22 December 2024, Sunday
KSFE Galaxy Chits Banner 2

സംവാദം ആവശ്യമായ കോടതി നടപടികള്‍

Janayugom Webdesk
June 25, 2022 5:00 am

ഴിഞ്ഞ ദിവസങ്ങളില്‍ ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ നിന്ന് രണ്ടു കേസുകളിലുണ്ടായ നിരീക്ഷണങ്ങളും ഉത്തരവുകളും നെറ്റിചുളിവിന് കാരണമാകുന്നുണ്ട്. വളരെക്കാലമായി മലയാളിയുടെ ആകാംക്ഷയും വ്യവഹാര പരിസരത്തു ചര്‍ച്ചാ വിഷയവുമായി നില്ക്കുന്ന അഭയ കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ജാമ്യം അനുവദിക്കുകയും ശിക്ഷ മരവിപ്പിക്കുകയും ചെയ്തതായിരുന്നു ഒന്ന്. യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ കുറ്റാരോപിതന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചതായിരുന്നു മറ്റൊരു കേസ്. സിബിഐ കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചതിനാല്‍ അഭയക്കേസ് നമ്മുടെ ചര്‍ച്ചാപരിസരങ്ങളില്‍ നിന്ന് പുറത്തുനില്ക്കുകയായിരുന്നു. എന്നാല്‍ യുവനടി ബലാത്സംഗം ചെയ്യപ്പെട്ടെന്ന കേസ് സമീപകാലത്താണ് ഉണ്ടായത്. അതുകൊണ്ടുതന്നെ അതുസംബന്ധിച്ചുള്ള വാര്‍ത്തകള്‍ക്കും കോടതി നടപടികള്‍ക്കും ഇപ്പോഴും സജീവതയുണ്ട്. എന്നാല്‍ ഈ രണ്ടു കേസുകളിലും ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായ വിധികളും നിരീക്ഷണങ്ങളും സംവാദ വിഷയമാകേണ്ടതുണ്ട്. നിയമത്തിന്റെ അടിസ്ഥാനത്തിലും തെളിവുകളും സാക്ഷിമൊഴികളും പരിശോധിച്ചുമാണ് വിധി നിശ്ചയിക്കേണ്ടതെന്ന അടിസ്ഥാന പ്രമാണങ്ങളില്‍ നിന്ന് ചിലപ്പോഴെല്ലാം നീതിപീഠത്തിന് ചാഞ്ചല്യമുണ്ടാകുന്നോ എന്ന സംശയം പലപ്പോഴും ഉയര്‍ന്നിട്ടുണ്ട്. ആ നിലയ്ക്കു മേല്പറഞ്ഞ രണ്ടു കോടതി നടപടികളിലും സംവാദത്തിന് നിയമജ്ഞരും നിയമ വിദഗ്ധരും സന്നദ്ധമാകേണ്ടതുണ്ട്.


ഇതുകൂടി വായിക്കൂ: അനന്തമായി നീളുന്ന അഭയാകേസ്


28 വര്‍ഷം നീണ്ട നിയമനടപടികള്‍ക്കുശേഷമായിരുന്നു 2020 ഡിസംബർ 23 ന് അഭയ കേസില്‍ സിബിഐ പ്രത്യേക കോടതിയുടെ വിധി പ്രഖ്യാപനമുണ്ടായത്. ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിനെയും മൂന്നാം പ്രതി സിസ്റ്റർ സെഫിയെയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി ഇരട്ട ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്. രണ്ട് സാക്ഷിമൊഴികളുടെ മാത്രം അടിസ്ഥാനത്തിൽ കൊലക്കുറ്റം ചുമത്തിയ നടപടിയെ ചോദ്യം ചെയ്താണ് ഇരുവരും അപ്പീല്‍ ഹര്‍ജികള്‍ നല്കിയത്. മാത്രമല്ല കേസിലെ സാക്ഷിയായ അടയ്ക്കാ രാജു എന്നറിയപ്പെടുന്ന രാജു വർഷങ്ങൾക്ക് ശേഷം നടത്തിയ വെളിപ്പെടുത്തലിന്റെ ആധികാരികതയും ഹർ‍ജിയിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇതിനിടെ തോമസ് കോട്ടൂരിനും സെഫിക്കും ജയിൽ വകുപ്പ് പരോൾ അനുവദിച്ചതും വിവാദമായിരുന്നു. ഇരുവരുടെയും ഹര്‍ജികളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തിരിക്കുന്നത്. നിരവധി തവണയായുള്ള അന്വേഷണങ്ങളുടെയും കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിലായിരുന്നു അഭയക്കേസിലെ വിധിപ്രസ്താവമുണ്ടായത്. ഇപ്പോള്‍ കോടതിയുടെ ഭാഗത്തുനിന്നുണ്ടായ തീരുമാനം സിബിഐയുടെ ഭാഗത്തുനിന്നുണ്ടായ അലംഭാവത്തിന്റെ ഫലമാണെന്ന ആക്ഷേപവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ ശരി തെറ്റുകള്‍ മറ്റൊരു വിഷയമാണ്. പക്ഷെ അഭയ അസ്വാഭാവിക നിലയില്‍ മരിക്കുകയായിരുന്നുവെന്ന വസ്തുത നിലനില്ക്കുന്നുണ്ട്. അതിന്റെ നിജസ്ഥിതി കണ്ടെത്താനാകുന്നില്ലെന്നത് നിയമവ്യവസ്ഥയുടെയും അന്വേഷണ സംവിധാനങ്ങളുടെയും പോരായ്മകള്‍ തന്നെയാണ്.


ഇതുകൂടി വായിക്കൂ: നിര്‍ഭയ വിധിക്കുശേഷവും സ്ത്രീസുരക്ഷാ പോരാട്ടം തുടരണം


യുവനടിയെ ബാലാത്സംഗം ചെയ്തെന്ന കേസിൽ നടൻ വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകിയുള്ള ഉത്തരവിലാണ് ബലാത്സംഗ കേസുകളുമായി ബന്ധപ്പെട്ടുള്ള നിർണായകമായ നിരീക്ഷണങ്ങൾ ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമക്കേസുകളിൽ സാമാന്യവല്കരണത്തിൽ നിന്ന് കോടതികൾ മോചിതമാവണമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറയുന്നു. ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധങ്ങൾ ബലാത്സംഗങ്ങളായി മാറുന്ന സംഭവങ്ങൾ ഒഴിവാക്കണമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. കോടതിയുടെ ഈ നിരീക്ഷണങ്ങളും സംവാദത്തിന് സാധ്യത തുറന്നിടുന്നുണ്ട്. സ്ത്രീ സുരക്ഷയെ ലാക്കാക്കിയുള്ള നിയമങ്ങളുടെയും നടപടിക്രമങ്ങളുടെയും സത്യസന്ധതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. മുന്‍വിധിയോടെയുള്ളതായി അത് മാറുന്നുണ്ടോയെന്ന സംശയവും അസ്ഥാനത്തല്ല. സ്ത്രീകളുടെ പെരുമാറ്റം പുരുഷന്റെ വീക്ഷണകോണിൽ നിന്ന് പരിശോധിക്കുന്നത് കോടതികൾ ഒഴിവാക്കണം, കെട്ടുകഥകൾ, ആവർത്തനങ്ങൾ, സാമാന്യവല്ക്കരണം തുടങ്ങി പക്ഷപാതത്തിന്റെ എല്ലാ രൂപങ്ങളും ഒഴിവാക്കിയാവണം ലൈംഗികാതിക്രമ കേസുകൾ പരിഗണിക്കേണ്ടത്, ബലാത്സംഗ പ്രതിരോധം, ശാരീരികമായ ആക്രമണം, പ്രത്യേക രീതിയിലുള്ള പെരുമാറ്റം, പെട്ടെന്നുള്ള റിപ്പോർട്ട് ചെയ്യൽ തുടങ്ങിയവ പവിത്രതയെക്കുറിച്ചുള്ള തനിയാവർത്തന സങ്കല്പങ്ങളാണ് എന്നീ നിഗമനങ്ങളും കോടതി മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇതെല്ലാം സൂചിപ്പിച്ചാണ്, മേല്പറഞ്ഞവ എന്തായാലും പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങൾ ബലാത്സംഗമായി മാറുന്നത് ഒഴിവാക്കണമെന്നും ഓരോ കേസും അതിന്റേതായ വസ്തുതാപരമായ സാഹചര്യങ്ങൾ പരിഗണിച്ച് കണക്കിലെടുക്കണമെന്നും കോടതി പറഞ്ഞുവയ്ക്കുന്നത്. വൈവാഹിക ബലാത്സംഗം എന്ന സംജ്ഞ രൂപപ്പെടുകയും അതു കുറ്റമാക്കണമെന്നുള്ള ചര്‍ച്ചകള്‍ പൊതു സമൂഹത്തിലും നിയമതലത്തിലും നടന്നുകൊണ്ടിരിക്കേയുമാണ് ഉഭയസമ്മത പ്രകാരമുള്ള ബന്ധങ്ങളെ സംബന്ധിച്ച്, കടകവിരുദ്ധമായ നിരീക്ഷണങ്ങള്‍ കോടതികളില്‍ നിന്നുണ്ടാകുന്നതെന്നതും 28 വര്‍ഷമായിട്ടും അഭയക്കേസുപോലെ വിവാദമായ ഒരു സംഭവത്തിന്റെ നിജസ്ഥിതി നമ്മുടെ നിയമ — അന്വേഷണ സംവിധാനങ്ങള്‍ക്ക് കണ്ടെത്താനാകുന്നില്ല എന്നതും സംവാദം ആവശ്യമായ വിഷയങ്ങളാണ്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.