19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 17, 2024
December 16, 2024
December 14, 2024
December 13, 2024
December 13, 2024
December 11, 2024
December 10, 2024
December 10, 2024
December 10, 2024

കേരളത്തില്‍ ലേബര്‍ കോഡ് നടപ്പാക്കുക തൊഴിലാളി താല്പര്യം മുന്‍നിര്‍ത്തി

പ്രത്യേക ലേഖകന്‍
വെബ് ഡസ്ക്
September 18, 2022 10:42 pm

രാജ്യത്ത് സമ്പത്ത് സൃഷ്ടിക്കുന്ന തൊഴിലാളി വര്‍ഗത്തെ അടിമകളാക്കുകയാണ് മോഡി സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്നും തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. സിപിഐ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള വ്യവസായ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് സമ്പത്ത് സൃഷ്ടിക്കുന്ന തൊഴിലാളി വര്‍ഗത്തെ അടിമകളാക്കുകയാണ് മോഡി സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്നും വി ശിവന്‍കുട്ടി പറഞ്ഞു. ഏതൊരു ആവശ്യത്തിന് സമീപിച്ചാലും കേന്ദ്ര തൊഴില്‍‍ മന്ത്രി ആദ്യം തിരക്കുന്നത്, കേന്ദ്രത്തിന്റെ നാല് തൊഴില്‍ കോഡുകള്‍ നിങ്ങളുടെ സംസ്ഥാനത്ത് നടപ്പാക്കുന്നില്ലേ എന്നാണ്. പാര്‍ലമെന്റ് പാസാക്കിയ ലേബര്‍ കോഡുകള്‍ തൊഴിലാളികളുടെ താല്പര്യം സംരക്ഷിച്ചുകൊണ്ടായിരിക്കും സംസ്ഥാനത്ത് പ്രാബല്യത്തില്‍ വരുത്തുക. സംസ്ഥാനത്തിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ടായിരിക്കും അതിന്റെ ചട്ടങ്ങള്‍ക്ക് രൂപം നല്‍കു. തൊഴിലാളികളുടെ ക്ഷേമവും സമാധാനപരമായ തൊഴില്‍ അന്തരീക്ഷവും നിലനിര്‍ത്തിക്കൊണ്ടായിരിക്കും കേരളത്തില്‍ ലേബര്‍ കോഡ് നടപ്പിലാക്കുകയെന്നും സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ താല്പര്യത്തിനൊപ്പം നിന്നുകൊടുക്കാത്തതിനാല്‍ സംസ്ഥാനം ആസൂത്രണം ചെയ്യുന്ന പദ്ധതികള്‍ക്കൊന്നും മോഡി സര്‍ക്കാര്‍ അനുവാദം നല്‍കുന്നില്ല. തൊഴിലാളികളുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കുന്നതിനാണ് എണ്ണമറ്റ പോരാട്ടങ്ങളുടെ ഫലമായി ഇന്ത്യന്‍ പാര്‍ലമെന്റ് തൊഴില്‍ നിയമങ്ങള്‍ പാസാക്കിയത്. അവയെല്ലാം ലയിപ്പിച്ച് നാല് കോഡുകളാക്കി മാറ്റിയത് കുത്തക മുതലാളിമാരെ സംരക്ഷിക്കാനാണ്. എല്ലാ തീരുമാനങ്ങളും അവസാനം മുതലാളിക്ക് സ്വീകരിക്കാന്‍ ഇതോടെ കഴിയും.

ആറ്റിങ്ങല്‍ ആലംകോടായിരുന്നു ‘പരമ്പരാഗത വ്യവസായ മേഖല: പ്രതിസന്ധികളും പ്രതീക്ഷകളും’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചത്. പരമ്പരാഗത തൊഴില്‍, വ്യവസായ മേഖലയിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുക എന്നതും തൊഴിലാളികളുടെ ക്ഷേമവും തൊഴിലും സംരക്ഷിക്കലും ഇടത് സര്‍ക്കാരിന്റെ ലക്ഷ്യമാണെന്ന് മന്ത്രി തുടര്‍ന്ന് പറഞ്ഞു. കയര്‍, കശുഅണ്ടി, മത്സ്യബന്ധനം, കൈത്തറി, ഖാദി, ബീഡി, കളിമണ്‍പാത്രനിര്‍മ്മാണം, ഈറ്റ‑പനമ്പ്, കള്ള് ചെത്ത് വ്യവസായമുള്‍പ്പെടെ പരമ്പരാഗത മേഖലയാകെ വിവിധങ്ങളായ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിനെയെല്ലാം മറികടക്കാന്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകള്‍ മുഖാന്തിരം നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പരമ്പരാഗത വ്യവസായങ്ങള്‍ ദുര്‍ബലമാവുകയും തൊഴിലാളികളുടെ എണ്ണം കുറയുകയുമാണ്. പുതിയ തലമുറ പരമ്പരാഗത തൊഴിലുകളിലേക്ക് വരുന്നില്ലെന്നത് ഒരു പ്രതിസന്ധിയാണ്. ശാസ്ത്രപുരോഗതിയുടെ ഭാഗമായി അത്യാധുനിക യന്ത്രസാമഗ്രികള്‍ വിവിധ മേഖലയില്‍ പരീക്ഷിക്കാന്‍ തുടങ്ങിയതോടെ പരമ്പരാഗത മേഖലയില്‍ നിന്ന് ആളുകള്‍ അവിടങ്ങളിലേക്ക് മാറുന്ന പ്രവണതും വര്‍ധിച്ചു. 2006ലെ ഇടതുസര്‍ക്കാരിന്റെ കാലത്ത് പരമ്പരാഗത മേഖലയിലെ തൊഴിലാളികളുടെ സംരക്ഷണത്തിനായി രൂപീകരിച്ചതാണ് ‘വരുമാന പൂരക പദ്ധതി’. കൂലിയുടെ അന്തരം കണക്കാക്കി തുക വിതരണം ചെയ്യുവാന്‍ അന്നുമുതല്‍ക്കേ സാധിച്ചു. 2021–22 സാമ്പത്തിക വര്‍ഷം ഈ പദ്ധതിപ്രകാരം 78 കോടി രൂപയാണ് വിതരണം ചെയ്തത്. ഒന്നര ലക്ഷത്തിലേറെ പേര്‍ക്ക് ഈ ആനുകൂല്യം ഉറപ്പാക്കാനായി. നടപ്പുസാമ്പത്തിക വര്‍ഷം 86 കോടി രൂപയാണ് വരുമാന പൂരക പദ്ധതിക്കായി ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ഓണക്കാലത്ത് പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍ക്ക് 53 കോടി രൂപയുടെ ആനൂകൂല്യങ്ങള്‍ അനുവദിച്ചതായും മന്ത്രി പറഞ്ഞു. ആധുനികയന്ത്രവല്ക്കരണം വ്യാപിച്ചതോടെ പരമ്പരാഗത മേഖലയ്ക്ക് മത്സരിച്ചു നില്‍ക്കാനാവാത്ത സ്ഥിതിയുണ്ട്. കാലോചിതമായ മാറ്റമാണ് അനിവാര്യം. സഹകരണ പ്രസ്ഥാനങ്ങള്‍ വഴിയും സര്‍ക്കാര്‍ അനുവദിക്കുന്ന പദ്ധതികള്‍ കൊണ്ടുമാണ് പരമ്പരാഗത മേഖലയ്ക്ക് പിടിച്ചുനില്‍ക്കാനാവുന്നത്. 42 ലക്ഷം വരുന്ന സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ യൂണിഫോം ഖാദിയില്‍ തയാറാക്കിയതാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ഈ മേഖലയ്ക്കുണ്ടാക്കിയ ഉണര്‍വ് ചെറിയൊരു ഉദാഹരണം മാത്രം. പരമ്പരാഗത മേഖലയും അതിലെ തൊഴിലാളികളെയും തൊഴിലും സംരക്ഷിക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും അതിന്റെ സര്‍ക്കാരും ഇടത് ട്രേഡ് യൂണിയനുകളും പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ കുത്തകയായിരുന്നു ഒരുകാലത്ത് കശുഅണ്ടി വ്യവസായം. സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന കശുഅണ്ടി പരിപ്പിന് വിദേശങ്ങളില്‍ വലിയ കമ്പോളമുണ്ടായിരുന്നു. ഇന്ന് വിദേശങ്ങളില്‍ നിന്നുള്ള കശുഅണ്ടിയെ ആശ്രയിച്ചാണ് സംസ്ഥാനത്തെ പല ഫാക്ടറികളും ഭാഗികമായെങ്കിലും നിലനില്‍ക്കുന്നത്. ഏകദേശം മൂന്ന് ലക്ഷത്തോളം തൊഴിലാളികള്‍ ഈ മേഖലയില്‍ ജോലിചെയ്യുന്നുണ്ട്. ഇവരില്‍ മഹാഭൂരിപക്ഷവും സ്ത്രീ തൊഴിലാളികളാണ്. സര്‍ക്കാര്‍ മിനിമം വേതനം പ്രഖ്യാപിച്ചെങ്കിലും ഉയര്‍ന്ന വേതനം ഉറപ്പാക്കുവാന്‍ കശുഅണ്ടി വ്യവസായത്തിന് കഴിയുന്നില്ല. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ആവശ്യമായ കശുഅണ്ടി ഇവിടെ ലഭിക്കുന്നില്ലെന്നതാണ് വലിയ പ്രതിസന്ധി. കശുമാവ് കൃഷി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ഉണ്ടെങ്കിലും ഫലപ്രദമാവുന്നില്ല. ലാഭം കുറഞ്ഞതോടെ പല ഉടമകളും കമ്പനികള്‍ അടച്ചുപൂട്ടുകയും കെട്ടിടങ്ങള്‍ മറ്റുവരുമാന മാര്‍ഗങ്ങള്‍ക്കായി ഉപയോഗിക്കുകയുമാണ് ചെയ്തത്. വ്യവസായവും തൊഴിലും സംരക്ഷിക്കണമെന്ന ലക്ഷ്യത്തിലൂന്നി സംസ്ഥാന സര്‍ക്കാര്‍ ഏതാനും കമ്പനികള്‍ ഏറ്റെടുത്തു. കാഷ്യു കോര്‍പറേഷന്‍ എന്ന പൊതുമേഖലാ സ്ഥാപനവും രൂപീകരിച്ചു. കോര്‍പറേഷനുകീഴില്‍ 30 കമ്പനികളിലായി 11,500നടുത്ത് തൊഴിലാളികളാണ് ഇന്ന് ജോലി ചെയ്യുന്നത്. ഏതാനും കമ്പനികള്‍ കാപ്പിക്സ് എന്ന സഹകരണ പ്രസ്ഥാനത്തിന്റെ കീഴിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ പത്ത് ഫാക്ടറികളിലായി നാലായിരത്തോളം പേരാണ് തൊഴിലെടുക്കുന്നത്. ആവശ്യമായ തോട്ടണ്ടി ലഭിക്കാത്തതിനാല്‍ ഈ രണ്ട് മേഖലയിലെയും കമ്പനികള്‍ക്ക് 365 ദിവസവും പ്രവര്‍ത്തനം നടത്താനാവുന്നില്ല. സ്വകാര്യ മേഖലയില്‍ നേരത്തെ എണ്ണൂറിലധികം ഫാക്ടറികള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ നൂറില്‍ താഴെ മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് തൊഴില്‍ മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഏതാനും ജില്ലകളിലായി നാല് ലക്ഷത്തോളം തൊഴിലാളികളുണ്ടായിരുന്ന മേഖലയായിരുന്നു കയര്‍ വ്യവസായം. ഇന്നിപ്പോള്‍ അമ്പതിനായിരത്തില്‍ താഴെയാണ് ഈ മേഖലയിലെ തൊഴിലാളികളുടെ എണ്ണം. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന ഏതാനും പേരും അനുബന്ധമായും ഉണ്ട്. പ്രതിസന്ധികളില്‍ ഉഴലുന്ന ഈ മേഖലയെ സംരക്ഷിക്കാനും നിലനിര്‍ത്താനും പ്രായോഗികമായ യന്ത്രവല്ക്കരണം അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. ഇതിനായി മാറിമാറി വന്ന ഇടതു സര്‍ക്കാരുകള്‍ ശ്രമിച്ചിട്ടുണ്ട്. 2016ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ‘രണ്ടാം കയര്‍ പനഃസംഘടന’ എടുത്തുപറയേണ്ട ഒന്നാണ്. കമ്പോളത്തില്‍ മത്സരശേഷി കുറവായതിനാലാണ് കേരളത്തിലെ കയര്‍ വ്യവസായത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിയാത്തത്. തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന കയറുല്പന്നങ്ങള്‍ക്ക് വിലക്കുറവുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ കയര്‍ ഭൂവസ്ത്ര പദ്ധതി ഈ മേഖലയ്ക്ക് ആശ്വാസം പകര്‍ന്നു. എങ്കിലും ചെറുകിട ഉല്പാദകരില്‍ നിന്നും സഹകരണ സംഘടങ്ങളില്‍ നിന്നും കയര്‍ഫെഡ് സംഭരിച്ച ഉല്പന്നങ്ങള്‍ പലയിടങ്ങളിലും കെട്ടിക്കെടുക്കുന്ന സ്ഥിതിയുണ്ട്. ദരിദ്രരായ ഈ മേഖലയിലെ തൊഴിലാളികളെയും വ്യവസായത്തെയും സംരക്ഷിക്കാന്‍ ആധുനികവല്ക്കരണമാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന ഉപാധിയെന്നും മന്ത്രി വ്യക്തമാക്കി. പുതിയ സാങ്കേതിക വിദ്യകള്‍ ഇതിനായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരള കൈത്തറി ജനങ്ങള്‍ക്ക് ഏറെ ഇഷ്ടമായ ഒന്നാണ്. തുണി ഉല്പാദന മേഖലയില്‍ ആധുനിക വിദ്യ കടന്നുവന്നതോടെയാണ് പരമ്പരാഗത മേഖലയ്ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നത്. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി ഉല്പാദന മികവുണ്ടാക്കുന്നതിന് കൈത്തറി മേഖലയെ സജ്ജമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് തൊഴില്‍ മന്ത്രി പറഞ്ഞു. കള്ളുചെത്ത് മേഖലയിലും നിരവധി പ്രശ്നങ്ങളുണ്ട്. പുതിയ തലമുറ കടന്നുവരുന്നില്ലെന്നതാണ് അതില്‍ ഏറ്റവും പ്രധാനം. വീര്യം കുറഞ്ഞ കള്ള് ഉപേക്ഷിച്ച് ആളുകള്‍ വിദേശ മദ്യത്തെ ആശ്രയിക്കാന്‍ തുടങ്ങിയതും അതിന്റെ ആക്കംക്കൂട്ടി. തെങ്ങില്‍നിന്ന് ചെത്തിയെടുക്കുന്ന ഈ പാനീയത്തെ വിവിധ ഉല്പന്നങ്ങളാക്കി മാറ്റിയെടുക്കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. ടോഡി ബോര്‍ഡ് രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നതും ഈ മേഖലയുടെ സംരക്ഷണത്തിനായാണ്. കള്ള് ചെത്തിന് അനുയോജ്യമായ ഉയരം കുറഞ്ഞ ശങ്കരയിനം തെങ്ങുകള്‍ ഉല്പാദിപ്പിക്കുന്ന നിലപാടും സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നു.

എഴുന്നൂറ് കിലോമീറ്ററോളം നീളമുള്ള കേരളത്തിന്റെ കടല്‍ത്തീരത്തും ഉള്‍നാടന്‍‍ പ്രദേശങ്ങളിലും നടക്കുന്ന പരമ്പരാഗത മത്സ്യബന്ധനവും അനുബന്ധ തൊഴിലുകളും നേരിടുന്ന പ്രതിസന്ധി കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ മൂലമുള്ളതാണ്. ആഴക്കടല്‍ മത്സ്യബന്ധനം സ്വകാര്യമേഖലയ്ക്ക് തീറെഴുതാനാണ് മോഡി സര്‍ക്കാരിന്റെ പരിശ്രമം. ബ്ലു ഇക്കോണമി എന്ന പേരില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന നയം സ്വകാര്യ കുത്തകകളെ സഹായിക്കാനുള്ളതാണ്. ഇത് നടപ്പിലാവുന്നതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചടിയാകും. സംസ്ഥാന സര്‍ക്കാര്‍ ഈ മേഖലയില്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തുവരുന്നുണ്ട്. സഹകരണ സംഘങ്ങള്‍ വഴിയും അപെക്സ് സംഘങ്ങളിലൂടെയും മത്സ്യഫെഡിലൂടെയും തൊഴിലാളികള്‍ക്ക് സഹായ പദ്ധതികള്‍ നടപ്പിലാക്കുന്നു.

സംസ്ഥാനത്തെ ബീഡി വ്യവസായവും തകര്‍ച്ചയിലാണ്. 1967ലെ സര്‍ക്കാര്‍ ബീഡിത്തൊഴിലാളികളെ സംരക്ഷിക്കാന്‍ രൂപീകരിച്ച കേരള ദിനേശ് ബീഡി സഹകരണസംഘം രാജ്യത്തിനാകെ മാതൃകയായിരുന്നു. അമ്പതിനായിരത്തോളം വരുന്ന തൊഴിലാളികള്‍ അക്കാലത്ത് സംഘത്തിനുകീഴില്‍ ജോലിചെയ്തിരുന്നു. പുകവലി നിരോധനവും ബീഡി വലിക്കുന്നവരുടെ എണ്ണത്തിലെ കുറവും പ്രതിസന്ധിയുണ്ടാക്കി. നിലവില്‍ നാലായിരത്തില്‍ത്താഴെ ആളുകള്‍ മാത്രമേ ഇന്ന് തൊഴിലിലേര്‍പ്പെട്ടിട്ടുള്ളു. സംസ്ഥാനത്തെ പല ബീഡിക്കമ്പനികളും അടച്ചുപൂട്ടുന്ന സാഹചര്യം ഉണ്ടായി. നിലവിലുള്ള തൊഴിലാളികള്‍ക്ക് ക്ഷേമനിധിയിലൂടെ നിരവധി ആനുകൂല്യങ്ങളാണ് നല്‍കിവരുന്നതെന്നും മന്ത്രി പറഞ്ഞു. വി ശശി എംഎൽഎ അധ്യക്ഷത വഹിച്ചു.

ഭക്ഷ്യ മന്ത്രി ജി ആർ അനിൽ, സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ, എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, സിപിഐ ദേശീയ കൗൺസിൽ അംഗം എൻ രാജൻ, ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, സംസ്ഥാന കൗണ്‍സില്‍ അംഗം വി പി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. സി എസ് ജയചന്ദ്രൻ സ്വാഗതം പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.