ഇന്നലെ ബിഹാറിന്റെ തലസ്ഥാനമായ പട്നയിൽ നടന്ന 17 പ്രതിപക്ഷപാർട്ടികളുടെ ഉച്ചകോടി 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള നിർണായക ചുവടുവയ്പാണ്. വ്യത്യസ്ത ആശയങ്ങളും നിലപാടുകളുമുള്ള പാർട്ടികൾ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുകയെന്നത് അസംഭവ്യമാണെന്ന ബിജെപിയുടെയും വലതുപക്ഷ മാധ്യമങ്ങളുടെയും സന്ദേഹങ്ങളെയും വിലയിരുത്തലുകളെയും മറികടന്നാണ് കേന്ദ്ര ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷ കൂട്ടായ്മക്ക് തുടക്കമായിരിക്കുന്നത്. ബിജെപി ഗവണ്മെന്റിനെതിരെ പ്രതിപക്ഷപാർട്ടികളുടെ ഐക്യമെന്ന ലക്ഷ്യത്തിലേക്ക് ഇനിയും ഏറെദൂരം സഞ്ചരിക്കേണ്ടതുണ്ട്. എന്നാൽ രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യത്തെയും ജനങ്ങളുടെ ഐക്യത്തെയും ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും സംരക്ഷിക്കാനും ബിജെപി രാജ്യത്തിന്റെമേൽ അടിച്ചേൽപ്പിക്കുന്ന ഫാസിസ്റ്റ് പ്രവണതകളെയും സമ്പദ്ഘടനയുടെ കോർപറേറ്റുവല്‍ക്കരണത്തെയും ചെറുക്കാനും പ്രതിപക്ഷപാർട്ടികളുടെ യോജിച്ച പ്രവർത്തനം അനിവാര്യമാണെന്ന നേതൃത്വത്തിന്റെ തിരിച്ചറിവാണ് ഇന്നലത്തെ യോഗത്തെ ശ്രദ്ധേയമാക്കുന്നത്. ബിജെപി പ്രതിനിധാനം ചെയ്യുന്ന ഫാസിസ്റ്റ് ആശയങ്ങളെയും ജനദ്രോഹഭരണത്തെയും നിഷ്കാസനം ചെയ്യാൻ പ്രതിപക്ഷപാർട്ടികളുടെ ഐക്യനിര എന്ന ആശയം നരേന്ദ്രമോഡി അധികാരത്തിലേറിയതിന്റെ തൊട്ടുപിന്നാലെതന്നെ കമ്മ്യൂണിസ്റ്റ്പാർട്ടി മുന്നോട്ടുവച്ചിരുന്നു. പാർട്ടിയുടെ പുതുച്ചേരി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയപ്രമേയം ആ നിർദേശം മുന്നോട്ടുവയ്ക്കുക മാത്രമല്ല തുടർന്നുവന്ന വർഷങ്ങളിൽ അത് പാർട്ടിയുടെ മുഖ്യ പ്രചാരണ വിഷയമാക്കി ഉയർത്തിപ്പിടിക്കുകയുമുണ്ടായി. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ ഐക്യശ്രമങ്ങൾ പാർട്ടിക്ക് ഏറെ ചാരിതാർത്ഥ്യം നൽകുന്ന സംഭവവികാസമാണ്.
ബിജെപി കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും വിജയിച്ചത് അവരുടെ ജനപിന്തുണകൊണ്ടല്ല. പ്രതിപക്ഷത്തെ അനൈക്യം മുതലെടുത്തും നമ്മുടെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ അപാകതകൾ പ്രയോജനപ്പെടുത്തിയും കൈവരിച്ച വിജയമായിരുന്നു അത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേവലം 31 ശതമാനം വോട്ടുകൾ മാത്രമാണ് അവർക്ക് ലഭിച്ചത്. 2019ൽ അധികാരത്തിന്റെ സൗകര്യങ്ങൾ മുഴുവൻ ദുരുപയോഗം ചെയ്തിട്ടും 37.4ശതമാനം വോട്ടുകൾ നേടാനേ അവർക്കായുള്ളു. രണ്ട് തെരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം വോട്ടർമാരും ബിജെപിക്ക് എതിരായാണ് തങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തിയത്. അവ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഭിന്നിച്ചുപോയതാണ് ബിജെപിയെ അധികാരത്തിലേറ്റിയത്. തങ്ങൾക്കു ലഭിച്ച അ ധികാരം മതത്തിന്റെയും ഭാഷയുടെയും ജാതിയുടെയും വംശാവലിയുടെയും പേ രിൽ ജനങ്ങളെ ഭിന്നിപ്പിക്കാനും അ വർക്കിടയിൽ വിദ്വേഷത്തിന്റെ വിത്തുവിതയ്ക്കാനും അതുവഴി അധികാരത്തിന്റെമേലുള്ള തങ്ങളുടെ പിടിമുറുക്കാനുമാണ് അവർ വിനിയോഗിച്ചതു്. കോർപ്പറേറ്റ് പ്രീണനത്തിന്റെയും ചങ്ങാത്തമുതലാളിത്തത്തിന്റെയും മോഡിഭരണത്തിൽ രാജ്യത്തെ ജനങ്ങൾ അഭൂതപൂർവമായ സാമ്പത്തിക ദുരിതത്തിലേക്ക് തള്ളിവിടപ്പെട്ടു. കോർപറേറ്റുകളുടെ ആസ്തി പലമടങ്ങു് ഉയർന്നു. ജനാധിപത്യ സ്വാതന്ത്ര്യം നിഷേധിക്കുകയും പ്രതിപക്ഷപാർട്ടികൾക്കുനേരെ കേന്ദ്ര അന്വേഷണ ഏജൻസികളെ യഥേഷ്ടം കയറൂരിവിട്ട് അവരുടെ പ്രവർത്തനംതന്നെ ദുഷ്കരമാക്കി. തങ്ങൾക്ക് വിധേയരാവാത്ത മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയും മാധ്യമ പ്രവർത്തകരെ തുറുങ്കിലടച്ചും രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കി. വർഗീയവും വംശീയവുമായ കലാപങ്ങൾക്ക് ബിജെപി നേതാക്കളും മന്ത്രിമാരും നേതൃത്വം നൽകി. ആഗോളരംഗത്ത് രാജ്യത്തിന്റെ യശസിന് ഗണ്യമായ ഇടിവുതട്ടി. ഈ പശ്ചാത്തലത്തിൽ ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കാതെ ജനാധിപത്യ ഇന്ത്യക്ക് നിലനില്പ് ഇല്ലെന്നുവന്നിരിക്കുന്നു.
പട്നയിൽ ഇന്നലെ നടന്നത് പ്രതിപക്ഷപാർട്ടികളുടെ ഐക്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പ് മാത്രമാണ്. അതിന്റെ തുടർച്ചയായി ഹിമാചൽപ്രദേശിലെ ഷിംലയിൽ അടുത്തമാസം ആദ്യപകുതിയിൽ നേതാക്കൾ സമ്മേളിക്കുമെന്ന് തീരുമാനിച്ചിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ ഐക്യശ്രമങ്ങൾ അത്ര സുഗമമായിരിക്കുമെന്ന് ആരും കരുതുന്നില്ല.
സീറ്റുവിഭജനം മുതൽ പ്രതിപക്ഷ സഖ്യത്തിന് മുഴുവൻ അംഗീകരിക്കാൻ കഴിയുന്ന പൊതുപരിപാടിയടക്കം നിരവധി കടമ്പകൾ മറികടക്കേണ്ടതുണ്ട്. തെലങ്കാന, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങി ഇക്കൊല്ലം നടക്കാൻപോകുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും കർണാടകയ്ക്ക് സമാനമായ രീതിയിൽ വിജയിക്കുമെന്നും കോൺഗ്രസ് പ്രവർത്തകരോട് രാഹുൽഗാന്ധി നടത്തിയ പ്രഖ്യാപനം, ഡൽഹിയിലെ സിവിൽ സർവീസ്, പൊലീസ് ഉദ്യോഗസ്ഥരുടെ സമ്പൂർണ നിയന്ത്രണം കയ്യടക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഓർഡിനൻസിന്റെ വിഷയത്തിൽ കോൺഗ്രസിന്റെയും ആം ആദ്മി പാർട്ടിയുടെയും നിലപാടിലുള്ള വൈരുധ്യം, ലോക്‌സഭയിലേക്ക് ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിലെ സീറ്റുകൾ സംബന്ധിച്ച അവകാശവാദങ്ങൾ തുടങ്ങിയവയിൽ പൊതുധാരണ ഉരുത്തിരിയേണ്ടതായിട്ടുണ്ട്. വ്യത്യസ്ത ആശയ നിലപാടുകളും രാഷ്ട്രീയ പ്രവർത്തന ശൈലിയുമുള്ള പാർട്ടികൾക്ക് പൊതുവിൽ സ്വീകാര്യമായ ഒരു പ്രവർത്തന പരിപാടിയിൽ എത്തിച്ചേരുക എന്നതും ശ്രമകരമായ ദൗത്യമാണെന്ന കാര്യവും വിസ്മരിക്കുന്നില്ല. എന്നാൽ ഭിന്നിച്ചുനിൽക്കുന്നത് ആർക്കും പ്രയോജനം ചെയ്യില്ലെന്നതും അങ്ങനെ നിന്നാൽ ബിജെപിക്ക് വീണ്ടും അവസരം നൽകുന്നതിന് അതുവഴി മതേതര ജനാധിപത്യ ഇന്ത്യയുടെ ശിഥിലീകരണത്തിനും കാരണമാകുമെന്ന് ഭയക്കേണ്ടിയിരിക്കുന്നു. മോഡിയുടെ യുഎസ് സന്ദർശനവേളയിൽ അദ്ദേഹത്തിന്റെ നയങ്ങൾ ഇതുപോലെ തുടർന്നാൽ അത് ഇന്ത്യയെ ശൈഥില്യത്തിലേക്ക് നയിക്കുമെന്ന മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ മുന്നറിയിപ്പും അവഗണിക്കാവുന്നതല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.