22 December 2024, Sunday
KSFE Galaxy Chits Banner 2

ചെറുസിനിമകളിലെ സാംസ്കാരിക ദൗത്യം

അനിൽമാരാത്ത്
September 22, 2024 3:55 am

സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയങ്ങൾ പ്രമേയമാക്കി നിർമ്മിക്കുന്ന ഹ്രസ്വചിത്രങ്ങളിലൂടെ സാധാരണ മനുഷ്യരുമായി സംവദിക്കുകയാണ് കഥാകൃത്തും നവഗാത സംവിധായകനുമായ നിധിൻദാസ്. ഇതിനകം പുറത്തിറങ്ങിയ മൂന്ന് ഹ്രസ്വ ചിത്രങ്ങളൾക്ക് നിരൂപക ശ്രദ്ധയും ജനങ്ങളുടെ സ്വീകാര്യതയും ലഭിച്ചത്തോടെ ഈ കാലകാരനെ ദേശീയ പുരസ്കാരവും അംഗീകാരങ്ങളും തേടിയെത്തി. തിരക്കുപിടിച്ച ഇന്നത്തെ ജീവിത സാഹചര്യങ്ങളിൽ ചുരുങ്ങിയ സമയം കൊണ്ട് വലിയ കാര്യങ്ങളിലൂടെ പ്രേക്ഷകമനസിനെ തൊട്ടുണർത്തി, ചിന്തിപ്പിക്കുകയെന്ന വർത്തമാനകാല സാംസ്കാരിക ദൗത്യമാണ് നിധിൻദാസ് നിർവഹിക്കുന്നത്. നിധിന്‍ദാസിന്റെ ജീവിതത്തിലൂടെ…

സിനിമ‑നാടകമോഹം
**********************

ഓർമ്മവച്ചതുമുതലുള്ളതാണ് സിനിമാ-നാടകമോഹം. പഠന കാലത്ത് കവിതാ പാരായണവും കഥയെഴുത്തും അഭിനയവുമായി കഴിഞ്ഞുകൂടി. പിന്നീട് നാട്ടിൻപുറത്തെ തിയേറ്ററുകളിലെ പതിവ് സന്ദർശകനായി. വിനോദം എന്നതിലുപരി അഭിനയവും സംവിധാനവും തലക്ക് പിടിച്ചതോടെ ഒരു സിനിമ രണ്ടും മൂന്നും തവണ കാണും. ഉത്സവപ്പറമ്പുകളിലും ക്ലബ്ബ് വാർഷികങ്ങളിലും അവതരിപ്പിക്കുന്ന അമച്വർ‑പ്രൊഫഷണൽ നാടകങ്ങളുടെ സ്ഥിരം കാഴ്ചക്കാരനായി. അങ്ങനെയാണ് സംവിധായകനാവണമെന്ന് ആഗ്രഹം മനസിൽ ഉറപ്പിച്ചത്. സംവിധാന സഹായിയാകാനുള്ള മോഹവുമായി സിനിമാ രംഗത്തെ പലരെയും സമീപിച്ചു. മുൻ പരിചയമില്ലെന്നായിരുന്നു മറുപടി. ആ അനുഭവത്തിൽ നിന്നാണ് മനസിൽ കൊണ്ടുനടന്ന കഥകളെ തിരക്കഥയാക്കി, സംവിധാനം ചെയ്ത് ഹ്രസ്വ ചിത്രങ്ങൾ സുഹൃത്തുക്കളുടെ പിന്തുണയോടെ നിർമ്മിച്ചു.

ഭയാനകം
*********

സമൂഹത്തിൽ സ്ത്രീകൾക്കുനേരെയുള്ള അതിക്രമം പ്രമേയമാക്കി ഹൊറർ ഫോർമാറ്റിൽ നിർമ്മിച്ചതാണ് ഭയാനകം എന്ന ആദ്യ ഹ്രസചിത്രം. അത് നിരൂപക പ്രശംസ നേടി. സ്കൂളുകളിലും വനിതാ പ്രാതിനിനിധ്യവേദികളിലും പ്രദർശിപ്പിച്ചു. തെയ്യം കലാകാരൻ കൂടിയായ ജിത്തു കാലിക്കറ്റാണ് പ്രധാനവേഷം കൈകാര്യം ചെയ്തത്. കൊയിലാണ്ടിയും ഉള്ള്യേരിയുമായിരുന്നു ലോക്കേഷൻ.

മർഡൻ
*******

പൊലീസ് അന്വേഷണം അവസാനിപ്പിച്ച മകളുടെ കൊലപാതകത്തിന്റെ ചുരുൾ തേടി സ്വന്തം ജോലി ഉപേക്ഷിച്ച് ഇറങ്ങി തിരിച്ച ഒരു പൊലീസ് ഇൻസ്പെക്ടറുടെ കഥയാണ്. സയ്കോട്രോഫിക്‌ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ വിപത്തിനെക്കുറിച്ച് ബോധവല്‍ക്കരണം കൂടിയാണിത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ജോണിലാണ് ചിത്രീകരണം. അഖിൽ സതീഷാണ് നായകൻ.

പൊക
*******

നിരന്തരമായി പുകവലി കുടുംബത്തിന് എങ്ങനെ ഹാനികരമാവുന്നുവെന്നതാണ് പ്രമേയം. അഖിൽ സതീഷ് നായകനും സുനിത രജിലേഷ് നായികയുമാണ്. കാർബൺ ക്യാപ്ചർ സിനിമാസാണ് നിർമ്മാണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചിത്രം പ്രദർശിപ്പിച്ചു.

ദേശീയ പുരസ്കാരം
*****************

പൊക എന്ന ഹൃസ്വചിത്രത്തിന് പശ്ചിമ ബംഗാളിലെ ഹൗറയിൽ നടന്ന രവീന്ദ്രനാഥ ടാഗോർ അമഡർ ഇന്റർനാഷണൽ ഫിലിം ഫെസ്‌റ്റിവലിൽ ഷോർട്ട് ഫിലിം വിഭാഗത്തിൽ മികച്ച രചനയ്ക്കും സംവിധായകനുമുള്ള രണ്ട് ദേശീയ പുരസ്കാരം ലഭിച്ചു. കൽക്കത്തയിൽ നടന്ന പ്രൗഡമായഅവാർഡ് ദാനചടങ്ങിൽ ബംഗാളി സിനിമാ പ്രവർത്തകൻ ആകാശ് സിങ്ങിൽ നിന്നാണ് പുരസ്കാരം സ്വീകരിച്ചത്.
മർഡന് മികച്ച സംവിധായകനുള്ള റിത്വിക് മൃണാൾ ഇന്റർനാഷണൽ അവാർഡ് ഉൾപ്പെടെ നാല്പത്തിരണ്ട് ദേശീയ അന്തർദേശീയ അംഗീകാരങ്ങളും നേടി.

സൗഹൃദങ്ങൾ
***************

സിനിമയെന്ന സ്വപ്നങ്ങൾക്ക് ചിറകു മുളക്കുമ്പോൾ ഹൃദയംകൊണ്ട് അടുത്തറിഞ്ഞ സുഹൃത് ബന്ധങ്ങൾ മുതൽകൂട്ടായി. അവിടെയാണ് അക്ഷയ് അമ്പാടിയെന്ന ക്യാമറാമാൻ വ്യത്യസ്തനാവുന്നത്. നഴ്സിങ് പഠിക്കാൻ ബാംഗ്ളൂർക്ക് പോയി ക്യാമറാമാനായാണ് തിരിച്ചുവന്നത്. അക്ഷയിന്റെ മറ്റൊരു ജീവിതകഥ. കാർബൺ ക്യാപ്ചർ സിനിമാസിന്റെ അമരക്കാരാണ്. മികച്ച ക്യാമറാമാനുള്ള പതിനെട്ടിലധികം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അദ്ദേഹം നല്കിയ പിന്തുണയും കരുത്തും ഈ രംഗത്തെ ചവിട്ടുപടിയും മികച്ച പ്രോത്സാഹനവുമായിരുന്നു.

സിനിമാപ്രവേശം
*****************

മലയാളസിനിമയിലെ മൂന്ന് മുൻനിര സൂപ്പർതാരങ്ങളെ നായകരാക്കി സിനിമാ സംവിധാനത്തിലേക്ക് കടക്കുകയാണ്. കൊയിലാണ്ടിയിലും പരിസരപ്രദേശത്തും ഉടനെ ചിത്രീകരണം ആരംഭിക്കും. മാസ് ഫാമിലി ത്രില്ലർ വിഭാഗത്തിൽ ഒരുക്കുന്ന ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ്.

പുതിയ പദ്ധതികൾ
*******************

കുറമ്പ്രനാട് രാജാവിന്റെ രാജ്യസുരക്ഷയ്ക്ക് വേണ്ടിയുള്ള ധീരയോദ്ധാക്കളായ ഒൻപത് തറവാട്ടുകാരിൽ പ്രധാന രക്ഷാചുമതലവഹിച്ച ഒള്ളൂർ വലിയമുറ്റം തറവാട്ടിനെക്കുറിച്ച് ചെമ്പട്ട്, വിമാനത്താവളം വഴിയുള്ള സ്വർണകള്ള കടത്തുകളെയും ഗാന്ദ് വാറുകളെയും പ്രമേയമായമാക്കി ഡെവിൾ, കാഴ്ചശക്തിയില്ലാത്ത ഒരു മനുഷന്റെ മകൾ വരുത്തിവയ്ക്കുന്ന മുറിവുകളെ ആസ്പദമാക്കിയുള്ള മുത്തുമണി, നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന ആക്ഷൻ ത്രില്ലറായ തോട്ടി എന്നിവയാണ് പുതിയ ഹ്രസ്വ ചിത്രങ്ങൾ.

പഠനം-കുടംബം
****************

കൊയിലാണ്ടി ഒള്ളൂരിൽ പി വി കെ ദാസൻ- പ്രേമ ദമ്പതികളുടെ മകനായി ജനനം. പയ്യോളി ഗവ. ഹൈസ്കൂൾ, ഹയർ സെക്കന്‍ഡറി സ്കൂൾ, കോഴിക്കോട് ഐടിഐ, പോളിടെക്നിക് എന്നിവടങ്ങളിലെ പഠനങ്ങൾക്ക് ശേഷം ബികോം, എംബിഎ പൂർത്തീകരിച്ചു. ദീപികാബാലനാണ് ഭാര്യ. നൈദിക്ചരൺ ഏക മകനും. നവ്യബിജു സഹോദരിയാണ്. ഏഷ്യാനെറ്റ് സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷൻ കസ്റ്റമർ കെയർ ഡിവിഷൻ തൃശൂർ റീജിയണൽ മാനേജറായി ജോലി ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.