18 November 2024, Monday
KSFE Galaxy Chits Banner 2

നിര്‍മ്മാണത്തൊഴിലാളി സെസ് കാര്യക്ഷമമാക്കണം

വിജയന്‍ കുനിശേരി
March 21, 2023 4:52 am

ദ്യകാല ക്ഷേമനിധി ബോര്‍ഡുകളിലൊന്നാണ് കേരള കണ്‍സ്ട്രക്ഷന്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്. അസംഘടിതരെ സംഘടിപ്പിക്കുവിന്‍ എന്ന ബംഗളൂരു ദേശീയ സമ്മേളനത്തിന്റെ‍ ആഹ്വാനമുള്‍ക്കൊണ്ട് രാജ്യമാകമാനമുള്ള തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനാണ് എഐടിയുസി നേതൃത്വം നല്‍കിയത്. കേരള നിയമസഭയിലേക്ക് വാഴൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും നിയമസഭാ സാമാജികനായി തെരഞ്ഞെടുക്കപ്പെട്ട, നിലവിലെ‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, നിര്‍മ്മാണത്തൊഴിലാളികളുടെയും അവരുടെ കുടുംബത്തിന്റെയും ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ ഒരു ക്ഷേമനിധി പ്രഖ്യാപിക്കണമെന്ന് ഒരു സ്വകാര്യ ബില്ലിലൂടെ ആവശ്യപ്പെട്ടു. അതിനെത്തുടര്‍ന്നുള്ള ചര്‍ച്ചകളാണ് കേരളത്തില്‍ ഒരു ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുന്നതിലേക്ക് എത്തിച്ചേര്‍ന്നത്. നിര്‍മ്മാണ തൊഴിലാളികള്‍ക്ക് സുരക്ഷിതത്വം ഉറപ്പാവുകയും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വരെ ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് തമിഴ്‌നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ സമാനമായ ചട്ടങ്ങളും ക്ഷേമനിധി ബോര്‍ഡും വരികയുണ്ടായി.
എഐടിയുസി നേതൃത്വത്തില്‍ നടത്തിയ തുടര്‍പോരാട്ടങ്ങളിലൂടെ 89–90ല്‍ നേടിയെടുത്ത ക്ഷേമനിധി ബോര്‍ഡും ചട്ടവും ദേശീയതലത്തില്‍ 1996ല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 1998ല്‍ ദേശീയതലത്തില്‍ ബില്‍ഡിങ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ആക്ടും റൂള്‍സും നിലവില്‍ വന്നു. കേരള ബോര്‍ഡിന്റെ ഘടനയിലും നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം വന്നു.


ഇതുകൂടി വായിക്കു;  ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് എതിരായ വ്യാജപ്രചാരണം


കേരളത്തിന്റെ മാതൃകയില്‍ എല്ലാ സംസ്ഥാന–കേന്ദ്ര ഭരണപ്രദേശങ്ങളിലും നിര്‍മ്മാണ തൊഴിലാളികളുടെ ക്ഷേമനിധി ബോര്‍ഡുകള്‍ രൂപീകരിച്ചു. രാജ്യത്താകെ അഞ്ചു കോടി നിര്‍മ്മാണ തൊഴിലാളികളെ അംഗങ്ങളാക്കി അവരുടെ ജീവിതം സുരക്ഷിതമാക്കുക എന്നതാണ് ലക്ഷ്യം. രാജ്യത്തിന്റെ 94 ശതമാനം വരുന്ന അസംഘടിത വിഭാഗം തൊഴിലാളികളാണ് ജിഡിപിയുടെ അറുപതു ശതമാനം സംഭാവന ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്കിവന്നതും 21 ലക്ഷത്തോളം തൊഴിലാളികള്‍ അംഗങ്ങളായിട്ടുള്ളതുമായ ബോര്‍ഡാണ് കേരളത്തിലുള്ളത്. 2023 മാര്‍ച്ച് മാസത്തോടെ അഞ്ച് ലക്ഷം പെന്‍ഷന്‍കാര്‍ കേരളത്തിലെ ക്ഷേമനിധി ബോര്‍ഡിന് കീഴില്‍ ഉണ്ടാവുമെന്നാണ് കണക്കാക്കപ്പെടുന്നത്. മാസം 1600രൂപയാണ് പെന്‍ഷന്‍ നല്കിവരുന്നത്. മുന്‍കാല ട്രേഡ് യൂണിയന്‍ നേതാക്കളായ എം സുജനപ്രിയന്‍, സി കണ്ണന്‍, എ സി ജോസ് എന്നിവരുമായി ആലോചിച്ച് ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു. സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായമൊന്നുമില്ലാതെയാണ് ക്ഷേമനിധി ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. കോവിഡ് മഹാമാരി കാലത്ത് സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് വന്‍ സാമ്പത്തിക ബാധ്യത ഏറ്റെടുത്ത് ധനസഹായം വിതരണം ചെയ്തു. സംസ്ഥാനത്ത് ട്രഷറികള്‍ സാമ്പത്തിക ‍ഞെരുക്കം നേരിട്ട ചില സന്ദര്‍ഭങ്ങളില്‍ ബോര്‍ഡ് കോടിക്കണക്കിന് രൂപ കടം നല്കി സഹായിച്ചിട്ടുണ്ട്. ഇപ്പോള്‍ സെസ് പിരിവ് മന്ദഗതിയിലായ സാഹചര്യത്തില്‍ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും കുടിശികയായി. മറ്റെല്ലാ ക്ഷേമനിധി ബോര്‍ഡുകളെയും പോലെ ഉടമാ വിഹിതം സര്‍ക്കാര്‍ മുന്‍കൈയില്‍ പിരിച്ചെടുക്കുന്നതിലൂടെ ലഭിക്കുന്നതാണ് ബോര്‍ഡിന്റെ വരുമാനമാര്‍ഗങ്ങളില്‍ പ്രധാനം. മറ്റൊന്ന് മാസംതോറും തൊഴിലാളി അടയ്ക്കുന്ന 50 രൂപ അംശാദായവുമാണ്. ഉടമയുടെ വിഹിതമാണ് സെസ്. 10 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം ഒരുതവണ മാത്രം സെസായി ക്ഷേമനിധി ബോര്‍ഡില്‍ ലഭിക്കുന്നു. ഇതുതന്നെ കൃത്യമായി പിരിച്ചെടുത്താലേ സാമ്പത്തിക ഭദ്രതയുള്ള ബോര്‍ഡായി മാറുകയുള്ളു. സെസ് കളക്ഷന്‍ ലഭിക്കാത്തതിനാല്‍അഞ്ച് ലക്ഷത്തോളം പേര്‍ക്ക് പെന്‍ഷന്‍ ലഭിക്കാതെ വരുന്നത് ഗുരുതരമായ പ്രശ്നമാണ്. ബോര്‍ഡിന്റെ സെസ് പിരിവ് കാര്യക്ഷമമാക്കി സംരക്ഷിക്കണം.

 


ഇതുകൂടി വായിക്കു; ഒരിക്കല്‍ക്കൂടി ഓര്‍മ്മിക്കണം ഭാരതീയ പൈതൃകം


നമ്മുടെ സംസ്ഥാനം പൊതുജനാരോഗ്യരംഗത്തും പൊതുവിതരണ രംഗത്തും പൊതു വിദ്യാഭ്യാസ രംഗത്തും സാമൂഹ്യക്ഷേമ രംഗത്തും മുന്നോട്ടു കുതിക്കുമ്പോള്‍ നിര്‍മ്മാണ മേഖലയിലെ തൊഴിലാളികളുടെയും കുടുംബത്തിന്റെയും ആനുകൂല്യങ്ങളും പെന്‍ഷനും നല്കുന്നതിന് സ്വന്തമായി വരുമാനമുണ്ടാക്കി പ്രവര്‍ത്തിക്കുന്ന ക്ഷേമനിധി ബോര്‍ഡ് നിലനില്ക്കേണ്ടത് ആവശ്യമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സമയത്ത് സര്‍ക്കാര്‍ കരുതലോടെ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. ഇപ്പോള്‍ സെസ് പിരിവ് നടത്തുന്നത് തൊഴില്‍ വകുപ്പ് മുഖേനയാണ്. പോയ വര്‍ഷങ്ങളിലെ സെസാണ് ഇപ്പോള്‍ പിരിച്ചെടുക്കുന്നത്. അത് കാലാനുസൃതമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ സെസ് പിരിച്ചെടുക്കുവാനുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാണം.
കേന്ദ്ര നിയമമനുസരിച്ച് ഒരു ശതമാനം മുതല്‍ രണ്ടു ശതമാനം വരെ സെസ് പിരിച്ചെടുക്കാവുന്നതാണ്. സംസ്ഥാനം ഒരു ശതമാനമാണ് പിരിച്ചെടുക്കുന്നത്. പഞ്ചായത്തുകളില്‍ നിലവിലെ ഭരണസംവിധാനം ഉപയോഗിച്ച് എളുപ്പത്തില്‍ പിരിച്ചെടുക്കാവുന്നതിനെ സങ്കീര്‍ണമാണെന്ന് ചിത്രീകരിക്കുന്നതിനോട് യോജിപ്പില്ല. കെട്ടിട പെര്‍മിറ്റ് അനുവദിക്കുമ്പോള്‍ എസ്റ്റിമേറ്റിന്റെ ഒരു ശതമാനത്തിന്റെ പകുതി ഒരു എഗ്രിമെന്റിന്റെ അടിസ്ഥാനത്തില്‍ ശേഖരിക്കാം. ബാക്കി അമ്പത് ശതമാനം അസസ്മെന്റിനു ശേഷം കെട്ടിട നമ്പറും ഉടമസ്ഥാവകാശവും നല്കുമ്പോള്‍ ശേഖരിക്കാം. സെസ് ചുമത്താതിരിക്കുകയോ ഒഴിവാക്കുകയോ ചെയ്താല്‍ ലയബിലിറ്റി ഫിക്സ് ചെയ്ത് ജീവനക്കാര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കണം.
തൊഴിലാളി ക്ഷേമം മുന്‍നിര്‍ത്തി തൊഴിലാളികള്‍ എണ്ണമറ്റ പോരാട്ടത്തിലൂടെ വളര്‍ത്തിക്കൊണ്ടുവന്ന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും തൊഴിലാളികളുടെ വിവിധ പ്രശ്നങ്ങളില്‍ അടിയന്തര ശ്രദ്ധ പതിയണമെന്ന് കേരള കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ ആവശ്യപ്പെടുന്നു.
ഫെഡറേഷന്‍ 2022 ഓഗസ്റ്റ് 20ന് കളക്ടറേറ്റുകളിലേക്കും സെക്രട്ടേറിയറ്റിലേക്കും നടത്തിയ സമരത്തിലൂടെ സെസ് പിരിവ് ഊര്‍ജിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അടിയന്തരമായി സോഫ്റ്റ്‌വേര്‍ തയ്യാറാക്കി പഞ്ചായത്തുകളിലൂടെയുള്ള സെസ് കളക്ഷന് വേഗത കൂട്ടണം.
ഭാരതത്തിലെ ലക്ഷക്കണക്കിന് വരുന്ന അസംഘടിത–നിര്‍മ്മാണ തൊഴിലാളികളുടെ ക്ഷേമം മുന്‍നിര്‍ത്തി കേന്ദ്ര ബജറ്റില്‍ ആവശ്യമായ പണം നീക്കിവയ്ക്കണം. മുന്‍കാലങ്ങളില്‍ തൊഴിലുറപ്പു തൊഴിലാളി (എംഎന്‍ആര്‍ഇജി) പദ്ധതി നിര്‍വഹണത്തിനായി നീക്കിവച്ച സംഖ്യതന്നെ വന്‍തോതില്‍ വെട്ടിക്കുറച്ചിരിക്കുന്നു. തൊഴിലാളി മുന്നേറ്റത്തിലൂടെ പുതിയ ഇന്ത്യ എന്ന എഐടിയുസി 42-ാം ദേശീയ സമ്മേളനത്തിന്റെ ആഹ്വാനം ഉള്‍ക്കൊണ്ടുകൊണ്ട് തൊഴിലാളി ക്ഷേമത്തിനായി ഉറച്ച കാല്‍വയ്പോടെ കേരള കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (എഐടിയുസി) സമരമുഖത്താണ്.


ഇതുകൂടി വായിക്കു;  ഒരു കുമ്പസാരം പ്രതീക്ഷിക്കാമോ!


തദ്ദേശ സ്ഥാപനങ്ങളിലൂടെ സെസ് പിരിച്ചെടുക്കുവാനുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനം അടിയന്തരമായി പ്രാബല്യത്തില്‍ വരുത്തുക, പെന്‍ഷന്‍ കുടിശിക അടിയന്തരമായി കൊടുത്തുതീര്‍ക്കുക, നിര്‍മ്മാണ സാമഗ്രികളായ സിമന്റ്, മണല്‍, സ്റ്റീല്‍, മെറ്റല്‍ എന്നിവയുടെ വിലവര്‍ധന തടയുന്നതിന് നിയന്ത്രിതവിലയ്ക്ക് മുന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ‘കലവറ’ എന്ന വിപണന കേന്ദ്രങ്ങള്‍ താലൂക്കുതോറും ആരംഭിക്കുക, ക്ഷേമനിധി പെന്‍ഷനോടൊപ്പം സാമൂഹ്യ പെന്‍ഷന്‍ എന്നത് പുനഃസ്ഥാപിക്കുക, ജിഎസ്‌ടി വിഹിതം സംസ്ഥാനത്തിന് അനുവദിക്കുക, ക്ഷീര–കര്‍ഷക മേഖലയില്‍ നല്കുന്ന ധനസഹായം/സബ്സിഡിയില്‍ പെന്‍ഷന്‍ എന്ന പ്രയോഗം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് 21, 22, 23, 24, 25 തീയതികളില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നിര്‍മ്മാണത്തൊഴിലാളികള്‍ പഞ്ചദിന സത്യഗ്രഹ സമരം നടത്തുന്നു. സമരത്തിന്റെ ഭാഗമായി സംസ്ഥാനത്ത് രണ്ടു ജാഥകള്‍ (പാറശാല മുതല്‍ പറവൂര്‍ വരെയും ചട്ടഞ്ചാല്‍ മുതല്‍ മാള വരെയും പ്രചരണം നടത്തുകയുണ്ടായി.
പോരാട്ടങ്ങളിലൂടെ നേടിയെടുത്ത പെന്‍ഷനും ആനുകൂല്യങ്ങളും കുടിശിക തീര്‍ത്ത്, യഥാസമയം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന ‘പഞ്ചദിന സത്യഗ്രഹ സമര’ത്തില്‍ ട്രേഡ് യൂണിയന്‍, വര്‍ഗ‑ബഹുജന-സര്‍വീസ് സംഘടനാ നേതാക്കള്‍ അഭിസംബോധന ചെയ്യും.

(കേരള കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ്
ഫെഡറേഷന്‍ (എഐടിയുസി)
ദേശീയ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.