16 April 2024, Tuesday

Related news

April 15, 2024
April 15, 2024
April 15, 2024
April 14, 2024
April 12, 2024
April 11, 2024
April 8, 2024
April 7, 2024
April 4, 2024
April 3, 2024

രാഹുൽ വയനാട്ടിൽ മത്സരിക്കണോ എന്നത് കോൺഗ്രസ് ചിന്തിക്കണം: ബിനോയ് വിശ്വം

Janayugom Webdesk
കോഴിക്കോട്
January 6, 2024 11:22 pm

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രധാന പോരാട്ടഭൂമിയായ ഉത്തരേന്ത്യ വിട്ട് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണോ എന്ന കാര്യം കോൺഗ്രസ് ചിന്തിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ലോക്‌സഭാ സീറ്റുകള്‍ കൂടുതലുള്ള ഉത്തരേന്ത്യയാണ് പ്രധാന യുദ്ധക്കളം. ഇന്ത്യാ സംഖ്യത്തിലെ പ്രധാനനേതാക്കളിലൊരാളാണ് രാഹുല്‍ ഗാന്ധി. ഒരുകാലത്തും ബിജെപി ജയിക്കാന്‍ സാധ്യതയില്ലാത്ത കേരളത്തില്‍ വന്ന് മത്സരിക്കുന്നതല്ല നിലവിലെ രാഷ്ട്രീയപോരാട്ടത്തില്‍ സ്വീകരിക്കേണ്ട തന്ത്രം. ഇത് മനസിലാക്കാതെ അദ്ദേഹം വീണ്ടും വയനാട്ടിൽ മത്സരിക്കാന്‍ വരികയാണെങ്കിൽ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയപ്രധാന്യം കോൺഗ്രസ് മനസിലാക്കിയിട്ടില്ലെന്ന കാര്യം വ്യക്തമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഇന്ത്യാ മുന്നണി യോഗത്തിൽ അവസരം ലഭിച്ചാൽ ഈ വിഷയം അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂരിൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് മത്സരമെന്ന ടി എൻ പ്രതാപന്റെ പ്രസ്താവന അങ്കലാപ്പിൽ നിന്നും ഉണ്ടായതാണ്. തൃശൂരിൽ എൽഡിഎഫ് വിജയിക്കുമെന്നും അതിന് ഗ്യാരന്റിയുണ്ടെന്നും കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്നും ബിനോയ് വിശ്വം പറഞ്ഞു. ബിജെപി ഭരണം ഇനി തുടർന്നാൽ രാജ്യത്തിന്റെ ജനാധിപത്യമൂല്യങ്ങൾ ഇല്ലാതാകും. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ പ്രതീക്ഷ ഇന്ത്യ സഖ്യമാണ്.

എന്നാൽ ഇന്ത്യ മുന്നണിയുടെ പ്രധാന്യം കോൺഗ്രസിന് പലപ്പോഴും തിരിച്ചറിയാൻ സാധിക്കുന്നില്ല. പഴയ പ്രതാപമൊക്കെ നഷ്ടപ്പെട്ടുവെന്ന കാര്യം കോൺഗ്രസ് നേതാക്കൾ തിരിച്ചറിയാത്തതാണ് ബിജെപി മുതലെടുക്കുന്നത്. അതുകൊണ്ട് തന്നെ പോരായ്മകൾ തിരിച്ചറിഞ്ഞ് മുന്നോട്ട് പോകാൻ ഇന്ത്യ മുന്നണിക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ സഖ്യത്തിൽ നിർണായക ശക്തിയാണ് ഇടതുപക്ഷം. തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇരുപത് സീറ്റിലും എൽഡിഎഫ് വിജയിക്കേണ്ടതുണ്ട്. തൂക്ക് പാർലമെന്റുണ്ടായാൽ വളഞ്ഞ വഴികൾ സ്വീകരിച്ചും പണമൊഴുക്കിയും ഭരണം നേടാൻ ശ്രമങ്ങൾ ഉണ്ടാവും. ബിജെപിയുടെ തന്ത്രങ്ങളിൽ കോൺഗ്രസ് വീണുപോകുന്നത് മുന്‍കാല അനുഭവങ്ങളാണ്. എന്നാൽ ഒരു തന്ത്രത്തിലും പണക്കൊഴുപ്പിലും ഇടതുപക്ഷം വീഴില്ല. അതുതന്നെയാണ് ഇരുപത് സീറ്റിലും ഇടതുപക്ഷം ജയിച്ചുവരേണ്ടതിന്റെ പ്രധാന്യം വർധിപ്പിക്കുന്നത്.

ബിജെപി ആഗ്രഹിക്കുന്നത് പ്രതിപക്ഷമില്ലാത്തൊരു പാർലമെന്റാണ്. ഭരണകൂടം കാണിക്കുന്ന നെറികേടുകളെ ചോദ്യം ചെയ്യുന്നത് തെറ്റാണെങ്കിൽ ആ തെറ്റ് ഇനിയും തുടരും. ബാബറി മസ്ജിദിന്റെ ശ്മശാന ഭൂമിയിൽ കെട്ടിപ്പൊക്കിയ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിച്ചാൽ പോകേണ്ടെന്ന് ഇടതുപക്ഷത്തിന് കൃത്യമായ നിലപാടുണ്ട്. എന്നാൽ കോൺഗ്രസിന് ഇപ്പോഴും ഇക്കാര്യത്തിൽ ആശയക്കുഴപ്പമാണ്. ഗോഡ്സേയുടെ പാർട്ടി വിളിച്ചാൽ ഗാന്ധിയുടെ പാർട്ടിക്ക് എന്തിനാണ് ചാഞ്ചാട്ടമെന്നും അദ്ദേഹം ചോദിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി പി എസ് രാകേഷ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എ ഫിറോസ് ഖാൻ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ, അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. പി ഗവാസ് എന്നിവരും സംബന്ധിച്ചു.

Eng­lish Sum­ma­ry: Con­gress should think whether Rahul should con­test in Wayanad: Binoy Viswam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.