കേന്ദ്രത്തിലും ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ സംസ്ഥാനങ്ങളിലും ഭരണം നടത്തുന്ന ബിജെപി സര്‍ക്കാരുകള്‍ വലിയ തോതില്‍ വിപണനത്തിനുപയോഗിക്കുന്നതാണ് കുംഭമേളകള്‍. ഉത്തരേന്ത്യയിലെ നിരക്ഷര ലക്ഷങ്ങളെ പ്രയാഗ്‌രാജിലെത്തിച്ച് വിശ്വാസത്തിന്റെ പേരില്‍ ധ്രുവീകരിക്കുകയെന്ന രാഷ്ട്രീയ വാണിജ്യമാണ് ഇപ്പോള്‍ നടക്കുന്ന കുംഭമേളയിലൂടെ ലക്ഷ്യമിടുന്നതെന്ന് തുടക്കം മുതല്‍തന്നെ വ്യക്തമായതാണ്. 144 വര്‍ഷത്തിലൊരിക്കലെന്ന പേരില്‍ എല്ലാവര്‍ഷവും കുംഭമേളകള്‍ നടത്തി പാവപ്പെട്ടവരുടെ വൈകാരികതയെ മുതലെടുക്കുകയാണെന്ന് കഴിഞ്ഞദിവസം ദ വയര്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ വ്യക്തമാക്കുന്നുണ്ട്. ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായ ശേഷം കുംഭ, മഹാമേളകള്‍ നടത്തിയതിന്റെ വിവരങ്ങള്‍ സമാഹരിച്ചാണ് വാര്‍ത്ത തയ്യാറാക്കിയത്. അതെന്തായാലും 144 വര്‍ഷത്തിലൊരിക്കല്‍ എന്ന് വിശേഷിപ്പിച്ച് ജനുവരി 13ന് ആരംഭിച്ച് ഫെബ്രുവരി 26ന് സമാപിക്കുന്ന കുംഭമേളയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കേവലം ഹിന്ദു ആചാരങ്ങളുമായി ബന്ധപ്പെട്ടതാണ് ഇതെങ്കിലും കേന്ദ്ര — സംസ്ഥാന ബിജെപി സര്‍ക്കാരുകള്‍ ഔദ്യോഗിക പരിവേഷത്തോടെയാണിത് സംഘടിപ്പിക്കുന്നത്. സര്‍ക്കാര്‍ ദശലക്ഷക്കണക്കിന് കോടി രൂപയാണ് ഇതിനായി നീക്കിവച്ചത്. അതോടൊപ്പം എല്ലാ വകുപ്പുകളും സര്‍ക്കാര്‍ പരിപാടിയെന്ന നിലയില്‍ കൊണ്ടാടുകയും ചെയ്യുന്നു.
മതിയായ സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കിനല്‍കാതിരുന്നത് ഇത്തവണത്തെ കുംഭമേള കൂട്ടമരണങ്ങളുടേതു കൂടി ആക്കിയിരിക്കുകയാണ്. അതില്‍ അവസാനത്തേതാണ് കഴിഞ്ഞ ദിവസം ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരിക്കുന്നത്. 18 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക വിശദീകരണം. പ്രയാഗ്‌രാജിലേക്കുള്ള തീവണ്ടിയില്‍ കയറുന്നതിനെത്തിയവരുടെ തിക്കും തിരക്കും കാരണമാണ് ദാരുണസംഭവമുണ്ടായത്. നേരത്തെ കുംഭമേള നടക്കുന്ന പ്രയാഗ്‌രാജില്‍ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ മരിക്കുന്ന സ്ഥിതിയുണ്ടായിരുന്നു. പുലര്‍ച്ചെ നടന്ന സംഭവത്തില്‍ 19 മണിക്കൂറിന് ശേഷം 30 പേര്‍ മരിച്ചുവെന്നാണ് ആദിത്യനാഥ് സര്‍ക്കാര്‍ അന്ന് സ്ഥിരീകരിച്ചത്. എന്നാല്‍ യഥാര്‍ത്ഥ മരണം 100 വരെയാകും എന്ന വിവിധ കണക്കുകളാണ് അനൗദ്യോഗികമായി വെളിപ്പെടുത്തപ്പെട്ടത്. അത് ശരിവയ്ക്കുന്ന സാഹചര്യങ്ങളാണ് അവിടെ നിന്ന് പുറത്തുവന്നത്. ഇതിന് പുറമേ 10–15 തവണയെങ്കിലും മേള നടക്കുന്ന വിവിധയിടങ്ങളില്‍ തീപിടിത്തവുമുണ്ടായി. സെക്ടർ 16ലെ കിന്നർ അഖാര ക്യാമ്പിന് സമീപം തീപിടിത്തത്തില്‍ ഒരു ടെന്റ് പൂര്‍ണമായി കത്തിനശിച്ചു. സെക്ടര്‍ 19ല്‍ തീപടര്‍ന്ന് 25 ടെന്റുകള്‍ അഗ്നിക്കിരയായി. സെക്ടര്‍ 22ന് പുറത്ത് ചമങ്കഞ്ച് ചൗക്കിക്ക് സമീപം തീപിടിത്തത്തില്‍ നിരവധി പന്തലുകൾ കത്തിനശിച്ചു. സെക്ടർ രണ്ടിൽ രണ്ട് കാറുകൾക്ക് തീപിടിച്ചു. മറ്റൊരിടത്തുണ്ടായ തീപിടിത്തത്തിലും നിരവധി ടെന്റുകള്‍ നശിച്ചു. അവിടെയൊന്നും മരണങ്ങള്‍ ഉണ്ടായില്ലെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും അതും സംശയാസ്പദമാണ്. ലക്ഷക്കണക്കിന് പേര്‍ ഒരേ സ്ഥലത്തെത്തുമ്പോള്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കാത്തതും വിഐപികള്‍ക്കുവേണ്ടിയുള്ള പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത് സാധാരണക്കാരുടെ യാത്രാ സംവിധാനങ്ങള്‍ പരിമിതപ്പെടുത്തിയതും തിക്കിനും തിരക്കിനും കാരണമായി. യുപി സര്‍ക്കാരും സംഘാടകരും 40 കോടി പേര്‍ പങ്കെടുക്കുമെന്ന് അവകാശപ്പെട്ട പരിപാടിയാണിത്. ഇതിനകംതന്നെ 50 കോടി പേര്‍ എത്തിച്ചേര്‍ന്നുവെന്നും പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ അതിനനുസൃതമായ ഒരു സജ്ജീകരണങ്ങള്‍ എവിടെയുമൊരുക്കിയില്ലെന്നാണ് ഈ അപകടങ്ങള്‍ തെളിയിക്കുന്നത്.
ശനിയാഴ്ച രാത്രി ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലുണ്ടായ അപകടവും മരണവും ഗുരുതരമായ വീഴ്ചയിലേക്കുതന്നെയാണ് വിരല്‍ ചൂണ്ടുന്നത്. റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്റുകള്‍ക്ക് പുറമേ പരിമിതമായ ജനറല്‍ കോച്ചുകളിലേക്ക് മാത്രം 1500ലധികം ടിക്കറ്റുകളാണ് ഇവിടെ വിതരണം ചെയ്തത്. നിലവില്‍ നിരവധി യാത്രക്കാരുണ്ടായിരുന്ന 13, 14 പ്ലാറ്റ്ഫോമിലേക്ക് കുംഭമേളയിലേക്കുള്ള രണ്ട് ട്രെയിനുകളും എത്തിയതോടെയാണ് തിരക്ക് വര്‍ധിച്ചതും അപകടത്തിലേക്ക് നയിച്ചതും. വേണ്ടത്ര ട്രെയിനുകള്‍ ഏര്‍പ്പെടുത്താത്തതിനെ ത്തുടര്‍ന്ന് മധ്യപ്രദേശിലെ ഛത്തര്‍പൂരിലെ രണ്ട് റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ കല്ലേറ് നടത്തിയ സംഭവമുണ്ടായത് കഴിഞ്ഞയാഴ്ചയായിരുന്നു. മുന്‍കൂട്ടി സീറ്റ് ബുക്ക് ചെയ്തിട്ടും തീവണ്ടിയില്‍ കയറാന്‍ സാധിക്കാതെ വന്നതോടെയാണ് യാത്രക്കാര്‍ പ്രകോപിതരായത്. ഇത്രയധികം പേരെത്തുന്ന പരിപാടിക്ക് മതിയായ യാത്രാ സൗകര്യങ്ങള്‍ ഒരുക്കേണ്ടത് സംഘാടകരുടെയും സര്‍ക്കാരിന്റെയും ഉത്തരവാദിത്തമാണ്. അതൊന്നുമുണ്ടായില്ലെന്നാണ് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. ചെറിയ തോതില്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടികള്‍ക്ക് പോലും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് വ്യവസ്ഥയുള്ളതാണ്. ഓരോ സംസ്ഥാനങ്ങളിലും ഇതിനായി പ്രത്യേകമായ മാനദണ്ഡങ്ങളുള്ളതിനുപുറമേ ദേശീയ ദുരന്ത നിവാരണ നിയമപ്രകാരവും മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. അതൊന്നുമുണ്ടായില്ലെന്നാണ് ഓരോ അപകടങ്ങളും സൂചിപ്പിക്കുന്നത്. അതുപോലെ തിക്കും തിരക്കും നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ ഒരു സജ്ജീകരണവും ഒരുക്കിയില്ലെന്നതിന് പ്രയാഗ്‌രാജിലുണ്ടായ അപകട മരണങ്ങളും തെളിവാണ്. അതിനെക്കാളെല്ലാം വലിയ കുറ്റമാണ് യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവയ്ക്കുകയെന്നത്. അതുകൊണ്ടുതന്നെ ഇത് അപകട മരണങ്ങളായല്ല, കൂട്ടക്കുരുതികളായി പരിഗണിച്ച് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.