23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024

കോണ്‍ഗ്രസ്, തൃണമൂല്‍ പോര് ശക്തമാകുന്നു; കോണ്‍ഗ്രസ് നേതാക്കളോടൊപ്പം ഘടകക്ഷികളേയും മമത നോട്ടമിടുന്നു

Janayugom Webdesk
കൊല്‍ക്കത്ത
December 7, 2021 3:51 pm

തൃണമൂല്‍ കോണ്‍ഗ്രസും, കോണ്‍ഗ്രസും തമ്മിലുള്ള പോര് ശക്തമാകുന്നു. കോണ്‍ഗ്രസില്‍ നിന്നും നേതാക്കളെ തൃണമൂലിലേക്ക് കൊണ്ടുപോകുന്നത് ഇരു പാര്‍ട്ടികളും തമ്മിലുള്ള അകല്‍ച്ച കൂട്ടുന്നു. ബിജെപി ഉയര്‍ത്തുന്ന വര്‍ഗീതയെ നേരിടാന്‍ കോണ്‍ഗ്രസിനാകില്ലെന്നു വ്യക്തമായിരിക്കുകയാണ്. മുതിര്‍ന്ന നേതാക്കള്‍ 23ജി രൂപീകരിച്ച് പാര്‍ട്ടിയുടെ നിലവിലെ പ്രവര്‍ത്തനത്തില്‍ തങ്ങള്‍ക്കുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചു കഴിഞ്ഞു. ഇതിനിടയില്‍ കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ സഖ്യം രൂപീകരിക്കാനുള്ള ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി നല്‍കി ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം). കോണ്‍ഗ്രസിനെ ഒഴിവാക്കുന്നതില്‍ അവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് കഴിഞ്ഞു. കഴിഞ്ഞ ദിവസം മമത ഐക്യപുരോഗമന സഖ്യത്തെ വിമര്‍ശിച്ച് രംഗത്തുന്നു കഴിഞ്ഞു. ജാർഖണ്ഡില്‍ കോണ്‍ഗ്രസുമായി സഖ്യം ചേർന്ന് ഭരിക്കുന്ന ജെ എം എമ്മുമായി മമത ബാനർജി ചർച്ചകള്‍ നടത്താന്‍ ഒരുങ്ങുന്നുവെന്ന വാർത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു തങ്ങളുടെ നിലപാട് വ്യക്തമാക്കി നേതാക്കള്‍ രംഗത്ത് എത്തിയത്. മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ജെ എം എം പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മമത ബാനർജിയെ പിന്തുണയ്ക്കുകയും ഗോത്രവർഗക്കാർ കൂടുതലുള്ള സീറ്റുകളിൽ പോലും സ്ഥാനാർത്ഥികളെ നിർത്തേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. അതേസമയം മമത ബാനർജി അധികാരത്തിൽ തിരിച്ചെത്തിയ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കിയാണ് കോൺഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇതിന് പിന്നാലെയാണ് ജെ എം എമ്മിനെ കൂടി വരുതിയിലാക്കാനുള്ള ശ്രമം മമത ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെയുള്ള പ്രധാന പ്രതിപക്ഷ മുഖമായി മമത സ്വയം ഉയർത്തിക്കാട്ടുകയും അതിനായി മറ്റ് പ്രാദേശിക പാർട്ടികളുമായി സഖ്യം രൂപീകരിക്കാനുള്ള ശ്രമത്തിലുമാണ് അവരിപ്പോള്‍. 

കഴിഞ്ഞ ദിവസം എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി നടത്തിയ ചർച്ചകളും ഇതിന്റെ ഭാഗമാണ്. സഖ്യ ചർച്ചകളുടെ സൂചനയുമായി മമതയുടെ ദൂതന്‍മാർ ജെ എം എമ്മിനെ സമീപ്പിച്ചെങ്കിലും 2024 ലെ പൊതുതെരഞ്ഞെടുപ്പിലടക്കം കോണ്‍ഗ്രസ് നയിക്കുന്ന ചേരിയിലായിരിക്കുമെന്ന നിലപാട് അവർ സ്വീകരിക്കുകയായിരുന്നു. നേരിട്ടുള്ള ചർച്ചകള്‍ക്ക് പോലും തയ്യാറാവാതെ ജെഎംഎം സ്വീകരിച്ച നിലപാട് മമതക്കേറ്റ തിരിച്ചടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. “ഞങ്ങൾ ഇവിടെ കോൺഗ്രസുമായി ചേർന്ന് വളരെ ശക്തവും സുസ്ഥിരവുമായ സർക്കാരാണ് നടത്തുന്നത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും 2019 ലെ പൊതു തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഞങ്ങൾ ഒരുമിച്ച് മത്സരിച്ചു. 2024ലും ആ സമവാക്യം ഇവിടെ മാറുന്നത് ഞാൻ കാണുന്നില്ല, “ജെഎംഎം പ്രിൻസിപ്പൽ ജനറൽ സെക്രട്ടറിയും വക്താവുമായ സുപ്രിയോ ഭട്ടാചാര്യ പറഞ്ഞു. പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പകരം മമതയെ പിന്തുണയ്ക്കുക എന്ന പാർട്ടിയുടെ നിലപാടിനെക്കുറിച്ചും ഭട്ടാചാര്യ വിശദീകരിച്ചു. അയൽ സംസ്ഥാനമായ പശ്ചിമ ബംഗാളില്‍ ബിജെപി അധികാരത്തിൽ വരുന്നത് തടയുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ഇത് ചെയ്തതെന്നാണ് അദ്ദേഹം പറയുന്നത്. 2024ലെ പൊതുതെരഞ്ഞെടുപ്പിലും ഞങ്ങളുടെ ലക്ഷ്യം ഇതുതന്നെയായിരിക്കും. കേന്ദ്രത്തിൽ നിന്ന് ബിജെപിയെ ഒറ്റക്കെട്ടായി പുറത്താക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടാതെ, പശ്ചിമ ബംഗാളിൽ നിന്ന് വ്യത്യസ്തമായി, ജാർഖണ്ഡിൽ ടിഎംസിക്ക് ഒരു സംഘടനാ അടിത്തറയും ഇല്ല. നേരെമറിച്ച്, സർക്കാരിലെ രണ്ടാമത്തെ വലിയ ഘടകമായ കോൺഗ്രസുമായി ഞങ്ങൾക്ക് സുസ്ഥിരമായ സഖ്യമാണുള്ളത്, “ഭട്ടാചാര്യ കൂട്ടിച്ചേർത്തു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 14 മണ്ഡലങ്ങളിൽ 10ലും കോണ്‍ഗ്രസ് മത്സരിച്ചപ്പോൾ ബാക്കി നാലിടത്തായിരുന്നു ജെഎംഎം മത്സരിച്ചത്. മത്സരിച്ച 10 സീറ്റുകളിലും കോൺഗ്രസ് പരാജയപ്പെട്ടപ്പോൾ, നാലിൽ രണ്ടെണ്ണത്തില്‍ ജയിക്കാൻ ജെഎംഎമ്മിന് സാധിച്ചിരുന്നു.

Eng­lish Sum­ma­ry: Con­gress, Tri­namool war inten­si­fies; Mama­ta Baner­jee looks after the Con­gress lead­ers as well as the con­stituent parties

You may also like thdis video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.