26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 26, 2024
December 23, 2024
December 22, 2024
December 21, 2024
December 13, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024

ശശിതരൂരിന്റെ വിലക്കില്‍ തട്ടി കോണ്‍ഗ്രസ് രാഷ്ട്രീയം പുകയുന്നു: തനിക്കാരേയും ഭയമില്ലെന്ന് ശശിതരൂര്‍, എഐസിസിക്ക് പരാതി നല്‍കുമെന്ന് എം കെ രാഘവന്‍ എംപി

അനില്‍കുമാര്‍ ഒഞ്ചിയം
കോഴിക്കോട്
November 20, 2022 9:48 pm

എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതോടെ കോണ്‍ഗ്രസ്സില്‍ ഒരുവിഭാഗം നേതാക്കള്‍ക്ക് അനഭിമതനായ ശശിതരൂരില്‍ തട്ടി കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയം പുകയുന്നു. തരൂരിന്റെ പരിപാടികൾക്ക് വിലക്കേർപ്പെടുത്താനുളള നീക്കം കേരളത്തിലെ കോൺഗ്രസിനും യു ഡി എഫിനും രാഷ്ട്രീയമായി വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായമുയരുകയാണ്. ശശിതരൂരിനെ ഒറ്റപ്പെടുത്തി ആക്രമിക്കുക എന്ന കെപിസിസി നേതൃത്വത്തിന്റെ ശ്രമം വിഫലമാകുന്നതാണ് ഇന്നലെ കണ്ടത്. ഹൈക്കമാൻഡിന്റെ ഭാഗമായ കെ സി വേണുഗോപാലാണ് തരൂരിന്റെ പരിപാടികളോട് ആരും സഹകരിക്കരുതെന്ന നിർദേശം സംസ്ഥാന നേതൃത്വത്തിന് നൽകിയതെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ വെളിപ്പെടുത്തിയിരുന്നു. മുസ്ലിം ലീഗ് നേതൃത്വത്തെ കാണാനും എൻഎസ്എസ് മന്നം ജയന്തി ആഘോഷത്തിൽ പങ്കെടുക്കാനുമുളള തരൂരിന്റെ നീക്കം തിരിച്ചടിയുണ്ടാക്കുമെന്ന് ഭയന്നാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതിരോധവുമായി രംഗത്തെത്തിയത്. എന്നാല്‍ കൂടുതല്‍ നേതാക്കള്‍ ശശിതരൂരിന് പിന്തുണയുമായി രംഗത്തെത്തിയതോടെ കെപിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും തരൂരിനെ പിന്തുണയ്ക്കേണ്ടിവന്നു.

യൂത്ത് കോൺഗ്രസ് സംവാദ പരിപാടിയിൽ ശശി തരൂരിനെ പങ്കെടുപ്പിക്കുന്നത് കെപിസിസി നേതൃത്വം തടഞ്ഞുവെന്ന വാദത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തള്ളി. ശശി തരൂർ എംപിയെ തടഞ്ഞു എന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയ എതിരാളികളുടെ വ്യാജ പ്രചാരണങ്ങളെ കോൺഗ്രസ് പ്രവർത്തകർ അവജ്ഞയോടെ തള്ളക്കളയണമെന്നും സുധാകരൻ ഫെയ്സ്ബുക്കിൽ കുറിച്ചു. തരൂർ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമുന്നതനായ നേതാവാണെന്നത് തർക്കമില്ലാത്ത കാര്യമാണ്. അദ്ദേഹത്തിന് കേരളത്തിൽ എവിടെയും രാഷ്ട്രീയ പരിപാടികൾ നൽകാൻ കെപിസിസി നേതൃത്വം പൂർണ്ണമനസ്സോടെ തയ്യാറാണ്. രാഷ്ട്രീയ എതിരാളികളുടെ വ്യാജ പ്രചാരണങ്ങളെ പ്രിയപ്പെട്ട കോൺഗ്രസ്സ് പ്രവർത്തകർ അവജ്ഞയോടെ തള്ളിക്കളയണമെന്നും സുധാകരന് ഗത്യന്തരമില്ലാതെ വ്യക്തമാക്കേണ്ടിവന്നു.

ശശി തരൂർ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാവുന്നതിൽ മുതിർന്ന നേതാക്കൾക്ക് ആശങ്കയുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചില്ല. നോ കമൻസ് എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. ശശി തരൂരിന് യാതൊരു വിലക്കുമില്ല. ഒരു തടസവും ഒരു നേതാവിനും ഉണ്ടാവില്ലെന്നും യൂത്ത് കോൺഗ്രസ് പിന്മാറിയതിനെ കുറിച്ച് അവരോട് ചോദിക്കണണെന്നും സതീശൻ പ്രതികരിച്ചു. ഹിമാചലിലും ഗുജറാത്തിലും താരപ്രചാരകരിൽ ശശി തരൂർ നേരത്തെ തന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഒഴിവാക്കിയത് അല്ല. തരൂർ വിഷയത്തിൽ കെപിസിസി പ്രസിഡന്റ് നയം വ്യക്തമാക്കിയിട്ടുണ്ടെന്നും കോൺഗ്രസിൽ അങ്ങനെ ആരെയും ഒഴിവാക്കാൻ ആവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശശി തരൂരിന്റെ സെമിനാറിൽനിന്ന് യൂത്ത് കോൺഗ്രസ് പിൻമാറിയതിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി രംഗത്തെത്തി. പര്യടനത്തെക്കുറിച്ച് ശശി തരൂർ ജില്ലാ കമ്മിറ്റിയെ അറിയിച്ചിട്ടില്ലെന്നും തരൂർ നേരിട്ടറിയിച്ചിരുന്നെങ്കിൽ ഒരുക്കങ്ങൾ ഡിസിസി ചെയ്യുമായിരുന്നുവെന്നും ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ പറഞ്ഞു. 

എം കെ രാഘവൻ എംപിയാണ് ജില്ലാ കമ്മിറ്റിയെ വിവരങ്ങൾ ധരിപ്പിച്ചത്. പര്യടനം വിഭാഗീയതയുടെ ഭാഗമാണെന്ന പ്രചാരണവും ചിലർക്ക് ബുദ്ധിമുട്ടുണ്ടാക്കി. തരൂർ നേരിട്ടറിയിച്ചിരുന്നെങ്കിൽ ഒരുക്കങ്ങൾ ഡിസിസി ചെയ്യുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി സംവിധാനം ഉപയോഗിച്ചല്ല തരൂർ പര്യടനം തയാറാക്കിയതെന്ന് യൂത്ത് കോൺഗ്രസ്സും കുറ്റപ്പെടുത്തി. ഡിസിസിയെ അറിയിച്ചശേഷമാണ് സെമിനാറിൽനിന്ന് വിട്ടുനിൽക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ ഷെഹീൻ പറഞ്ഞു. യൂത്ത് കോൺഗ്രസിന്റെ നടപടി പാർട്ടിക്ക് നാണക്കേടായെന്നാണ് ഇതുസംബന്ധിച്ച് എം കെ രാഘവൻ എംപി പ്രതികരിച്ചത്. സമ്മർദ്ദം മൂലമാണ് തരൂരിന്റെ പരിപാടിയിൽ നിന്ന് പിന്മാറിയത് എന്നാണ് യൂത്ത് കോൺഗ്രസ് അറിയിച്ചതെന്നും കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസിന്റെ തിരിച്ച് വരവിന് തരൂർ വേണമെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാറിനെതിരെ കോൺഗ്രസ് ഉയർത്തുന്ന ആശയത്തെ ഈ നടപടി കളങ്കപ്പെടുത്തുന്നതായി. നേതാക്കൾ പിന്മാറിയാലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കും. പരിപാടിയിൽ കോൺഗ്രസ് പ്രവർത്തകരുടെ വൻ പങ്കാളിത്തം ഉണ്ടാകും. എഐസിസി തിരഞ്ഞെടുപ്പിൽ ശശി തരൂരിന് കിട്ടിയ സ്വീകാര്യത പാർട്ടി പ്രയോജനപ്പെടുത്തണം. ശശിതരൂരിനെ ഒഴിവാക്കിയ പ്രശ്നം സംബന്ധിച്ച് എഐസിസി നേതൃത്വത്തിന് പരാതിനല്‍കുമെന്നും എം കെ രാഘവൻ വ്യക്തമാക്കി.

ശശി തരൂർ പറയുന്നത് കോൺഗ്രസ് നയം തന്നെയാണെന്നും തരൂരിന് ഒരു വിലക്കുമില്ലെന്നും മുൻ കെപിസിസി അധ്യക്ഷന്‍ കെ മുരളീധരൻ എംപി പറഞ്ഞു. ശശി തരൂരിന്റെ മലബാറിലെ പര്യടനങ്ങൾക്ക് ഒരു വിലക്കുമില്ല. തരൂരിന്റെ എല്ലാ പരിപാടികളിലും എല്ലാ കോൺഗ്രസുകാർക്കും പങ്കെടുക്കാം. അതിന്റെ പേരിൽ ആർക്കെതിരെയും നടപടി ഉണ്ടാവില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി. ഇതു സംബന്ധിച്ച മാധ്യമ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു മുരളീധരൻ.
ശശി തരൂർ കോൺഗ്രസിന്റെ പ്രധാനപ്പെട്ട നേതാവാണ്. അദ്ദേഹത്തിന്റെ സേവനം പാർട്ടി വിനിയോഗിക്കുമെന്നാണ് കരുതുന്നത്. ശശി തരൂരിന്റെ പേരിൽ വിവാദം ഉണ്ടാക്കേണ്ടതില്ലായിരുന്നുവെന്നും കോൺഗ്രസ് പരിപാടികളിൽ തരൂർ പങ്കെടുക്കുന്നതാണ് നല്ലതെന്നും കെ മുരളീധരൻ പ്രതികരിച്ചു. മൂന്ന് മാസം മുമ്പ് വരെ അദ്ദേഹം പരിപാടികളിൽ പങ്കെടുത്തിരുന്നു. ഇപ്പോൾ എന്തിനാണ് വിവാദം എന്ന് അറിയില്ല. കോൺഗ്രസിന്റെ അവിഭാജ്യ ഘടകമാണ് ശശി തരൂർ. എഐസിസി തെരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹത്തിനെതിരെ താൻ നിലപാട് സ്വീകരിച്ചിട്ടുണ്ട്. എന്നാൽ തരൂർ ഇപ്പോൾ നേതാക്കളെ കാണുന്നതിൽ എന്താണ് പ്രശ്നമെന്ന് ചോദിച്ച കെ മുരളീധരൻ അതിനെ വേറെ ഒരു കണ്ണ് കൊണ്ട് കാണേണ്ടതില്ലെന്നും വ്യക്തമാക്കി. പലരും പാരവെക്കാൻ നോക്കും, അത് കാര്യമാക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥനാണ് തരൂരിനെതിരായ നീക്കത്തില്‍ പ്രതികരിച്ചുകൊണ്ട് ആദ്യം രംഗത്തെത്തിയത്.
ശശി തരൂരിന്റെ പരിപാടി യൂത്ത് കോൺഗ്രസ് ഉപേക്ഷിച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ഉപാധ്യക്ഷൻ എൻ എസ് നുസൂർ കെപിസിസി അധ്യക്ഷന് പരാതി നൽകിയിട്ടുണ്ട്.ഇതിനിടെ കോഴിക്കോട് തന്നെ പങ്കെടുപ്പിച്ചുള്ള സെമിനാറിൽനിന്ന് യൂത്ത് കോൺഗ്രസ് പിൻമാറിയതിൽ ശക്തമായ പ്രതിഷേധവുമായി ശശിതരൂരും രംഗത്തെത്തി. കോഴിക്കോട്ടെ സെമിനാറിന് യൂത്ത് കോൺഗ്രസിന് പകരം മറ്റു സംഘാടകരുണ്ടെന്ന് ശശി തരൂർ പറഞ്ഞു. യൂത്ത് കോൺഗ്രസ് പിൻമാറിയതിനെപറ്റി അവരോട് ചോദിക്കണം. എനിക്കാരെയും ഭയമില്ല, എന്നെയും ആരും ഭയക്കേണ്ടതില്ല. തനിക്ക് വിലക്കില്ലെന്നും മലബാറിലെ പരിപാടികൾക്ക് അനാവശ്യ പ്രാധാന്യം നൽകേണ്ടതില്ലെന്നും തരൂർ പറഞ്ഞു. 

കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മല്ലികാർജുൻ ഖർഗെയ്ക്കെതിരെ മത്സരിച്ചു ചലനം സൃഷ്ടിച്ച തരൂർ സംസ്ഥാന രാഷ്ട്രീയത്തിൽ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് മലബാർ പര്യടനം നടത്തുന്നത്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പ്രധാന പരിപാടികളിൽ പങ്കെടുക്കുന്ന തരൂർ പ്രമുഖരായ വ്യക്തികളുമായി ആശയവിനിമയം നടത്തുന്നതിനും പദ്ധതി തയ്യാറാക്കിയിരുന്നു. 14 ജില്ലകളിലും തരൂരിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തേണ്ടെന്ന് ഉന്നത നേതാക്കൾ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസിന്റെ പിന്മാറ്റമെന്നായിരുന്നു റിപ്പോർട്ടുകൾ. യൂത്ത് കോൺഗ്രസ് നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടിയിൽ നിന്ന് അവർ പിന്മാറിയ സാഹചര്യത്തിൽ കോൺഗ്രസ് അനുകൂല സാംസ്കാരിക സംഘടന സെമിനാര്‍ നടത്തുകയായിരുന്നു. ശശി തരൂരിന്റെ പരിപാടി റദ്ദാക്കിയതിനെതിരെ സെമിനാറില്‍ എം കെ രാഘവന്‍ എംപി ആഞ്ഞടിച്ചു. ഇത് കോൺഗ്രസിന്റെ സംസ്കാരമല്ലന്നും, എങ്ങിനെയാണ് ഈ പരിപാടി റദ്ദാക്കപ്പെട്ടത് എന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം കെ രാഘവന്റെ അന്വേഷണ ആവശ്യത്തെ താൻ പൂർണ്ണമായും പിന്തുണക്കുന്നുവെന്ന് തുടർന്ന് സംസാരിച്ച ശശിതരൂർ വ്യക്തമാക്കി. സെമിനാറിൽ കെ സുധാകരന്റെ അടുത്ത അനുയായിയായ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയടക്കമുള്ളവർ പങ്കെടുത്തു.

Eng­lish Sum­ma­ry: Con­gress pol­i­tics fumes over Sasita­roor’s ban: Sasita­roor says he is not afraid of himself

You may like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.