26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 26, 2024
December 23, 2024
December 22, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024

വി ഡി സതീശനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം; ഐ ഗ്രൂപ്പിനെ വീണ്ടും യോജിപ്പിക്കാനുള്ള നീക്കം അണിയറയിൽ

പുളിക്കല്‍ സനില്‍രാഘവന്‍
തിരുവനന്തപുരം
August 2, 2022 6:00 pm

പ്രതിപക്ഷനേതാവ് വി ഡി സതീശന്‍റെ അപ്രമാധിത്യത്തിനെതിരേ കോണ്‍ഗ്രസില്‍ പടയൊരുക്കം. ഒരു കാലത്ത് ഐ ഗ്രൂപ്പിന്‍റെയും, തിരുത്തല്‍വിിഭാഗത്തിലുംപ്പെട്ട ആളായിരുന്നു സതീശന്‍. എന്നാല്‍ പ്രതിപക്ഷ നേതാവായതോടെ സ്വന്തമായി എ, ഐ ഗ്രൂപ്പിലുള്ളവരെ കൂടെചേര്‍ത്ത് ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്. പ്രതിപക്ഷനേതാവായി ഒരു അവസരം കൂടി കാത്തിരുന്ന രമേശ് ചെന്നിത്തലയെ വെട്ടിയാണ് സതീശന്‍ സ്ഥാനത്ത് എത്തിയത്. ചെന്നിത്തലക്ക് ഒപ്പം നിന്ന പല എംഎല്‍എമാരും മറുകണ്ടം ചാടിയിരുന്നു.

അന്നു സതീശന് കലവറയില്ലാത്ത പിന്തുണയാണ് എഐസിസിയുടെ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നല്‍കിയത്. എന്നാല്‍ പഴയതുപോലെ കെ സി വേണുഗോപാലിന് സതീശനോട് അത്ര താല്‍പര്യമില്ലെന്ന റിപ്പോര്‍ട്ടാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ നിന്നും പുറത്തു വരുന്നത്. പാര്‍ട്ടിയെ വിഡി സതീശൻ ഹൈജാക്ക് ചെയ്യുന്നുവെന്ന തോന്നല്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ക്ക് അതീതമായി നിലനില്‍ക്കുന്നു. ഇതിനിടയില്‍ പഴയ ഐ വിഭാഗം ചെന്നിത്തലയുടേയും, കെ. മുരളീധരന്‍രെയും നേതൃത്വത്തില്‍ ഒന്നിച്ചു നീങ്ങുവാനുള്ള തീരുമാനമാണ്. അതിനുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവമാണ്. ചിന്തൻ ശിബരത്തിലാണ് ഈ പുതിയ കൂട്ടായ്മയുടെ ഉദയം. രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും തമ്മിൽ നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നു. കേരളത്തിൽ കെസിക്ക് പിടിമുറുക്കണമെന്ന ആഗ്രഹവും ഉണ്ടായി. ഇതിന് അനുസരിച്ചാണ് ചെന്നിത്തലയെ തഴഞ്ഞ വിഡിയെ ഉയർത്തിക്കൊണ്ടു വന്നത്. 

എന്നാൽ നേതാക്കളെ എല്ലാം അപ്രസക്തമാക്കി വിഡി എല്ലാ നേട്ടങ്ങളും സ്വന്തമാക്കുന്നു. തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് വിജയം പോലും തന്റേതാക്കി വിഡി മാറ്റി. ഈ സാഹചര്യത്തിൽ കെസിക്ക് പോലും അതൃപ്തിയുണ്ട്. സതീശനെ അങ്ങനെ വളരാൻ വിടാൻ ഹൈക്കമാണ്ടിലെ പ്രമുഖൻ തയ്യാറല്ല. ഇതിന് വേണ്ടിയാണ് ഐ ഗ്രൂപ്പിലെ ചെന്നിത്തലയുടെ സ്വാധീനം കെസി ഉപയോഗിക്കുന്നത്. ചിന്തൻ ശിബരത്തിനിടെ ചെന്നിത്തലയും കെസിയും മണിക്കൂറുകൾ നീണ്ട ചർച്ച നടത്തിയിരുന്നു. ഇരുവരുടേയും ഇടയിലെ മഞ്ഞുരികിയതായിട്ടാണ് അറിയുവാന്‍ കഴിയുന്നത്. ചെന്നിത്തല യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റായിരിക്കെ കെ എസ് യു വിന്‍റെ സംസ്ഥാന അദ്ധ്യക്ഷനായിരുന്നു കെ സി വേണുഗോപാല്‍. പിന്നീട് ഇരുവരും തിരുത്തല്‍വിഭാഗത്തിലുമായിരുന്നു. കരുണാകരന്‍ മകന്‍ മുരളീധരന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതായി ആരോപിച്ചാണ് തിരുത്തല്‍വാദം സംസ്ഥാന കോണ്‍ഗ്രസില്‍ സജീവമാകുന്നത്. ചെന്നിത്തല‑ജി. കാര്‍ത്തികേയന്‍, എംഐ ഷാനവാസ് എന്നിവരായിരുന്നു തിരുത്തല്‍വാദത്തിന് നേതൃത്വം നല്‍കിയത്.പുനഃസംഘടനയിലും മറ്റും ചെന്നിത്തല മുമ്പോട്ട് വയ്ക്കുന്ന പേരുകളെ ഹൈക്കമാണ്ട് പിന്തുണയോടെ കെസി വെട്ടിയിരുന്നു. പാർട്ടി പുനഃസംഘടനകളിൽ എല്ലാം ഇത് ചർച്ചയായി. 

തന്റെ ന്യായമായ നിർദ്ദേശം പോലും വെട്ടിയതോടെയാണ് കെസിയുമായി ചെന്നിത്തല അകലുന്നത്. ദേശീയ തലത്തിൽ ചെന്നിത്തലയ്ക്ക് അംഗീകരാം കിട്ടുമെന്ന് വരുമ്പോഴെല്ലാം പാരകളെത്തി. കേരളത്തിലെ കെസി അനുകൂലികൾ ചെന്നിത്തലയെ പ്രതിക്കൂട്ടിലാക്കി ചർച്ചകൾ തുടങ്ങുകയും ചെയ്തു. ഇതെല്ലാം ചെന്നിത്തലയ്ക്ക് പാരയായി മാറുകയും ചെയ്തു. എന്നാൽ വിഡി സതീശനും സ്വന്തം നിലയിലാണ് നീങ്ങിയത്. ഇതോടെയാണ് കെസിക്ക് തന്റെ പഴയ നേതാവിനോട് താൽപ്പര്യം തുടങ്ങിയത്. ചിന്തൻ ശിബിരത്തിനിടെ കെസിയും ചെന്നിത്തലയും തമ്മിൽ സംസാരിച്ച് എല്ലാം പരിഹരിച്ചതയാണ് സൂചന. കെ മുരളീധരനും ഈ കൂട്ടായ്മയ്‌ക്കൊപ്പം നിൽക്കും.‘വിഡി‘യുടെ ഒറ്റയാൻ യാത്രയ്ക്ക് തടയിടാൻതന്നെയാണ് ഐ ഗ്രൂപ്പ് തീരുമാനം.ചെന്നിത്തലയെ മുന്‍നിര്‍ത്തി കളിക്കാനാണ് ഏവരുടേയും തീരുമാനവും.ചിന്തൻശിബിരത്തിനുശേഷം കെപിസിസി-ഡിസിസി ഭാരവാഹി പട്ടിക പുറത്തിറങ്ങാനിരിക്കെയാണ് പുതിയ കൂട്ടുകെട്ട്. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ നേതൃത്തിലുള്ള ഗ്രൂപ്പ് പ്രവർത്തനത്തിന് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും, പ്രതിപക്ഷനേതാവ് വി ഡി സതീശനും വേണ്ട പിന്തുണ നലകിയതിനെ തുടർന്ന് എ‑ഐ ഗ്രപ്പിൽ നിന്നും നേതാക്കൾ ഉൾപ്പെട നിരവധി പേർ കെസിഗ്രൂപ്പിൽ എത്തിയിട്ടുണ്ട്.

ഇവരിൽ പലരേയും വിഡി സ്വന്തം ഗ്രൂപ്പിലെത്തിക്കാൻ ശ്രമിക്കുന്നുവെന്നതാണ് ഉയരുന്ന ആക്ഷേപം. ഇത്തരമൊരു സാഹചര്യത്തിൽ പഴയ ഐ ഗ്രൂപ്പ് വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമാണ് അണിയറയില്‍ നടക്കുന്നത്. അതിന് കെസിയുടെ കൂടി പിന്തുണ കിട്ടിയാൽ ഇത് സാധിക്കുമെന്ന് ചെന്നിത്തലയ്ക്കും അറിയാം. കെപിസിസി അന്തിമ പട്ടിക ഉടൻ പുറത്തിറക്കാനിരിക്കെ അർഹരെ തഴഞ്ഞെന്ന് ആരോപിച്ച് പ്രതിഷേധം കടുപ്പിക്കാനാണ് മുരളീധരന്റേയും ചെന്നിത്തലയുടേയും തീരുമാനം. ഒടുവിൽ ഇവർക്ക് കൂടി താൽപ്പര്യമുള്ള പട്ടിക ഹൈക്കമാണ്ടിനെ കൊണ്ട് അംഗീകരിക്കുകയും ചെയ്യും.പാർട്ടി നേതൃത്വത്തിനിടയിൽ കൂടിയാലോചനയില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് കെ മുരളീധരൻ എംപി. പാർട്ടിയുടെ പലകാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. ഇതാണ് പാർട്ടിയിലെ ഇപ്പോഴത്തെ ശൈലി. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ തനിക്ക് വലിഞ്ഞ് കയറി അഭിപ്രായം പറയാൻ പറ്റില്ലാലോയെന്നും കെ മുരളീധരൻ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന് കൊടുത്ത പ്രത്യേക അഭിമുഖത്തിലാണ് മുരളീധരൻ തന്റെ അഭിപ്രായം വെട്ടിത്തുറന്നു പറഞ്ഞത്. കെ പി സി സിയുടെ പ്രചരണ വിഭാഗം ചെയർമാനാണ് ഞാൻ. എന്നാൽ അതിനുള്ള അംഗീകാരം കെ പി സി സി തരുന്നില്ലെന്നും കെ മുരളീധരൻ അഭിമുഖത്തിൽ പറയുന്നുഒരും കാര്യങ്ങളിലും ചർച്ചയില്ലാത്തതിനാൽ നേരത്തെ കെ പി സി സി പ്രചരണ സമിതി ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു.

എന്നാൽ എ ഐ സി സി എന്നെ വീണ്ടും നിയമിച്ചു. ഇനിയും രാജിവെക്കുന്നത് ഹൈക്കമാൻഡിനെ ധിക്കരിക്കുന്നതു പോലെയാകും എന്നതു കൊണ്ടാണ് രാജി വയ്ക്കാത്തത്. പുതിയ നേതൃത്വം വന്നപ്പോൾ അതിനെ സ്വാഗതം ചെയ്തയാളാണ് ഞാൻ. എല്ലാവരേയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോവുന്ന ശൈലിയാണ് നേതൃത്വത്തിന് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പാർട്ടിയിൽ താനും രമേശ് ചെന്നിത്തലുയം എല്ലാ കാര്യങ്ങളും ആലോചിച്ച് തന്നെയാണ് മുന്നോട്ട് പോവുന്നത്. ഗ്രൂപ്പ് രാഷ്ട്രീയത്തിന് നിലവിലെ സാഹചര്യത്തിൽ പ്രസക്തിയില്ലെങ്കിലും പലവഴിക്കായി പോയ പഴയ ഐ ഗ്രൂപ്പുകാരെ ഒരുമിച്ചു നിർത്തിക്കൊണ്ട് കോൺഗ്രസിലെ ഐക്യത്തിന് മുൻകൈയെടുക്കാനാണ് ശ്രമം എന്നും മുരളീധരൻ വിശദീകരിച്ചിട്ടുണ്ട്.മുരളധരൻ സഹോദരി പത്മജ വേണുഗോപാലിന് ചില നിരാശകളുണ്ടെന്നും തുറന്ന് പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പത്മജയെ കാലുവാരാൻ നോക്കി. അതിൽ നടപടിയെടുക്കുന്നില്ല എന്നൊക്കെയുള്ള പരാതികളുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ ചെറിയ ഭൂരിപക്ഷത്തിലാണ് അവർ പരാജയപ്പെട്ടത്-മുരളീധരൻ പറയുന്നു.

കെപിസിസിയിലെ 44 ഒഴിവ് നികത്തി കെ സുധാകരനും വി ഡി സതീശനും ചേർന്ന് തയ്യാറാക്കിയ ആദ്യ പട്ടിക യുവാക്കൾക്ക് പ്രതിനിധ്യമില്ലെന്നു കാണിച്ച് ഹൈക്കമാൻഡ് മടക്കിയിരുന്നു. ടി എൻ പ്രതാപൻ അടക്കമുള്ളവരുടെ പരാതിയെത്തുടർന്നാണ് ഇത്. ഐ, എ ഗ്രൂപ്പ് നേതാക്കളെ വിളിച്ചിരുത്തി അവർ നൽകുന്ന പേരുകൾ ഉൾപ്പെടുത്താൻ തീരുമാനിച്ചു. 280 പേരുടെ പട്ടികയാണ് നൽകിയത്. 30 ശതമാനം നോമിനേഷനുമുണ്ട്. ഈ പട്ടികയിൽ പണം വാങ്ങി ചിലർക്ക് ഇടം നൽകിയെന്നും ആശ്രിതർക്കാണ് മുൻഗണന എന്നുമാണ് പ്രധാന ആക്ഷേപം. പട്ടിക പുറത്തുവിട്ടാലുടൻ പ്രതിഷേധം ഉയർന്നേക്കും.ഇതെല്ലാം സതീശനെതിരേയുള്ള വടിയാക്കി മാറ്റുവാനാണ് ഐ ഗ്രൂപ്പിന്‍റെ തീരുമാനം.കെപിസിസി അധ്യക്ഷൻ കെ സുധാകരനും പുതിയ കൂട്ടായ്മയ്‌ക്കൊപ്പം നിൽക്കാനാണ് സാധ്യത

Eng­lish Sum­ma­ry: Con­gress ready to fight against VD Satheesan; A move to reunite the I group behind curtin

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.