26 April 2024, Friday

കോവിഡ് മഹാമാരിയും പണപ്പെരുപ്പവും; തൊഴിലാളികളുടെ വേതനത്തില്‍ ഇടിവ്

Janayugom Webdesk
ജെനീവ
December 2, 2022 10:21 pm

കോവിഡ് മഹാമാരിയെത്തുടര്‍ന്നുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധി തൊഴിലാളികളുടെ യഥാര്‍ത്ഥ പ്രതിമാസ വേതനത്തില്‍ ഇടിവുണ്ടാക്കിയതായി ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനെെസേഷന്റെ (ഐഎല്‍ഒ) റിപ്പോര്‍ട്ട്. വേതന പ്രതിസന്ധിയില്‍ ഇടത്തരക്കാരുടെ വാങ്ങല്‍ ശേഷി കുറഞ്ഞു. താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളെ ഇത് സാരമായി ബാധിച്ചുവെന്നും ഏഷ്യാ പസഫിക് മേഖലാ സമ്മേളനത്തോടനുബന്ധിച്ച് അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വളർന്നുവരുന്ന ജി20 സമ്പദ്‌വ്യവസ്ഥയുടെ വിഭാഗത്തിൽ ഇന്ത്യയുടെ ശരാശരി യഥാർത്ഥ വേതന സൂചിക, കോവിഡിന് തൊട്ടുപിന്നാലെ കുറഞ്ഞുവെന്നും റിപ്പോർട്ടില്‍ പറയുന്നു. യഥാർത്ഥ വേതന വളർച്ചയിൽ ചെെന ആധിപത്യം തുടരുകയാണ്. രാജ്യത്തെ 2020 ലെ പ്രതിമാസ വേതനം 2008 ലെ മൂല്യത്തിന്റെ 2.6 മടങ്ങായിരുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

വികസ്വര ജി20 സമ്പദ്‍വ്യവസ്ഥകള്‍ക്കിടയില്‍ കൂടുതല്‍ ദ്രുതഗതിയിലുള്ള വേതന വളര്‍ച്ച ഉണ്ടായിരുന്നിട്ടും അവയുടെ ശരാശരി യഥാര്‍ത്ഥ വേതനവും വികസിത രാജ്യങ്ങളുടെ സമ്പദ്‍വ്യവസ്ഥയും തമ്മില്‍ കാര്യമായ വിടവ് നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു. പർച്ചേസിങ് പവർ പാരിറ്റി അടിസ്ഥാനമാക്കിയുള്ള വിനിമയ നിരക്കുകൾ ഉപയോഗിച്ച് എല്ലാ ജി20 രാജ്യങ്ങളുടെയും ശരാശരി വേതനം യുഎസ് ഡോളറാക്കി മാറ്റുന്നത് വികസിത സമ്പദ്‌വ്യവസ്ഥകളിൽ പ്രതിമാസം ഏകദേശം 4,000 ഡോളറും വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളിൽ പ്രതിമാസം 1,800 ഡോളറും ലഭിക്കുന്നതിന് സഹായിക്കുമെന്നും ലേബര്‍ ഓര്‍ഗനെെസേഷന്‍ വ്യക്തമാക്കുന്നു.

പണപ്പെരുപ്പമാണ് വരുമാനം കുറയാനുള്ള പ്രധാന കാരണമെന്നും പ്രത്യാഘാതം അനുഭവിക്കുന്നത് ദുര്‍ബല വിഭാഗങ്ങളാണെന്നും റിപ്പോർട്ട് പറയുന്നു. ഒന്നിലധികം ആഗോള പ്രതിസന്ധികൾ യഥാർത്ഥ വേതനത്തിൽ ഇടിവുണ്ടാക്കിയതായി ഐഎൽഒ ഡയറക്ടർ ജനറൽ ഗിൽബർട്ട് എഫ് ഹൂങ്ബോ പറഞ്ഞു.
താഴ്ന്ന വരുമാനമുള്ള തൊഴിലാളികളുടെ വാങ്ങൽ ശേഷി നിലനിർത്തിയില്ലെങ്കിൽ വരുമാന അസമത്വവും ദാരിദ്ര്യവും ഉയരും. കോവിഡാനന്തര വീണ്ടെടുക്കല്‍ അസാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആധുനിക അടിമത്തത്തിന്റെ പിടിയില്‍ അഞ്ചുകോടി ജനങ്ങള്‍

അഞ്ച് കോടിയാളുകള്‍ ആധുനിക അടിമത്തത്തിന്റെ പിടിയിലാണെന്ന് അന്താരാഷ്ട്ര തൊഴിലാളി സംഘടന (ഐഎല്‍ഒ). താല്പര്യമില്ലാത്ത ജോലി, നിര്‍ബന്ധിത വിവാഹം തുടങ്ങി ആധുനിക രീതിയിലുള്ള അടിമത്തം അനുഭവിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായതായി ഐഎല്‍ഒയുടെ ഏഷ്യാപസഫിക് മേഖലാ സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത്തരത്തില്‍ അടിമത്തം അനുഭവിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകുമെന്നും പഠനത്തില്‍ പറയുന്നു.

ലൈംഗികവൃത്തിയുള്‍പ്പെടെ നിര്‍ബന്ധിത ജോലിയിലേക്ക് തള്ളിവിടപ്പെട്ടവരുടെ എണ്ണം 2.8 കോടിയായി വര്‍ധിച്ചു. 2.2 കോടി പേര്‍ നിര്‍ബന്ധിത വിവാഹത്തിനും തയാറാകേണ്ടിവന്നു. 2016 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 2021 ല്‍ ആധുനിക അടിമത്തത്തിന്റെ ഇരകളായവരുടെ എണ്ണത്തില്‍ ഒരു കോടിയിലധികം വര്‍ധനവുണ്ടായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Eng­lish Sum­ma­ry: Covid Pan­dem­ic and Infla­tion; Decline in work­ers’ wages
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.