19 May 2024, Sunday

Related news

May 18, 2024
May 17, 2024
May 17, 2024
May 16, 2024
May 15, 2024
May 14, 2024
May 13, 2024
May 13, 2024
May 12, 2024
May 12, 2024

ഒരു ലക്ഷം തൊഴിൽ വാഗ്ദാനവുമായി കോൺഗ്രസ്; സീറ്റ് കിട്ടാത്തതിൽ കണ്ണീരുമായി ബിജെപി

Janayugom Webdesk
ഷിംല
November 5, 2022 10:15 am

കടുത്ത ഭരണവിരുദ്ധ വികാരം മറികടക്കാൻ കേന്ദ്ര നേതാക്കളുടെ നീണ്ട നിരയെ ഇറക്കി പ്രചരണം നടത്തുന്ന ബിജെപിയെ വെട്ടിലാക്കി സീറ്റ് നിഷേധിക്കപ്പെട്ട നേതാക്കൾ. കേന്ദ്ര മന്ത്രിയുൾപ്പെടെ അവഗണനയാരോപിച്ച് പൊതുവേദിയിൽ കരഞ്ഞത് പാർട്ടിക്ക് തിരിച്ചടിയായി. അതേസമയം പ്രിയങ്കയുടെ നേതൃത്വത്തിൽ പ്രചരണം കൊഴുപ്പിക്കുകയാണ് കോൺഗ്രസ്. 

അധികാരത്തിലെത്തിയാൽ തങ്ങളുടെ പാർട്ടി ഒരു ലക്ഷം തൊഴിലവസരങ്ങൾ നൽകുമെന്നും പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമെന്നും സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും 1500 രൂപ ധനസഹായം നൽകുമെന്നും പ്രിയങ്ക പ്രഖ്യാപിച്ചു. യുവാക്കളുടെ ഭാവി നശിപ്പിക്കുന്ന മയക്കുമരുന്ന് വിപത്തിനെതിരെ കോൺഗ്രസ് പോരാടുമെന്നും കംഗ്രയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് പ്രിയങ്ക പറഞ്ഞു. സംസ്ഥാനം കടക്കെണിയിലായെന്നും 63,000 തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും ബിജെപി ഭരണകൂടത്തെ പ്രിയങ്ക വിമർശിച്ചു.
കേന്ദ്ര മന്ത്രി അനുരാഗ്ഠാക്കൂര്‍, തന്റെ പിതാവും മുൻ മുഖ്യമന്ത്രിയുമായ പ്രേംകുമാർ ധൂമാലിന് സീറ്റ് നല്കാത്തതിലെ വിഷമം പങ്കുവയ്ക്കുന്ന വീഡിയോ പ്രചരിക്കുന്നത് ബിജെപിക്ക് തലവേദനയായി. ‘സ്വന്തം ആരോഗ്യം പോലും വകവയ്ക്കാതെ ഓരോ ബൂത്തിലും ഓടി നടക്കുന്ന അദ്ദേഹത്തെയാണ് സംഘടന 2017 മുതൽ വീട്ടിൽ ഇരുത്തിയത്’ എന്ന് വീഡിയോയിൽ പറയുന്നു. മുൻ എംഎൽഎയും രാജകുടുംബാംഗവുമായ മഹേശ്വർ സിങ്ങും സമാനമായ വികാരം പാർട്ടി നേതൃത്വത്തിന് മുമ്പിൽ വച്ചിട്ടുണ്ട്. 

പാർട്ടിക്കകത്തെ ഭിന്നതയും ഭരണവിരുദ്ധ വികാരവും മറികടക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്, പാർട്ടി അധ്യക്ഷൻ ജെ പി നഡ്ഡ, മുഖ്യമന്ത്രി ജയ് റാം ഠാക്കൂർ എന്നിവരുടെ റാലികളാണ് ബിജെപി നടത്തുക. അമിത് ഷാ ഉന ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ മുതിർന്ന നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.
ഭൂപേഷ് ബാഗേലിനൊപ്പം പ്രിയങ്ക ഗാന്ധിയാണ് ഇപ്പോൾ കോൺഗ്രസിന്റെ പ്രചാരണം നയിക്കുന്നത്. രാഹുൽ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും ഷെഡ്യൂളുകൾ കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നവംബർ 8,9 തീയതികളിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഹിമാചലിലെത്തുന്നുണ്ട്. ജനങ്ങളിലേക്ക് നേരിട്ടിറങ്ങിയുള്ള പ്രചാരണത്തിനൊപ്പം ഭരണവിരുദ്ധ വികാരവും വോട്ടാക്കാൻ സാധിക്കുമെന്ന് കോൺഗ്രസ് കരുതുന്നു. 

Eng­lish Sum­ma­ry: Con­gress with one lakh job offer; BJP is in tears for not get­ting a seat

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.