23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 3, 2024
May 30, 2024
May 31, 2023
April 23, 2023
April 18, 2023
January 25, 2023
September 29, 2022
August 19, 2022
August 18, 2022
April 27, 2022

സ്വര്‍ണക്കടത്തിന് കസ്റ്റംസ് കൂട്ടാളികള്‍

കെ രംഗനാഥ്
തിരുവനന്തപുരം
April 20, 2022 11:31 pm

കസ്റ്റംസ് അധികൃതരും കള്ളക്കടത്തു മാഫിയകളും തമ്മിലുള്ള അവിശുദ്ധ ചങ്ങാത്തം കരുത്താര്‍ജ്ജിക്കുന്നു. വ്യോമഗതാഗതം സാധാരണഗതിയിലായതോടെ ഇന്ത്യയിലെ പത്ത് വിമാനത്താവളങ്ങള്‍ വഴിയുള്ള കള്ളക്കടത്ത് വര്‍ധിച്ചതായി കണക്കുകള്‍.

പ്രതിവര്‍ഷം 800 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ ഔദ്യോഗികമായി ഇറക്കുമതി ചെയ്യുന്നതെങ്കില്‍ 1000 ടണ്ണിലേറെ കള്ളക്കടത്തു സ്വര്‍ണമാണ് രാജ്യത്തെ സ്വര്‍ണവിപണികളിലേക്കു പ്രവഹിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രാലയം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സ്വര്‍ണക്കടത്ത് ഏറ്റവുമധികം നടക്കുന്ന ഇന്ത്യയിലെ പത്ത് വിമാനത്താവളങ്ങളില്‍ മൂന്നെണ്ണവും കേരളത്തിലാണ്, കണ്ണൂര്‍, കരിപ്പൂര്‍, നെടുമ്പാശേരി. സംസ്ഥാനത്തെ നാലാമത്തെ വിമാനത്താവളമായ തിരുവനന്തപുരത്തും കള്ളക്കടത്തുകള്‍ ധാരാളമായി പിടികൂടപ്പെടുന്നുണ്ട്. ചെന്നെെ, ഡല്‍ഹി, ബംഗളുരു, തിരുച്ചിറപ്പള്ളി, അഡാനി ഗ്രൂപ്പ് പാട്ടത്തിനെടുത്ത ഗുജറാത്തിലെ മുന്ദ്ര തുറമുഖം എന്നിവിടങ്ങള്‍ വഴിയും സ്വര്‍ണക്കള്ളക്കടത്ത് നടക്കുന്നുണ്ട്.

കള്ളക്കടത്തു മാഫിയയും കസ്റ്റംസ് അധികൃതരും തമ്മില്‍ ഒത്തുകളിക്കുന്നതിന്റെ ഫലമായാണ് ഭൂരിഭാഗം സ്വര്‍ണവും സുഗമമായി പുറത്തേക്ക് ഒഴുകുന്നതെന്നാണ് വിവരം. കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തിനു പുറത്തുള്ള സംസ്ഥാന പൊലീസ് പിക്കറ്റില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് യാത്രക്കാരില്‍ നിന്നായി 10.5 കിലോ സ്വര്‍ണം പിടിച്ചെടുത്തു. മൂന്ന് ദിവസം മുമ്പ് കരിപ്പൂര്‍ വിമാനത്താവളത്തിനു പുറത്തുണ്ടായിരുന്ന സംസ്ഥാന പൊലീസ് സംഘം പിടിച്ചെടുത്തത് ഒന്നര കോടി രൂപ വില വരുന്ന 2.67 കിലോ സ്വര്‍ണം. കടത്തിക്കൊണ്ടുവന്നവരെ കൂട്ടിക്കൊണ്ടു പോകാനെത്തിയവരടക്കം 10 പേര്‍ അറസ്റ്റിലായി. ഇവരുടെ മൂന്നു കാറുകളും പിടിച്ചെടുത്തു. കള്ളക്കടത്തു സ്വര്‍ണം പിടികൂടാന്‍ കഴിയുന്ന അത്യാധുനിക സ്കാനറുകളടക്കമുള്ള സര്‍വസന്നാഹങ്ങളുമുണ്ടായിട്ടും ഇവര്‍ സുരക്ഷിതരായി പുറത്തേക്കു കടന്നത് കസ്റ്റംസിന്റെ ഒത്താശയ്ക്ക് തെളിവാകുന്നു. ഈ സംഭവങ്ങള്‍ നടക്കുന്ന ദിവസങ്ങളില്‍ നെടുമ്പാശേരിയിലും കരിപ്പൂരിലും നിന്ന് ഒരൊറ്റ സ്വര്‍ണക്കടത്തും പിടികൂടിയില്ലെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു. പ്രതിദിനം ഇരുപതോളം കള്ളക്കടത്തുകാരെയെങ്കിലും കസ്റ്റംസ് വിട്ടയയ്ക്കുന്നുവെന്നാണ് പൊലീസ് നല്‍കുന്ന സൂചന. തങ്ങളുടെ വലയില്‍പ്പെടാതെ രക്ഷപ്പെടുന്നവര്‍ പിടിക്കപ്പെടുന്നവരുടെ പല മടങ്ങാണെന്നും പൊലീസ് കരുതുന്നു.

കള്ളക്കടത്തു സ്വര്‍ണം കടത്തിക്കൊണ്ടുവരുന്നവരെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച ചെയ്യുന്ന ‘പൊട്ടിക്കല്‍ സംഘങ്ങള്‍’ തമ്മിലുള്ള ഏറ്റുമുട്ടലില്‍ അഞ്ചോളം പേര്‍ ഈയിടെ കൊല്ലപ്പെട്ടിരുന്നു. ഇതു തടയാനാണ് കോഴിക്കോട് എസ് പി സുജിത് കരിപ്പൂര്‍ വിമാനത്താവളത്തിനു പുറത്ത് ഒരു പൊലീസ് പിക്കറ്റ് സ്ഥാപിച്ചത്. എന്നാല്‍ ക്രമസമാധാനപാലനത്തിനു നിയോഗിച്ച ഈ പൊലീസുകാരുടെ ദൗത്യം കസ്റ്റംസുകാര്‍ വിട്ടയയ്ക്കുന്ന കള്ളക്കടത്തുകാരെ വേട്ടയാടലായി മാറി.

കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം കള്ളക്കടത്തുകാരെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കാറുണ്ട്. പക്ഷെ അവര്‍ക്കുപോലും കസ്റ്റംസ് പരിശോധനാ വിഭാഗം പുറത്തേക്കു സുരക്ഷിത പാതയൊരുക്കുന്നുവെന്ന ആരോപണവുമുണ്ട്.

Eng­lish Sum­ma­ry: Cus­toms allies for gold smuggling

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.