നടൻ ദിലീപിനെതിരായ കേസിൽ മുൻ എംഎൽഎ പി സി ജോർജിന്റെ ഈരാറ്റുപേട്ടയിലെ പ്ലാത്തോട്ടം വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന. കോട്ടയം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അമ്മിണി കുട്ടന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
നടൻ ദിലീപിനെതിരെ ഗൂഢാലോചന ഉണ്ടെന്ന് വരുത്താൻ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി പ്രമുഖരുടെ പേരിൽ വ്യാജസന്ദേശങ്ങൾ പ്രചരിപ്പിച്ച സംഭവത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് പരിശോധന. ദിലീപ് കേസിൽ വ്യാജസ്ക്രീൻഷോട്ടുകൾ ഉണ്ടാക്കി അന്വേഷണത്തിന്റെ വഴി തെറ്റിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം. വ്യാജ സ്ക്രീൻഷോട്ടുകൾ പുറത്തുവിട്ടത് ഷോൺ ജോർജ്ജ് ആണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
മൂന്നു മൊബൈൽ ഫോണുകളും അഞ്ച് മെമ്മറി കാർഡുകളും രണ്ട് ടാബുകളും പരിശോധനയിൽ പിടിച്ചെടുത്തു. സ്ക്രീൻ ഷോട്ടുകൾ നിർമ്മിക്കാൻ ഉപയോഗിച്ച ഫോൺ ഇതിലുണ്ടോ എന്ന് പരിശോധിക്കും. സ്ക്രീൻ ഷോട്ടുകൾ അയച്ചത് ഷോണിന്റെ നമ്പറിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോടതിയുടെ അനുമതി വാങ്ങിയാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
നടിയെ അക്രമിച്ച കേസിൽ വിചാരണ നേരിടുന്ന നടൻ ദിലീപ് കേസ് അട്ടിമറിക്കുന്നതിനയി ഉന്നതർക്കെതിരെ നടത്തിയ ഗൂഢാലോചനയിലും ഷോൺ ജോർജും ഉൾപെട്ടതായി പറയുന്നു. പല തവണ ദിലീപിന്റെ സഹോദരൻ അനൂപ് ഷോൺ ജോർജ്ജിന്റെ ഫോണിൽ വിളിച്ചതുമായി ബന്ധപ്പെട്ട തെളിവുകൾ പൊലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. വ്യാഴാഴ്ച രാവിലെ 7.15 നാണ് അന്വേഷണ സംഘം പി സി ജോർജിന്റെ വീട്ടിൽ എത്തിയത്. അഞ്ചു മണിക്കൂർ പരിശോധന കഴിഞ്ഞാണ് സംഘം മടങ്ങിയത്.
2019 ൽ ദിലീപിന്റെ സഹോദരൻ ജോർജിനെ വിളിച്ചതുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നും ഇപ്പോൾ ആ ഫോൺ വേണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പരിശോധന പ്രഹസനം ആണെന്നും പിസി ജോർജ് പറഞ്ഞു. ഷോൺ ഈ കാലയളവിൽ ഉപയോഗിച്ചിരുന്ന ഫോൺ നഷ്ടപ്പെട്ടിരുന്നുവെന്ന് പൊലീസിൽ അറിയിച്ചിരുന്നുവെന്നാണ് പി സി ജോർജ്ജ് പറയുന്നത്.
അതിജീവിതയ്ക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചവരെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു വ്യാജ വാട്സ് ആപ് ഗ്രൂപ്പിന്റെ സ്ക്രീൻ ഷോട്ടുകൾ. നടി മഞ്ജുവാര്യർ, ഡിജിപി ബി സന്ധ്യ, പ്രമോദ് രാമൻ, ലിബർട്ടി ബഷീർ, ആഷിഖ് അബു തുടങ്ങിയവരുടെ പേരിലാണ് വ്യാജ വാട്സ്അപ്പ് ചാറ്റുകൾ നിർമ്മിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ദിലീപിനെ പൂട്ടിക്കണം എന്ന പേരിലായിരുന്നു ഈ ഗ്രൂപ്പ്. ദിലീപിനെതിരെ ഗൂഢാലോചന നടന്നു എന്നതിന് തെളിവ് സൃഷ്ടിക്കാൻ വേണ്ടിയാണ് ഇത്തരമൊരു ഗ്രൂപ്പ് രൂപീകരിച്ചതെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അനുകൂലിച്ചും അതിജീവിതയെ അധിക്ഷേപിച്ചും പി സി ജോർജും പലവട്ടം രംഗത്തെത്തിയിരുന്നു. കേസ് കാരണം നടിക്ക് കൂടുതൽ അവസരങ്ങൾ കിട്ടിയെന്നായിരുന്നു ജോർജ് അടുത്തിടെ കോട്ടയത്ത് വാർത്താസമ്മേളനത്തിൽ നടത്തിയ അധിക്ഷേപം.
English Summary: Crime Branch raids Shawn George’s house
you may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.