മരുന്നുകളില്ലാതെ ക്യാന്‍സര്‍ ചികിത്സിക്കുന്നതിനുള്ള മാഗ്നെറ്റോ പ്ലാസ്‌മോണിക് നാനോഫ്‌ളൂയിഡ് വികസിപ്പിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല .ഫിസിക്‌സ് വകുപ്പിലെ ഗവേഷക ഡോ. അര്‍ച്ചന വി എന്‍. കുസാറ്റിലെ റിട്ട. പ്രൊഫസര്‍ ഡോ. എം. ആര്‍ അനന്തരാമന്റെ കീഴില്‍ നടന്ന ഗവേഷണത്തിലാണ് നിലവിലുള്ള കീമോതെറാപ്പിയേക്കാളും മറ്റ് മരുന്നുകളെക്കാളും ഗുണഫലങ്ങളുള്ള ഈ കണ്ടുപിടുത്തം നടന്നത്.
മാഗ്നറ്റിക് ഹൈപ്പര്‍തെര്‍മിയയും ഫോട്ടോഡൈനാമിക് തെറാപ്പിയും സംയോജിപ്പിച്ചാണ് ഗവേഷണം നടക്കുന്നത്. മാഗ്‌നെറ്റിക് ഹൈപ്പര്‍തെര്‍മിയ ഒരു ടിഷ്യുവിലേക്കോ കോശത്തിലേക്കോ പ്രയോഗിക്കുമ്പോള്‍ ഒരു ബാഹ്യ കാന്തികക്ഷേത്രം സൃഷ്ടിക്കപ്പെടുന്നതിലൂടെ സൂപ്പര്‍പാരാമാഗ്‌നെറ്റിക് ഓക്‌സൈഡ് അടങ്ങിയിരിക്കുന്ന നാനോ ദ്രാവകം എത്തിച്ചേരുകയും അവിടെ പ്രയോഗിക്കപ്പെടുന്ന കാന്തികക്ഷേത്രം, മാരകമായ കോശങ്ങള്‍ മാത്രം 41 ഡിഗ്രി താപനിലയില്‍ ചൂടാക്കി നശിക്കുന്നതിനും നല്ല കോശങ്ങള്‍ കേടുകൂടാതെയിരിക്കുന്നതിനും സഹായിക്കുന്നു. കോശങ്ങളിലൂടെ തുളച്ചുകയറാനുള്ള ലേസര്‍ പ്രകാശത്തിന്റെ കഴിവ് കൊണ്ട് മാരകമായ കലകളെ തിരിച്ചറിയുകയും പ്രകാശം ആഗിരണം ചെയ്യുന്നതിലൂടെ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് ഫോട്ടോഡൈനാമിക് തെറാപ്പിയുടെ തത്വം. നാനോഫ്‌ളൂയിഡില്‍ ഉള്‍ച്ചേര്‍ത്ത സ്വര്‍ണ്ണ നാനോറോഡുകളുടെ വീക്ഷണാനുപാതം ക്രമീകരിച്ച് പ്ലാസ്‌മോണിക് ദ്രാവകത്തിന്റെ തരംഗദൈര്‍ഘ്യം ക്രമീകരിക്കാന്‍ കഴിയുമെന്നതാണ് ഈ ഗവേഷണത്തിന്റെ പ്രത്യേകത. ഈ നാനോ ഫ്‌ളൂയിഡുകള്‍ ബയോമെഡിക്കല്‍ ഇമേജിംഗിനും ഉപയോഗിക്കാം.
‘ജേണല്‍ ഓഫ് മാഗ്‌നറ്റിസം ആന്‍ഡ് മാഗ്‌നറ്റിക് മെറ്റീരിയല്‍സ്’ എന്ന പ്രശസ്ത ജേര്‍ണലിന്റെ സമീപകാല ലക്കത്തില്‍ ഈ പഠനത്തിന്റെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയുമായി സഹകരിച്ച് കൂടുതല്‍ ബയോമെഡിക്കല്‍ പഠനങ്ങള്‍ പുരോഗമിക്കുകയാണിപ്പോള്‍. കൂടാതെ ഈ നാനോഫ്‌ളൂയിഡിന്റെ കാന്തിക‑ഒപ്റ്റിക്കല്‍ ഗുണങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി ഭൗതികശാസ്ത്ര വകുപ്പില്‍ ഒരു കാന്തിക‑ഒപ്റ്റിക്കല്‍ സജ്ജീകരണം തദ്ദേശീയമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്.
english summary;CUSAT researchers develop technology to treat cancer without drugs
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.