരിൽ നിന്ന് തങ്ങളുടെ കാര്യത്തിൽക്കൂടി തീരുമാനമുണ്ടാകണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നതേ­ാടെ, നിലവിലെ സാഹചര്യത്തിൽ അപകടം തിരിച്ചറിഞ്ഞാണ് ജംബോ ഡിസിസി-ഡിസിസി­ എക്സിക്യൂട്ടീവുകളിലേക്ക് കോൺഗ്രസ് എത്തിയത്.

നിലവിലെ സംഘടനാ രീതിയനുസരിച്ച് ഒരു നിയമസഭാ മണ്ഡലത്തിൽ രണ്ട് ബ്ലോക്ക് കമ്മിറ്റികളാണുള്ളത്. ഒരു ബ്ലോക്ക് കമ്മിറ്റിക്കു കീഴിൽ പത്തോ അതിലധികമോ മണ്ഡലം കമ്മിറ്റികളുണ്ടാകും. കൂടുതൽ ബൂത്ത് കമ്മിറ്റികളുള്ളതും ഏരിയ അധികം വരുന്നതുമായ മണ്ഡലം കമ്മിറ്റികള്‍ വിഭജിച്ച് രണ്ടാക്കിയിട്ടുണ്ട്.

ഒരു ബ്ലോക്കിൽ നിന്ന് 10 മണ്ഡലം പ്രസിഡന്റുമാർ എന്ന് കണക്കാക്കിയാൽ മാത്രം 10 നിയമസഭാ മണ്ഡലങ്ങളുള്ള ഒരു ജില്ലയിൽ 200 മണ്ഡലം പ്രസിഡന്റുമാരുണ്ടാകും. ഇവരെ മുഴുവൻ ഡിസിസിയിലുൾപ്പെടുത്തണം. നിലവിലുള്ള അംഗങ്ങളും കൂടിയാകുമ്പോൾ ഡിസിസി യോഗം ചേരാൻ പ്രത്യേക ഓഡിറ്റോറിയമോ മൈതാനമോ കണ്ടെത്തേണ്ടതായി വരുമെന്ന് ചുരുക്കം.

ജില്ലാ എക്സിക്യൂട്ടീവിന്റെ സ്ഥിതിയും ഇതുതന്നെയാകും. ഇതിനുപുറമെ, അച്ചടക്ക നടപടിക്ക് വിധേയരായി പുറത്തുനിൽക്കുന്നവരെ, മറുകണ്ടം ചാടാൻ തീരുമാനമെടുക്കും മുമ്പേ വ്യവസ്ഥകളില്ലാതെ തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. അതേസമയം, കോൺഗ്രസിൽ ശുദ്ധീകരണം നടത്തിയതല്ലാതെ കെപിസിസി ഓഫിസിൽ കയറില്ലെന്ന ഭീഷ്മപ്രതിജ്ഞയുമായി വീട്ടിൽ കഴിയുന്ന മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ കാര്യത്തിൽ ഇപ്പോഴും തീരുമാനത്തിലെത്തിയിട്ടില്ല. സമരാഗ്നിയാത്രയുമായും മുല്ലപ്പള്ളി സഹകരിച്ചിരുന്നില്ല.

Eng­lish Sum­ma­ry: Con­gress comes up with a jum­bo office list to stop the flow to BJP

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.