26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 18, 2024
June 26, 2024
June 15, 2024
June 3, 2024
June 3, 2024
June 2, 2024
June 2, 2024
April 19, 2024
March 31, 2024
March 30, 2024

പാഠ്യപദ്ധതി പരിഷ്‌കരണ ചര്‍ച്ച; കുട്ടികള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദിയെന്ന് മന്ത്രി വി ശിവന്‍കുട്ടി

Janayugom Webdesk
തിരുവനന്തപുരം
November 8, 2022 3:30 pm

സംസ്ഥാനത്തെ സ്കൂൾ പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കുന്നതിനുള്ള ഗൗരവപൂര്‍ണമായ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു കഴിഞ്ഞതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതിനായി സ്കൂൾതലം മുതൽ സംസ്ഥാനതലം വരെ ജനകീയ ചർച്ചകള്‍ നടക്കും. പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുന്നതിനായി 26 ഫോക്കസ് മേഖലകളിലെ നിലപാട് രേഖകൾ (പൊസിഷൻ പേപ്പറുകൾ) തയാറാക്കുന്നതാണ് ആദ്യഘട്ടം. ഇതിനായി 26 ഫോക്കസ് ഗ്രൂപ്പുകൾ രൂപീകരിച്ചിട്ടുണ്ട്. ജനകീയ അഭിപ്രായം രൂപീകരിക്കുന്നതിനുള്ള ഒരു കൈപ്പുസ്തകവും (സമൂഹചർച്ചാ കുറിപ്പ്) തയാറായെന്നും വിദ്യാഭ്യാസ മന്ത്രി വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രാദേശിക വിദ്യാഭ്യാസ വിദഗ്ധർ, രാഷ്ട്രീയ പ്രവർത്തകർ, ഉന്നത ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, സന്നദ്ധ സംഘടന പ്രതിനിധികൾ എന്നിങ്ങനെ സമൂഹത്തിന്റെ വൈവിധ്യം ഉൾക്കൊള്ളുന്ന പ്രാതിനിധ്യമാണ് ജനകീയ ചർച്ചകളില്‍ ഉറപ്പുവരുത്തുക.ഏറ്റവും സവിശേഷമായത് പാഠ്യപദ്ധതി പരിഷ്കരണത്തില്‍ കുട്ടികളും പങ്കാളികളാകുന്നുവെന്നതാണ്. കുട്ടികളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വരൂപിക്കുന്നതിന് എല്ലാ വിദ്യാലയങ്ങളിലും ഒരു പീരിയഡ് പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള കുട്ടികളുടെ ചർച്ചകൾക്കായി മാറ്റിവയ്ക്കുകയാണ്. ഈ മാസം 17ന് സംസ്ഥാനത്തെ എല്ലാ ക്ലാസ്‍മുറികളിലും കുട്ടികളുടെ ചർച്ചകൾ നടക്കും.

ഡിസംബർ 31 നകം കരട് പാഠ്യപദ്ധതി ചട്ടക്കൂടുകൾ രൂപീകരിക്കും. 2023 ജനുവരിയിൽ കരട് പാഠ്യപദ്ധതി ചട്ടക്കൂടിനെ അടിസ്ഥാനമാക്കിയുള്ള മേഖലാതല സെമിനാറുകളും ചർച്ചകളും സംഘടിപ്പിക്കും. ഫെബ്രുവരിയിൽ പാഠ്യപദ്ധതി ചട്ടക്കൂടുകൾ പൂർത്തിയാക്കും. മാർച്ച് മുതൽ പാഠപുസ്തക രചനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിക്കും. ഒക്ടോബറിൽ പാഠപുസ്തക രചന ഒന്നാം ഘട്ടം പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. 2025–26 അധ്യയന വർഷത്തിൽ പുതിയ പാഠപുസ്തകങ്ങൾ കുട്ടികളുടെ കൈകളിലെത്തിക്കും. ആദ്യഘട്ടത്തിൽ (2024–25) ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത്, പതിനൊന്ന് ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് എത്തുക. ശേഷിച്ച ക്ലാസുകളിൽ 2025 ഓടെ പുതിയ പുസ്തകമെത്തും.

പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം. ഇതിനായുളള ടെക്പ്ലാറ്റ്ഫോം പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ലോഞ്ച് ചെയ്തു. കേരളത്തിന് പുറമെ രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് ഈ പ്ലാറ്റ്ഫോം വഴി പാഠ്യപദ്ധതി പരിഷ്കരണത്തെ സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പങ്കുവയ്ക്കാം. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) എ‍സ്‍സിഇആര്‍ടിക്ക് വേണ്ടി വികസിപ്പിച്ചിട്ടുള്ളതാണ് www.kcf.kite.kerala.gov.in എന്ന ടെക് പ്ലാറ്റ്ഫോം. പ്ലാറ്റ്ഫോമില്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പൊതുജനങ്ങള്‍ തുടങ്ങിയവര്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ സൗകര്യമുണ്ട്.
ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ, എസ്‍സിഇആർടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ കെ, കൈറ്റ് സിഇഒ അൻവർ സാദത്ത് തുടങ്ങിയവർ പങ്കെടുത്തു.

പ്ലസ് ടു സിലബസ് ലഘൂകരണം: ഭരണഘടനാമൂല്യം ഉയർത്തിപ്പിടിക്കും

11, 12 ക്ലാസുകളിലെ സിലബസ് ലഘൂകരണം നടത്തുമ്പോൾ ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പിആര്‍ഡി ചേംബറില്‍ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹയര്‍സെക്കന്‍ഡറി സിലബസ് ലഘൂകരണം സംബന്ധിച്ച് ദേശീയ തലത്തിൽ എൻസിഇആർടി പാഠപുസ്തകങ്ങളിലെ ഭാഗങ്ങൾ വെട്ടിക്കുറയ്ക്കുകയുണ്ടായി. കോവിഡ് പശ്ചാത്തലവും, പഠനഭാരവും ലഘൂകരണവും പാഠഭാഗങ്ങളുടെ ആവർത്തനവും, നിലവിലെ സാഹചര്യത്തിൽ പ്രസക്തമല്ലാത്തത് എന്നീ കാരണങ്ങൾ പറഞ്ഞാണ് പാഠഭാഗങ്ങൾ വെട്ടിക്കുറച്ചത്.

ഈ ഭാഗങ്ങൾ പരിശോധിക്കുമ്പോൾ ചില നിക്ഷിപ്ത താല്പര്യങ്ങൾ ഇതിൽ കടന്നുകൂടിയിട്ടുണ്ടോയെന്ന് സംശയം ഉയർന്നുവരുന്നുണ്ട്. പ്രത്യേകിച്ചും ചരിത്രം, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി പോലുള്ള സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ.  ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളത്തിന് ഇത്തരം നിക്ഷിപ്ത താല്പര്യങ്ങൾക്ക് കൂട്ടു നിൽക്കാനാവില്ല. സംസ്ഥാനത്തെ കുട്ടികൾക്ക് പഠനഭാരം ലഘൂകരിക്കുന്നതിന്റെ ഭാഗമായി പാഠഭാഗങ്ങൾ കുറയ്ക്കുന്നത് പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തിനകം ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

Eng­lish Sum­ma­ry: Cur­ricu­lum reform debate; Min­is­ter V Sivankut­ty said that chil­dren have a plat­form to express their opinions

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.