13 June 2024, Thursday

സിപിഐ സമ്മേളനം: പ്രചരണ ബോർഡുകളിൽ ആവേശം നിറച്ച് പരാഗ് പന്തീരാങ്കാവ്

കെ കെ ജയേഷ്
കോഴിക്കോട്
August 18, 2022 9:59 pm

വാനിലുയർന്ന് പാറുന്ന ചെങ്കൊടിയിലേക്ക് പടരുന്ന വള്ളിച്ചെടിയുടെ പശ്ചാത്തലത്തിൽ പടരട്ടെ എന്നെഴുത്ത്. തുണിയിലൊരുക്കിയ ബോർഡിലേക്ക് പടർന്നു കയറുന്ന വള്ളിച്ചെടി ഒരുക്കിയതാവട്ടെ പത്രക്കാടലാസുകൾ കൊണ്ടും… പണിയായുധത്തിൽ നിന്ന് വിരിഞ്ഞു വരുന്ന ചുവന്ന പൂക്കളുടെ പശ്ചാത്തലത്തിൽ കർഷക ഇന്ത്യയെന്ന അടയാളപ്പെടുത്തൽ. . ബോർഡിൽ പത്രക്കടലാസുകൾ കൊണ്ട് രൂപപ്പെടുത്തിയ ചർക്ക.… 22,23,24 തിയ്യതികളിലായി ഫറോക്കിൽ നടക്കുന്ന സിപിഐ ജില്ലാ സമ്മേളനത്തിന്റെ ആവേശം പ്രചരണ ബോർഡുകളിൽ നിറച്ചിരിക്കുന്നത് പ്രമുഖ ആർട്ടിസ്റ്റ് പരാഗ് പന്തീരാങ്കാവാണ്. തുണിയിലും ചാക്കിലുമെല്ലാമാണ് പ്രചരണ ബോർഡുകൾ ഒരുക്കിയത്. പേപ്പറും കൈതോല പായയുമെല്ലാം ഉപയോഗിച്ചാണ് അലങ്കാരപ്പണികളെല്ലാം പൂർത്തിയാക്കിയിരിക്കുന്നത്. മുലക്കരം പിരിക്കാൻ വന്ന രാജ കിങ്കരന് നിലവിളക്ക് കത്തിച്ച് വെച്ച് അരിവാൾ കൊണ്ട് തന്റെ മുലകൾ അറുത്ത് ചേമ്പിലയിൽ നൽകിയ നങ്ങേലിയും ഗുരുവായൂർ ക്ഷേത്രത്തിൽ മണിയടിക്കുന്ന കൃഷ്ണപ്പിള്ളയുമെല്ലാം ബോർഡുകൾ നിറയുന്നു. സമ്മേളന വേദിയിലേക്കുള്ള സ്റ്റാന്റ് പോലും പൂർണ്ണമായും കൈതോല ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നതെന്ന് പരാഗ് പറയുന്നു.

പ്രചാരണ രീതികൾ അത്യാധുനിക സംവിധാനങ്ങളിലേക്ക് മാറിയ കാലത്തും വേറിട്ട സ്പർശവുമായി പഴയകാല രീതികളെ മുറുകെ പിടിച്ചിരിക്കുകയാണ് പരാഗ് പന്തീരാങ്കാവ്. ഇതേ സമയം കോടികളുടെ പ്രചരണ വഴികളെ തന്റെ പ്രതിഭ കൊണ്ട് മറികടക്കുന്നുമുണ്ട് ഈ കലാകാരൻ. തുണിയിലും ചാക്കിലുമെല്ലാം ഒരുക്കുന്ന പരാഗിന്റെ ബോർഡുകൾ ഒറ്റ നോട്ടത്തിൽ തന്നെ ആളുകളുടെ മനസ്സിൽ നിറഞ്ഞു നിൽക്കും. ഫ്ലെക്സ് ഉൾപ്പെടെ ഭൂമിയ്ക്ക് ഹാനികരമായതെല്ലാം ഒഴിവാക്കി തനി നാടൻ രീതിയിലാണ് ബോർഡുകൾ ഒരുക്കുന്നത്. പാർട്ടിയുടെ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിനൊപ്പം ആളുകളുടെ ശ്രദ്ധ കവരുന്ന തരത്തിലാണ് ബോർഡുകൾ ഒരുക്കാറുള്ളതെന്ന് ഇദ്ദേഹം പറയുന്നു.

കേന്ദ്ര സർക്കാറിന്റെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ വലിയൊരു ചുണ്ട് വരച്ച്, ആ ചുണ്ട് വലിയൊരു ലോക്കുകൊണ്ട് പൂട്ടിയാണ് പരാഗ് പ്രതിഷേധിച്ചത്. കേരളത്തിലെ റോഡ് വികസനം വ്യക്തമാക്കുന്ന കൂറ്റൻ ബോർഡിലെ റോഡിന്റെ പ്രതലത്തിൽ കളിക്കോപ്പുകളായ കാറും ജീപ്പും ബസുമെല്ലാം ഒട്ടിച്ചുചേർത്ത് വേറിട്ടതാക്കി. താൻ ഒരുക്കുന്ന ബോർഡുകളെല്ലാം തന്റെ നിലപാടുകളും പ്രതിഷേധങ്ങളും കൂടിയാണെന്ന് പരാഗ് പറയുന്നു.

ചിത്രകാരനായ പരാഗ് പന്തീരാങ്കാവ് നിരവധി നാടകങ്ങൾക്ക് രംഗപടം ഒരുക്കിയിട്ടുണ്ട്. എസ് കെ പൊറ്റക്കാടിന്റെ ഒരു തെരുവിന്റെ കഥ’ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ നാടകത്തിന് വേണ്ടി സ്റ്റേജിൽ മിഠായിത്തെരുവ് ഉൾപ്പെടെ ഒരുക്കിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. ഈ നാടകത്തിന്റെ സംവിധാനം വിജയൻ വി നായരും രചന എം കെ രവിവർമ്മയുമായിരുന്നു. എ ശാന്തകുമാർ രചിച്ച സിഗ്നൽ, സതീഷ് കെ സതീഷ് രചിച്ച ചെമ്പൻപ്ലാവ്, എം സി സന്തോഷ് കുമാർ സംവിധാനം ചെയ്ത ജീവിത നാടകം തുടങ്ങി നിരവധി നാടകങ്ങൾക്ക് രംഗപടം ഒരുക്കി. സിബി തോമസ്, ദിലീഷ് പോത്തൻ എന്നിവർ വേഷമിട്ട, ആശപ്രഭ സംവിധാനം ചെയ്ത ‘സിദ്ധാർത്ഥൻ എന്ന ഞാൻ’ എന്ന സിനിമയുടെ കലാസംവിധാനം നിർവ്വഹിച്ചതും പരാഗായിരുന്നു.

നാടകപ്രവർത്തകനായിരുന്ന അച്ഛൻ പത്മൻ പന്തീരാങ്കാവ് നൽകിയ പ്രോത്സാഹനങ്ങളാണ് തന്നെ ഈ വഴിയിലെത്തിച്ചതെന്ന് ഇദ്ദേഹം പറയുന്നു. അച്ഛൻ വേഷമിട്ട ടി സുരേഷ് ബാബു സംവിധാനം ചെയ്ത പൊട്ടക്കിണർ എന്ന നാടകത്തിന് രംഗപടം ഒരുക്കാനും പരാഗിന് ഭാഗ്യമുണ്ടായി. വൈദ്യുതി ഉപയോഗിക്കുമ്പോൾ ഉണ്ടാവേണ്ട ജാഗ്രതയെക്കുറിച്ച് ഓർമ്മിപ്പിക്കുന്ന കരന്റ് എന്ന ഹ്രസ്വചിത്രം പരാഗ് പന്തീരാങ്കാവ് ഒരുക്കിയിട്ടുണ്ട്. വൈദ്യുതി പോസ്റ്റിന് സമീപം നിൽക്കുന്ന പൂവ് ഇരുമ്പ് കമ്പിയുപയോഗിച്ച് പറിക്കുന്നതിനിടെ ഷോക്കേറ്റ് ജീവൻ നഷ്ടമാകുന്ന പെൺകുട്ടിയുടെ കഥയിലാണ് ഈ ഷോർട്ട് ഫിലിം ആരംഭിക്കുന്നത്. കെ എസ് ഇ ബിയുടെ മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും ജനങ്ങളിലേക്കെത്തിക്കാനായി കെഎസ്ഇ ബി കല്ലായി സെക്ഷനാണ് ഈചിത്രം നിർമ്മിച്ചത്. തിറ, ഇത് മനസിന്റെ സുഖമാണ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളും ഇദ്ദേഹം ഒരുക്കിയിട്ടുണ്ട്. 2017 ൽ ശാന്താദേവി പുരസ്ക്കാരവും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കെഎസ്ഇബി കല്ലായ് സെക്ഷനിൽ ലൈൻമാനാണ് പരാഗ് പന്തീരാങ്കാവ്. ജോലിയുടെ ഇടവേളകളിലാണ് പരസ്യകലയും കലാപ്രവർത്തനവുമെല്ലാം.

Eng­lish Summary:CPI con­fer­ence: Parag Pan­thi­rankav fills the bill­boards with excitement
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.