19 April 2024, Friday

Related news

April 19, 2024
April 18, 2024
April 17, 2024
April 16, 2024
April 15, 2024
April 15, 2024
April 15, 2024
April 7, 2024
April 6, 2024
April 5, 2024

സിപിഐ 97-ാം സ്ഥാപകദിനം ആഘോഷിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി/തിരുവനന്തപുരം
December 26, 2022 11:16 pm

ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചതിന്റെ 97ാം സ്ഥാപകദിനാഘോഷം വിപുലമായ പരിപാടികളോടെ നടന്നു. പാര്‍ട്ടി കേന്ദ്ര ആസ്ഥാനമായ അജോയ് ഭവനിലും സംസ്ഥാന കൗണ്‍സില്‍ ഓഫീസുകളിലും രക്തപതാകകള്‍ ഉയര്‍ത്തി. സ്ഥാപകദിന സമ്മേളനങ്ങളും നടന്നു. അജോയ് ഭവനില്‍ ജനറല്‍ സെക്രട്ടറി ഡി രാജ പതാക ഉയര്‍ത്തി, സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്തു. കേന്ദ്ര സെക്രട്ടേറിയറ്റംഗം ഡോ. ബാലചന്ദ്ര കാംഗോ, എക്സിക്യൂട്ടീവ് അംഗങ്ങളായ ആനി രാജ, പി സന്തോഷ് കുമാർ എംപി, ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍, വര്‍ഗബഹുജന സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തിരുവനന്തപുരത്ത് സിപിഐ ആസ്ഥാനമായ എംഎന്‍ സ്മാരകത്തില്‍ പാര്‍ട്ടി സംസ്ഥാന എക്സി.അംഗം കൂടിയായ മന്ത്രി അഡ്വ. ജി ആര്‍‍ അനില്‍ പതാക ഉയര്‍ത്തി. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ പങ്കെടുത്തു.

കോട്ടയം തിരുനക്കര മൈതാനത്ത് നടന്ന സ്ഥാപക ദിനാഘോഷം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ പങ്കെടുത്തു. കോഴിക്കോട് മുതലക്കുളത്ത് നടന്ന സ്ഥാപകദിനാഘോഷം കേന്ദ്ര സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ കെ ബാലന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം ഇ കെ വിജയന്‍ എംഎല്‍എ സംസാരിച്ചു.
ഇടുക്കി കട്ടപ്പനയില്‍ നടന്ന പരിപാടി ദേശീയ എക്സി.അംഗം അഡ്വ.കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ സലീംകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സി.അംഗം കെ കെ അഷ്റഫ് സംസാരിച്ചു. മലപ്പുറം വണ്ടൂരില്‍ നടന്ന സ്ഥാപകദിനാഘോഷം പാര്‍ട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗണ്‍സില്‍ അംഗം കെ പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് പങ്കെടുത്തു.

തൃശൂര്‍ ജില്ലാ കൗണ്‍സില്‍ ജവഹര്‍ ബാലഭവനില്‍ സംഘടിപ്പിച്ച സ്ഥാപകദിനാഘോഷം മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സി.അംഗങ്ങളായ കെ പി രാജേന്ദ്രന്‍, മന്ത്രി കെ രാജന്‍ എന്നിവരും പങ്കെടുത്തു. വയനാട് കല്‍പറ്റയില്‍ നടന്ന സമ്മേളനം സംസ്ഥാന എക്സി. അംഗം ടി വി ബാലന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗണ്‍സില്‍ അംഗം വിജയന്‍ ചെറുകര അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇ ജെ ബാബു സംസാരിച്ചു.

എറണാകുളത്ത് നടന്ന സ്ഥാപകദിന സമ്മേളനം മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സി.അംഗം കമലാ സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ എം ദിനകരന്‍ സംസാരിച്ചു. കൊല്ലം ജില്ലാ കൗണ്‍സില്‍ സംഘടിപ്പിച്ച സ്ഥാപക ദിനാഘോഷം സംസ്ഥാന എക്സി.അംഗവും ജനയുഗം പത്രാധിപരുമായ രാജാജി മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി എസ് സുപാല്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സി.അംഗങ്ങളായ കെ ആര്‍ ചന്ദ്രമോഹനന്‍, മന്ത്രി ജെ ചിഞ്ചുറാണി, ആര്‍ രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ആലപ്പുഴയില്‍ നടന്ന സ്ഥാപകദിനാഘോഷം സംസ്ഥാന എക്സി.അംഗം മുല്ലക്കര രത്നാകരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി വി സത്യനേശന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സി.അഗം കൂടിയായ മന്ത്രി പി പ്രസാദ്, ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് കാഞ്ഞങ്ങാട് നടന്ന പരിപാടി പാര്‍ട്ടി സംസ്ഥാന കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ സി പി മുരളി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി പി ബാബു അധ്യക്ഷത വഹിച്ചു. കണ്ണൂരില്‍ പാറപ്രത്ത് നടന്ന സമ്മേളനം സി എന്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗണ്‍സില്‍ അംഗം വിജയന്‍ കുനിശേരി അധ്യക്ഷതവഹിച്ചു. പത്തനംതിട്ട ജില്ലാ കൗണ്‍സില്‍ അടൂരില്‍ സംഘടിപ്പിച്ച സമ്മേളനം സംസ്ഥാന കൗണ്‍സില്‍ അംഗം വി പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എ പി ജയന്‍ അധ്യക്ഷത വഹിച്ചു.

കപട ദേശീയ വാദികളുടെ നുണപ്രചാരണം ചെറുക്കണം: കാനം

സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഒരു പങ്കുമില്ലാത്തവർ ചരിത്രത്തെ വികലപ്പെടുത്താനും ചിലരെ തിരഞ്ഞുപിടിച്ച് പ്രകീർത്തിക്കാനും ശ്രമിക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐ സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി കോട്ടയം തിരുനക്കര മൈതാനത്ത് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോട്ടയത്ത് നടന്ന സിപിഐ സ്ഥാപകദിന സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കഴിഞ്ഞ ഏതാനും വർഷമായി മോഡിയും കൂട്ടരും അതിനാണ് ശ്രമിക്കുന്നത്. സ്വാതന്ത്ര്യ ലബ്ധിക്കായി ഒന്നും ചെയ്യാത്തവർ ഹിന്ദുമഹാസഭയുടെ പേരിൽ നേ­താക്കന്മാരെ സ്പോൺസര്‍ ചെയ്യാനും ചരിത്രത്തിന്റെ ഭാഗമാക്കാനും നീക്കം നടത്തുകയാണ്. സ്വാതന്ത്ര്യസമരചരിത്രത്തിൽ നിഴൽപോലും വീഴ്ത്തിയിട്ടില്ലാത്തവരാണ് കപട ദേശീയവാദം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത് എന്നത് ഏറെ പരിഹാസ്യമാണ്. രാജ്യത്തിന്റെ ദേശീയ പതാക അംഗീകരിക്കുന്ന വേളയിലും കാവിക്കൊടിക്കായി വാദിച്ചവരാണ് ആർഎസ്എസ്. ജനാധിപത്യ, ക്ഷേമ, മതേതര രാഷ്ട്രസങ്കല്പം മാറ്റി ഇന്ത്യയെ മതരാഷ്ട്രമാക്കാനാണ് എന്നും ആർഎസ്എസ് ശ്രമിച്ചിട്ടുള്ളത്. മുസ്ലിം വിഭജനത്തിന്റെ ശക്തിയാണെന്ന് പറയുന്നവർ ഇന്ത്യയെ രണ്ടാക്കിയപ്പോൾ പഞ്ചാബിലും സിന്ധിലും ലീഗുമായി ചേർന്ന് ഭരണം പങ്കുവച്ചു. ഇത്തരം ചരിത്രങ്ങൾ പുറത്തുവരാതിരിക്കുക എന്നത് ആർഎസ്എസിന്റെ ആവശ്യമാണ്.

ജനാധിപത്യവും മതനിരപേക്ഷതയും മൗലികാവകാശങ്ങളും ഉറപ്പുനൽകുന്ന ഭരണഘടന ലംഘിക്കപ്പെടുകയാണ്. ഫെഡറൽ സംവിധാനങ്ങളെ ദുർബലപ്പെടുത്തുംവിധം സംസ്ഥാനത്തിന്റെ അവകാശങ്ങളെ കവർന്നെടുക്കാനും കേന്ദ്രം മടിക്കുന്നില്ല. ഇത്തരം നയങ്ങൾക്കെതിരെ വിശാലമായ ജനകീയ ഐക്യം രൂപപ്പെടണം. സ്വാതന്ത്ര്യസമരചരിത്രം പുനർവായനയ്ക്ക് വിധേയമാകുന്ന കാലത്ത് സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള ബാധ്യത ജനങ്ങൾക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Eng­lish Summary:CPI cel­e­brat­ed its 97th foun­da­tion day
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.