25 March 2025, Tuesday
KSFE Galaxy Chits Banner 2

കോര്‍പറേറ്റ് തൊഴില്‍ നിയമങ്ങള്‍ 19-ാം നൂറ്റാണ്ടിലേക്കുള്ള തിരിച്ചുപോക്ക്

കെ ദിലീപ്
നമുക്ക് ചുറ്റും
January 14, 2025 4:30 am

ചിക്കാഗോയില്‍ 1886ല്‍ ആരംഭിച്ച ത്യാഗനിര്‍ഭരമായ വലിയ സമരങ്ങള്‍ക്കൊടുവിലാണ് യൂറോപ്പിലും അമേരിക്കയിലും മറ്റും തൊഴിലാളികളുടെ പ്രതിദിന ജോലി സമയം എട്ടു മണിക്കൂറായി നിയമം മൂലം നിജപ്പെടുത്തിയത്. വിവിധ രാജ്യങ്ങള്‍ വിവിധ കാലഘട്ടങ്ങളിലാണ് ഈ രീതി അംഗീകരിച്ചത്. ഇന്ത്യയില്‍ നിയമപരമായി ഇത് അംഗീകരിക്കപ്പെടാന്‍ സ്വാതന്ത്ര്യം വരെ കാത്തിരിക്കേണ്ടിവന്നു. 2024മേയ് മാസത്തില്‍ റോമില്‍ വച്ച് നടന്ന 18-ാം കോണ്‍ഗ്രസില്‍ വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സ് (ഡബ്ല്യുഎഫ്‌ടിയു) പ്രതിദിന ജോലിസമയം ഏഴു മണിക്കൂറായും ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിവസമായും (ആഴ്ചയില്‍ 35മണിക്കൂര്‍ പ്രവൃത്തിസമയം) നിജപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍ നാരായണമൂര്‍ത്തി ജീവനക്കാരോട് 70മണിക്കൂര്‍ ജോലി ചെയ്യാന്‍ ആഭ്യര്‍ത്ഥിച്ചത്. അക്കാര്യത്തില്‍ വലിയ പ്രതിഷേധങ്ങള്‍ പൊതുസമൂഹത്തില്‍ നിന്നും ഉയരുന്നതിനിടയിലാണ് ലാര്‍സണ്‍ ആന്റ് ട്യൂബ്രോ എന്ന മറ്റൊരു കോര്‍പറേറ്റ് കമ്പനിയുടെ സിഇഒ എസ് എന്‍ സുബ്രഹ്മണ്യം ഒരു പടികൂടി കടന്ന് ആഴ്ചയില്‍ 90മണിക്കൂര്‍ ജോലി ചെയ്യണമെന്നും ഞായറാഴ്ച അവധി ഉപേക്ഷിക്കണമെന്നും എന്തിന് വെറുതെ ഭാര്യയെ നോക്കിയിരിക്കുന്നു എന്നുവരെ പരസ്യമായി പറയുവാനുള്ള ഉളുപ്പില്ലായ്മ കാണിച്ചിരിക്കുന്നു. 

ഈ പ്രസ്താവനകളൊന്നും തന്നെ നിഷ്ക്കളങ്കമായി ഉണ്ടാവുന്നതല്ല. ഇന്ത്യയില്‍ ഇന്ന് നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ ഇല്ലാതാക്കി 19-ാം നൂറ്റാണ്ടില്‍ കൊളോണിയല്‍ മുതലാളിമാര്‍ ഇന്ത്യയില്‍ നടത്തിയ കൊടിയ ചൂഷണവും ക്രൂരതയും തിരിച്ചുകൊണ്ടുവന്ന് കോര്‍പറേറ്റുകളുടെ ലാഭം വാനോളമുയര്‍ത്തുക എന്നതാണ് ഈ പ്രസ്താവനകളുടെ പച്ചയായ അര്‍ത്ഥം. ഈ പ്രസ്താവനകളോട് കൂട്ടിവായിക്കേണ്ട രണ്ട് കാര്യങ്ങള്‍ ആമുഖമായിത്തന്നെ പറയാം. ഇന്ത്യയിലെ കമ്പനികളുടെ ചെലവിനത്തില്‍ വേതനവിഹിതം 27.64ശതമാനമായിരുന്നു. എന്നാല്‍ കാല്‍ നൂറ്റാണ്ടിനിപ്പുറം 2022–23 സാമ്പത്തികവര്‍ഷത്തില്‍ അത് വെറും 15.94ശതമാനമാണ്. അപ്പോള്‍ സ്വാഭാവികമായും ഒരു ചോദ്യം ഉയരുന്നു. കമ്പനികളുടെ ലാഭം കുറഞ്ഞതാവാം ഇതിന് കാരണം. എന്നാല്‍ അല്ല, 90–91ല്‍ലാഭം 19.06ശതമാനം ആയിരുന്നെങ്കില്‍ 22–23ല്‍ ലാഭം 51.92ശതമാനമാണ്. തൊഴിലാളികളുടെ കൂലി കുറച്ചും, കേന്ദ്ര സര്‍ക്കാര്‍ അനി­യന്ത്രി­ത­മായി, വ്യക്തികളുടെ ആദായനികുതി വിഹിതം വാനോളം ഉയര്‍ത്തുമ്പോഴും കോര്‍പറേറ്റുകള്‍ക്ക് ധനനികുതി 30ശതമാനത്തില്‍ നിന്ന് കുറച്ച് വെറും 15ശതമാനമായി (അതായത് ലോകത്തിലേതന്നെ ഏറ്റവും കുറഞ്ഞനിരക്കില്‍ യുഎസ്, യുകെ, ജര്‍മ്മനി തുടങ്ങിയ മുതലാളിത്ത രാജ്യങ്ങളില്‍ കോര്‍പറേറ്റ് ടാക്സ് 35–40ശതമാനം വരെയാണ് എന്നും നമ്മള്‍ അറിയേണ്ടതുണ്ട്) കുറച്ചുകൊണ്ടും പൊതുമേഖലാ കമ്പനികളും മറ്റും കുറഞ്ഞവിലയ്ക്ക് സ്വകാര്യമേഖലയ്ക്ക് വിട്ടുനല്‍കിയും പൊതുമുതല്‍ സ്വകാര്യമേഖലയ്ക്ക് വഴിമാറ്റിയും കഴിഞ്ഞ പത്തുവര്‍ഷമായി കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ നല്‍കിയ വഴിവിട്ട സഹായങ്ങളാണ് കോര്‍പറേറ്റുകള്‍ക്ക് 51.92ശതമാനം ലാഭം കൊയ്യാന്‍ കാരണമായത്. 

2022ല്‍ മാത്രം ഐടി മേഖലയില്‍ കോര്‍പറേറ്റ് കമ്പനികളില്‍ ജോലി ചെയ്ത 11,486ചെറുപ്പക്കാര്‍ ജോലിയുടെ സമ്മര്‍ദം മൂലം ആത്മഹത്യ ചെയ്തുവെന്നും നമ്മള്‍ അറിയേണ്ടതുണ്ട്. മൂര്‍ത്തിയും സുബ്രഹ്മണ്യവുമൊക്കെ ഈസ്റ്റിന്ത്യാ കമ്പനിയുടെ കങ്കാണിമാരുടെ ഭാഷയില്‍ സംസാരിക്കുമ്പോള്‍ അതിന് ഓശാന പാടുകയും ചേങ്ങില കൊട്ടുകയുമൊക്കെ ചെയ്യുന്ന നമ്മുടെ നാട്ടിലെ ഒരു വിഭാഗം ആളുകളുണ്ട്. അവര്‍ ചുറ്റും നടക്കുന്ന കാര്യങ്ങളില്‍ ബധിരരും മൂകരുമാണ്. പള്ളികളും അമ്പലങ്ങളും കുഴിച്ചും കേക്ക് തിന്നാമോ ഇല്ലയോ എന്നതിനെ കുറിച്ച് തര്‍ക്കിച്ചും കാലം കളയുമ്പോള്‍ ഈ നാട്ടില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ അവര്‍ കണ്ണുതുറന്ന് കാണണം, കേള്‍ക്കണം. അന്ന സെബാസ്റ്റ്യന്‍ എന്ന യുവ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മരണം മതാന്ധത ബാധിച്ച, ജീര്‍ണിച്ച മനസുകളുള്ള എല്ലാ പുരോഗമനാശയങ്ങള്‍ക്കും അയിത്തം കല്പിക്കുന്ന യാഥാസ്ഥിതികരുടെ കണ്ണുതുറപ്പിക്കുമോ എന്ന് കണ്ടറിയണം. 

2024മാര്‍ച്ച് 18ന് ഏണസ്റ്റ് ആന്റ് യങ് എന്ന മള്‍ട്ടി നാഷണല്‍ അക്കൗണ്ടിങ് കമ്പനിയുടെ പൂനെ ഓഫിസില്‍ ഓഡിറ്റ് എക്സിക്യൂട്ടീവായി ജോലിയില്‍ പ്രവേശിച്ച അന്ന സെബാസ്റ്റ്യന്‍ ജൂലൈ 19വരെ അവധിയേതുമില്ലാതെ തുടര്‍ച്ചയായി ജോലി ചെയ്യുകയായിരുന്നു എന്നാണ് അന്നയുടെ മാതാവ് കമ്പനി ചെയര്‍മാനയച്ച കത്തില്‍ പറയുന്നത്. ജൂലൈ 21ന് ഹൃദയാഘാതം മൂലം അന്ന എന്ന യുവ പ്രൊഫഷണല്‍ അന്തരിക്കുകയും ചെയ്തു. അന്നയുടെ മരണത്തെത്തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ലേബര്‍ കമ്മിഷന്‍ ഏണസ്റ്റ് ആന്റ് യങ് കമ്പനിയുടെ പൂനെ ഓഫിസില്‍ മഹാരാഷ്ട്ര ഷോപ്സ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് അനുസരിച്ച് എടുക്കേണ്ട ഷോപ്പ് ലൈസന്‍സ് ഇല്ലാതെയാണ് ഈ ബഹുരാഷ്ട്ര കമ്പനി 2007മുതല്‍ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമായി. അതിനാല്‍ തന്നെ തൊഴിലാളികളുടെ ജോലിസമയം, ശമ്പളം, സുരക്ഷ തുടങ്ങിയ അവകാശങ്ങളൊന്നും തന്നെ ഇവിടെ നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിച്ചിട്ടില്ല. ഒരു തട്ടുകട പ്രവര്‍ത്തിക്കുവാന്‍ പോലും ഷോപ്പ് ലൈസന്‍സ് നിര്‍ബന്ധമാണ് എന്ന് നിയമമുള്ളപ്പോഴാണ് വലിയ ഒരു മള്‍ട്ടി നാഷണല്‍ കോര്‍പറേറ്റ് കമ്പനി ഒരു നിയമവും ബാധകമാക്കാതെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. ഇത്രയും ലാഘവത്തോടെ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് പ്രവര്‍ത്തിക്കുവാന്‍ ഭരണകൂടങ്ങള്‍ തന്നെയാണ് ഒത്താശ ചെയ്യുന്നതെന്ന് കാണാവുന്നതാണ്. ഇന്ത്യയില്‍ നിലവിലുള്ള 44തൊഴില്‍ നിയമങ്ങളും മിനിമം വേജസ് ആക്ട് 1948, ഫാക്ടറീസ് ആക്ട് 1948, ഷോപ്സ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് 1960, പിഎഫ് ആക്ട് തുടങ്ങി വളരെ സമഗ്രമായ നിലവിലെ നിയമങ്ങള്‍ വെറും നാല് ലേബര്‍ കോഡുകളായി പുനഃക്രമീകരിക്കാനാണ് ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ 2019ലും 2020ലുമായി പാര്‍ലമെന്റില്‍ ബില്‍ പാസാക്കിയത്. ഇന്ത്യയിലെ തൊഴിലാളികളുടെ ജോലിസമയം 12മണിക്കൂറെങ്കിലുമായി വര്‍ധിപ്പിക്കുക, സ്ഥിരം തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുക തുടങ്ങിയ ദുഷ്ടലാക്കോടെയാണ് ഈ കോഡുകല്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. 

1921ലെ ബക്കിങ് ഹാം, കര്‍ണാട്ടിക് മില്‍ സമരങ്ങള്‍, 1926ലെ ബിന്നിമില്‍ സമരം, 1928ലെ റെയില്‍വേ പണിമുടക്ക്, അതിനൊക്കെ മുമ്പേ 1862ലെ റെയില്‍വേ സമരം, 1880കളിലെ ബോംബെ, അഹമ്മദാബാദ്, കോയമ്പത്തൂര്‍ തുണിമില്‍ സമരങ്ങള്‍, 1906ലെ ബോംബെ തുറമുഖ തൊഴിലാളികളുടെ പണിമുടക്ക്, 1907 റെയില്‍വേ പണിമുടക്ക്, 1908 ബോംബെ മില്‍ തൊഴിലാളി സമരം ഇങ്ങനെ എണ്ണമറ്റ യാതനകള്‍ നിറഞ്ഞ ത്യാഗനിര്‍ഭരമായ സമരങ്ങളിലൂടെയാണ് ഇന്ത്യന്‍ തൊഴിലാളികള്‍ ന്യായമായ ജീവിതസാഹചര്യങ്ങള്‍ നേടിയെടുത്തത്. 

എന്തായിരുന്നു ഇന്ത്യന്‍ തൊഴിലാളികളുടെ അവസ്ഥ എന്ന് 1908ല്‍ ഇന്ത്യ സന്ദര്‍ശിച്ച ബ്രിട്ടീഷ് പാര്‍ലമെന്റ് നിയോഗിച്ച ലേബര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ചെയ്തത് കൂടി നമ്മള്‍ അറിയണം. ‘അതിദീര്‍ഘമായ ജോലിസമയത്തെ കുറിച്ചുള്ള ആരോപണം തെളിയിക്കപ്പെട്ടിരിക്കുന്നു. ഫാക്ടറികളില്‍ 17ഉം 18ഉം മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്ന സാഹചര്യം ഞങ്ങള്‍ കണ്ടു. അരിമില്ലുകളിലും ഗോതമ്പുമില്ലുകളിലും പലപ്പോഴും തൊഴിലാളികളില്‍ 20ഉം 22ഉം മണിക്കൂര്‍ വീതം ആഴ്ചയില്‍ ഏഴു ദിവസവും പണിയെടുക്കുന്നു. സ്ഥിരമായി നീണ്ട മണിക്കൂറുകള്‍ ജോലി ചെയ്യുന്നത് കാണണമെങ്കില്‍ തുണിമില്ലുകളിലേക്ക് നോക്കുക. ഏഴു വയസിന് താഴെയുള്ള കുട്ടികള്‍പോലും ജോലിക്ക് നിയോഗിക്കപ്പെട്ടിരുന്നു. വളരെ ചെറിയ പ്രതിഷേധങ്ങള്‍ക്കുപോലും കഠിനമായ ശാരീരിക പീഡനമായിരുന്നു ശിക്ഷ’. ഇന്ത്യയില്‍ ഇന്ന് തീവ്ര വലതുപക്ഷ ചായ്‌വുള്ള കേന്ദ്രസര്‍ക്കാരിന്റെ സോഷ്യലിസ്റ്റ് ആശയങ്ങളില്‍ നിന്നുള്ള നയവ്യതിയാനത്തിന്റെ ഭാഗമായി ഇന്ത്യയില്‍ തിരിച്ചെത്തിയ ആഗോള കോര്‍പറേറ്റുകളും പൊതുമുതല്‍ കയ്യടക്കി ലോക കോര്‍പറേറ്റുകളായി മാറിയ ഇന്ത്യന്‍ കോര്‍പറേറ്റുകളും ചേര്‍ന്ന് ഇന്ത്യയിലെ തൊഴിലാളികളെ 19-ാം നൂറ്റാണ്ടിലെ തൊഴില്‍ സാഹചര്യങ്ങളിലേക്ക് തള്ളിവിട്ട് പഴയ ഈസ്റ്റിന്ത്യാ കമ്പനിയുടെ ഇരുണ്ടകാലം തിരികെ കൊണ്ടുവരണമെന്നാണ് ആഗ്രഹിക്കുന്നത്. ആ ആഗ്രഹത്തിന്റെ പ്രതിഫലനമാണ് നാരായണമൂര്‍ത്തിയുടെയും സുബ്രഹ്മണ്യന്റെയും പ്രസ്താവനകള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.