മനുഷ്യനെ ഒന്നായി കാണുന്നതും ജാതി-മത ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്നതും വര്‍ഗീയ ഫാസിസ്റ്റ് നീക്കങ്ങളെ അതിജീവിക്കാന്‍ ശക്തിയുള്ളതും കമ്മ്യൂണിസത്തിന് മാത്രമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. സിപിഐ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ‘കേരളത്തിലെ സാംസ്കാരിക വിപ്ലവങ്ങള്‍’ എന്ന വിഷയത്തില്‍ കിളിമാനൂരില്‍ സംഘടിപ്പിച്ച പ്രഭാഷണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യജീവിതത്തിനുനേരെ വടക്കേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ ഓരോ ദിവസവും നമ്മള്‍ അറിയുന്നു. കേരളത്തില്‍ അത്തരം സംഭവങ്ങള്‍ അരങ്ങേറാത്തത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശക്തമായതുകൊണ്ടാണ്. എത്ര ശ്രമിച്ചിട്ടും ഇവിടെ മനുഷ്യന്‍ ചേരിതിരിവില്ലാതെ നവോത്ഥാന നായകര്‍ പടുത്തുയര്‍ത്തിയ ആശയങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ഒരുമിച്ചുനില്‍ക്കുന്നു. രാജ്യം സ്വാതന്ത്ര്യം നേടുകയും റിപ്പബ്ലിക്കാവുകയും ഭരണഘടന നിലവില്‍ വരികയും ചെയ്തു. നമ്മള്‍ നേടിയെടുത്ത സാഹോദര്യവും സമാധാനവും നീതിയും സ്വാതന്ത്ര്യവുമെല്ലാം ഇന്ന് നഷ്ടപ്പെടുന്ന സ്ഥിതിയാണ്. രാജ്യത്ത് ഭരണം നിര്‍വഹിക്കുന്ന ഫാസിസ്റ്റ് ഭരണകൂടം ഇതെല്ലാം നിഷ്ഠൂരം ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ സ്വതന്ത്രമായ പരമാധികാരത്തെ വര്‍ഗീയ ഭരണകൂടം തകര്‍ക്കുന്നു. ഇന്ത്യയെ ഹിന്ദുത്വരാഷ്ട്രമാക്കുവാന്‍ അവര്‍ കരുക്കള്‍ നീക്കുന്നു. നമ്മുടെ സംസ്ഥാനത്തേക്കും ഫാസിസ്റ്റ് നടപടികളുമായി അവര്‍ വരികയാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഭരണസംവിധാനത്തെ ഇല്ലാതാക്കാനാണ് ശ്രമം. രാജ്യത്തെ വീണ്ടും പിറകോട്ട് കൊണ്ടുപോയി മനുസ്മൃതി ഭരണഘടനയാക്കുവാന്‍ നോക്കുന്നു. നമ്മുടെ പൂര്‍വികര്‍ നൂറ്റാണ്ടുകള്‍ പരിശ്രമിച്ച് നേടിയെടുത്ത സ്വാതന്ത്ര്യവും സാഹോദര്യവും മതേതര മൂല്യങ്ങളുമെല്ലാം വര്‍ഗീയ ശക്തികള്‍ ഇല്ലാതാക്കാന്‍ നോക്കുമ്പോള്‍ അതിനെതിരെ ഉറച്ചുപോരാടാനാവണം. അവിടെ നമുക്ക് പ്രതീക്ഷ നല്‍കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷ മുന്നണിയുമാണെന്ന് ചിറ്റയം പറഞ്ഞു.
സംസ്കാരം എന്നത് മനുഷ്യന്റെ സാമൂഹിക ജീവിതവുമായും കലയുമായും സമീപിക്കാം. എല്ലാറ്റിനെയും സ്വീകരിക്കുകയും ഉള്‍ക്കൊള്ളുന്നതുമാണ് ഇന്ത്യന്‍ സംസ്കാരം. അതിനെ വിശകലനം ചെയ്ത് മനുഷ്യന് മുന്നോട്ടുള്ള എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമോ അതെല്ലാം കൈകാര്യം ചെയ്യാം. മനുഷ്യന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഓരോരോ തടസങ്ങളുണ്ടായിരുന്നു. അതിലൊന്നാണ് ജന്മിത്വവും നാടുവാഴിത്തവും ജാതിവ്യവസ്ഥകളും. അവ ഇല്ലാതാക്കാന്‍ വേണ്ടി നടത്തിയ നിരവധി പോരാട്ടങ്ങളുണ്ട്. അതില്‍ നിന്നാണ് ശ്രീനാരായണഗുരുവും അയ്യന്‍കാളിയും പണ്ഡിറ്റ് കറുപ്പനും അയ്യാസ്വാമിയും പൊയ്കയില്‍ കുമാരദേവനും ചട്ടമ്പിസ്വാമികളും കുമാരനാശാനും വാഗ്ഭടാനന്ദനുമടക്കം നവോത്ഥാന നായകരുണ്ടായത്. അവരുടെ നേതൃത്വത്തില്‍ നടന്ന പോരാട്ടങ്ങള്‍ സംസ്കാരത്തിന്റെകൂടി ഭാഗമാണ്.
ശ്രീനാരായണഗുരുദേവന്‍ നടത്തിയ പ്രതിഷ്ഠകളെല്ലാം വലിയ സാംസ്കാരിക വിപ്ലവം തന്നെയാണ്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് ദളിതര്‍ക്ക് ക്ഷേത്രത്തില്‍ പോകാന്‍ കഴിയില്ല. വഴിനടക്കാന്‍ അവകാശമില്ലായിരുന്നു. വിദ്യാഭ്യാസം നിഷേധിച്ചിരുന്നു. അയ്യന്‍കാളി നടത്തിയ വില്ലുവണ്ടി സമരം ഇവയ്ക്കെതിരെ നടന്ന ഏറ്റവും വലിയ സാംസ്കാരിക വിപ്ലവമാണ്. വിദ്യാഭ്യാസ അവകാശത്തിനുവേണ്ടി ആയിരുന്നെങ്കിലും അത് തൊഴിലാളികളുടെ പ്രക്ഷോഭം കൂടിയായിരുന്നു. ചാന്നാര്‍ ലഹളയും പന്തളം മൂക്കുത്തി സമരവും തന്റെ നാടുകൂടിയായ പെരുനാട് നടന്ന പെരുനാട് ലഹള എന്ന കല്ലുമാല സമരം എല്ലാം സാംസ്കാരിക വിപ്ലവത്തിന്റെ ഭാഗമായി നടന്നതാണ്. ജാതിയെയും മതത്തിന്റെയും പേരില്‍ മനുഷ്യനെ വേര്‍തിരിച്ചുനിര്‍ത്തിയ സാമൂഹിക പശ്ചാത്തലത്തില്‍ നിന്ന് ഇന്നത്തെ സ്ഥിതിയിലേക്ക് മാറ്റിയെടുക്കുന്നതില്‍ 1957ല്‍ അധികാരത്തില്‍വന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സര്‍ക്കാരിനും വലിയ പങ്കുണ്ട്.
സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ഇല്ലായിരുന്നു. വി ടി ഭട്ടതിരിപ്പാടിന്റെ തൂലികാപോരാട്ടത്തിലൂടെ അവരെ അടുക്കളയില്‍ നിന്ന് അരങ്ങത്തെത്തിച്ചതും സാംസ്കാരിക വിപ്ലവമായിരുന്നു. അതിന്റെ പിന്തുടര്‍ച്ചയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അതിന്റെ സര്‍ക്കാരുകളും നടത്തിയ ഇടപെടലുകളും ശ്രദ്ധേയമാണ്. ജനാധിപത്യ സംവിധാനത്തിന്റേതടക്കം മുന്‍പന്തിയില്‍ ഇന്ന് സ്ത്രീകളുണ്ട്. കുടുംബശ്രീ പ്രസ്ഥാനം മറ്റൊരു ഉദാഹരണമാണ്. മാന്യമായി ജീവിക്കാനുതകുന്ന വിവിധങ്ങളായ ആനുകൂല്യങ്ങള്‍ അവര്‍ക്കുണ്ട്. അതൊരു വിപ്ലവമാണ്. സ്ത്രീയും പുരുഷനും തുല്യരാണ്. സ്ത്രീകളെ ബഹുമാനിക്കുന്നു, അവരെ ആദരിക്കുന്നു. അംഗീകരിക്കുന്നു. റേഷന്‍ കാര്‍ഡ് ഇന്ന് സ്ത്രീകളുടെ പേരിലാണ്. അവരിന്ന് കുടുംബനാഥയാണ്. ഫാസിസം എന്താണ് ചെയ്യുന്നത്. സ്ത്രീകളെ വീണ്ടും അടുക്കളയിലേക്ക് ഒതുക്കുന്നു. അതുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷപ്രസ്ഥാനങ്ങളും ശക്തിപ്പെടണമെന്ന് പറയുന്നതെന്നും ചിറ്റയം ഗോപകുമാര്‍ വ്യക്തമാക്കി.
സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി പി ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി എ എം റാഫി അധ്യക്ഷനായി. അഡ്വ. ഇന്ദിരാ രവീന്ദ്രൻ, ജയശ്ചന്ദ്രൻ കല്ലിങ്കൽ, എ എം റൈസ്, കെ ദേവകി എന്നിവർ പങ്കെടുത്തു. ജി എൽ അജീഷ് സ്വാഗതവും സജി കിളിമാനൂർ നന്ദിയും പറഞ്ഞു. തുടർന്ന് കഥാപ്രസംഗ കുലപതി കെടാമംഗലം സദാനന്ദന്റെ രമണൻ എന്ന കഥാപ്രസംഗം അദ്ദേഹത്തിന്റെ ശിഷ്യൻ സൂരജ് സത്യൻ അവതരിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.