സിനിമയിലെ കഥാപാത്രത്തെ ചൊല്ലി കോൺഗ്രസിൽ കലഹം. മമ്മൂട്ടി അമൽ നീരദ് കൂട്ടുകെട്ടിൽ പിറന്ന ഭീഷ്മ പർവ്വം സിനിമയിലെ എറണാകുളം എം പി ജെയിംസ് എന്ന കഥാപാത്രത്തെ ചൊല്ലിയാണ് വിവാദം. മുൻ എംപി കെ വി തോമസിനെയാണ് ദിലീഷ് പോത്തൻ അവതരിപ്പിക്കുന്ന കഥാപാത്രം സൂചിപ്പിക്കുന്നതെന്ന പ്രചാരണം കോൺഗ്രസ് വൃത്തങ്ങളിൽ ചർച്ചയാവുമ്പോൾ കോൺഗ്രസിലെ ന്യൂ ജെൻ പിള്ളേർ നൽകിയ പണിയാണ് ഇതെന്ന് കെ വി തോമസ് എംപിയുടെ മകൻ സോഷ്യൽ മീഡിയയിൽ ആരോപിച്ചു.
തന്റെ അപ്പൻ ന്യൂ ജെൻ പിള്ളേരുടെ കൂട്ട് ജീൻസിട്ട് ബസ് സ്റ്റോപ് ഉണ്ടാക്കി കളിക്കലായിരുന്നില്ല വമ്പൻ പ്രൊജക്റ്റുകളാണ് കൊണ്ടുവന്നതെന്നും പറയുന്ന പോസ്റ്റിൽ, തോമസിന്റെ തിരിച്ചുവരവിൽ പേടിയുള്ളവരാണ് ഇതിനു പിന്നിലെന്നും ആരോപിക്കുന്നു. കെ വി തോമസ് മകന്റെ പോസ്റ്റ് ഷെയർ ചെയ്തതോടെ കളം ചൂട് പിടിച്ചു.
ബിജു തോമസിന്റെ കുറിപ്പ് ഇങ്ങനെ: ഭീഷ്മ പർവ്വം കണ്ടു, സിനിമയെ കുറിച്ച് ഒത്തിരി അഭിപ്രായം വായിച്ചു. എനിക്ക് കൂടുതലൊന്നും പറയാനില്ല. പക്ഷേ അതിലെ ഒരു കഥാപാത്രത്തെ കുറിച്ച് പറയാനുണ്ട്. ദിലീഷ് പോത്തൻ അഭിനയിച്ച ടി വി ജെയിംസ് എൺപതുകളിലെ എംപി, മൂന്ന് പ്രാവിശ്യം ജയിച്ചു, ചതുര കണ്ണട, കഷണ്ടി, പോക്കറ്റിൽ ഡയറി, പേന, കൈയിൽ ബ്രീഫ്കേസ്. പിന്നെ ട്രേഡ്മാർക് ആയി കുമ്പളങ്ങിയിൽ നിന്നു ഡെൽഹിയിൽ കൊണ്ട് കൊടുത്തു സ്ഥാനമാനങ്ങളിലേക്ക് വഴി തുറക്കുന്ന തിരുത.
അമൽ നീരദിന്റെ കഥാപാത്രത്തിന് കെ വി തോമസ് എന്ന് പേര് കൊടുത്താലും, ഞങ്ങൾക്ക് വിരോധമുണ്ടാവില്ല, കാരണം ഇതിലൊക്കെ എത്രയോ വലുതാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ സഹായിച്ചിട്ടുള്ളത്.
ചാര കേസിൽ തുടങ്ങി ഹവാല കേസ് വരെ എല്ലാം സുഹൃത്തുക്കളുടെ സഹായമാണ്. ഇതൊക്കെ നേരിട്ട് ഒന്നും ചെയ്യാൻ പറ്റാത്തത് കൊണ്ടുള്ള സഹായങ്ങൾ. ഭീഷ്മ പർവ്വത്തിലുള്ള കഥാപാത്രം ന്യൂജനറേഷൻകാരുടെ സംഭാവനയാണ്. പണ്ടുള്ള സഹപ്രവർത്തകരുടെ പുതു തലമുറ. ഒരു കാര്യത്തിൽ സന്തോഷമുണ്ട്, സിനിമയിൽ കാണിച്ച പോലെ, ജീവിതത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടില്ല. സിനിമയിലുള്ള പോലെ ഒരു ഉപകാരവും ചെയ്യാത്ത എംപി അല്ല അദ്ദേഹമെന്നും മകൻ പറയുന്നു.
english summary; Controversy in Congress over character in film
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.