19 December 2024, Thursday
KSFE Galaxy Chits Banner 2

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നും ജനപക്ഷത്ത്: കാനം

Janayugom Webdesk
തിരുവനന്തപുരം
September 30, 2022 10:30 pm

ലോകത്താകെ ദരിദ്രരാജ്യങ്ങളുടെയും സാധാരണക്കാരായ ജനങ്ങളുടെയും സമരങ്ങളും പ്രക്ഷോഭങ്ങളും ശക്തമായിക്കൊണ്ടിരിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐ സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് പുത്തരിക്കണ്ടം മൈതാനിയിലെ പികെവി നഗറില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോളീകരണ സാമ്പത്തിക നയങ്ങൾ നടപ്പിലാക്കാൻ തുടങ്ങിയതിനു ശേഷമാണ് ജനങ്ങള്‍ തമ്മിലും രാജ്യങ്ങള്‍ തമ്മിലുമുള്ള സാമ്പത്തികാന്തരം വര്‍ധിച്ചത്. മൂലധനത്തിന്റെ കേന്ദ്രീകരണവും ജനങ്ങളെ പാപ്പരീകരിക്കുന്ന സാമ്പത്തികനയങ്ങളും അവരുടെ നിത്യജീവിതത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളുമാണ് ലോകമെമ്പാടുമുള്ള പ്രക്ഷോഭങ്ങൾക്ക് കാരണമാകുന്നത്. പല രാജ്യങ്ങളിലും ജനങ്ങളുടെ അസംതൃപ്തി ഇടതുപക്ഷ രാഷ്ട്രീയത്തിന് കൂടുതൽ വളക്കൂറ് നൽകുന്നുണ്ടെങ്കിലും ചിലയിടങ്ങളില്‍ ആ സാഹചര്യം ഉപയോഗപ്പെടുത്തി തീവ്ര വലതുപക്ഷ പാർട്ടികളും അധികാരത്തിൽ വരുന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും കാനം പറഞ്ഞു.
സാമ്പത്തികമാന്ദ്യവും സാമ്പത്തികത്തകര്‍ച്ചയും ലോകത്തിന് നല്‍കുന്ന പാഠങ്ങള്‍ ഉള്‍ക്കൊള്ളാതെ മോഡി സർക്കാർ നവലിബറൽ സാമ്പത്തിക നയങ്ങള്‍ക്ക് പിന്നാലെയാണ് തിരക്കിട്ട് പോകുന്നത്. കഴിഞ്ഞ എട്ടുവർഷത്തെ ഭരണം രാജ്യത്തെയാകെ ദുരിതത്തിലാക്കി. ഇതിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ ശക്തമായ പ്രക്ഷോഭ സമരങ്ങൾ ഉയർത്തിക്കൊണ്ടുവരിക എന്നതാണ് ഇടതുപക്ഷത്തിന്റെ പ്രധാന കർത്തവ്യം. തൊഴിലില്ലായ്മ എറ്റവും ഉയർന്നു നിൽക്കുന്ന, സാമ്പത്തിക വളർച്ച മുരടിച്ച, നാണയപ്പെരുപ്പം കൂടിയ, വിലക്കയറ്റം അനുദിനം വർധിക്കുന്ന രൂപയുടെ മൂല്യം നാൾക്കുനാൾ കുറയുന്ന രാജ്യമായി ഇന്ത്യയെ മോഡി സർക്കാർ മാറ്റിത്തീർത്തു. ജീവിക്കാൻ പൊറുതിമുട്ടുന്ന ജനങ്ങളെ മതപരമായും സാമുദായികമായും ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമാണ് സംഘപരിവാർ ഭരണകൂടം നടപ്പിലാക്കുന്നത്. മതേതരത്വവും ജനാധിപത്യവും തകർത്ത് രാജ്യത്തെ ഒരു മതാധിഷ്ഠിത രാജ്യമാക്കി മാറ്റാനാണ് നീക്കം. ഭൂരിപക്ഷ വർഗീയതയുടെ സ്പോൺസർമാരായി ബിജെപി സർക്കാർ മാറിയെന്ന് പ്രത്യേകം പറയേണ്ടതില്ല. നമ്മുടെ ഭരണഘടന പോലും വെല്ലുവിളി നേരിടുകയാണ്. ഇതിനെതിരെ യോജിച്ച പ്രക്ഷോഭം ഉയർന്നുവരണം. അതിന് നേതൃത്വപരമായ പങ്കുവഹിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് മാത്രമേ കഴിയൂ.
പ്രതിപക്ഷ പാർട്ടികൾക്കിടയിലെ ഭിന്നതയാണ് നരേന്ദ്രമോഡി സർക്കാരിനെ നിലനിർത്തുന്നത്. പ്രതിപക്ഷ പാർട്ടികളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ്‌. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് ശരിയായ ബദലെന്ന് രാജ്യം ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനെ തടയിടുന്നതിന് സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ തുരങ്കം വെയ്ക്കാനാണ് കേന്ദ്ര സർക്കാർ പരിശ്രമിക്കുന്നത്. ഗവർണറെപ്പോലും അതിനായി ഉപയോഗിക്കുകയാണ്. നിയമസഭ പാസാക്കിയ ബില്ലുകളിൽ പോലും ഗവർണർ ഒപ്പിടാൻ തയ്യാറാകാതെ ഭരണപ്രതിസന്ധി സൃഷ്ടിക്കുകയാണ്. അതിനെയെല്ലാം കേരളത്തിലെ ജനകീയ സർക്കാർ മറികടക്കുക തന്നെ ചെയ്യും.


ജനങ്ങളോടൊപ്പം നിൽക്കുന്ന, അവരുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി എന്നതിന് തെളിവാണ് അംഗസംഖ്യയിലെ വൻ വർധന. ജനപക്ഷ നിലപാടുകളിൽ നിന്നും അല്പംപോലും വ്യതിചലിക്കാതെ കമ്മ്യൂണിസ്റ്റ് പ്രവർത്തന ശൈലി കൈവിടാതെ മുന്നോട്ടുപോകാൻ കഴിഞ്ഞ നാളുകളിൽ നാം നടത്തിയ കൂട്ടായ പ്രവര്‍ത്തനമാണ് പാർട്ടിക്ക് നേട്ടങ്ങൾ സമ്മാനിച്ചത്. പാർട്ടിയുടെ ഐക്യവും സംഘടനാ ശക്തിയും ഊട്ടിയുറപ്പിച്ച് ശക്തമായി മുന്നോട്ട് പോകാൻ തീരുമാനമെടുക്കുന്ന ഒരു സമ്മേളനമായിരിക്കും തിരുവനന്തപുരത്ത് നടക്കുന്നതെന്ന് നിസംശയം പറയാം. ഈ സമ്മേളനവുമായി ബന്ധപ്പെട്ട് വളരെയധികം വാർത്തകൾ മാധ്യമങ്ങളിൽ വരുന്നുണ്ട്. അത്തരം വാർത്തകൾ കമ്മ്യൂണിസ്റ്റ് പാർട്ടിയെ അപകീർത്തിപ്പെടുത്താൻ വേണ്ടിയാണ്. ബൂർഷ്വാമാധ്യമങ്ങൾ നടത്തുന്ന അത്തരം പ്രചാരണങ്ങളെ അതിജീവിച്ച് മുന്നോട്ട് പോകാനുള്ള കരുത്തും തന്റേടവും കമ്മ്യൂണിസ്റ്റ് പാർട്ടിക്കുണ്ടെന്നും കാനം കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.