22 June 2024, Saturday

മെക്സിക്കോ: ഇടതുപക്ഷം രണ്ടാം വിജയത്തിന്

സത്യകി ചക്രബർത്തി
May 30, 2024 4:23 am

ജൂൺ രണ്ടിന് ലോകത്താകെയുള്ള, പ്രത്യേകിച്ച് ലാറ്റിനമേരിക്കയിലെ ഇടതുപക്ഷത്തിന് ശുഭകരമായ ഒരു വാർത്ത കൂടി എത്തുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അന്നാണ് മെക്സിക്കോയുടെ പുതിയ പ്രസിഡന്റിനെയും 628 അംഗ പാർലമെന്റിനെയും തെരഞ്ഞെടുക്കാനുള്ള സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. അംലോ എന്നറിയപ്പെടുന്ന നിലവിലെ പ്രസിഡന്റ് ആൻഡ്രസ് മാനുവൽ ലോപ്പസ് അബ്രഡോറിന്റെ സ്വീകാര്യതയുടെയും മാറ്റത്തിനുവേണ്ടി ആവിഷ്കരിച്ച ജനപ്രിയ പദ്ധതികളുടെയും അംഗീകാരമായി ഭരണകക്ഷിയായ ഇടതുപക്ഷ സഖ്യം മൊറേന വിജയിക്കുമെന്നാണ് എല്ലാ സൂചനകളും വ്യക്തമാക്കുന്നത്. 2018ൽ അധികാരമേറ്റ അംലോ വൻ ജനപ്രിയത ആർജിച്ച് ആറു വർഷമാണ് മെക്സിക്കൻ പ്രസിഡന്റായി സേവനമനുഷ്ഠിച്ചത്. ഭരണഘടന പ്രകാരം ഒരാൾക്ക് ഒരുതവണ മാത്രമേ പ്രസിഡന്റ് പദവി പാടുള്ളൂ എന്ന് വ്യവസ്ഥയുള്ളതിനാൽ ഇത്തവണ അംലോ മത്സരിക്കുന്നില്ല. അതുകൊണ്ട് മെക്സിക്കോ സിറ്റി മുൻ മേയറായിരുന്ന ക്ലോഡിയ ഷെയിൻബോമിനെയാണ് മൊറേന പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. പ്രധാന പ്രതിപക്ഷ സ്ഥാനാർത്ഥിയായ സോചിറ്റിൽ ഗാൽവേസാണ് അവരുടെ മുഖ്യ എതിരാളി. വലതുപക്ഷ പാർട്ടികളുടെ സഖ്യത്തിന്റെ പിന്തുണയുള്ള സോചിറ്റിൽ ഗാൽവേസ് സാങ്കേതിക വിദ്യാ സംരംഭകയും മുൻ സെനറ്ററുമാണ്. മൂന്നാമത്തെ എതിരാളിയായി പൗരത്വ പ്രസ്ഥാനത്തിന്റെ ജോർജ് അൽവാരസ് മെ‌യ്‌നസും മത്സരിക്കുന്നു. 

ഏറ്റവും ഒടുവിൽ പുറത്തുവന്ന അഭിപ്രായ സർവേ പ്രകാരം മൊറേനയുടെ ഷെയിൻബോം മുഖ്യപ്രതിപക്ഷ സ്ഥാനാർത്ഥിയായ ഗാൽവേസിനെക്കാൾ 20 പോയിന്റ് മുന്നിലാണ്. വളരെ വിദൂരമല്ലാത്ത രാജ്യങ്ങൾക്ക് വ്യാപാര പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയതുൾപ്പെടെയുള്ള സാമ്പത്തിക നടപടികളിൽ നിന്നുള്ള നേട്ടം ഷെയിൻബോമിന് അനുകൂലമായി പ്രതീക്ഷിക്കാമെങ്കിലും ഊർജം, ജലക്ഷാമം, ധനക്കമ്മി, സംഘടിത കുറ്റകൃത്യങ്ങളുടെ വ്യാപനം എന്നിങ്ങനെ നേരിടേണ്ടിവരുന്ന ആഭ്യന്തര വെല്ലുവിളികൾ പലതാണ്. രാജ്യത്തിനകത്തേക്കും മെക്സിക്കോ വഴിയുമുള്ള കുടിയേറ്റക്കാരുടെ പ്രശ്നവും വെല്ലുവിളിതന്നെ. എന്നാൽ സാധാരണ ജനങ്ങളെ സംബന്ധിച്ച് അവരുടെ ജീവിതത്തെ സ്വാധീനിക്കുന്ന പദ്ധതികളും നടപടികളുമുണ്ടായി എന്നതുകൊണ്ട് മൊറേനയെ കയ്യൊഴിയുവാൻ ജനങ്ങൾ സന്നദ്ധമാകില്ലെന്നാണ് വിശകലനം. യുഎസുമായി ചേർന്നുള്ള വ്യാപാരത്തിന്റെ കൂടി ഫലമായി വളർന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയുടെ പിന്തുടർച്ചക്കാരിയാകും അടുത്ത പ്രസിഡന്റ് എന്നത് ഗുണപരമായ വശമാണ്. 2023ലാണ് മെക്സിക്കോ യുഎസിന്റെ വലിയ വ്യാപാര പങ്കാളിയായി മാറിയത്. ഇതിലൂടെ ഏകദേശം 90,000കോടി ഡോളറിന്റെ പരസ്പര വ്യാപാര വിനിമയമാണ് നടക്കുക. നേരിട്ടുള്ള വിദേശ നിക്ഷേപം വർധിച്ച് 3600 കോടി ഡോളറിലെത്തുകയും ചെയ്തു. അവയാകട്ടെ കൂടുതലായും നിർമ്മാണരംഗത്തും യുഎസ് വിപണിയെ എളുപ്പത്തിൽ ആകർഷിക്കുവാൻ സാധിക്കുന്ന ചൈനയ്ക്ക് പുറത്തുള്ള ഉല്പാദനരംഗത്തുമായിരുന്നു. എങ്കിലും ഒരു ദശകം മുമ്പുള്ള മെക്സിക്കോയിലെ ഉയർന്ന നിരക്കും, വളർന്നുവരുന്ന മറ്റ് വിപണികളുമായും താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴത്തെ നിക്ഷേപ വരവ് കുറവാണ്. ആഗോള തലത്തിൽ 15 ഉയർന്ന സമ്പദ്‌വ്യവസ്ഥാ രാജ്യങ്ങളിൽ മെക്സിക്കോയ്ക്ക് മൂന്ന് ശതമാനം വിദേശ നിക്ഷേപമാണ് ലഭിച്ചത്. പരിമിതമായ ഊർജവും ജലദൗർലഭ്യവുമാണ് സമീപരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മെക്സിക്കോയുടെ വ്യാവസായിക മുന്നേറ്റത്തിനുള്ള പ്രധാന തടസങ്ങൾ. ആവശ്യങ്ങൾ നിറവേറ്റണമെങ്കിൽ അടുത്ത പ്രസിഡന്റിന്റെ കാലയളവിൽ വൈദ്യുതോല്പാദനത്തിലും വിതരണത്തിലും മെക്സിക്കോ ഏകദേശം 4000 കോടി ഡോളർ വിനിയോഗിക്കണമെന്നാണ് നിക്ഷേപ ബാങ്കിങ് കമ്പനിയായ മോർഗൻ സ്റ്റാൻലിയുടെ 2023ലെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. 

കൂടുതൽ ആഗോള നിക്ഷേപകരെ ആകർഷിക്കണമെങ്കിൽ ഹരിത വൈദ്യുതിയാണ് ആവശ്യമായിട്ടുള്ളത്. എന്നാൽ സ്വകാര്യമേഖലയിലെ ഊർജ നിക്ഷേപം നിരുത്സാഹപ്പെടുത്തുകയും പുനരുല്പാദിപ്പിക്കാവുന്ന വസ്തുക്കളുടെ ഉപയോഗത്തെക്കാൾ ഫോസിൽഇന്ധന വൈദ്യുതി ഉല്പാദനത്തിന് മുൻഗണന നൽകുകയും ചെയ്യുന്ന നിലപാടാണ് മെക്സിക്കോ സ്വീകരിക്കുന്നത്. 11 സംസ്ഥാനങ്ങളും തലസ്ഥാനമായ മെക്സിക്കോ സിറ്റിയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാരണം ഗണ്യമായ ജലക്ഷാമം അഭിമുഖീകരിക്കുകയും ചെയ്യുന്നു.
അടുത്ത പ്രസിഡന്റ് നേരിടാവുന്ന മറ്റൊരു പ്രധാന പ്രശ്നം വർധിച്ചുവരുന്ന അരക്ഷിതാവസ്ഥയും ദുർബലമായ ക്രമസമാധാന സംവിധാനവുമാണ്. മെക്സിക്കോ സുരക്ഷിത രാജ്യങ്ങളിൽ ഒന്നല്ല. കൊലപാതക നിരക്ക് ഉയരുകയും പിടിച്ചുപറി ഏകദേശം 50 ശതമാനം വർധിക്കുകയും ചെയ്തു. സംഘടിത കുറ്റകൃത്യങ്ങൾ വ്യാപിക്കുകയും വിവിധ റാക്കറ്റുകൾ വിപുലീകരിക്കപ്പെടുകയും ചെയ്തു. നിയമവിരുദ്ധ ഊർജ നിർമ്മാണം, കുടിയേറ്റ കള്ളക്കടത്തുകാർ, പൊതുഅഴിമതി എന്നിവ സംബന്ധിച്ച പരാതികളും വ്യാപകമായി. അതിനിടെ, സുരക്ഷാരംഗത്തെ സൈനികവൽക്കരണത്തിനുവേണ്ടി ബജറ്റിൽ സംസ്ഥാന പ്രാദേശിക നീതിനിർവഹണത്തിനുള്ള വിഹിതം കുറച്ചതിലൂടെ സാധാരണ പൊലീസ് സംവിധാനം ദുർബലമാകുകയും ചെയ്യുന്നു. അടിസ്ഥാന സൗകര്യ പദ്ധതികൾ, കസ്റ്റംസ്, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ തുടങ്ങിയ പലതിന്റെയും നടത്തിപ്പ്, മേൽനോട്ടം എന്നിവയെല്ലാം സൈന്യത്തെ ഏല്പിച്ചിരുന്നു. ഇത് പ്രധാന പൊതുസംവിധാനങ്ങളുടെ സുതാര്യതയും വിശ്വാസ്യതയും ഇല്ലാതാക്കുകയും സൈന്യത്തെ സംഘടിത കുറ്റകൃത്യ സംഘങ്ങളുടെ സ്വാധീനത്തിന് വഴങ്ങുന്നവരാക്കി മാറ്റുകയും ചെയ്തു. പുതിയ പ്രസിഡന്റ് ഇതിനോട് പൊരുതേണ്ടിവരുമെന്നാണ് ലാറ്റിനമേരിക്കൻ വിദഗ്ധർ പറയുന്നത്. ഉദ്യോഗസ്ഥരുടെയും സൈന്യത്തിന്റെയും പങ്കാളിത്തത്തോടെ അഴിമതിയുടെ വ്യാപ്തി വർധിക്കുന്നതിന് ഈ സംവിധാനം വഴിയൊരുക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നതാണ്. നിലവിലുള്ള രീതി മാറ്റണമെന്ന് സാധാരണക്കാരിൽ നിന്നും സമൂഹമാധ്യമങ്ങളിൽ നിന്നും ശക്തമായ ആവശ്യമുയരുകയും ചെയ്തിരുന്നു. 

സാമ്പത്തിക സ്ഥിതി നല്ല നിലയിലല്ലെങ്കിലും തന്റെ ഭരണകാലയളവിൽ പ്രസിഡന്റ്‍ അംലോ സാധാരണ ജനങ്ങൾക്കുവേണ്ടിയുള്ള പദ്ധതികൾക്കായി വളരെയധികം ധനം വിനിയോഗിച്ചിരുന്നു. എങ്കിലും രാജ്യത്തിന്റെ മോശം സാമ്പത്തിക സ്ഥിതി പുതിയ പ്രസിഡന്റിന് മുന്നിൽ വലിയ വെല്ലുവിളികളാണ് ഉയർത്തുന്നത്. ബജറ്റ് കമ്മി മൊത്തം ആഭ്യന്തരോല്പാദനത്തിന്റെ ആറ് ശതമാനത്തിലെത്തി. റോഡ്, റെയിൽ, വിമാനത്താവളങ്ങൾ, അതിർത്തി സംരക്ഷണം എന്നിവയ്ക്കായുള്ള വാഗ്ദാനങ്ങളില്‍ നിന്ന് പിന്നാക്കം പോകുകയും ചെയ്തിരിക്കുന്നു. പൊതു ഉടമസ്ഥതയിലുള്ള ഊർജോല്പാദന കമ്പനിയായ പെട്രോളിയോസ് മെക്സിക്കാനോസ് (പെമെക്സ്) വലിയ സാമ്പത്തിക ബാധ്യതയായി നിലനിൽക്കുകയുമാണ്. പെമെക്സിനെ പിടിച്ചുനിർത്താൻ അംലോ 9000 കോടി ഡോളറിലധികം നിക്ഷേപിച്ചിരുന്നു. പക്ഷേ ഇപ്പോഴും 10,000 കോടി ഡോളറിലധികം ബാധ്യതയുള്ള ലോകത്തെ തന്നെ ഏറ്റവും അധികം കടബാധ്യതയുള്ള എണ്ണക്കമ്പനിയായി പെമെക്സ് തുടരുകയാണ്. പെമെക്സിന്റെ പ്രവർത്തനം മെച്ചപ്പെടുന്നില്ലെങ്കിൽ പ്രതിവർഷം മെക്സിക്കോയ്ക്ക് 1800 കോടി ഡോളർ നഷ്ടമാകുമെന്നാണ് ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസിന്റെ പ്രവചനം. സർക്കാരിന്റെ ധനസ്ഥിതി ചോർത്തിക്കൊണ്ടിരിക്കുന്ന ഈ എണ്ണക്കമ്പനിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുക എന്നതായിരിക്കും പുതിയ പ്രസിഡന്റിനെ സംബന്ധിച്ചിടത്തോളം പ്രാഥമിക ദൗത്യമായി ഏറ്റെടുക്കേണ്ടി വരിക. 

മൊറേനയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ഷെയിൻബോം എല്ലാ വിഭാഗങ്ങളെയും സംബോധന ചെയ്യുംവിധമാണ് പ്രവർത്തങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്. കലാകാരന്മാർക്കുള്ള ആരോഗ്യ, സാമൂഹ്യ സുരക്ഷിതത്വം ഉൾപ്പെടെ വിദ്യാഭ്യാസം, സാംസ്കാരിക രംഗം, കല, കായികം എന്നിങ്ങനെ എല്ലാ മേഖലകളും പരിഗണനാ വിഷയമായി എടുത്തുപറയുന്നുണ്ട്. സംഘർഷങ്ങളിൽ ഇരകളാകുന്നവർക്കായുള്ള ഒരു ദേശീയ മാനസികാരോഗ്യ പരിപാടി ഉൾപ്പെടെ മാനസിക ആരോഗ്യപ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അവർ വാഗ്ദാനം ചെയ്യുന്നു. ജലം തന്റെ ഭരണത്തിന്റെ നിർണായക പരിഗണനാ പ്രശ്നമായിരിക്കുമെന്ന് പറയുന്ന ഷെയിൻബോം, ജലസ്രോതസുകൾ സമ്പന്നരായ ലൈസൻസികൾക്കും കോർപറേഷനുകൾക്കുമായി മാറ്റിയ നോർത്ത് അമേരിക്കൻ സ്വതന്ത്ര വ്യാപാര കരാറിന്റെ പരിഷ്കാരങ്ങൾ ഉൾപ്പെടെ മെക്സിക്കോയുടെ ദീർഘകാല ജലപ്രശ്നങ്ങൾ പരിഹരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഊർജരംഗത്തെ സമഗ്ര പരിഷ്കരണവും അവരുടെ വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ടതാണ്. മൊറേനയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക വോട്ടർമാർക്കിടയിൽ വ്യാപകമായ സ്വീകാര്യതയാണ് സൃഷ്ടിക്കുന്നതെന്നാണ് നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും തെരഞ്ഞെടുപ്പ് പ്രചരണങ്ങളോടുള്ള പ്രതികരണത്തിൽ നിന്ന് വ്യക്തമാകുന്നത്. അഴിമതിക്കെതിരെ പോരാടുമെന്നും കുറ്റകൃത്യങ്ങൾ കുറച്ചു കൊണ്ടുവരുമെന്നും മൊറേന ഉറപ്പ് നൽകുന്നു. ഇവ രണ്ടുമായിരുന്നു മൊറേനയുടെ നിലവിലുള്ള ഭരണത്തിലെ രണ്ട് പ്രധാന പോരായ്മകൾ. എങ്കിലും സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ആറ് വർഷമായി ജീവിത സാഹചര്യങ്ങൾ വളരെയധികം മെച്ചപ്പെട്ടു. അതുകൊണ്ടുതന്നെ ഇടതുപക്ഷമായ മൊറേന ജൂൺ രണ്ടിലെ വോട്ടെടുപ്പിൽ വിജയം ആവർത്തിക്കുമെന്നാണ് പൊതു പ്രവചനവും വിലയിരുത്തലും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.