30 December 2025, Tuesday

സിഎസ് സുബ്രഹ്മണ്യന്‍ പോറ്റി കെടാത്ത വെളിച്ചം

ഇന്ന് സി എസ് സുബ്രഹ്മണ്യൻ പോറ്റിയുടെ നൂറ്റിയമ്പതാം ജന്മവാർഷികം
വി എം രാജമോഹൻ
November 30, 2025 9:36 am

ർഷം 1898. കരുനാഗപ്പള്ളിയിലെ സർക്കാർ പ്രാഥമിക വിദ്യാലയത്തിലേക്ക് പരിശോധനയ്ക്കായി സ്കൂൾ ഇൻസ്പെക്ടർ രാവിലെ തന്നെ എത്തുന്നു. അക്കാലത്തെ ഒരു സ്കൂൾ ഇൻസ്പെക്ടർ വരുന്നു എന്ന് കേട്ടാൽ ഹെഡ്മാസ്റ്ററും അധ്യാപകരും കിടുകിടാ വിറയ്ക്കും. രേഖകൾ എല്ലാം കൃത്യമായിരിക്കണം. സ്കൂൾ പരിസരം വൃത്തിയായിരിക്കണം. അധ്യാപകരും വിദ്യാർത്ഥികളും കൃത്യസമയത്ത് സ്കൂളിൽ എത്തണം. അധ്യാപകരുടെ കയ്യിൽ ടീച്ചിങ് നോട്ട് നിർബന്ധമായും ഉണ്ടായിരിക്കണം. അധ്യാപകരെ പിരിച്ചുവിടാൻ ശിപാർശ ചെയ്യാൻ അധികാരമുള്ളയാളാണ് ഇൻസ്പെക്ടർ. 

യുവാവായ ഒരു അധ്യാപകൻ ശരിക്കുണങ്ങിയിട്ടില്ലാത്ത ഒരു തോർത്തും പുതച്ചുകൊണ്ട് സ്കൂളിലേക്ക് പ്രവേശിക്കുന്നു. ഹെഡ്മാസ്റ്റർ അധ്യാപകനെ പരിചയപ്പെടുത്തുന്നു. താമസിച്ചതിന്റെ കാരണം ദേഷ്യത്തോടെ ഇൻസ്പെക്ടർ ചോദിക്കുന്നു. അമ്പലത്തിലെ പൂജ നടത്താൻ തനിക്ക് ചുമതല ഉണ്ടെന്നും അതാണ് വൈകിയതെന്നും അധ്യാപകൻ അറിയിക്കുന്നു. സമയം കിട്ടുമ്പോൾ സ്കൂളിൽ വന്ന് ഹാജർ വച്ചിട്ട് ഏതെങ്കിലും ഊട്ടുപുരയിൽ പോയി സദ്യ ഉണ്ണാമല്ലോ എന്ന് ഇൻസ്പെക്ടർ പരിഹസിക്കുന്നു. താൻ സ്കൂളിലെ ജോലിക്ക് ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും അമ്പലത്തിൽ കുടുംബപരമായി കിട്ടിയ ശാന്തിപ്പണിയിലും വീഴ്ച വരുത്താൻ പാടില്ലെന്നും അധ്യാപകൻ മാന്യമായി പ്രതികരിക്കുന്നു. ഇൻസ്പെക്ടർ വിടാൻ ഭാവമില്ലായിരുന്നു. അദ്ദേഹം ആക്ഷേപം തുടർന്നു. ആ അധ്യാപകൻ ഒന്നും മിണ്ടാതെ ഒരു കടലാസിൽ രണ്ടോ മൂന്നോ വരി എഴുതി കൊടുക്കുന്നു. അത് അയാളുടെ രാജിക്കത്തായിരുന്നു. ഇതറിഞ്ഞെത്തിയ നാട്ടുകാരോട് ആ ആ ചെറുപ്പക്കാരനായ അധ്യാപകൻ പറഞ്ഞു, “ഞാൻ വെറും നാലാം ക്ലാസുകാരൻ. അയാൾ പാസായ ഇൻസ്പെക്ടർ. ഞാൻ വിചാരിച്ചാൽ ഈ ബിഎ പാസാകാമോ എന്ന് നോക്കട്ടെ, പിന്നെ മതി ഉദ്യോഗം.” സി എസ് സുബ്രഹ്മണ്യൻ പോറ്റി എന്നായിരുന്നു അധ്യാപകന്റെ പേര്. കരുനാഗപ്പള്ളി ചെമ്പക പള്ളി വെള്ളിമന മഠത്തിലെ അംഗമായിരുന്നു. 1875 നവംബർ 30 ആയിരുന്നു ജനനം. ഇന്നേക്ക് കൃത്യം 150 വർഷം മുമ്പ്. 

സ്കൂളിൽ നിന്നിറങ്ങിയ സുബ്രഹ്മണ്യൻ പോറ്റി കായംകുളത്ത് ചെന്ന് അവിടെ സബ് രജിസ്ട്രാർ ആയി ജോലി ചെയ്യുന്ന അച്ഛനെ കണ്ട് അനുവാദം വാങ്ങി കായംകുളം ഇംഗ്ലീഷ് സ്കൂളിൽ ചേർന്നു. തുടർന്ന് സിഎംഎസ് കോളജിൽ നിന്ന് ഇന്റർമിഡിയറ്റ് പരീക്ഷ പാസായി. പിന്നീട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഡിഗ്രി പാസായി. ആദ്യം വഞ്ചിയൂർ ഹൈസ്കൂളിലും പിന്നീട് യൂണിവേഴ്സിറ്റി കോളജിലും അധ്യാപകനായി. ചിത്തിര തിരുനാൾ മഹാരാജാവിന്റെ അധ്യാപകനായും സേവനമനുഷ്ഠിച്ചു. പിന്നീട് എംഎ പരീക്ഷയും പാസായി. തിരുവിതാംകൂർ ദിവാൻ സി രാജഗോപാലാചാരിയുടെ പ്രൈവറ്റ് സെക്രട്ടറിയായി. ജ്യേഷ്ഠന്റെ മരണത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങേണ്ടി വന്ന അദ്ദേഹം ചവറയിലും കരുനാഗപ്പള്ളിയിലും സബ് രജിസ്ട്രാറായി പ്രവർത്തിച്ചു. 1915 ൽ കരുനാഗപ്പള്ളി കുന്നത്തൂർ മാവേലിക്കര പ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വിദ്യാഭ്യാസ ജില്ലയിലെ ഡിവിഷണൽ ഇൻസ്പെക്ടറായി. ഈ പ്രദേശങ്ങളിൽ നാൽപ്പതിലധികം സ്കൂളുകൾ സ്ഥാപിച്ചു. അധ്യാപകര വിറപ്പിക്കുന്ന ഒരു ഇൻസ്പെക്ടർ ആയിരുന്നില്ല; അദ്ദേഹം. മറിച്ച് അവർക്ക് പിന്തുണ നൽകുന്ന ആളായിരുന്നു.

ബ്രാഹ്മണർക്കായുള്ള കുളക്കടയിലെ സ്പെഷ്യൽ സ്കൂളില്‍ ആധുനികവത്ക്കരണത്തിന് നിയമതനായ അദ്ദേഹം 1935 വരെ അവിടെ ജോലി ചെയ്തു. ഒരു വർഷം മലയാള രാജ്യത്തിന്റെ പത്രാധിപരായി. മുഖപ്രസംഗങ്ങളിൽ രാജാവിനും സർക്കാരിനും എതിരെ ഒന്നും എഴുതരുത്; പകരം വാഴ്ത്തണം എന്ന മാനേജ്മെന്റിന്റെ ഇംഗിത കഴിയാതിരുന്നതിനാൽ ആ ജോലി ഉപേക്ഷിച്ചു. സ്വന്തം സ്ഥലത്ത് താൻ ആരംഭിച്ച കരുനാഗപ്പള്ളിയിലെ വിദ്യാലയം ഹൈസ്കൂൾ ആക്കി ഉയർത്താൻ മുൻകൈയെടുത്ത് അവിടെ ഹെഡ്മാസ്റ്ററായി രണ്ടു വർഷത്തോളം സേവനം അനുഷ്ഠിച്ചു. തുടർന്ന് നാടിന്റെ വികസനത്തിനു വേണ്ടി പ്രവർത്തിച്ചു. ഒപ്പം സാഹിത്യപ്രവർത്തനങ്ങളിലും. അധമ ജാതിചിന്ത അദ്ദേഹത്തിന് ഇല്ലായിരുന്നു. എല്ലാ മനുഷ്യനും വിദ്യാഭ്യാസത്തിന് ഒരുപോലെ അർഹരാണ്. സ്വാതന്ത്ര്യം എല്ലാവരും ഒരുപോലെ ആസ്വദിക്കേണ്ടതാണ് ഇതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. 1921 ൽ ചെറിയഴീക്കലിൽ കൂടിയ അരയവംശപരിപാലന യോഗത്തിന്റെ അധ്യക്ഷൻ അദ്ദേഹമായിരുന്നു. വി വി വേലുക്കുട്ടി അരയനുമായി അടുത്ത സുഹൃദ്ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. മത്സ്യത്തൊഴിലാളികൾക്കായി ഒരു നിശാപാഠശാല ആരംഭിച്ചതും അദ്ദേഹത്തിന്റെ ശ്രമഫലമായാണ്. കരുനാഗപ്പള്ളിയിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ചതും സഹകരണ സംഘം സ്ഥാപിച്ചതും കേര കർഷകസംഘം സ്ഥാപിച്ചതും കരുനാഗപ്പള്ളി ടൗൺ ക്ലബ്ബ് തുടങ്ങിയതും സുബ്രഹ്മണ്യൻ പോറ്റിയുടെ നേതൃത്വത്തിലാണ്. ഇന്നും തലയുയർത്തി നിൽക്കുന്ന കരുനാഗപ്പള്ളിയിലെ ലാലാജി സ്മാരക ഗ്രന്ഥശാലയുടെ തുടക്കക്കാരിൽ പ്രമുഖനും സുബ്രഹ്മണ്യൻ പോറ്റിയാണ്. 

തിരുവിതാംകൂറിൽ ആദ്യമായി എല്ലാ ജാതിയിൽപ്പെട്ടവരെയും ഒരുമിച്ചിരുത്തി സദ്യ നടത്തിയത് കരുനാഗപ്പള്ളിയിലാണ്; സ്കൂൾ വാർഷികത്തിന്. സവർണ മേധാവികളുടെ എതിർപ്പിനെ തൃണവത്ഗണിച്ചുകൊണ്ടാണ് സി എസ് പന്തിഭോജനം നടത്തിയത്. വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി വഴി കടന്നു പോയ സവർണ ജാഥയ്ക്ക് സ്വീകരണം നൽകുകയും ഇല്ലത്തു കൊണ്ടുപോയി അവർക്കെല്ലാം ഭക്ഷണം നൽകുകയും ചെയ്തു. ക്ഷേത്രപ്രവേശന വിളംബരത്തിന് മുന്നോടിയായി രൂപീകരിച്ച കമ്മിഷൻ കരുനാഗപ്പള്ളി സന്ദർശിച്ചപ്പോൾ ഹാജരായി എല്ലാ ഹിന്ദുക്കൾക്കും എല്ലാ ക്ഷേത്രങ്ങളും നിരുപാധികമായി തുറന്നുകൊടുക്കണമെന്ന് പോറ്റി വാദിച്ചു. ശ്രീനാരായണഗുരു അടക്കമുള്ള നവോത്ഥാന നായകന്മാരും സ്വാതന്ത്ര്യസമരസേനാനികളുമായുള്ള സമ്പർക്കമാണ് തന്റെ നിലപാടുകൾക്ക് അടിത്തറ പാകിയതെന്ന് പോറ്റി അനുസ്മരിച്ചിട്ടുണ്ട്. 

നമ്പൂതിരി സമുദായത്തിലെ പഴകിനാറിയ ആചാരങ്ങൾ തൂത്തെറിയാനും അവരെ പുരോഗമന പാതയിലേക്ക് കൊണ്ടുവരാനും അദ്ദേഹം ശ്രമിച്ചു. യോഗക്ഷേമ സഭയുടെ അധ്യക്ഷസ്ഥാനത്തും ഇരുന്നു. മതത്തെ മതാന്ധതയാക്കുന്ന പൗരോഹിത്യ വർഗത്തെ നിശിതമായി വിമർശിച്ചു. “മതമല്ലമതഭ്രാന്താണ് മനുഷ്യന് ആപത്ത് ഉണ്ടാക്കുന്നത് ” എന്ന് അദ്ദേഹം യോഗക്ഷേമസഭ വാർഷിക സമ്മേളനത്തിൽ തൊണ്ണൂറ്റിയഞ്ചു വർഷങ്ങൾക്ക് മുമ്പ് പ്രസ്താവിച്ചു.

മലയാളഭാഷയിൽ വിലാപകാവ്യ പ്രസ്ഥാനത്തിന്റെ തുടക്കം കുറിച്ചത് സുബ്രഹ്മണ്യൻ പോറ്റിയാണ്. 1902 ൽ പുറത്തുവന്ന ‘ഒരുവിലാപം’ എന്ന കൃതിയുടെ രചനയ്ക്ക് കാരണം തന്റെ ആദ്യ മകളുടെ അകാല വിയോഗമാണ്. പ്രിയ മകളുടെ വിയോഗത്തിൽ ഹൃദയം തുറന്നു വിലപിച്ചശേഷം സ്വയം സാന്ത്വനപ്പെടുത്തുന്ന ഒരു പിതാവിനെ കൃതിയിൽ കാണാം. കുമാരനാശാനുമായി വളരെ അടുപ്പം പുലർത്തിയിരുന്നയാളാണ് സിഎസ്. മൂർക്കോത്ത് കുമാരന്റെ മിതവാദി മാസികയിലാണ് വീണപൂവ് ആദ്യം പ്രസിദ്ധീകരിച്ചത്. കുമാരനാശാന്റെ അനുവാദത്തോടെ അത് തിരുവിതാംകൂറിലെ ഏറെ പ്രസിദ്ധമായ ഭാഷാപോഷിണി സാഹിത്യ ത്രൈമാസികയിൽ പോറ്റി ഒരു കുറിപ്പ് സഹിതം പ്രസിദ്ധീകരിച്ചതോടെയാണ് ആശാനിലെ കവിയെ സഹൃദയ ലോകം കൂടുതലായി അറിഞ്ഞത്. മലയാള കവിതയിലെ ഒരു പൊതു യുഗപ്പിറവിക്ക് വെളിച്ചം കാട്ടിക്കൊടുത്തതിന്റെ ബഹുമതി സിഎസ്സിനുണ്ട്. 

നല്ലൊരു വിവർത്തകൻ കൂടിയായിരുന്നു സിഎസ് സുബ്രഹ്മണ്യൻ പോറ്റി. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ദുർഗേശനന്ദിനി നോവൽ പരിഭാഷപ്പെടുത്തിയത് അദ്ദേഹമാണ്. ആൽഫ്രഡ് ടെന്നിസണിന്റെ രണ്ടു ലഘുകാവ്യങ്ങൾ ഉൾപ്പെടെ നിരവധി പരിഭാഷകൾ അദ്ദേഹത്തിന്റെ സംഭാവനകളിൽപ്പെടുന്നു. 

കഥ കവിത നോവൽ ചെറുകഥ നിരൂപണം ബാലസാഹിത്യം തുടങ്ങിയ വിവിധ മേഖലകളിലായി പരന്നു കിടക്കുന്നു; അദ്ദേഹത്തിന്റെ രചനകൾ. മരണനിമിഷം വരെ കർമ്മനിരതനായിരുന്നു അദ്ദേഹം. ഒരു കൃതി വിവർത്തനം ചെയ്തു കൊണ്ടിരിക്കെയാണ് പെട്ടെന്ന് അദ്ദേഹം കുഴഞ്ഞുവീണ് അന്തരിക്കുന്നത്. അവസാനമെഴുതിയ വരികൾ ഇങ്ങനെയായിരുന്നു, “സംസാരസാഗരം നീന്തിക്കഴിഞ്ഞു. ഇനി വേഗമാകട്ടെ പുറപ്പെടാം…” 1954 നവംബര്‍ 24 നായിരുന്നു ആ വിടവാങ്ങൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.