22 December 2024, Sunday
KSFE Galaxy Chits Banner 2

സിഎസ്ബി ബാങ്കിലെ നവലിബറൽ പരീക്ഷണങ്ങളെ ചെറുക്കുക!

എസ് രാമകൃഷ്‍ണന്‍
എഐബിഇഎ ദേശീയ ജനറൽ കൗൺസിൽ അംഗം
October 22, 2021 7:11 am

ന്ന്, ഒക്ടോബർ 22ന് കേരളത്തിലെ ബാങ്ക് ജീവനക്കാരൊന്നാകെ പണിമുടക്കുകയാണ്. സംസ്ഥാനത്തെ ഏറ്റവും പഴയ സ്വകാര്യ ബാങ്കായ കാത്തലിക് സിറിയൻ ബാങ്കിലെ നീറിപ്പുകയുന്ന പ്രശ്നങ്ങൾക്ക് പരിഹാരം തേടിക്കൊണ്ടാണ് ഈ പണിമുടക്കം. 1920 ൽ സ്ഥാപിതമായ കാത്തലിക് സിറിയൻ ബാങ്ക് അടുത്തകാലം വരെ വളരെ സ്ഥിരതയോടെ സാധാരണക്കാർക്ക് സേവനം നൽകിക്കൊണ്ട് ലാഭകരമായി പ്രവർത്തിച്ചുവന്ന ബാങ്കാണ്. നവലിബറൽ നയങ്ങളുടെ വരവോടെ വിദേശ ഗ്രൂപ്പുകൾ ഈ ബാങ്കിനെ ലാക്കാക്കി വട്ടമിട്ട് പറന്നു തുടങ്ങി. 1990 കളിൽ ബാങ്കിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ തായ്‌ലന്റ് ആസ്ഥാനമായ ചാവ്‌ല ഗ്രൂപ്പ് ശ്രമം നടത്തി. 36 ശതമാനത്തോളം ഷെയർ കരസ്ഥമാക്കാൻ അവർക്ക് കഴിഞ്ഞു. എന്നാൽ ആ ഘട്ടത്തിൽ റിസർവ് ബാങ്ക് ശക്തമായി ഇടപെടുകയും വിദേശ ഓഹരി കുറയ്ക്കണമെന്ന് നിർദ്ദേശം നൽകുകയും ചെയ്തു. ഓഹരി വിഹിതം വെട്ടിക്കുറച്ചെങ്കിലും മാനേജ്മെന്റിൽ ചാവ്‌ല ഗ്രൂപ്പിന്റെ നിയന്ത്രണം ഒന്നര പതിറ്റാണ്ടിലേറെ തുടർന്നു. ബാങ്കിന്റെ സുസ്ഥിരമായ പ്രവർത്തനശൈലി അട്ടിമറിച്ചതിലും കുറുക്കുവഴിയിലൂടെ നിരവധി ഉന്നതരെ വൻശമ്പളത്തിൽ പ്രതിഷ്ഠിച്ചതിലും ചാവ്ല ഗ്രൂപ്പിന് പങ്കുണ്ട്. അവർ കളമൊഴിഞ്ഞശേഷം ബാങ്കിന്റെ പ്രവർത്തനം മാന്ദ്യത്തിന്റെ ഒരു ഘട്ടത്തിലൂടെ കടന്നുപോയി.

 


ഇതുകൂടി വായിക്കൂ: സി എസ് ബി ബാങ്ക് പണിമുടക്കം : രണ്ടാം ദിനവും എറണാകുളത്ത് ശാഖകൾ പൂർണ്ണമായും അടഞ്ഞുകിടന്നു


 

ആന്ധ്ര ബാങ്ക് ചെയർമാനായിരുന്ന സി വി ആർ രാജേന്ദ്രൻ ചെയർമാൻ സ്ഥാനമേറ്റെടുക്കുന്നത് ഈ ഘട്ടത്തിലാണ്. ബാങ്കിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുമെന്നും മൂല്ധന പര്യാപ്തത ഉറപ്പുവരുത്താൻ വഴികൾ കണ്ടെത്തുമെന്നും ഉള്ള വാഗ്ദാനങ്ങളോടെ പ്രവർത്തനം തുടങ്ങിയ അദ്ദേഹം പെട്ടെന്നുതന്നെ ജീവനക്കാർക്കെതിരെ തിരിയാൻ തുടങ്ങി. ഓഫീസർമാരുടെ വിരമിക്കൽ പ്രായം 60ൽ നിന്ന് 58 ആക്കി ചുരുക്കിയും പെർഫോർമെൻസ് പോര എന്ന പേരിൽ ഷോകോസ് നോട്ടീസുകൾ നൽകിയും ജീവനക്കാരെ ഭീതിയുടെ നിഴലിലാക്കാനാണ് അദ്ദേഹം തുനിഞ്ഞത്. സ്ഥിരം തസ്തികയിൽ ജോലി ചെയ്യുന്നവരെക്കാൾ കൂടുതൽ കരാർ ജീവനക്കാരെ നിയമിച്ചുകൊണ്ട് ന്യൂജെൻ മാതൃകയിലുള്ള തൊഴിൽ രീതികൾ അദ്ദേഹം നടപ്പാക്കാൻ തുടങ്ങി. ആ ഘട്ടം മുതൽ ബാങ്കിലെ വ്യവസായ ബന്ധങ്ങൾ താറുമാറാകാനും തുടങ്ങി.
സിഎസ്ബി ബാങ്കിലെ ജീവനക്കാരുടെയും ഓഫീസർമാരുടെയും ശമ്പളഘടനയും സേവന വ്യവസ്ഥകളും വ്യവസായതല ഉഭയകക്ഷിക്കരാറുകളുടെ അടിസ്ഥാനത്തിലാണ് നടപ്പാക്കിവരുന്നത്. ഇതുവരെയുള്ള പത്ത് ഉഭയകക്ഷിക്കരാറുകളും ബാങ്കിൽ നടപ്പാക്കിയിട്ടുണ്ട്. എന്നാൽ 1-11-2017 മുതൽ നടപ്പാക്കേണ്ട പതിനൊന്നാം കരാർ നടപ്പാക്കാൻ മാനേജ്മെന്റ് കൂട്ടാക്കിയില്ല. ശമ്പളപരിഷ്കരണ ചർച്ചകളുടെ ഭാഗമായി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന് നൽകേണ്ട മാൻഡേറ്റ് കാത്തലിക് സിറിയൻ ബാങ്ക് മാനേജ്മെന്റ് നൽകിയിരുന്നില്ല. അതേസമയം കരാർ ഒപ്പിട്ടുകഴിഞ്ഞാലുടൻ അതു നടപ്പിലാക്കുമെന്ന് ശ്രീ രാജേന്ദ്രൻ തൊഴിലാളി സംഘടനകൾക്ക് ഉറപ്പു നൽകിയിരുന്നു. ഈ ഉറപ്പ് പാലിക്കുന്നതിൽ നിന്ന് അദ്ദേഹം പിന്നീട് പുറകോട്ട് പോയിരിക്കുകയാണ്.

ഇതിനിടെയാണ് മൂലധന പ്രതിസന്ധി തരണം ചെയ്യാൻ വേണ്ടി കാനഡ ആസ്ഥാനമായ ഫെയർ ഫാക്സ് ഗ്രൂപ്പിന്റെ മൊറീഷ്യസിലെ ഹോൾഡിങ് കമ്പനി വഴി ധനസമാഹരണം നടത്താനുള്ള പദ്ധതി മുന്നോട്ടുപോയത്. ഇതുപ്രകാരം ഫെയർ ഫാക്സ് ഗ്രൂപ്പ് 1200 കോടി രൂപ മൂലധന നിക്ഷേപം നടത്തി. അതിനുശേഷം കണ്ടത് ബാങ്ക് അതിവേഗം നവലിബറൽ മാനേജ്മെന്റ് മാതൃകയുടെ പരീക്ഷണശാലയായി മാറുന്നതാണ്. ബാങ്കിന്റെ പേരിന് വിഭാഗീയച്ചുവ ഉണ്ടെന്ന് പറഞ്ഞ് സിഎസ്ബി ബാങ്ക് എന്ന് പുനർനാമകരണം വരെ നടത്തി. മുംബൈയിൽ ഒരു കോർപറേറ്റ് ഓഫീസ് പ്രവർത്തനം ആരംഭിച്ചു. തൃശൂരിൽനിന്ന് ആസ്ഥാനം മുംബൈയിലേക്ക് മാറ്റാനുള്ള തുടക്കമായിട്ടാണ് ഇതു കരുതപ്പെടുന്നത്. ബാങ്കിന്റെ ചെറുകിട വായ്പാ വിതരണം വെട്ടിക്കുറയ്ക്കുന്നു. ഗോൾഡ് ലോണിൽ മാത്രമാണ് ബാങ്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. കേരളത്തിലെ വായ്പാനിക്ഷേപ അനുപാതം വെറും 34 ശതമാനമായി കൂപ്പുകുത്തി. ഭവന വായ്പകൾ പോലും ബാങ്ക് സ്വന്തമായി നൽകുന്നില്ല. പകരം മറ്റ് ഭവനവായ്പാ കമ്പനികളുമായി ധാരണയുണ്ടാക്കുകയും വായ്പാ അപേക്ഷകളെ അവയിലേക്ക് വഴിതിരിച്ചുവിട്ട് കമ്മീഷൻ കൈപ്പറ്റുകയും ചെയ്യുന്ന രീതിയാണ് ഇപ്പോഴുള്ളത്.
വ്യവസായതലത്തിൽ ഒപ്പിടുന്ന ഉഭയകക്ഷിക്കരാറുകളുടെ അടിസ്ഥാനത്തിലാണ് ജീവനക്കാരുടെയും ഓഫീസർമാരുടെയും വേതന ഘടനയും സേവന വ്യവസ്ഥകളും ഇതുവരെ നടപ്പാക്കിയിരുന്നത്. ഇപ്പോൾ മാനേജ്മെന്റ് എടുത്തിരിക്കുന്ന നിലപാട് ഈ മാതൃക തുടരാനാവില്ല എന്നാണ്. അതായത് ഉല്പാദന ക്ഷമതയുമായി ബന്ധപ്പെടുത്തിയുള്ള പുതിയ വേതന ഘടനയിലേക്ക് ജീവനക്കാർ മാറണമെന്നാണ് മാനേജ്മെന്റ് നിർബന്ധിക്കുന്നത്. ചുരുക്കത്തിൽ ഓരോരുത്തർക്കും ഓരോ തരം ശമ്പളം, അതു മാനേജ്മെന്റ് തീരുമാനിക്കുന്ന പ്രകാരം എന്ന രീതിയാണ് മാനേജ്മെന്റ് ആഗ്രഹിക്കുന്നത്.
ഓഫീസർമാരുൾപ്പെടെയുള്ള സ്ഥിരം ജീവനക്കാരെയും താൽക്കാലിക ജീവനക്കാരെയും ഒരുപോലെ ഷോകോസുകൾ നൽകിയും ശിക്ഷാനടപടികൾ സ്വീകരിച്ചും ഭീതിവിതയ്ക്കാനുള്ള നടപടികളും മാനേജ്മെന്റ് നിഷ്കരുണം തുടർന്നു വരുന്നു.


ഇതുകൂടി വായിക്കൂ: കാത്തലിക് സിറിയന്‍ ബാങ്ക് സമരം ചര്‍ച്ചകളിലൂടെ പരിഹരിക്കുക: കാനം


തീർത്തും വിരോധാഭാസമെന്ന് ചൂണ്ടിക്കാട്ടാവുന്ന രണ്ടു കാര്യങ്ങൾ കൂടി ഇവിടെ സൂചിപ്പിക്കാം. ബാങ്കിന്റെ പെർഫോർമെൻസിന്റെ മികവിനുള്ള അംഗീകാരമായി ചെയർമാൻ ശ്രീ രാജേന്ദ്രന് ആറ് കോടി രൂപയുടെ പാരിതോഷികം ബാങ്ക് പ്രഖ്യാപിച്ചു. ഇത് പറയുന്ന മാനേജ്മെന്റ് തന്നെയാണ് അതേ ശ്വാസത്തിൽ ബാങ്കിന്റെ പ്രവർത്തനം തൃപ്തികരമല്ല എന്നും അതിനാൽ ജീവനക്കാർക്ക് ശമ്പളവർധന നൽകാനാവില്ല എന്നും വാദമുയർത്തുന്നത്. അതുപോലെ, വ്യവസായതല കരാറിനെ മാനിക്കില്ല എന്ന് വാശിപിടിക്കുമ്പോഴും മാനേജ്മെന്റ് തുടരെത്തുടരെ ശിക്ഷാനടപടികളെടുക്കുന്നത് അതേ വ്യവസായതല കരാറിലെ വകുപ്പുകൾ എടുത്തുകാട്ടിയാണ്. തത്വദീക്ഷ വേണ്ടെന്നുവെച്ചാൽ പിന്നെ എന്തു നീതി? എന്തു ന്യായം?
ഇത്തരം സാഹചര്യങ്ങളിൽ പൊറുതിമുട്ടിയാണ് പ്രക്ഷോഭത്തിന്റെ പാതയിലേക്ക് നീങ്ങാൻ ജീവനക്കാർ നിർബന്ധിതരായത്. മാർച്ച് മാസത്തിൽ ഒരു ദിവസത്തെ പണിമുടക്ക് നടത്തി. വീണ്ടും സെപ്തംബർ 29, 30, ഒക്ടോബർ ഒന്ന് തീയതികളിൽ അവർ പണിമുടക്കി. എന്നിട്ടും പ്രശ്നം തീരാതെ വന്നപ്പോഴാണ് ഒക്ടോബർ 20 മുതൽ 22 വരെ വീണ്ടും ത്രിദിന പണിമുടക്ക് ആരംഭിച്ചത്. പ്രശ്നങ്ങളുടെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് ബാങ്കിങ് രംഗത്തെ വ്യവസായതല യൂണിയനുകളായ ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ, ആൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ, ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ, ഇന്ത്യൻ നാഷണൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ എന്നീ സംഘടനകൾ ഇന്നേ ദിവസം ഒരു ഐക്യദാർഢ്യ പണിമുടക്ക് നടത്തുകയാണ്.

ബാങ്കിങ് വ്യവസായത്തിലെ എല്ലാ സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തെ സംബന്ധിച്ച് തൊഴിലാളിവർഗത്തിന്റെ മാതൃകാപരമായ ഒരു ഐക്യനിര കെട്ടിപ്പടുക്കാൻ ഈ പണിമുടക്ക് നിദാനമായിത്തീർന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്. എഐടിയുസി, സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് തുടങ്ങി കേരളത്തിലെ എല്ലാ യൂണിയനുകളും കക്ഷി രാഷ്ട്രീയവും മറ്റു ഭിന്നതകളും മാറ്റിവെച്ച് ഈ പണിമുടക്കിന് പിന്തുണ നൽകുന്നുവെന്നത് ഏറെ ആവശേകരമാണ്. കെ പി രാജേന്ദ്രൻ അധ്യക്ഷനും കെ ചന്ദ്രൻ പിള്ള ജനറൽ കൺവീനറുമായ സമരസഹായ സമിതി സംസ്ഥാനത്തുടനീളം പണിമുടക്ക് വിജയകരമാക്കാൻ കർമ്മരംഗത്തുണ്ട്. സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രശ്നത്തിൽ ഇടപെടുകയും ചർച്ചയിലൂടെ പരിഹാരം കണ്ടെത്തണമെന്ന് മാനേജ്മെന്റിനോട് നിർദ്ദേശിക്കുകയും ചെയ്തു. കേരള നിയമസഭയിൽ വിഷയത്തിന്മേൽ സബ്മിഷൻ ഉന്നയിക്കപ്പെട്ടു.
മാനേജ്മെന്റ് വഴങ്ങിയിട്ടില്ല. അതിനാൽ തൊഴിലാളിക്ക് സമരമല്ലാതെ മറ്റൊരുമാർഗവുമില്ല. കൂടുതൽ ശക്തമായ സമരപരിപാടികൾ തന്നെയാണ് സമരസമിതിക്കു മുമ്പാകെയുള്ള മാർഗം. ഈ ധർമ്മ സമരം വിജയം കാണുംവരെ എല്ലാ വിഭാഗം ജനങ്ങളുടെയും ജനനേതാക്കളുടെയും പിന്തുണ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.