9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 20, 2024
December 15, 2024
December 2, 2024
October 7, 2024
April 23, 2024
April 21, 2024
April 20, 2024
April 17, 2024
April 16, 2024

ജി20 അധ്യക്ഷ പദവി അവകാശങ്ങളും യാഥാർത്ഥ്യങ്ങളും

Janayugom Webdesk
December 8, 2022 6:00 am

ജി 20 യുടെ സംഘടനാ രീതിയിലെ ഊഴത്തിനനുസരിച്ച് ഇന്ത്യയ്ക്ക് അധ്യക്ഷ പദവി ലഭിച്ചിരിക്കുകയാണ്. ഇത് ഇന്ത്യക്ക് ലഭിച്ച ഉത്തരവാദിത്തമോ അംഗീകാരമോ അല്ലെന്നും നരേന്ദ്രമോഡിക്കു ലഭിച്ചതാണെന്നുമുള്ള പ്രചരണങ്ങളാണ് ആർഎസ്എസും ബിജെപിയും നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന പ്രചരണം രാജ്യവ്യാപകമായി നടത്തുകയാണ് അവർ. ഇന്ത്യയുടെ ജി20 അജണ്ട എല്ലാവരെയും ഉൾക്കൊണ്ടും അഭിലാഷങ്ങൾക്കനുസൃതവും പ്രവർത്തനനിരതവും അതുകൊണ്ടുതന്നെ നിർണായകവുമായിരിക്കുമെന്നും മനുഷ്യകേന്ദ്രീകൃതമായ ആഗോളീകരണത്തിന്റെ പുതിയ മാതൃക രൂപപ്പെടുത്താൻ പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞതായി പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇത് ആഗോളസമൂഹത്തോടുള്ള ഗിരിപ്രഭാഷണം മാത്രമാണ്. യഥാർത്ഥത്തിൽ എന്താണ് ഇപ്പോഴത്തെ ഇന്ത്യ. 2022ൽ നമ്മുടെ രാജ്യം ആഗോള പട്ടിണി സൂചികയിൽ 107-ാം സ്ഥാനത്താണ്. മാധ്യമസ്വാതന്ത്ര്യ സൂചികയിൽ 150, ആഗോള സന്തോഷ സൂചികയിൽ 136, അഴിമതി അവബോധ സൂചികയിൽ 85, ഭക്ഷ്യ സുരക്ഷാ സൂചികയിൽ 71, ജനാധിപത്യത്തിൽ 46 എന്നിങ്ങനെയാണ് ഇന്ത്യയുടെ സ്ഥാനം. നവ ഉദാരവല്ക്കരണ നയങ്ങൾ ശക്തമായി പിന്തുടർന്നുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സർക്കാരാണ് രാജ്യത്തെ ഈ ദുരിത പതനത്തിലേയ്ക്ക് നയിച്ചത്. മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രഭരണം എല്ലാവരെയും ഉൾക്കൊള്ളുന്നതും മനുഷ്യകേന്ദ്രീകൃതവുമായ നയങ്ങളല്ല, ഭിന്നിപ്പിക്കുന്നതും ഏകസമുദായ കേന്ദ്രീകൃതവുമായ വിഭാഗീയ നയങ്ങളാണ് പിന്തുടരുന്നത്.

ഇന്നത്തെ ഇന്ത്യയെന്താണെന്ന് മനസിലാക്കുന്നതിന് നമ്മുടെ രാജ്യത്തെ സാമൂഹികമായി വിവേചനം നേരിടുന്ന വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും അവസ്ഥ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിലുണ്ട്. അംബേദ്കർ ആദ്യകാലത്തു നല്കിയ മുന്നറിയിപ്പുകളും ഇക്കാര്യത്തിൽ എല്ലാവരുടെയും ഓർമ്മയിലുണ്ട്. “ന്യൂനപക്ഷ സമുദായങ്ങൾ തകർക്കപ്പെട്ടേക്കാം. അങ്ങനെ സംഭവിച്ചില്ലെങ്കിൽ സ്വേച്ഛാധിപത്യത്തിന്റെ ഇരകളാകാനും അടിച്ചമർത്തപ്പെടാനും ഇടയുണ്ട്. അവർ വിവേചനം നേരിടുമെന്നും പൊതുജീവിതത്തിൽ തുല്യതയ്ക്കുള്ള അവസരം നിഷേധിക്കപ്പെടുന്നവരാകുമെന്നും ഉറപ്പാണ്.” രാഷ്ട്രീയത്തെയും രാഷ്ട്രീയ സംഭവവികാസങ്ങളെയും സംവേദനക്ഷമതയോടെ വിലയിരുത്തുന്ന ഒരു നിരീക്ഷകൻ, മോഡി ഭരണം പിന്തുടരുന്ന ഭൂരിപക്ഷവാദത്തിന്റെ ഫലമായി സമൂഹത്തിൽ ഏറ്റവും പിന്നാക്കം നില്ക്കുന്ന ന്യൂനപക്ഷങ്ങളിൽപ്പെട്ടവരുടെ ദുരവസ്ഥ വിവരിക്കുന്നതിന് എഴുതിയതെന്ന് ധാരണ സൃഷ്ടിക്കുന്ന വരികളാണിത്. എന്നാൽ ഈ വരികളെഴുതിയത് ഡോ. അംബേദ്കറായിരുന്നു. ഭാഷാസംസ്ഥാനങ്ങളെ കുറിച്ചുള്ള ചിന്തകൾ എന്ന പുസ്തകത്തിൽ ന്യൂനപക്ഷങ്ങളുടെ സ്ഥിതി വിവരിക്കുന്ന അധ്യായത്തിലാണ് അദ്ദേഹം ഇങ്ങനെയെഴുതിയത്. ഡിസംബർ ആറിന് അദ്ദേഹത്തിന്റെ പരിനിർവാണ വാർഷികമായിരുന്നു. ഈ അവസരത്തിൽ അദ്ദേഹത്തിന്റെ പ്രവചനസമാനമായ ഈ വാക്കുകൾ യാഥാർത്ഥ്യമായിരിക്കുന്നുവെന്ന് നാം ഉൾക്കൊള്ളേണ്ടതുണ്ട്. ന്യൂനപക്ഷങ്ങൾ അരക്ഷിതാവസ്ഥയിലാകുമെന്നും സാമുദായികവല്ക്കരിക്കപ്പെടുന്ന തെരഞ്ഞെടുപ്പ് പ്രക്രിയ കാരണം രാഷ്ട്രീയം ഉൾപ്പെടെ എല്ലാ മേഖലകളിൽനിന്നും പുറംതള്ളപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സാമുദായികവല്ക്കരിക്കപ്പെട്ട തെരഞ്ഞെടുപ്പ് പ്രക്രിയ ഇന്ത്യയിൽ ഭയാനകമായ ഒരു യാഥാർത്ഥ്യമായി, ബിജെപിക്ക് അനുകൂലമായ തെരഞ്ഞെടുപ്പ് ഫലങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനുള്ള നിർണായക ഘടകമായി മാറിയിരിക്കുന്നു. വിശ്വാസം, വസ്ത്രം, ഭക്ഷണം, പ്രണയം, വിവാഹം എന്നിവയുടെയെല്ലാം പേരിൽ ബിജെപി നേതാക്കളാൽ ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നു.

അംബേദ്കറുടെ ന്യൂനപക്ഷങ്ങളെന്ന ആശയപരിധിയിൽ മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും മറ്റ് മതന്യൂനപക്ഷങ്ങളും മാത്രമല്ല ദളിതരും സമൂഹത്തിലെ മറ്റ് ദുർബല വിഭാഗങ്ങളും ഉൾപ്പെടുന്നു. അദ്ദേഹം മരിച്ച് 66 വർഷത്തിനു ശേഷവും ന്യൂനപക്ഷങ്ങളെ ലക്ഷ്യം വയ്ക്കുന്ന രാഷ്ട്രീയം രൂപപ്പെടുത്തിയ ഒരു ഭീകരമായ സാഹചര്യത്തെയാണ് ഇന്ത്യ അഭിമുഖീകരിക്കുന്നത്. ജനസംഖ്യയുടെ 12 മുതൽ 14 ശതമാനം വരുന്നതും ന്യൂനപക്ഷങ്ങൾക്കിടയിലെ ഏറ്റവും വലിയ വിഭാഗവുമായ മുസ്‌ലിങ്ങളെ പൂർണമായി, സാമൂഹികവും സാമ്പത്തികവുമായി ബഹിഷ്കരിക്കണമെന്നാണ് ചില ബിജെപി നിയമസഭാംഗങ്ങൾ തന്നെ ആഹ്വാനം ചെയ്യുന്നത്. സ്വതന്ത്ര ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ നേരിട്ടേക്കാവുന്ന സാമൂഹികവും സാമ്പത്തികവുമായ ബഹിഷ്കരണത്തിന്റെ സാധ്യത ദീർഘദർശിയെന്ന നിലയിൽ അംബേദ്കറിന് മുൻകൂട്ടി കാണാൻ സാധിച്ചു എന്നാണ് ഇത് വ്യക്തമാക്കുന്നത്. അദ്ദേഹം 1945ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ഇന്ത്യയ്ക്കായി തയാറാക്കിയ തന്റെ കരട് ഭരണഘടനയിൽ, ന്യൂനപക്ഷ ബഹിഷ്കരണ വിഷയം, മൗലികാവകാശങ്ങൾ എന്ന അധ്യായത്തിൽ വിശദമായി ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ന്യൂനപക്ഷങ്ങളെ ബഹിഷ്കരിക്കുന്നതിനുള്ള ഏത് നടപടിയും ‑വാക്കിന്റെയോ പ്രവൃത്തിയുടെയോ രൂപത്തിലായാലും- കുറ്റവാളികൾക്കെതിരെ മാതൃകാപരമായ ശിക്ഷകൾ വേണമെന്നും ഭാവി ഇന്ത്യയിലെ നിയമനിർമ്മാണങ്ങളിൽ അത്തരം കുറ്റങ്ങൾ ചെയ്യുന്നവർക്കെതിരെ കർശന ശിക്ഷ നല്കുന്ന വ്യവസ്ഥ ഉൾപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്. വാസ്തവത്തിൽ, അംബേദ്കർ 1947 മാർച്ചിൽ ഭരണഘടനാ അസംബ്ലിക്ക് സമർപ്പിച്ച നിവേദനത്തിൽ ന്യൂനപക്ഷങ്ങളെ പ്രതികൂലമായി ബാധിക്കുന്ന മേൽപ്പറഞ്ഞ ബഹിഷ്കരണ പ്രശ്നവും ഉന്നയിച്ചിരുന്നു. ഭരണഘടനാ അസംബ്ലിയിൽ സമർപ്പിക്കപ്പെട്ട രേഖകളെ അടിസ്ഥാനമാക്കി നടന്ന ചർച്ചകളിൽ നിയമനിർമ്മാണ സഭയുടെ ഉദ്ദേശ്യങ്ങളും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. സഭകൾ പാസാക്കിയ നിയമങ്ങൾ അതിന്റെ യഥാർത്ഥ ഉദ്ദേശ്യങ്ങൾ ലംഘിക്കാതെയാണോ രൂപപ്പെടുത്തിയത് എന്ന് പരിശോധിക്കുവാൻ സുപ്രീം കോടതി പലപ്പോഴും ആവശ്യപ്പെടാറുമുണ്ട്.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുമ്പോൾ അംബേദ്കർ അഭിപ്രായപ്പെട്ട ബഹിഷ്കരണം, ന്യൂനപക്ഷങ്ങളെ അടിച്ചമർത്തൽ, അവരോടുള്ള നിഷ്ഠുരമായ സമീപനങ്ങൾ എന്നീ വിഷയങ്ങളിലേയ്ക്ക് നാം തിരിച്ചുപോകേണ്ടതുണ്ട്. ന്യൂനപക്ഷങ്ങളോടുള്ള ബഹിഷ്കരണത്തിനെതിരെ ശബ്ദമുയർത്തുവാൻ അംബേദ്കർക്ക് കഴിഞ്ഞിരുന്നു. എന്നാൽ ബിജെപിയുടെ നിയമസഭാംഗങ്ങൾ പോലും ന്യൂനപക്ഷങ്ങളെ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്യുമ്പോൾ, ഇപ്പോൾ അദ്ദേഹത്തെ കൊണ്ടാടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കൂട്ടരും മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്. ഇത്തരം സന്ദർഭങ്ങളിലുള്ള നരേന്ദ്രമോഡിയുടെ മൗനം അംബേദ്കറുടെ കാഴ്ചപ്പാടുകളോടും ഭരണഘടനാ അസംബ്ലിയുടെ നിയമനിർമ്മാണ ഉദ്ദേശ്യത്തോടും പൊരുത്തപ്പെടുന്നില്ലെന്നാണ് വ്യക്തമാക്കുന്നത്. ഭരണഘടനാപരമായ ധാർമ്മികതയെ അംബേദ്കർ ആവേശത്തോടെ ഉയർത്തിപ്പിടിച്ചിരുന്നു. മതേതരവും ബഹുസ്വരവും വൈവിധ്യപൂർണവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഇന്ത്യയുടെ ഭരണഘടനാ കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിക്കുന്നതിന് ഓരോ പൗരനും ഭരണഘടനാപരമായ ധാർമ്മികത വളർത്തിയെടുക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം അടിവരയിടുകയും ചെയ്തിരുന്നു. സബ്കാ സാത്, സബ്കാ വികാസ് (എല്ലാവരുടെയും വികസനം, എല്ലാവരെയും ഉൾക്കൊള്ളൽ) എന്നാണ് പ്രധാനമന്ത്രി ഉച്ചെെസ്തരം ഉദ്ഘോഷിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ അദ്ദേഹവും അദ്ദേഹത്തിന്റെ പാർട്ടിയും ന്യൂനപക്ഷങ്ങൾക്കെതിരെയാണ് നിലകൊള്ളുന്നത്. തന്റെ പാർട്ടിയിൽപ്പെട്ടവരോ കൂടെ നിൽക്കുന്നവരോ വംശഹത്യയ്ക്കും മുസ്‌ലിങ്ങളെ ബഹിഷ്കരിക്കുന്നതിനുമുള്ള ആഹ്വാനങ്ങൾ പുറപ്പെടുവിക്കുമ്പോൾ കനത്ത മൗനം പാലിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. വളരെ നിഷ്ഠുരമായ ഇത്തരം സംഭവവികാസങ്ങൾ കാരണം ആഗോള തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായക്ക് വല്ലാതെ മങ്ങലേറ്റുകൊണ്ടിരിക്കുകയാണ്.

പ്രവാചകൻ മുഹമ്മദ് നബിയെ ഇകഴ്ത്തിയുള്ള ബിജെപി വക്താവിന്റെ അഭിപ്രായപ്രകടനത്തെ തുടർന്ന് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഗൾഫ് രാജ്യങ്ങളും മറ്റ് പല രാജ്യങ്ങളും ഇന്ത്യക്കെതിരെ വളരെ ശക്തമായി പ്രതികരിക്കുന്ന സ്ഥിതിയുണ്ടായി. ഇന്ത്യ മാപ്പ് പറയണമെന്ന ആവശ്യം അവരുടെ ഭാഗത്തുനിന്നുണ്ടാകുകയും ഇന്ത്യൻ ഉല്പന്നങ്ങൾ ബഹിഷ്കരിക്കുകയും ചെയ്തു. ഇന്ത്യയിൽ നടക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ ജനാധിപത്യ, മതേതര പ്രതിച്ഛായയ്ക്കാണ് ആഗോള തലത്തിൽ മങ്ങലേറ്റിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന സ്വേച്ഛാധിപത്യ രാജ്യമായും ഭാഗിക സ്വതന്ത്ര രാജ്യമായും ഇന്ത്യ ആഗോളതലത്തിൽ വിശേഷിപ്പിക്കപ്പെട്ടത് ദുരന്തസമാനമാണ്. നമ്മുടെ രാജ്യത്തെ ഭരണസംവിധാനത്തെ നിയന്ത്രിക്കുന്നവർ തന്നെ ഭരണഘടന, ഭരണഘടനാ ധാർമ്മികത, ഭരണഘടനാ അസംബ്ലിയുടെ നിയമനിർമ്മാണ ഉദ്ദേശ്യങ്ങൾ എന്നിവയുടെ മൂല്യച്യുതിക്ക് ബോധപൂർവം ശ്രമിക്കുന്നത് അംബേദ്കറെ പോലുള്ള മുൻകാല നേതാക്കളെ അവഹേളിക്കുന്നതാണ്. ഭരണഘടനാ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഭരണഘടനാപരമായ രീതി സ്വീകരിക്കണമെന്ന് പൂര്‍വസൂരികള്‍ ആഹ്വാനം ചെയ്തിരുന്നതും മറ്റേതെങ്കിലും രീതി അരാജകത്വത്തിന്റെ പ്രതിരൂപമായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതുമാണ്. മുസ്‌ലിങ്ങള്‍ക്കെതിരായ വംശഹത്യാ ആഹ്വാനവും സാമൂഹികവും സാമ്പത്തികവുമായ ബഹിഷ്കരണവും വർധിച്ചുവരുന്നത് സ്വേച്ഛാധിപത്യ‑അരാജകത്വ പ്രവണതയെ മാത്രമല്ല പ്രതിഫലിപ്പിക്കുന്നത്. ഒരു അധികാരശക്തിക്കും നിയന്ത്രിക്കാനാകാത്തവിധത്തിൽ സാമൂഹികവും സാമ്പത്തികവും മാരകവും സ്ഥിരവുമായ കുഴപ്പങ്ങൾ ഉണ്ടാക്കുകയും ചെയ്യും. അതിനാൽ, ഇന്ത്യ ഭരിക്കുന്നവർ അംബേദ്കർ ഉൾപ്പെടെയുള്ള മുൻകാല നേതാക്കൾ ഉന്നയിച്ച വിഷയങ്ങൾ ഓർമ്മിക്കുകയും വരാനിരിക്കുന്ന വിപത്തിൽ നിന്ന് ഇന്ത്യയെ രക്ഷിക്കാൻ ഭരണഘടനാപരമായ മാർഗം സ്വീകരിക്കുകയും വേണം.

Eng­lish Sam­mury: cpi gen­er­al sec­re­tary d raja arti­cle G20 Chair­man­ship Rights and Realities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.