10 January 2025, Friday
KSFE Galaxy Chits Banner 2

സര്‍ക്കാര്‍ സര്‍വ്വീസിലെ അഴിമതിക്കും കൃത്യവിലോപത്തിനുമെതിരെ പ്രതിരോധം തീര്‍ത്ത് സിപിഐ ബഹുജന കൂട്ടായ്മ

KASARAGOD
 കാസര്‍കോട്
December 1, 2021 7:22 pm

സര്‍ക്കാര്‍ സര്‍വ്വീസിലെ അഴിമതിക്കും കൃത്യവിലോപത്തിനുമെതിരെ പ്രതിരോധം തീര്‍ത്ത് സിപി ഐ നേതൃത്വത്തില്‍ നടന്ന ബഹുജന കൂട്ടായ്മ. കാസര്‍കോട് കള്‌ട്രേറ്റ് പരിസരത്ത് ബഹുജന കൂട്ടായ്മ അഴിമതിക്കാര്‍ക്കെതിരെയുള്ള താക്കീതായി മാറി. ജില്ലയില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ അഴിമതിയും ഗുരുതരമായ കൃത്യവിലോപവും കാണിക്കുകയാണ്. ജനങ്ങളുമായി ഏറെ ബന്ധം പുലര്‍ത്തേണ്ടുന്ന പല വകുപ്പുകളിലും ജനങ്ങളെ അകറ്റി നിര്‍ത്തുകയും ഏജന്റുമാരിലൂടെ കാര്യങ്ങള്‍ നടത്തി കൈക്കൂലി പണം പങ്കുവെക്കുകയുമാണ് ചെയ്യുന്നത്. കൈക്കൂലി തങ്ങളുടെ ജന്മാവകാശമാണെന്ന് കരുതുന്ന ഇത്തരം ഉദ്യോഗസ്ഥര്‍ കൈക്കൂലി കിട്ടാത്ത ഫയലുകള്‍ തീര്‍പ്പുകല്‍പ്പിക്കുന്നത് വൈകിപ്പിക്കുകയും പ്രതികാര ബുദ്ധിയോടെ നിയമ കുരുക്കുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇടതു സര്‍ക്കാര്‍ നടത്തുന്ന ജനോപകാര പ്രദമായ പദ്ധതികളെ അട്ടിമറിക്കുകയും സര്‍ക്കാരിനെപറ്റി ജനങ്ങളില്‍ അവമതിപ്പുണ്ടാക്കുകയും ചെയ്യുന്ന ഇത്തരം ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്താന്‍ ശക്തമായ ജനകീയ ഇടപെടലുകള്‍ തുടക്കം കുറിക്കുക കൂടിയായിരുന്നു ബഹുജന കൂട്ടായ്മ. ആത്മാര്‍ത്ഥമായും സത്യസന്ധവുമായി പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് കൂടി നാണക്കേടുണ്ടാക്കുന്ന ഇത്തരം ജനദ്രോഹികളെ ഉദ്യോഗസ്ഥ സമൂഹവും ജനങ്ങളും ഒറ്റപ്പെടുത്തണമെന്നും നേതാക്കള്‍ പ്രസംഗത്തിലൂടെ ആവശ്യപ്പെട്ടു. കൂട്ടായ്മ സിപിഐ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ സി പി മുരളി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സിലംഗം ടി കൃഷ്ണന്‍, ജില്ലാ അസി. സെക്രട്ടറി സി പി ബാബു, കെ വി കൃഷ്ണന്‍, ബി വി രാജന്‍, കെ എസ് കുര്യാക്കോസ്, എം അസിനാര്‍, അഡ്വ. വി സുരേഷ് ബാബു മഹിളാസംഘം ജില്ലാ സെക്രട്ടറി പി ഭാര്‍ഗവി, എഐവൈഎഫ് ജില്ലാ സെക്രട്ടറി എം ശ്രീജിത് എന്നിവര്‍ സംസാരിച്ചു. ജില്ലാ അസി. സെക്രട്ടറി വി രാജന്‍ സ്വാഗതം പറഞ്ഞു. ബഹുജന കൂട്ടായ്മയ്ക്ക് ജയരാമ ബല്ലംകൂടല്‍, എം കൃഷ്ണന്‍, കെ കുഞ്ഞിരാമന്‍ പനക്കുളം, എം കുമാരന്‍ മുന്‍ എം എല്‍ എ, പി വിജയകുമാര്‍, ബിജു ഉണ്ണിത്താന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സര്‍ക്കാരിനെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും അപമാനിക്കാനുള്ള അഴിമതിക്കാരുടെ നീക്കം കരുതിയിരിക്കണം: സി പി മുരളി


സര്‍ക്കാരിനെയും മഹാഭൂരിപക്ഷം വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും അപകീര്‍ത്തിപെടുത്താനുള്ള ന്യൂനപക്ഷംവരുന്ന അഴിമതിക്കാരുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കരുതിയിരിക്കണമെന്ന് സിപിഐ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ സി പി മുരളി പറഞ്ഞു. സര്‍ക്കാര്‍ സര്‍വ്വീസിലെ അഴിമതിക്കും കൃത്യവിലോപത്തിനുമെതിരെ സിപിഐ ജില്ലാ കൗണ്‍സില്‍ നേതൃത്വത്തില്‍ നടന്ന ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനോപകാരമായ സിവില്‍ സര്‍വ്വീസ് എന്നതാണ് ഇടതുമുന്നണിയുടെ തീരുമാനം. ചിലര്‍ അതിനെയെല്ലാം ഒഴിവാക്കാനാണ് ശ്രമിക്കുന്നുണ്ട്. അഴിമതിക്കാരില്ലാത്ത, രാഷ്ട്രീയ അഴിമതിക്കാരില്ലാത്ത ഈ കേരളത്തില്‍ അഴിമതിയുണ്ടെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നത് സര്‍ക്കാര്‍ സര്‍വ്വീസിലെ ചില ഉദ്യോഗസ്ഥരുടെ അഴിമതിയില്‍ നിന്നാണ്. അവരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ജനന്മയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളുമുള്ളതുകൊണ്ടാണ് ഈ കേരളം അരാജകത്വത്തിലേക്ക് നീങ്ങാത്തത്. മഹാഭൂരിപക്ഷം നന്മയുള്ളവരുള്ളതുകൊണ്ടാണ് ചിലരൊക്കെ ചിലതൊക്കെ സഹിച്ച് പോകുന്നത്. അത് മുതലാക്കാനാണ് അഴിമതിക്കാരായ ആളുകള്‍ പരിശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് ജനങ്ങള്‍ പട്ടിണി കിടക്കാതിരുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധതകൊണ്ടാണ്. ഇതിനെല്ലാം സഹായിച്ചത് ഉദ്യോഗസ്ഥരും സാധാരണക്കാരായ ജനങ്ങളുമാണ്. ഇതെല്ലാം കേരളത്തിന്റെ ഐക്യത്തെ വിളിച്ചോതുന്നതായിരുന്നു. അപ്പോഴും ചിലര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ഇതാണ് നാടിന്റെ ശാപം. അഴിമതിക്കെതിരെ സമരം നിതാന്ത ജാഗ്രതയോടെ ഏറ്റെടുക്കേണ്ടതാണെന്നും സി പി മുരളി പറഞ്ഞു. കൃത്യതയോടെയും ജനങ്ങള്‍ക്കൊപ്പം നിന്നു പ്രവര്‍ത്തിക്കുന്ന ജീവനക്കാരോടൊപ്പമാണ് എന്നും പാര്‍ട്ടി. എന്റോസള്‍ഫാനേക്കാള്‍ ഭീകരത നിറഞ്ഞ വിഷയമാണ് ജില്ലയിലെ ചില ജീവനക്കാരുടെ കൃത്യവിലോപവും അഴിമതിയും. പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യം ഗൗരവ്വകരമായ മുദ്രാവാക്യമായി കാണുന്നുണ്ടെങ്കില്‍ ഞങ്ങളെ ഏറെ സഹായിക്കേണ്ടത് മാധ്യമങ്ങളും പൊതുജനങ്ങളുമാണ്. സര്‍ക്കാര്‍ കേരളത്തിന്റെ മുക്കിലും മൂലയിലുമുള്ള ആരെങ്കിലും തെളിവോടെ അഴിമതി നടത്തുമ്പോള്‍ പിടിക്കപ്പെട്ടാലും പിന്നീട് സര്‍വ്വീസില്‍ തിരിച്ചെടുക്കുന്നു. ഇതെല്ലാം അഴിമതി നടത്തിയവന് വിജിലന്‍സ് അറിയാതെയും തെളിവും ഇല്ലാതെ എങ്ങനെ പണം കൈക്കലാക്കാമെന്ന അനുഭവപാഠമായി മാറുന്നു. ഈ രീതികള്‍ മാറ്റണം. കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ ഇന്ന് ഏറെ ദുരിതം അനുഭവിക്കുന്നത് ശിക്ഷാ നടപടികളുടെ ഭാഗമായി ജില്ലയിലേക്ക് ട്രാന്‍സ്ഫര്‍ ആയി എത്തുന്നവരെ കൊണ്ടാണ്. ശിക്ഷിക്കപ്പെടുന്നവരുടെ ജില്ലയായി കാസര്‍കോട് മാറുന്നു. ശിക്ഷാ നടപടിയുമായി വരുന്നവര്‍ ബോധപൂര്‍വ്വം ജോലി ചെയ്യാതെ ജനപ്രതിനിധികളെയും പൊതുപ്രവര്‍ത്തകരെയും പ്രകോപിപ്പിച്ച് അതിന്റെ പേരില്‍ ട്രാന്‍സ്ഫര്‍ വാങ്ങിച്ച് തിരിച്ചുപോകാന്‍ ശ്രമം നടത്തുന്നു. ഇടതു സര്‍ക്കാര്‍ ഈ അഴിമതി ഏത്രമാത്രം ചുരുക്കി കൊണ്ടുവരാം എന്നതിന് വേണ്ടി സ്ഥലം മാറ്റങ്ങള്‍ കൃത്യമായ മാനദണ്ഡം നിശ്ചയിക്കാന്‍ തീരുമാനിച്ചു. ഇതോടൊപ്പം ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ സിസ്റ്റം കൊണ്ടു വന്നു. അഴിമതി നടത്താനുള്ള സാഹചര്യം ഇല്ലാതാക്കാനും ജനങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഉത്തരവാദിത്വ ബോധമുള്ള ഉദ്യോഗസ്ഥരെ സഹായിക്കുന്ന എന്നതും നമ്മുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ജനപ്രതിനിധികളും പാര്‍ട്ടി നേതാക്കളുമെല്ലാം അഴിമതി രഹിതരാണെന്നുള്ളത് തന്നെയാണ് ഈ സമരവുമായി മുന്നോട്ട് പോകുന്നതില്‍ പാര്‍ട്ടിക്കുള്ള കരുത്ത്. രാഷ്ട്രീയക്കാര്‍ എല്ലാം അഴിമതിക്കാരെന്ന് ജനം പൊതുവല്‍ക്കരിക്കാന്‍ പാടില്ല. നേതാക്കളില്‍ അഴിമതിക്കാരുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാന്‍ ജനം തയ്യാറാകണം. അങ്ങനെയുള്ളവര്‍ പാര്‍ട്ടിയില്‍ ഉണ്ടെങ്കില്‍ നടപടിയെടുക്കാനും തയ്യാറെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.