30 May 2024, Thursday

Related news

May 30, 2024
May 30, 2024
May 29, 2024
May 17, 2024
May 15, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 10, 2024

കോണ്‍ഗ്രസ് ദുര്‍ബലമാകുന്നു; യുപിഎ ചെയര്‍മാന്‍സ്ഥാനം ഒഴിയണമെന്നാവശ്യം ഉയരുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
March 31, 2022 4:06 pm

യുപി അടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ട സാഹചര്യത്തിലും, ബിജെപി ഉയര്‍ത്തുന്ന തീവ്രവര്‍ഗ്ഗീയത എതിര്‍ക്കുന്നതിനും കോണ്‍ഗ്രസിനു കഴിയാത്ത സാഹചര്യത്തില്‍ ഐക്യപുരോഗമനസഖ്യത്തിന്‍റെ അദ്ധ്യക്ഷസ്ഥാനം കോണ്‍ഗ്രസ് ഒഴിയണമെന്ന ആവശ്യം ശക്തമാകുന്നു.

കോണ്‍ഗ്രസിന് ശക്തി ക്ഷയിച്ചു എന്നാണ് പ്രതിപക്ഷ നിരയിലെ പാര്‍ട്ടികള്‍ അഭിപ്രായപ്പെടുന്നത്. യുപിഎയെ നയിക്കാന്‍ കോണ്‍ഗ്രസിന് ശേഷിയില്ലെന്നും ഇവര്‍ പറയുന്നു. പകരം ശക്തനും പൊതുസമ്മതനുമായ ഒരു നേതാവിനെ മുന്നില്‍ നിര്‍ത്തണമെന്ന് എന്‍സിപി ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ അധ്യക്ഷന്‍ ശരദ് പവാറിന്റെ പേരാണ് എന്‍സിപി മുന്നോട്ട് വെക്കുന്നത്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും ഉള്‍പ്പെടുന്ന സഖ്യമാണ് ഭരണം നടത്തുന്നത്.

കഴിഞ്ഞ ദിവസം ശിവസേന എംപി സഞ്ജയ് റാവത്ത്, ശരദ് പവാറിനെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. 2024ല്‍ പ്രതിപക്ഷ മുന്നണിയെ നയിക്കാന്‍ എന്തുകൊണ്ടും യോഗ്യന്‍ പവാര്‍ ആണെന്ന് റാവത്ത് പറഞ്ഞു. ബിജെപി ഇതര കക്ഷികള്‍ ഒരു കുടക്കീഴില്‍ വരണം. അത് സാധ്യമാക്കാന്‍ പവാറിന് കഴിയും. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ മുന്നണിയെ പവാര്‍ നയിക്കണം എന്നായിരുന്നു റാവത്തിന്റെ വാക്കുകള്‍. നിലവില്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയാണ്.

യുപിഎയെ നയിക്കുന്ന വ്യക്തിയാകും ഭരണം ലഭിച്ചാല്‍ പ്രധാനമന്ത്രി. എന്നാല്‍ സോണിയ ഗാന്ധി മറിച്ചുള്ള കീഴ്‌വഴക്കമാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. പ്രധാനമന്ത്രിയാകാന്‍ അവസരം ലഭിച്ചിട്ടും സോണിയ നിര്‍ദേശിച്ചത് മന്‍മോഹന്‍ സിങിന്റെ പേരായിരുന്നു. യുപിഎ രണ്ടു തവണ അധികാരത്തിലെത്തിയ വേളയില്‍ മന്‍മോഹന്‍ സിങായിരുന്നു പ്രധാനമന്ത്രി. എന്നാല്‍ ഇപ്പോള്‍ സജീവ രാഷ്ട്രീയത്തില്‍ മന്‍മോഹനില്ല. കോണ്‍ഗ്രസ് ദുര്‍ബലമാകുന്ന സാഹചര്യത്തില്‍ സോണിയ ഗാന്ധി യുപിഎ അധ്യക്ഷ പദവി ഒഴിയണം.

പകരം പവാര്‍ വരട്ടെ എന്നാണ് എന്‍സിപിയുടെ യുവജന വിഭാഗം അധ്യക്ഷന്‍ ധീരജ് ശര്‍മ കഴിഞ്ഞ ദിവസം പറഞ്ഞത്.ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍സിപി യുവജന വിഭാഗം ഇക്കാര്യത്തില്‍ പ്രമേയം പാസാക്കുകയും ചെയ്തു. യുപിഎയുടെ അധ്യക്ഷനായി ശരദ് പവാര്‍ വരണം എന്നായിരുന്നു അവരുടെ ആവശ്യം. പവാറിന്റെ സാന്നിധ്യത്തിലാണ് പ്രമേയം പാസാക്കിയത്. അദ്ദേഹം ഇത് തടഞ്ഞില്ല എന്നതും എടുത്തുപറയേണ്ടതാണ്.

ബിജെപിക്കെതിരെ പൊതുവേദി മിക്ക പാര്‍ട്ടികളും ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന് കീഴില്‍ നില്‍ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുമില്ല. ഈ സാഹചര്യത്തില്‍ പവാറിന് മാത്രമാണ് പ്രതിപക്ഷ സഖ്യത്തെ നയിക്കാന്‍ സാധിക്കുക എന്ന് ധീരജ് ശര്‍മ പറയുന്നു. 2024ല്‍ ഡല്‍ഹി പിടിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി നേതാക്കളാണ് ഒരുങ്ങുന്നത്.

ബംഗാള്‍ മുഖ്യമന്ത്രി മമത, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്ര ശേഖരറാവു എന്നിവരും ബിജെപിയെ പരാജയപ്പെടുത്തി കേന്ദ്രത്തില്‍ ഭരണം പിടിക്കണം എന്ന അഭിപ്രായമുള്ളവരാണ്. എന്നാല്‍ ഇവര്‍ക്കും കോണ്‍ഗ്രസിന് കീഴില്‍ നില്‍ക്കാന്‍ ആഗ്രഹമില്ല. ഈ വേളയിലാണ് പൊതുസമ്മതനായി ശരദ് പവാര്‍ മുന്നോട്ട് വരുന്നത്.

Eng­lish Summary:Congress weak­ens; There is a grow­ing demand for the removal of the UPA chairman

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.