20 April 2024, Saturday

രാജ്യം സാമ്പത്തിക തകര്‍ച്ചയില്‍; മറയ്ക്കാന്‍ വര്‍ഗീയ വിദ്വേഷവും അക്രമവും

Janayugom Webdesk
ന്യൂഡൽഹി
April 24, 2022 10:34 pm

അവശ്യവസ്തുക്കളുടെ വില നിയന്ത്രിക്കാനുള്ള സർക്കാരിന്റെ കഴിവില്ലായ്മ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലെ അവഗണന, വരുമാനത്തിലെ ഇടിവ് എന്നിവ കാരണം രാജ്യത്തിന്റെ സാമ്പത്തികരംഗം തകർച്ചയിലേക്ക് കൂപ്പുകുത്തുന്നു. അതേസമയം വർഗീയതയും അതുവഴിയുള്ള വിദ്വേഷവും അക്രമവും വ്യാപകമാകുന്നു. ഭരണകെടുകാര്യസ്ഥത മറച്ചു വയ്ക്കാനും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനും അക്രമങ്ങളെ ഭരണകൂടം ഉപയോഗപ്പെടുത്തുകയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കോവിഡ് കാലത്തെ സാമ്പത്തിക തകർച്ചയിൽ നിന്ന് തിരിച്ചുവരാൻ കഴിയാത്തതിൽ ജനങ്ങൾ അതൃപ്തരാണ്. ഇതോടൊപ്പം ഭീമമായ വിലക്കയറ്റവും തൊഴിലില്ലായ്മയും ജനങ്ങളുടെ ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു.

ശക്തമായ പ്രക്ഷോഭത്തിനൊടുവിലാണ് കാർഷിക കരിനിയമങ്ങൾ നവംബറിൽ കേന്ദ്രസർക്കാർ പിൻവലിച്ചത്. അതിനെത്തുടർന്ന് കർഷക സമരം അവസാനിച്ചെങ്കിലും സർക്കാർ നയങ്ങൾക്കെതിരെ പ്രതിഷേധം ജനങ്ങളില്‍ പടരുകയാണ്. കർഷക സംഘടനകളുടെയും ജനകീയ സംഘടനകളുടെയും പിന്തുണയോടെ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി മാർച്ച് 28,29 തീയതികളിൽ നടത്തിയ പണിമുടക്കില്‍ 25 കോടി ആളുകൾ പങ്കെടുത്തത് ഇതിന്റെ തെളിവായി.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഒമ്പത് സംസ്ഥാനങ്ങളില്‍ വർഗീയ കലാപങ്ങളുടെ പരമ്പര പൊട്ടിപ്പുറപ്പെട്ടു. ഏപ്രിൽ രണ്ടിന് ഹിന്ദു പുതുവർഷം, 10 ന് രാമനവമി, 16 ന് ഹനുമാൻ ജയന്തി എന്നിവ പ്രകോപനപരമായ ഘോഷയാത്രകൾ നടത്താനും ന്യൂനപക്ഷ സമുദായ അംഗങ്ങളുമായി ഏറ്റുമുട്ടാനും ഭരണപക്ഷം ഉപയോഗിച്ചു. ചിലയിടങ്ങളിൽ മുസ്‍ലിം പള്ളികളിൽ കയറി കാവി പതാക ഉയർത്താനുള്ള ശ്രമവും നടന്നു. ബിജെപി ഭരണകൂടങ്ങളാകട്ടെ സംഘർഷം നടന്ന പ്രദേശത്തെ ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവരുടെ വസ്തുക്കൾ കയ്യേറ്റമെന്ന പേരില്‍ തകർത്തു. ഇങ്ങനെ പ്രകോപനവും കുപ്രചരണങ്ങളും കൊണ്ട് വിദ്വേഷത്തിന്റെ ജ്വാലകൾ ആളിക്കത്തിക്കുകയും സമുദായങ്ങൾ തമ്മിലുള്ള സൗഹാർദ്ദപരമായ ബന്ധത്തിന് വിള്ളൽ വീഴ്ത്തുകയും ചെയ്യുന്നത് മോഡി സർക്കാരിനു നേരെയുള്ള ജനവികാരത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ്.

ഉയർന്ന വിലക്കയറ്റവും തൊഴിലില്ലായ്മയും ഏറ്റവുമധികം ബാധിക്കുന്നത് പാവപ്പെട്ടവരെയാണ്. വർഗീയ കലാപമോ തുടർന്നുള്ള ഭരണപരമായ ബലപ്രയോഗമോ ഉണ്ടാകുമ്പോൾ തങ്ങളുടെ ജീവനും തുച്ഛമായ സ്വത്തുക്കളും രക്ഷിക്കുകയെന്ന ലക്ഷ്യത്തിലേക്ക് ഒതുങ്ങാന്‍ അവർ നിർബന്ധിതരാകുന്നു. ഭക്ഷണം മുതൽ ഇന്ധനങ്ങൾ വരെയുള്ള അവശ്യ വസ്തുക്കളുടെ വിലയിലെ അമിതവർധന കഴിഞ്ഞ ഒരു വർഷമായി കുടുംബ ബജറ്റുകളെ താളം തെറ്റിക്കുന്നു. സാധാരണക്കാരെ ബാധിക്കുന്ന റീട്ടെയിൽ പണപ്പെരുപ്പം മാർച്ചിൽ 6.95 ശതമാനമാണെന്ന് സർക്കാർ തന്നെ പറയുന്നു. ഭക്ഷ്യ വസ്തുക്കളുടെ വില ഫെബ്രുവരിയിലെ 5.85 ൽ നിന്ന് മാർച്ചിൽ 7.68 ശതമാനമായി ഉയർന്നു. പാചക എണ്ണകളുടെയും കൊഴുപ്പുകളുടെയും വിലയിൽ 18.79 ശതമാനവും പച്ചക്കറികളുടെ വിലയിൽ 11.64 ശതമാനം വർധനയുമാണ് ഉണ്ടായത്. ഇറച്ചി, മത്സ്യം എന്നിവയുടെ വില 9.63 ശതമാനവും സുഗന്ധവ്യഞ്ജനങ്ങൾക്ക് 8.5 ശതമാനവും വർധിച്ചു. മൊത്തവിലയിലാകട്ടെ മാർച്ചിൽ 14.5 ശതമാനം വർധനവുണ്ടായി. ഈ വർധനയുടെ ഭൂരിഭാഗവും ഇന്ധന വിലക്കയറ്റം മൂലമാണ്. എക്സൈസ് തീരുവ ചുമത്തി പെട്രോളിന്റെയും ഡീസലിന്റെയും വില കൃത്രിമമായി ഉയർത്തി നിർത്തുകയാണ് മോഡി സർക്കാർ ചെയ്തത്.

തൊഴിലില്ലായ്മയും വരുമാനത്തിലെ ഇടിവും മൂലം തകർന്നുപോയ പാവപ്പെട്ടവരാണ് വിലക്കയറ്റത്തിന്റെ ദുരിതവും അനുഭവിക്കുന്നത്. 2018 ന്റെ അവസാന പകുതി മുതൽ തൊഴിലില്ലായ്മ നിരക്ക് ഏഴ്, എട്ട് ശതമാനത്തിനിടയില്‍ തുടരുകയാണെന്ന് കണക്കുകൾ പറയുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ മൊത്തം തൊഴിലെടുക്കുന്നവരുടെ എണ്ണം 39.6 കോടിയായി ചുരുങ്ങി. 2017 ജനുവരിയിൽ ഇത് 40.1 കോടിയായിരുന്നു. എന്നാൽ അതേ കാലയളവിൽ ജനസംഖ്യ 130.5 ൽ നിന്ന് 137.4 കോടിയായി. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണത്തിലെ വർധന കാണിക്കുന്നതും തൊഴിലില്ലായ്മയിലെ ഉയർച്ചയാണ്.

ഇതെല്ലാം തമസ്കരിക്കാൻ മതപരമായ അക്രമത്തെ ഉപയോഗപ്പെടുത്തുകയാണ് രാജ്യത്തെ ഉന്നത ഭരണനേതൃത്വം. ന്യൂനപക്ഷ സമുദായത്തെ ലക്ഷ്യം വച്ചുള്ള, ഹിജാബ്, ലൗ ജിഹാദ്, ഏകീകൃത സിവിൽ കോഡ് തുടങ്ങിയ വിഷയങ്ങൾ ഹിന്ദു രാഷ്ട്രത്തിലേക്കുള്ള ചുവടുകളായാണ് ആർഎസ്എസും അവർ പിന്തുണയ്ക്കുന്ന സർക്കാരും കാണുന്നത്. ജനങ്ങളുടെ ഐക്യത്തെ തകർത്ത് വിഷലിപ്തമായ ഭരണം നിലനിർത്താനാണ് അവരുടെ നീക്കം.

Eng­lish Sum­ma­ry: Coun­try in eco­nom­ic col­lapse; Com­mu­nal hatred and vio­lence to cov­er up

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.