6 July 2024, Saturday
KSFE Galaxy Chits

ആൾക്കൂട്ട അപകടങ്ങൾ; കർശന സുരക്ഷ വേണം

Janayugom Webdesk
July 4, 2024 5:00 am

ത്തർപ്രദേശിലെ ഹത്രാസിൽ മതപ്രഭാഷണ പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും 121പേർ മരിക്കുകയും ഇരുനൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം ഞെട്ടലുണ്ടാക്കുന്നതാണ്. സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഗൾഗഡി ഗ്രാമത്തിൽ സ്വയം അവതാര മതപ്രഭാഷകൻ നാരായൺ സർക്കാർ ഹരിയെന്ന ഭോലെ ബാബ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് വന്‍ദുരന്തമുണ്ടായത്. ഗുരുതരമായ വീഴ്ചകളുടെയും നിരുത്തരവാദിത്തത്തിന്റെയും ഫലമായാണ് അപകടമെന്ന വെളിപ്പെടുത്തലുകളുണ്ടായിട്ടുണ്ട്. നേരത്തെ നാരായൺ സർക്കാർ ഹരി ആശ്രമമായി ഉപയോഗിച്ചിരുന്ന ഇടുങ്ങിയ സ്ഥലത്താണ് പതിനായിരക്കണക്കിനാളുകൾ പങ്കെടുത്ത പരിപാടിക്ക് വേദിയൊരുക്കിയത്. ഇത്രയധികം ആളുകൾ പങ്കെടുത്ത പരിപാടി കഴിഞ്ഞ് തിരിച്ചുപോകുന്നതിന് മതിയായ വഴികളുണ്ടായിരുന്നില്ല.


ഇതുകൂടി വായിക്കൂ: നിലയും നിലപാടും മറന്ന കോണ്‍ഗ്രസ്


ഓവുചാലിൽ നിന്നുള്ള വെള്ളം വഴിയിലേക്ക് കവിഞ്ഞ് ആളുകൾ വഴുതിവീഴുന്ന സ്ഥിതിയുണ്ടായി. എന്നിങ്ങനെ വീഴ്ചകൾ, ദൃക്സാക്ഷികൾ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. നാരായൺ സർക്കാർ യോഗസ്ഥലത്തുനിന്ന് പോകുന്ന സമയം ആളുകൾ അദ്ദേഹത്തെ തൊടുന്നതിന് തിരക്കുകൂട്ടിയതും അപകടത്തിന്റെ കാരണങ്ങളിൽ ഒന്നായി. ഇത്ര വലിയ അപകടത്തിലും പതിവ് പോലെ ഉത്തർപ്രദേശിലെ ബിജെപി സർക്കാർ കേസും അന്വേഷണവുമൊക്കെ ആരംഭിച്ചിട്ടുണ്ട്. ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ആൾക്കൂട്ടമുണ്ടാകുന്ന പരിപാടികൾ നടക്കുമ്പോൾ സജ്ജീകരിക്കേണ്ട സുരക്ഷാ സംവിധാനങ്ങൾക്ക് നിയതമായ വ്യവസ്ഥകളുണ്ട്. ആൾക്കൂട്ട വ്യാപ്തിയനുസരിച്ച് പരിപാടി സംഘടിപ്പിക്കുന്ന സ്ഥലത്തിന്റെ വിസ്തൃതി, കാലാവസ്ഥയ്ക്കനുസൃതമായ സൗകര്യങ്ങൾ, അഗ്നിശമന സജ്ജീകരണങ്ങൾ ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങൾ നിർബന്ധമാണ്. വിവാഹം, സമ്മേളനങ്ങൾ, മറ്റ് കൂടിച്ചേരലുകൾ എന്നിവ നടക്കുന്ന ഹാളുകൾ, മൈതാനങ്ങൾ എന്നിവയടക്കം എല്ലായിടങ്ങളിലും ഇത് ആവശ്യമാണ്. എന്നാൽ പരിപാടി സംഘടിപ്പിക്കുന്നത് മതസംഘടനകളോ നിരവധി അനുയായികളുള്ള ആൾ ദൈവങ്ങളോ ആയാൽ അക്കാര്യങ്ങൾ ഉറപ്പുവരുത്തുന്നതിൽ അധികൃതർ അലംഭാവം കാട്ടുന്നതാണ് അനുഭവം. വിശ്വാസങ്ങളുടെ പേരിലാകുമ്പോൾ എന്തിനോടും കണ്ണടയ്ക്കുന്ന സമീപനം അന്ധവിശ്വാസങ്ങളെയും ആൾദൈവങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതായി മാറുകയും ചെയ്യുന്നു. ഇപ്പോൾ അപകടമുണ്ടായിരിക്കുന്നത് സ്വയം അവതാര പ്രഭാഷകനായ നാരായൺ സർക്കാർ ഹരിയെന്ന ഭോലെ ബാബയുടെ പരിപാടിക്കിടെയാണ്. കേന്ദ്ര സർക്കാർ ജീവനക്കാരനായിരുന്നു എന്ന് അവകാശപ്പെടുന്ന ഇയാൾ ജോലി ഉപേക്ഷിച്ചാണ് പ്രഭാഷണരംഗത്തേക്കിറങ്ങിയതെന്നും പറയപ്പെടുന്നു. ഇറ്റാ ജില്ലയിലെ പട്യാലി തഹസിൽ ബഹാദൂർ സ്വദേശിയായ ഇയാൾക്ക് പടിഞ്ഞാറൻ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിലുൾപ്പെടെ ലക്ഷക്കണക്കിന് അനുയായികളുമുണ്ട്. അക്കാരണത്താലാണ് പ്രഭാഷകനായ നാരായൺ സർക്കാരിനെയോ ബന്ധപ്പെട്ട മറ്റ് വ്യക്തികളെയോ പ്രതി ചേർക്കാതെ സംഘാടകർ എന്ന സംജ്ഞയിൽ കേസെടുത്തിരിക്കുന്നത് എന്ന് കരുതാവുന്നതാണ്. കഴിഞ്ഞ 15 വർഷത്തിനിടെ തിക്കും തിരക്കും കാരണം രാജ്യത്തുണ്ടായ വലിയ ദുരന്തങ്ങളിൽ പലതും മതചടങ്ങുകളുമായി ബന്ധപ്പെട്ടാണുണ്ടായത് എന്ന് കാണാവുന്നതാണ്. കഴിഞ്ഞ വർഷം മാർച്ചിൽ മധ്യപ്രദേശിൽ ഇൻഡോറിലെ ഒരു ക്ഷേത്രത്തിൽ രാമനവമിയോടനുബന്ധിച്ച് നടന്ന പരിപാടിക്കിടെ ആൾക്കൂട്ടം തമ്പടിച്ച സ്ഥലത്ത് കിണറിന്റെ മുകളിലെ സ്ലാബ് തകർന്ന് 36 പേർ മരിച്ചതും 2022 ജനുവരിയിൽ ജമ്മു കശ്മീരിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 12 പേർ മരിക്കുകയും ഒരു ഡസനിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതും അടുത്ത കാലത്തുണ്ടായവയാണ്.


ഇതുകൂടി വായിക്കൂ:യുപിയില്‍ അയോധ്യയും , രാമക്ഷേത്രവും ഹിന്ദുത്വവും വിലപ്പോവില്ലെന്ന്


2013 ഒക്ടോബർ 13ന് മധ്യപ്രദേശിലെ ദാതിയ ജില്ലയിലെ രത്തൻഗഡ് ക്ഷേത്രത്തിന് സമീപം നവരാത്രി ആഘോഷത്തിനിടെ 115, 2008 സെപ്റ്റംബർ 30ന് രാജസ്ഥാനിലെ ജോധ്പൂർ നഗരത്തിലെ ചാമുണ്ഡാ ദേവി ക്ഷേത്രത്തിൽ 250, 2008 ഓഗസ്റ്റിൽ ഹിമാചൽ പ്രദേശിലെ മലമുകൾ നൈനാ ദേവി ക്ഷേത്രത്തിൽ 145, 2005 ജനുവരിയിൽ മഹാരാഷ്ട്ര വായ് പട്ടണത്തിലെ മന്ധർദേവി ക്ഷേത്രത്തിൽ 265 പേർ വീതം മരിച്ചത് തിക്കും തിരക്കും കാരണമുണ്ടായ അപകടത്തിലാണ്. 2010 മാർച്ചിൽ യുപിയിലെ ക്ഷേത്രത്തിൽ സൗജന്യ ഭക്ഷണത്തിനും വസ്ത്രത്തിനും വേണ്ടിയുള്ള തിരക്കില്‍പ്പെട്ട് 63 പേർ മരിക്കുകയുണ്ടായി. ഇവയ്ക്ക് പുറമേ 15 വർഷത്തിനിടെ പത്തിലധികം സംഭവങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നിട്ടും ഇത്തരം ഒത്തുകൂടലുകൾ ഒരു നിയന്ത്രണവും വ്യവസ്ഥകളുമില്ലാതെ നടക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. ദുരന്തങ്ങൾ സംഭവിക്കുമ്പോൾ മരിക്കുന്നവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരവും പരിക്കേൽക്കുന്നവരുടെ ചികിത്സാ ചെലവും ഏറ്റെടുക്കുകയും കേസെടുത്ത് അന്വേഷണ പ്രഖ്യാപനം നടത്തുകയും ചെയ്യുന്നിടത്ത് അധികൃതരുടെ ഉത്തരവാദിത്തം അവസാനിക്കുന്നു എന്നതാണ് സ്ഥിതി. ഇനിയും ദുരന്തമുണ്ടാകില്ലെന്നുറപ്പ് വരുത്തുന്നതിന് സംവിധാനങ്ങൾ ഒരുക്കണമെന്ന കാര്യത്തിൽ വലിയ അലംഭാവമുണ്ടാകുന്നുവെന്നാണ് യുപിയിലുണ്ടായ ഇപ്പോഴത്തെ അപകടവും ബോധ്യപ്പെടുത്തുന്നത്. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കണമെങ്കിൽ വലിയ ആൾക്കൂട്ടങ്ങളുണ്ടാകുന്ന എല്ലാ ചടങ്ങുകൾക്കും സുരക്ഷാ സംവിധാനങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ അധികൃതർ സന്നദ്ധമാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.